അഴിമതിക്കേസിൽ കുരുങ്ങി പിടിയിലാകുമ്പോൾ രാഷ്ട്രീയക്കാർ സ്ഥിരം പുറത്തെടുക്കുന്ന ഒരു അടവുണ്ട്. നടപടിക്ക് പിന്നിൽ രാഷ്ട്രീയവൈരം ആരോപിക്കുക. ഐ.എൻ. എക്സ് മീഡിയ കേസിൽ വഴിവിട്ട വിദേശ നിക്ഷേപ ഇടപാട് ക്രമവൽക്കരിക്കുന്നതിന് ഇടനിലക്കാരനായി നിന്ന് പണംപറ്റിയ കാർത്തി ചിദംബരത്തെ സി.ബി.ഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തപ്പോൾ ഉയർന്നുവന്നത് ഇതേ ആക്ഷേപമാണ്. മോദി സർക്കാർ രാഷ്ട്രീയ പകപോക്കുകയാണെന്നാണ് കാർത്തിയുടെ അറസ്റ്റ് കേട്ടപാടെ കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായ പ്രതികരണം. കാർത്തി ചിദംബരം എന്നാണ് രാഷ്ട്രീയക്കാരനായതെന്നോ രാഷ്ട്രീയത്തിൽ അദ്ദേഹം വഹിക്കുന്ന പദവി എന്താണെന്നോ ആർക്കുമറിയില്ല. അറിയാവുന്ന ഏകകാര്യം അദ്ദേഹം മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ പുത്രനാണെന്നതാണ്. ഒട്ടധികം ബിസിനസും അദ്ദേഹത്തിനുണ്ട്. ഇവയിൽ ചിലത് കഴിഞ്ഞ കുറേക്കാലമായി തിരിമറികളുടെ പേരിൽ സംശയനിഴലിലുമാണ്. എയർസെൽ കമ്പനിയുടെ ഒാഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ കാർത്തി ചിദംബരം ആരോപണ വിധേയനായിരുന്നു. ടു ജി. കുംഭകോണക്കേസിൽ കാർത്തിയുടെയും കുടുംബാംഗങ്ങളുടെയും പങ്കിനെക്കുറിച്ചും കേൾക്കാൻ കൊള്ളാത്ത കഥകൾ പുറത്തുവന്നിരുന്നു. അനധികൃത മാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്നതിന്റെ പേരിൽ കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളിയായിരുന്ന കാർത്തി ഇപ്പോൾ പിടിയിലായത് താരതമ്യേന ചെറിയൊരു ഇടപാടിൽ കുരുങ്ങിയാണെന്നത് വിരോധാഭാസമായി തോന്നാം. എന്നാൽ തുക എത്ര ചെറുതാണെങ്കിലും അതിന് സ്വീകരിച്ച വളഞ്ഞവഴിയുമായി ബന്ധപ്പെട്ട് ഉറച്ച തെളിവുകളുണ്ടെങ്കിൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എങ്ങനെ പറയാനാകും. കാർത്തിയെയല്ല, പിതാവ് പി. ചിദംബരത്തെയാണ് കേന്ദ്ര സർക്കാർ ഉന്നം വയ്ക്കുന്നതെന്ന് കോൺഗ്രസുകാർക്ക് ആശങ്കയുണ്ട്. ചിദംബരത്തിന്റെയും കുടുംബാംഗങ്ങളുടെയും വസതികളിലും ബിസിനസ് സ്ഥാപനങ്ങളിലും കുറച്ചുദിവസം മുൻപ് വ്യാപകമായ പരിശോധനകൾ നടന്നിരുന്നു. നിയമത്തിലെ പഴുതുകൾ നന്നായി അറിയാവുന്ന ഇതുപോലുള്ള രാഷ്ട്രീയ നേതാക്കൾക്കുമുമ്പിൽ പലപ്പോഴും നിയമവും നീതിയുമൊക്കെ തല കുമ്പിടുകയാണ് പതിവ്. എത്ര വലിയ അഴിമതി നടത്തിയാലും സമൂഹത്തിൽ തല ഉയർത്തിനിൽക്കാൻ ഇവരെപ്പോലുള്ളവർക്ക് സാധിക്കുന്നത് ഉയർന്ന നിയമബോധവും രാഷ്ട്രീയ മേധാശക്തിയും സദാ അവരോടൊപ്പമുള്ളതിനാലാണ്.
