Friday, 8 August 2014

മുരളി അരങ്ങൊഴിഞ്ഞിട്ട് അഞ്ചു വര്‍ഷം-പ്രണാമം

ഭാവാഭിനയത്തിന്റെയും ശരീരഭാഷയുടെയും ശബ്ദവിന്യാസത്തിന്റെയും തനതായ വിന്യാസത്തിലൂടെ മലയാള ചലച്ചിത്ര-നാടക രംഗങ്ങളില്‍ പുതിയ അഭിനയ സമവാക്യങ്ങള്‍ നെയ്ത മഹാനടന്‍ മുരളി അഭിനയത്തിന്റെ അരങ്ങൊഴിഞ്ഞിട്ട് അഞ്ചു വര്‍ഷം. 2009 ഓഗസ്റ്റ് ആറിന് ഹൃദയാഘാതം മൂലമായിരുന്നു മുരളിയുടെ അന്ത്യം.

1954 മെയ് 25-ന് കൊല്ലം ജില്ലയിലെ കുടവട്ടൂരിലാണ് മുരളിയുടെ ജനനം. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകരംഗത്തെത്തി. എല്‍ ഡി ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചെങ്കിലും അദ്ദേഹം നാടകം കൈവിട്ടില്ല. തിരുവനന്തപുരത്തെ പ്രശസ്തമായ നാട്യഗൃഹം നാടക്കക്കളരി മുരളിയുടെ കൂടി ശ്രമഫലമായാണ് സ്ഥാപിക്കപ്പെട്ടത്.


1979-ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി' എന്ന ചിത്രത്തിലൂടെയാണ് മുരളി ചലച്ചിത്ര രംഗത്ത് എത്തുന്നത്. എന്നാല്‍ ഈ സിനിമ റിലീസായില്ല. പിന്നീട് അരവിന്ദന്റെ 'ചിദംബരത്തി'ല്‍ അഭിനയിച്ചെങ്കിലും ആദ്യം റിലീസായ ചിത്രം 'പഞ്ചാഗ്നി'യാണ്.

വില്ലനായാണ് ചലച്ചിത്രലോകത്ത് ചുവടുറപ്പിച്ചതെങ്കിലും പിന്നീട് ക്യാരക്ടര്‍ റോളുകളും മുരളിയെന്ന നടനെ തേടിയെത്തി. ദശരഥം, അര്‍ത്ഥം, കുട്ടേട്ടന്‍, ലാല്‍ സലാം, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി, കേളി, ധനം, അമരം, ചമ്പക്കുളം തച്ചന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മുരളി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറി.
 

1992-ല്‍ പുറത്തിറങ്ങിയ 'ആധാര'മാണ് മുരളിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. ആധാരത്തിലെ പ്രകടനം അദ്ദേഹത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിക്കൊടുത്തു. അതിനു മുമ്പേ അമരത്തിലെ കൊച്ചു രാമനിലൂടെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം മുരളിയെ തേടിയെത്തിയിരുന്നു.
പിന്നീട് ചമയം, വെങ്കലം, പ്രായിക്കര പാപ്പാന്‍, കാരുണ്യം, പത്രം, ഗര്‍ഷോം, നിഴല്‍ക്കുത്ത്, അരനാഴികനേരം, പുലിജന്മം തുടങ്ങി ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്കും മലയാള സിനിമാ പ്രേക്ഷകനും മറക്കാനാവാത്ത എത്രയെത്ര കഥാപാത്രങ്ങള്‍. കാണാക്കിനാവ് (1996), താലോലം (1998) എന്നീ ചിത്രങ്ങളിലൂടെ മുരളി വീണ്ടും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടി.

2001-ല്‍ പുറത്തിറങ്ങിയ പ്രിയനന്ദനന്റെ 'നെയ്ത്തുകാരന്‍' എന്ന ചിത്രം മുരളിയുടെ അഭിനയ മികവിന് ദേശീയ അംഗീകാരം നേടിക്കൊടുത്തു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനു പുറമേ സംസ്ഥാന പുരസ്‌ക്കാരവും നെയ്ത്തുകാരനിലെ അപ്പ മേസ്തിരിയെ തേടിയെത്തി. വീരാളിപ്പട്ട്, പ്രണയകാലം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2007-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹനടനുള്ള പുരസ്‌ക്കാരം വീണ്ടും മുരളിയ്ക്ക് ലഭിച്ചു.
ചലച്ചിത്ര-നാടക-ടെലിവിഷന്‍ അഭിനേതാവെന്ന നിലയില്‍ കൂടാതെ എഴുത്തുകാരനെന്ന നിലയിലും പ്രശസ്തനാണ് മുരളി എന്ന പ്രതിഭ. അദ്ദേഹത്തിന്റെ 'അഭിനേതാവും ആശാന്റെ കവിതയും' എന്ന കുമാരനാശാന്‍ കവിതകളെ അടിസ്ഥാനമാക്കി രചിച്ച പുസ്തകം സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് നേടിയിട്ടുണ്ട്. 'അഭിനയത്തിന്റെ രസതന്ത്ര'മാണ് മുരളിയുടെ പ്രശസ്തമായ മറ്റൊരു കൃതി.


മൂന്നര പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തില്‍ മുരളി 150-ലേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴിലും മുരളി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 

അനായാസമായ അഭിനയ ശൈലിയും പരുക്കന്‍ ശബ്ദവും കൊണ്ട് മുരളി മലയാള സിനിമയില്‍ പൗരുഷത്തിന് പുതിയ മാനങ്ങള്‍ നല്‍കി. ഒരു മഹാനടനു മാത്രം കഴിയുന്ന രീതിയില്‍ അദ്ദേഹം കോറിയിട്ട കഥാപാത്രങ്ങള്‍ മലയാള സിനിമ ഉള്ളിടത്തോളം കാലം പ്രേക്ഷകന്റെ മനസ്സില്‍ മായാതെ നില്‍ക്കും.

No comments:

Post a Comment