കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും ചരിത്രം പഠിക്കാറില്ല. പഠിച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്കുവേണ്ടി അവരെഴുതിയ ചരിത്രമായിരിക്കും. കുറഞ്ഞപക്ഷം കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രമെങ്കിലും അവര്‍ പഠിക്കണം. നാഴികയ്ക്കു നാല്‍പതുവട്ടം മാര്‍ക്‌സ് എന്നു പറയുമെങ്കിലും അദ്ദേഹം ആരാണെന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ക്കുപോലും വലിയ പിടിപാടില്ല.മൂലധനത്തിനായി മാര്‍ക്‌സ് ഗവേഷണം നടത്തുമ്പോള്‍ കുടുംബം പട്ടിണിയിലും പരിവട്ടത്തിലുമായിരുന്നു. മാര്‍ക്‌സിന്റെ മകന്റെ മരണത്തിന്റെ കാരണങ്ങളിലൊന്ന് ഈ പട്ടിണികൂടിയാണ്. മകന്റെ മൃതദേഹം ഒരു രാത്രി മറ്റൊരു മുറിയില്‍വെച്ച് അടുത്തമുറിയില്‍ ജന്നിമാര്‍ക്‌സും മറ്റും നിശബ്ദംവേദനിച്ചു കഴിയുമ്പോള്‍ മകനെ പിറ്റേന്ന് അടക്കാനുള്ള ശവപ്പെട്ടിക്കുള്ള പണത്തിനായി സുഹൃത്തുക്കളെക്കാണാന്‍ അലയുകയായിരുന്നു മാര്‍ക്‌സ്. മൂലധനത്തെക്കാള്‍ വലുതായിരുന്നു ആ അലച്ചില്‍.
ലോകത്ത് പലവിധത്തില്‍ ഭരണത്തിലേറിയ കമ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ കണ്ടില്ലെന്നു നടിച്ചത് മനുഷ്യന്റെ ഇത്തരം പരശതം അലച്ചിലുകളാണ്. ദാരിദ്ര്യം,പട്ടിണി,അവകാശം,സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പൊരിച്ചിലും എരിച്ചിലും കാണാതെ മനുഷ്യനെ ഒന്നുകൂടി അത്തരം ദുരന്തങ്ങളിലേക്കു തള്ളിവിട്ടായിരുന്നു ഇത്തരം ഭരണകൂടങ്ങള്‍ നിലനിന്നതും പിന്നീടു തകര്‍ന്നതും. ജനങ്ങളുടെ ചെലവില്‍ നേതാക്കളും അവരുടെ കുടുംബങ്ങളും ജീവിതം ആഘോഷിക്കുന്നതാണ് കമ്യൂണിസ്റ്റു ലോകങ്ങളിലെങ്ങും കണ്ടത്.
മുതലാളിമാര്‍ക്കുവേണ്ടി ഭരിക്കുകയും മുതലാളിമാരായിത്തീരുകയും ചെയ്ത നേതാക്കള്‍.കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഒന്നുമില്ലാത്ത സര്‍വസാധാരണക്കാരെ ഇല്ലായ്മയിലേക്കു തള്ളിയിട്ട് ഭരിച്ച ത്രിപുരയിലെ മാണിക് സര്‍ക്കാരിനെതിരെ ബിജെപിക്കുവേണ്ടി ജനം വിധിയെഴുതുകയായിരുന്നു. ത്രിപുരവാസികളുടെ നിശബ്ദമായ തേങ്ങളുകളാണ് വോട്ടാക്കിമാറ്റി ബിജെപിക്കു വിജയാരവം നല്‍കിയത്.
ബിജെപിയുടെ കുതിപ്പ് ഉറപ്പായും പ്രവചിക്കപ്പെട്ടിരുന്നതാണ്. സിപിഎമ്മിന് എതിരു പറഞ്ഞാല്‍ പുരോഗമനമാവില്ലെന്നു തെറ്റിദ്ധരിക്കുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും അതൊന്നും കൂട്ടാക്കാന്‍ തയ്യാറായില്ല. സിപിഎമ്മിനു ചരിത്രം നല്‍കിയ ശിക്ഷയും ബിജെപിക്കു ചരിത്രം നല്‍കിയ കാവ്യനീതിയുമാണ് ത്രിപുരയിലെ മാറ്റം.മാറ്റത്തില്‍ പങ്കുചേരൂ എന്ന ബിജെപി മുദ്രാവാക്യം ജനം ഏറ്റെടുത്തു. 25വര്‍ഷം തുടര്‍ ഭരണത്തിലൂടെ സിപിഎം ജനത്തിനുനല്‍കിയ മുറിവിലും വേദനയിലും ബിജെപി എന്ന ഔഷധം പുരട്ടുകയായിരുന്നു ത്രിപുരവാസികള്‍. 50ശതമാനത്തിലധികം വോട്ടാണ് ബിജെപി ഇവിടെ നേടിയത്.
മൂലധനം എഴുതിയുണ്ടാക്കിയ കാറല്‍ മാര്‍ക്‌സിന് സ്വന്തം ഭാര്യയുടേയും മക്കളുടേയും പട്ടിണി മാറ്റാനുള്ള മൂലധനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ത്രിപുരയിലെ സാധാരണക്കാരന്റെ മൂലധനവും ദാരിദ്ര്യമായിരുന്നു.ജീവിക്കാനുള്ള മൂലധനത്തെക്കുറിച്ചു പറയുന്നവരോടെല്ലാം കാറല്‍ മാര്‍ക്‌സിന്റെ മൂലധനം വായിക്കാനാണ് കമ്യൂണിസ്റ്റു പ്രാകൃതര്‍ എക്കാലവും പറഞ്ഞിരുന്നത്. പാവപ്പെട്ടവന്റേയും വിപ്‌ളവത്തിന്റേയും പേരുപറഞ്ഞ് ഏകാധിപത്യവും അക്രമവും അഴിമതിയും ബ്രാന്റാക്കിയ കമ്യൂണിസം ലോകത്തുതന്നെ ഇല്ലാതാകുമ്പോള്‍ അതിന്റെ ബാക്കിപത്രമായി പ്രേതംകണക്കെ ഇന്ത്യയില്‍ അവശേഷിച്ചത് ബംഗാളിലും ത്രിപുരയിലും കേരളത്തിലും മാത്രമായി. ബംഗാളിലത് പണ്ടേ ഇല്ലാതായി.