ഐ.എൻ. എക്സ് മീഡിയാകമ്പനി 2007-ൽ മൊറീഷ്യസിലെ മൂന്ന് കമ്പനികളിൽ നിന്ന് 305 കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കുമ്പോൾ പി. ചിദംബരമായിരുന്നു കേന്ദ്രത്തിൽ ധനമന്ത്രി. അനധികൃതമായിട്ടാണ് കമ്പനി ഇത്രയും വലിയ തുകയ്ക്കുള്ള വിദേശ നിക്ഷേപം സ്വീകരിച്ചത്. 4.52 കോടിരൂപ മാത്രം സ്വീകരിക്കാനേ നിയമമനുസരിച്ച് അനുവാദമുണ്ടായിരുന്നുള്ളൂ. ക്രമക്കേട് പരസ്യമാകുന്നതിന് മുമ്പുതന്നെ കാർത്തി ഇടനിലക്കാരനായി നിന്ന് വിദേശ നിക്ഷേപ ഇടപാട് ക്രമവൽക്കരിച്ചുകൊടുത്തു. ഇതിന് പ്രതിഫലമായി പണവും കൈപ്പറ്റി. അത് സംബന്ധിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് ലണ്ടൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ കാർത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
വേണ്ടപ്പെട്ടവർ അധികാരസ്ഥാനങ്ങളിലിരിക്കുമ്പോൾ പൊതുമുതൽ കൊള്ളയടിക്കാനും ക്രമവിരുദ്ധമായ ഇടപാടുകൾ നടത്തി ധനമാർജ്ജിക്കാനും ഒരു വിഭാഗം ആളുകൾക്ക് യാതൊരു പ്രതിബന്ധവും ഉണ്ടാകാറില്ല. പിന്നീട് നിയമ നടപടി ഉണ്ടായാലും സാമർത്ഥ്യപൂർവം അത് നേരിടാൻ അവർക്ക് ഒരു പ്രയാസവുമില്ല. കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആക്ഷേപിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് 2007 ൽനടന്ന വിദേശ നിക്ഷേപ ഇടപാടിന് പിന്നിലെ കള്ളക്കളികൾ എങ്ങനെ ന്യായീകരിക്കാനാകും? അഞ്ചുകോടി രൂപപോലും നിക്ഷേപമായി സ്വീകരിക്കാൻ നിയമപ്രകാരം അനുമതിയില്ലാത്ത ഒരു കമ്പനി 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചതും പിന്നീട് ക്രമവൽക്കരിച്ചതും എന്തടിസ്ഥാനത്തിലായിരുന്നു എന്ന് വിശദീകരിക്കാനുള്ള ബാദ്ധ്യത രാഷ്ട്രീയപക ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾക്കുണ്ട്. ബാങ്കുകളെ കബളിപ്പിച്ച് മുങ്ങുന്ന വൻകിട വ്യവസായികളുടെ അമ്പരപ്പിക്കുന്ന കഥകൾ വായിച്ച് അന്തം വിട്ടിരിക്കുന്നവർക്ക് കാർത്തി വെറുമൊരു പരൽമീനായി തോന്നുക സ്വാഭാവികം. എന്നാൽ അധികാര ദുർവിനിയോഗത്തിന്റെയും അധികാരത്തിലിരുന്നവരുടെ തണലിൽ നടന്നിട്ടുള്ള കറുത്ത ഇടപാടുകളുടെയും നേർചിത്രം തന്നെയാണ് ഇവിടെയും തെളിഞ്ഞുവരുന്നത്. അധികാരം അഴിമതി നടത്താനുള്ള പരസ്യ ലൈസൻസാണെന്ന് കരുതുന്ന രാഷ്ട്രീയ നേതാക്കൾ ധാരാളമുള്ള നാടാണ് ഇന്ത്യ. അധികാരത്തിലിരിക്കുമ്പോൾ അവരെ ആരും തൊടാൻ മുതിരുകയില്ല. എന്നാൽ എക്കാലവും ഇൗ ആനുകൂല്യം അനുഭവിക്കാൻ അവസരമുണ്ടാകുമെന്ന് കരുതുന്നത് മൗഢ്യമാണ്. കാർത്തി ചിദംബരത്തിനുവേണ്ടി ഇപ്പോൾ കണ്ണീരൊഴുക്കാൻ മുമ്പോട്ടുവരുന്ന കോൺഗ്രസ് നേതാക്കളുടെ യഥാർത്ഥ ഉള്ളിലിരുപ്പ് തങ്ങളുടെ കാലത്ത് നടന്ന ക്രമക്കേടുകൾ പുറത്തുവന്നുകൂടാ എന്ന് തന്നെയാണ്. അഴിമതി, കുംഭകോണക്കേസുകളിലെ മെല്ലെപ്പോക്ക് ഇത്തരത്തിലുള്ള തീവെട്ടി കൊള്ളക്കാർക്ക് എപ്പോഴും തുണയാകുകയും ചെയ്യുന്നു. അഴിമതിയുടെ ആഗോള സൂചികയിൽ ഇന്ത്യ എന്നും ഉയർന്ന സ്ഥാനത്ത് നിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
Saturday, 3 March 2018
കള്ളം പിടിച്ചു കഴിഞ്ഞാൽ പിന്നെ രാക്ഷ്ട്രീയ പ്രേരിതമാണോ കോൺഗ്രസുകാരാ
Subscribe to:
Post Comments (Atom)
No comments:
Post a Comment