Wednesday, 7 March 2018

ഇടതുപരാജയത്തിനു പിന്നില്‍ പീഡനങ്ങളുടെ ചുടുകണ്ണീരും

2016 മാര്‍ച്ച് മാസം 26-ലെ സായാഹ്നം ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മിക്കുന്നു. തനിച്ച് വരികയായിരുന്നു അവര്‍. അവരുടെ ഇളയമകന്‍ അന്ന് അഗര്‍ത്തലയിലായിരുന്നു. ഒരു പ്രാദേശിക ഗുണ്ട പൊടുന്നനെ അവരെ പുറകില്‍നിന്ന് കയറിപ്പിടിക്കുകയും അടിക്കാന്‍ തുടങ്ങുകയും ചെയ്തു. ആദ്യം ഒരു ടോര്‍ച്ചുകൊണ്ടായിരുന്നു അടി. പിന്നെ കവിതയെ നിലത്തേക്കെടുത്തെറിഞ്ഞ അയാള്‍ അവരെ പൊതിരെ ചവിട്ടാനും തുടങ്ങി. ബോധരഹിതയായ കവിത എന്നുപേരുള്ള ആ സ്ത്രീയെ അയാള്‍ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.
രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു. അവരുടെ ഇടതുകണ്ണിന്റെ കാഴ്ച അന്നത്തെ സംഭവത്തെ തുടര്‍ന്നു നഷ്ടപ്പെട്ടു. ആ കറുത്ത സായാഹ്നത്തിന്റെ പാടുകള്‍ അവരുടെ മനസ്സിലും ശരീരത്തിലും ഇന്നും മായാതെ, മറയാതെ കിടക്കുന്നുണ്ട്. വര്‍ഷങ്ങളോളം സിപിഎമ്മിന്റെ പ്രവര്‍ത്തകയായിരുന്നു കവിത. തന്റെ തൊഴിലുറപ്പ് വേതനം കിട്ടാതെ വന്നതിനെ തുടര്‍ന്ന് അവര്‍ സിപിഎം വിടുകയും ബിജെപിയില്‍ ചേരുകയും ചെയ്തു.
''ഞാന്‍ പാര്‍ട്ടി വിട്ടത് അവരെ അരിശം കൊള്ളിച്ചിരുന്നു.'' തെലിയമുറ ചന്തയുടെ അടുത്തുള്ള തന്റെ ചെറിയ വീട്ടിലിരുന്ന് കവിത പറഞ്ഞു. അവരുടെ ഒരു മകന്‍ ഫുട്‌ബോള്‍ അക്കാദമിയില്‍ പഠിക്കുന്നു. മറ്റൊരു മകന്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുന്നു. ഇളയമകന്‍ രാംമോഹന്‍ അമ്മയുടെ നിഴലായി ഇപ്പോഴും കൂടെയുണ്ട്. കവിതയുടെ ഭര്‍ത്താവ് വളരെ മുന്‍പേ മരിച്ചിരുന്നു.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ത്രിപുരയിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ശതമാനം 68.21% ആണ്. ദേശീയ നിരക്കിനേക്കാള്‍ 53.92 ശതമാനത്തേക്കാള്‍ വളരെ അധികമാണിത്. ശാരീരികമോ മാനസികമോ ആയ ലൈംഗിക അതിക്രമത്തിനിരയായവര്‍ ത്രിപുരയില്‍ ഏഴ് ശതമാനമാണ്. മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന ശതമാനമാണ് ഇത്. ദേശീയ ശരാശരി ഈ കാര്യത്തില്‍ 4.5 ആണെന്ന് ഓര്‍ക്കുക.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ ആക്രമിക്കാനുള്ള  ഉപകരണമായി ബലാത്സംഗത്തെ സിപിഎം ഉപയോഗിക്കുകയാണന്ന് ബിജെപി നേതാവായ സുനില്‍ ദേവ്ധര്‍ പറയുകയുണ്ടായി. ''രാഷ്ട്രീയ പ്രതികാരം നടത്താനുള്ള ആയുധമാണ് ഇവിടെ ബലാത്സംഗം. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട സ്ത്രീകളെ സിപിഎമ്മുകാര്‍ നിര്‍ദാക്ഷിണ്യം പിച്ചിച്ചീന്തുന്നു.'' കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യുത് മാണിക്യ ദേബര്‍മയുടെ അഭിപ്രായം അതിവേഗ കോടതികള്‍ സ്ഥാപിച്ച് എല്ലാ കേസുകളും തീര്‍പ്പാക്കണം എന്നാണ്. സ്ത്രീകള്‍ മാത്രമുള്ള പോലീസ് സ്റ്റേഷനുകള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ ബിജന്‍ ധര്‍ ആകട്ടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പ്രതികരിച്ചതേയില്ല.
ഷോമ മജുംദാര്‍ എന്ന സ്ത്രീയെ പൊതുജന മധ്യത്തില്‍ അവഹേളിക്കുന്ന ഒരു വീഡിയോ 2014-ല്‍ വൈറലായിരുന്നു. ബിജെപി അവരുടെ രക്ഷയ്‌ക്കെത്തുകയും പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മൂര്‍ധന്യത്തിലെത്തി നില്‍ക്കുമ്പോള്‍ തിരക്കുകളൊന്നുമില്ലാതെ ഷോമ വീട്ടില്‍ വെറുതെയിരിക്കുകയായിരുന്നു. 
സംസ്ഥാനത്ത് ഒട്ടേറെ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ കിടക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ബസ്‌ന ദേബ്‌നാഥിന്റെ അനുമാനം. പ്രത്യേകിച്ചു മലമ്പ്രദേശങ്ങളില്‍ നടക്കുന്നവ. ''അഞ്ചുവയസ്സുള്ള പെണ്‍കുട്ടികള്‍ പോലും പീഡനത്തിനിരയാകുന്നു. സ്ത്രീകള്‍ ബലാല്‍ക്കാരത്തിനിരയാകുകയും ചുട്ടുകൊല്ലപ്പെടുകയും ചെയ്യുന്നു.'' ബസ്‌ന രോഷം പൂണ്ടു.
ഷോമ മജുംദാര്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയും പരാതികൊടുത്തിരുന്നു. വനിതാ പോലീസുകാര്‍പോലും തന്നോട് സംസ്‌കാരരഹിതമായാണ് പെരുമാറിയതെന്ന് അവര്‍ ഓര്‍ത്തെടുത്തു. തൊട്ടുകൂടാത്തവളെന്ന പോലെയാണ് അവരെന്നോട് പെരുമാറിയത്'' ഷോമ പറഞ്ഞുനിര്‍ത്തി.

No comments:

Post a Comment