നാടുകാണിച്ചുരത്തില്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വിപിന്‍, ജിനീഷ്, കിരണ്‍ദാസ്, പ്രവീണ്‍, രബീഷ്
അഞ്ച് പേരുടെ രൂപത്തില്‍..'
കോഴിക്കോട് എച്ച്.ഡി.എഫ്.സി. ബാങ്കില്‍ മാനേജറായ പൂവാട്ട്പറമ്പ് ആശീര്‍വാദ് വീട്ടില്‍ ശൈലേഷ് ഖട്ടോറും കുടുംബവും സഞ്ചരിച്ച കാര്‍ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് നാടുകാണിച്ചുരത്തിലെ കൊക്കയിലേക്ക് മറിഞ്ഞത്. ശൈലേഷിന്റെ ഭാര്യ മഞ്ജു (37), മക്കളായ മുസ്‌കാന്‍ (ഒമ്പത്), ദൃഷ്ടി (അഞ്ച്) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
നാട്ടുകാര്‍ പലരും മടിച്ചുനിന്നിടത്താണ് ഗൂഡല്ലൂരില്‍ നിന്ന് മടങ്ങുകയായിരുന്ന യുവാക്കളുടെ സംഘം സഹായകരായത്. മഞ്ചേരി സ്വദേശികളായ മാടങ്ങോട്ട് വീട്ടില്‍ ജിനീഷ്, രബീഷ്, മൊറയൂര്‍ പാറയംകുന്നത്ത് വീട്ടില്‍ പ്രവീണ്‍, വേട്ടക്കോട് പിലാക്കാട്ടില്‍ വീട്ടില്‍ വിപിന്‍, ചെട്ടിയങ്ങാടി കണ്ണംപള്ളി വീട്ടില്‍ കിരണ്‍ദാസ് എന്നിവരാണ് എല്ലാം മറന്ന് തിരച്ചിലിനിറങ്ങിയത് .
'കാട്ടാന ഇറങ്ങുന്ന സ്ഥലമാണ്, വനംവകുപ്പ് കഴിഞ്ഞ മാസം 10 മലമ്പാമ്പുകളെയാണ് ഇവിടെ കളഞ്ഞത്..' നാട്ടുകാരുടെ ആശങ്കകള്‍ വഴിതടയാനെത്തി. എന്നാല്‍ ഒന്നു തിരഞ്ഞുനോക്കാം എന്ന തോന്നലില്‍ മുന്നോട്ടുനീങ്ങിയ യുവാക്കള്‍ കുറച്ചുചെന്നപ്പോള്‍ കേട്ടത് കുട്ടികളിലൊരാളുടെ കരച്ചില്‍. 'അതോടെ പിറകോട്ടില്ലെന്ന് ഉറപ്പിക്കുകയായിരുന്നു.' കിരണ്‍ പറഞ്ഞു.
ഇതിനിടെ ഹൈവേ പോലീസിലെ ഫിലിപ്പും എടക്കര പോലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് മോഹന്‍ദാസും സഹായത്തിനെത്തി. അവരുടെ കൈവശമുള്ള ടോര്‍ച്ചും തെളിച്ചായി അന്വേഷണം. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കുടുംബത്തെ കണ്ടെത്തുമ്പോള്‍ തലകീഴായി കിടക്കുന്ന കാറിന്റെ ഒരു വശത്ത് ശൈലേഷും കുട്ടികളും മറുഭാഗത്ത് മഞ്ജുവും കിടക്കുന്നു. കുട്ടികളെയും ശൈലേഷിനെയും മുകളിലെത്തിച്ചെങ്കിലും മേലാസകലം ഒടിവും ചതവുമുള്ള മഞ്ജുവിനെ എടുത്തുയര്‍ത്താന്‍ സാധിച്ചില്ല.
ഫയര്‍ഫോഴ്‌സ് സ്‌ട്രെച്ചര്‍ ഇറക്കി യുവാക്കളുടെ സഹായത്തോടെയാണ് മഞ്ജുവിനെ പുറത്തെത്തിച്ചത്. അപ്പോഴേക്കും പുലര്‍ച്ചെ ഒന്നര കഴിഞ്ഞിരുന്നു. 'ചുറ്റും ഇരുട്ടായിരുന്നു. പിന്നെ മുള്‍ച്ചെടികളും. ആദ്യം തിരഞ്ഞുപോയത് കൊക്കയുടെ അടുത്തേക്കാണ്. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഫയര്‍മാന്റെ കാലിലൂടെ പാമ്പും ഇഴഞ്ഞുപോയി... മുള്ളുകൊണ്ട് ദേഹം മുഴുവന്‍ മുറിവേറ്റു. പ്രവീണിന്റെ കാലിന് നാല് സ്റ്റിച്ചും ഇട്ടു. പക്ഷേ, എല്ലാം കഴിഞ്ഞ് ചെറിയപരിക്കുകളോടെ നാലുപേരും സുഖമായിരിക്കുന്നു എന്നറിഞ്ഞ നിമിഷം..
ദൈവമേ .. ഞങ്ങള്‍ വേദന മറന്നു.' യുവാക്കളുടെ വാക്കുകളില്‍ ആശ്വാസം.
തിരക്കുള്ള ജങ്ഷനില്‍ പോലും അപകടമുണ്ടായാല്‍ തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത നാട്ടിലാണ് അപരിചിതരായ യുവാക്കളുടെ സംഘം ഒരു കുടുംബത്തിന്റെ രക്ഷകരായത്.'അവരുടെ ചുമലില്‍ ചവിട്ടിയാണ് ഞങ്ങള്‍ ജീവിതത്തിലേക്ക് മടങ്ങിയത്.. ദൈവത്തോളം വലുതാണ് ഞങ്ങള്‍ക്കവര്‍...'ശൈലേഷ് വാക്കുകള്‍ക്കായി പതറുന്നു.
ഫുൾ കോപ്പി പെസ്റ്റാനു അല്ലെ സഹോദര
ReplyDelete