ബെന്നറ്റ് 4.22 കോടിയുടെ തട്ടിപ്പുകേസിലെപ്രതി
ലോക്സഭാ തെരഞ്ഞെടുപ്പില് തിരുവനന്തപുരം മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി ബെന്നറ്റ് എബ്രഹാം കോടികളുടെ സാമ്പത്തിക തിരിമറി കേസിലെ പ്രതിയായിരുന്നു. പേയ്മെന്റ് സ്ഥാനാര്ത്ഥിയെന്ന് ആക്ഷേപമുയര്ന്നബെന്നറ്റ് എബ്രഹാം വ്യാജരേഖ ചമച്ച കേസിലും പ്രതിയാക്കപ്പെട്ടിട്ടുണ്ട്.തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലും വഞ്ചിയൂര് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമാണ് കാരക്കോണം സിഎസ്‌ഐ മെഡിക്കല് കോളേജ് അസിസ്റ്റന്റ് പ്രൊഫസര് കൂടിയായ ബെന്നറ്റ് എബ്രഹാമിനെതിരെ പരാതിയുള്ളത്. എന്നാല് പരാതികള് കോടതി തീര്പ്പാക്കിയിട്ടുള്ളതാണെന്നും സഭയിലെ രാഷ്ട്രീയ ഗ്രൂപ്പിസത്തിന്റെ ഭാഗമായുള്ള ആരോപണങ്ങള് മാത്രമായിരുന്നുഅവയെന്നും ബന്നറ്റ് ജന്മഭൂമിയോടു വിശദീകരിച്ചു. തന്റെ പേരില് നിലവില് കേസില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം എല്എംഎസ് കോമ്പൗണ്ട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മെഡിക്കല് മിഷന് ഓഫ് സൗത്ത് കേരള ഡയോസസ് ഓഫ് ദ ചര്ച്ച് ഓഫ് ദ സൗത്ത് ഇന്ത്യ (എസ്‌ഐയുസി) എന്ന സൊസൈറ്റിയുടെ കീഴിലാണ് സാമ്പത്തിക തിരിമറി നടത്തിയത്. ഈ സൊസൈറ്റിയുടെ കീഴില് വരുന്ന സ്ഥാപനമാണ് കാരക്കോണം മെഡിക്കല് കോളജ്. സൊസൈറ്റിയില് നിന്നും 4,22,85900 രൂപയുടെ സാമ്പത്തിക ക്രമക്കേട് ബെന്നറ്റ് നടത്തിയെന്നാണ്‌സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവകയിലെ അംഗവും പൊതുപ്രവര്ത്തകനുമായ പേരൂര്ക്കട സ്വദേശി ക്ലമന്റിന്റെ പരാതി. 2007 മേയ്മാസമാണ് ക്ലമന്റ് മ്യൂസിയം പോലീസ് സ്റ്റേഷനില് പരാതി നല്കിയത്. ബിഷപ്പ് ഡോ. ജെ. ഡബ്ല്യു. ബ്ലാസ്റ്റണ് പ്രസിഡന്റും ഡി. ലോറന്സ് സെക്രട്ടറിയും ബെന്നറ്റ് എബ്രഹാം ഡയറക്ടറും ആയുള്ള 18 അംഗ കമ്മിറ്റിയായിരുന്നു 2001-02, 2002-03 കാലയത്തെ ഭരണസമിതി. അക്കാലത്ത് വ്യാജ ഒപ്പുകളും രേഖകളും ചമച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയയെന്നാണ് പരാതി. അന്നത്തെ ഓഡിറ്റ് റിപ്പോര്ട്ടിലും ഈ ക്രമക്കേടുകള് ചൂണ്ടിക്കാണിച്ചിരുന്നു. ഇടവകയ്ക്ക് അര്ഹതപ്പെട്ട തുക അപഹരിച്ച് സ്വന്തം ആവശ്യങ്ങള്ക്കായി ചെലവഴിച്ചതായും പരാതിയില് ഉണ്ടായിരുന്നു. ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ് പോലീസില് പരാതി നല്കിയത്.