ഇപ്പോള്‍ ത്രിപുരയിലും. ഇനി കേരളത്തിലും ഉണ്ടാകാന്‍ പോകുന്നത് ഈ തകര്‍ച്ചയുടെ തുടര്‍ച്ചയാണ്.പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ അതിനുവേഗം കൂടിക്കൊണ്ടിരിക്കും. ചുവപ്പുകൊടി ഇനി റെയില്‍വേ സ്റ്റേഷനുകളില്‍മാത്രം കാണാന്‍കിട്ടുന്നകാലം അതിവിദൂരമല്ലെന്ന് ത്രിപുരയിലെ ബിജെപി വിജയം ഓര്‍മിപ്പിക്കുന്നു.
ഒടുവില്‍ ത്രിമൂര്‍ത്തികള്‍ ത്രിപുര പിടിക്കുക തന്നെ ചെയ്തു. ത്രിപുര പ്രഭാരി സുനില്‍ ദിയോധര്‍, നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ) കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മ്മ, സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ്- ഇവരാണ് പതിറ്റാണ്ടുകളുടെ സിപിഎം ഭരണം പിഴുതെറിയാന്‍ ഷാ നിയോഗിച്ച ത്രിമൂര്‍ത്തികള്‍.
2014ല്‍ നരേന്ദ്ര മോദി മത്സരിച്ച വരാണസി മണ്ഡലത്തിന്റെ പ്രചാരണ ചുമതലയില്‍ നിന്നാണ് ആര്‍എസ്എസ് മുന്‍ പ്രചാരകനായ സുനില്‍ ദിയോധര്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ത്രിപുരയിലേക്ക് പറന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 5.70 ശതമാനം വോട്ടാണ് ബിജെപിക്ക് അവകാശപ്പെടാന്‍ ആകെയുണ്ടായിരുന്നത്. മോദി തരംഗം ത്രിപുരയെയും സ്വാധീനിച്ചിട്ടുണ്ടെന്ന തിരിച്ചറിവാണ് 'മിഷന്‍ 2018'ന് പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായ രാം മാധവിനായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാര്‍ട്ടി ചുമതല. വിഘടനവാദികളായും ഹിന്ദുവിരുദ്ധരായും ചിത്രീകരിക്കപ്പെട്ടിരുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വേരുറപ്പിക്കാനാകില്ലെന്ന മുന്‍വിധികള്‍ ഇപ്പോള്‍ തിരുത്തപ്പെട്ടുകഴിഞ്ഞു. ഈ മുന്നേറ്റത്തില്‍ രാം മാധവിനൊപ്പമുണ്ടായിരുന്ന ബുദ്ധികേന്ദ്രമാണ് അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ചുമതല രാം മാധവ് ഏല്‍പ്പിച്ചതും ഹിമന്തയെയാണ്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ ഹിമന്ത പാര്‍ട്ടി വിട്ടത്.
ഭയം വിതച്ചാണ് സിപിഎം ത്രിപുരയില്‍ വിളവെടുത്തിരുന്നത്. ഭരണം നിലനിര്‍ത്തുന്നതിലെ പ്രധാന ആയുധവും ഭയമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഏഴ് ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കി. കോണ്‍ഗ്രസ്സുകാരായിരുന്നു സിപിഎം കൊലക്കത്തിയുടെ ആദ്യത്തെ ഇരകള്‍. മണിക് സര്‍ക്കാരിന്റെ ഇരുപത് വര്‍ഷത്തെ ഭരണത്തില്‍ ഒരു എംഎല്‍എ ഉള്‍പ്പെടെ മൂവായിരത്തിലേറെ പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ് അപ്രസക്തമായതോടെ കൊലക്കത്തി ബിജെപിക്ക് നേരെ തിരിച്ചു. പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുന്നവരാണ് പ്രധാനമായും സിപിഎമ്മിന്റെ ലക്ഷ്യം. കൂടുതലാളുകള്‍ കൊഴിഞ്ഞുപോകുന്നത് ഭയപ്പെടുത്തി തടയുകയായിരുന്നു തന്ത്രം. ഒരു കൊലപാതകവും പോലീസ് കാര്യമായി അന്വേഷിക്കാറില്ല. കേരളത്തിലേതുപോലെ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നവരെ പ്രതികളാക്കും. കേസ് ദുര്‍ബ്ബലമാകുന്നതോടെ ഇവരും രക്ഷപ്പെടും.
ഒക്ടോബറില്‍ പശ്ചിമ ത്രിപുരയിലെ കമലാ സാഗറില്‍ ബാബുല്‍ ദേബ്‌നാഥും, ഈ മാസമാദ്യം കാഞ്ചന്‍പൂരില്‍ സുനില്‍ ദേബും കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിലെ അമൂല്യ മലാകാറാണ് ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍. സിപിഎമ്മിന്റെ അക്രമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുന്നുണ്ട് ബിജെപി. തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണായുധമാക്കാനും സാധിച്ചിരുന്നു.
No comments:
Post a Comment