കാരക്കോണം മെഡിക്കല് കോളജ് ഭരണം നഷ്ടമാകാതിരിക്കാന് 2004ല് ഗൂഢാലോചന നടത്തി വ്യാജ രേഖകള് ചമയ്ക്കുകയും അന്യായ ലാഭം ഉണ്ടാക്കിയെന്നുമാണ് ബാലരാമപുരം ഐത്തിയൂര് സ്വദേശി ഷൈന് സിങ് കോടതിയില് നല്കിയ പരാതി. ബെന്നറ്റ് എബ്രഹാമിനെ കൂടാതെ ഡി. ലോറന്സ്, റോബര്ട്ട് എന്നിവരെയും പ്രതിചേര്ത്തിരുന്നു. 2001 -04 കാലഘട്ടത്തില് മെഡിക്കല് മിഷന്റെ ഡയറക്ടറായിരുന്നു ബെന്നറ്റ് എബ്രഹാം. രണ്ടാം എതിര്കക്ഷിയായ ഡി. ലോറന്സ് സെക്രട്ടറിയും മൂന്നാം എതിര്കക്ഷി റോബോര്ട്ട് ട്രഷററായും പ്രവര്ത്തിക്കുമ്പോഴായിരുന്നു ഇത്. 2004 സെപ്റ്റംബറില് മെഡിക്കല് ബോര്ഡ് യോഗം വിളിക്കുകയും അതില് ഭരണഘടനാ ഭേദഗതി പ്രതിപാദിക്കാതെയോഗം വിളിച്ചുചേര്ത്തതായി കൃത്രിമരേഖയുണ്ടാക്കി വന് സാമ്പത്തികലാഭമുണ്ടാക്കിയതായും പരാതിയിലുണ്ട്.യഥാര്ഥഭരണഘടനയില് ജനറല് ബോഡി നിയമിക്കുന്ന മെഡിക്കല് മിഷന് ഡയറക്ടറാണ് അഡിമിനിസ്ട്രേറ്റീവ് ഹെഡായി പ്രവര്ത്തിക്കേണ്ടത്. എന്നാല് വ്യാജരേഖയുണ്ടാക്കി ബിഷപ്പ് നിയമിക്കുന്ന മറ്റൊരു ഡയറക്ടറായിരിക്കും സ്ഥിരമായി മെഡിക്കല് കോളജ് അഡിമിനിസ്ട്രേറ്റീവ് ഹെഡ് എന്ന് വരുത്തിത്തീര്ക്കുകയായിരുന്നു.2004 മുതല് ബെന്നറ്റ് ഡയറക്ടറായി ചുമതല വഹിക്കുകയും ഇതിലൂടെ ലക്ഷകണക്കിന് രൂപയുടെ അന്യായ ലാഭമുണ്ടാക്കുകയും ചെയ്തു.
2011ല് തിരുവനന്തപുരം മുന്സിഫ് കോടതിയില് ഇതുസംബന്ധിച്ച്‌സിവില്കേസും മ്യൂസിയം പൊലീസ് സ്റ്റേഷനില് പരാതിയും ഉണ്ടായിരുന്നു. 2012ല് സി ജെ എം കോടതിയിലും പരാതി നല്കിയിരുന്നു.ഈ ഹര്ജി ഫയലില് സ്വീകരിച്ച കോടതി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തുടര്ന്ന് വിവിധ വകുപ്പുകളില് കോടതി ഫയലില് സ്വീകരിച്ച ഹര്ജി മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും പോലീസ് കോടതിയില് റിപ്പോര്ട്ട് സമര്പ്പിക്കുകയും ചെയ്തിരുന്നു. പരാതിയില് ബെന്നറ്റ് ഒന്നാംപ്രതിയായിരുന്നു. എന്നാല് പിഎസ്സി അംഗമായിരുന്ന ഇയാള് പോലീസില് സ്വാധീനം ചെലുത്തി കൂടുതല് അന്വേഷണം മരവിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഷൈന്സിംഗ് 2013 ജൂലൈയില് മറ്റൊരു ഹര്ജികൂടി സമര്പ്പിച്ചിരുന്നു.
No comments:
Post a Comment