Friday, 28 March 2014

ഇന്ന് ആത്മത്യാഗത്തിന്റെ 205 -ാ‍ം വാര്‍ഷികം


ഇന്ന് ആത്മത്യാഗത്തിന്റെ 205 -ാ‍ം വാര്‍ഷികം

വൈദേശിക ശക്തികളെ ധാര്‍മികതയുടെ വാള്‍ മുനയില്‍ തകര്‍ത്തെറിഞ്ഞ, വിദേശ വിരുദ്ധ സമരങ്ങളുടെ ആദ്യ ദളവ ചെമ്പക രാമന്‍ എന്ന ധീരദേശാഭിമാനി വേലുത്തമ്പിദളവ ആത്മാഹുതിചെയ്തിട്ട് ഇന്ന് 205 വർഷം തികയുന്നു . ഒരു ഇതിഹാസ പുരുഷനായി വിശേഷിപ്പിക്കപ്പെടുന്ന വേലുത്തമ്പിദളവയെ ബ്രിട്ടീഷുകാർ പോലും ഭയപെട്ടിരുന്നുവെന്നത് ചരിത്രം ആണ് .
1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9). തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി[ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്.
നാടിന്റെ അഭിവൃദ്ധിക്കായി വേലുത്തമ്പി ദളവ നടപ്പിലാക്കിയ പദ്ധതികൾ ഇന്നും പ്രസിദ്ധമാണ് .
രാജ്യത്ത്‌ ആദ്യമായി കണ്ടെഴുത്തു നടത്തി, ഉദ്യോഗസ്ഥന്മാര്‍ക്ക്‌ സര്‍വീസ്‌ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി, ആലപ്പുഴ, കൊല്ലം തുറമുഖങ്ങള്‍ വികസിപ്പിച്ചു, ഭൂവുടമകള്‍ക്ക്‌ പട്ടയം നല്‍കുന്ന പദ്ധതി, രാജ്യത്ത്‌ ചട്ടവരിയോല(റവന്യൂകോട്‌) ഏര്‍പ്പെടുത്തല്‍, പുതിയ റോഡുകളും കമ്പോളങ്ങളും സ്ഥാപിക്കല്‍, വേമ്പനാട്‌ കായലിലെ പാതിരാമണല്‍ ദ്വീപ്‌ കൃഷിക്ക്‌ യോഗ്യമാക്കി. നാടിന്റെ വിവിധ ഭാഗങ്ങളില്‍ വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇതില്‍ ചങ്ങനാശേരിയിലെ അഞ്ചുവിളക്ക്‌ ചരിത്രകൂട്ടായ്മയാണ്‌. രാജ്യത്തുള്ള തോട്ടങ്ങളുടെയും നെല്‍പ്പാടങ്ങളുടെയും റീസര്‍വേ നടത്തി തമ്പി തുടങ്ങിയ നാള്‍വഴി സംവിധാനം ആധുനിക റവന്യൂ ഭരണത്തിന്‌ മുതല്‍ക്കൂട്ടായി.
അനീതിക്കും അഴിമതിക്കുമെതിരെ വേലുതമ്പി കടുത്ത ശിക്ഷാവിധികള്‍ നടപ്പാക്കി. അവയവഛേദനം, പരസ്യമായ ചാട്ടവാറടി, വധശിക്ഷ, മര്‍ദ്ദനം തുടങ്ങിയവ ശിക്ഷകളില്‍ ചിലത്‌ മാത്രം. തന്റെ സ്ഥാനംപോയാലും തന്റെ ജീവന്‍ പ്രജകള്‍ക്കും രാജാവിനും നാടിനും വേണ്ടി സമര്‍പ്പിച്ച ധീരമഹാത്മാവായിരുന്നു വേലുതമ്പി. 1765 മേയ്‌ 6 ന്‌ കന്യാകുമാരി ജില്ലയില്‍ നാഗര്‍കോവില്‍ ഭാഗത്ത്‌ കല്‍ക്കുളം താലൂക്കില്‍പ്പെട്ട തലക്കുളത്തു വലിയവീട്ടില്‍ വള്ളിയമ്മപിള്ള തങ്കച്ചിയുടെയും കുഞ്ചുമായിറ്റിപിള്ളയുടെയും മകനായി പിറന്ന ചെമ്പക രാമന്‍- വേലായുധനാണ്‌ ഇന്ന്‌ നാം അറിയുന്ന വേലുതമ്പി ദളവയായത്‌. 25 വയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ തന്നെ വേലായുധന്‍ അറിയപ്പെടുന്ന ആളായി മാറിക്കഴിഞ്ഞിരുന്നു. സംസ്കൃതം, തമിഴ്‌, മലയാളം, ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, അറബി തുടങ്ങിയ ഭാഷകളിലെ പരിജ്ഞാനം അദ്ദേഹം സ്വഗൃഹത്തില്‍ വച്ചുതന്നെ നേടി. കളരിയില്‍നിന്നു നേടിയ കായികാഭ്യാസം അദ്ദേഹത്തെ അരോഗദൃഢഗാത്രനാക്കിമാറ്റി.
തര്‍ക്കശാസ്ത്രം, ജ്യോതിഷം, ഗണിതം എന്നീ വിഷയങ്ങളും സ്വായത്തമാക്കിയിരുന്നു. ദളവയെന്ന നിലയ്ക്ക്‌ അഴിമതിക്കും വൈദേശികമായ അടിച്ചമര്‍ത്തലിനുമെതിരെയുള്ള പോരാട്ടത്തിന്‌ ഭരണസംവിധാനത്തെ കാര്യക്ഷമമായ അഴിച്ചുപണിയിലൂടെ വേലുത്തമ്പി സജ്ജമാക്കി. ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കെതിരെ യുദ്ധം, അമേരിക്കയും ഫ്രഞ്ചുകാരുമായി ബന്ധം സ്ഥാപിക്കല്‍, ഇന്ത്യയിലെയും യുറോപ്യയിലെയും ബ്രിട്ടീഷ്‌ ശക്തിയുടെ അടിത്തറയിളക്കല്‍ തുടങ്ങി വേലുത്തമ്പിയുടെ ദൂരവ്യാപകമായ പരിഷ്കാരങ്ങളെ വൈദേശിക ചരിത്രകാരന്മാര്‍ പോലും പ്രകീര്‍ത്തിക്കുന്നു. കേരളത്തില്‍ ഭാരതീയമായ ദേശീയ ബോധം ഉണര്‍ത്തുന്നതിന്‌ ധീരദേശാഭിമാനി വേലുത്തമ്പി നടത്തിയ പോരാട്ടങ്ങള്‍ നിമിത്തമായി. മലയാളികള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി ജന്മനാടിനെ സംരക്ഷിക്കുവാന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ രാജകീയവിളംബരത്തിലുടെ നാട്ടുകാരോട്‌ ആദ്യമായി ആഹ്വാനം ചെയ്തത്‌ വേലുത്തമ്പിയായിരുന്നു.
നാടിന്റെ സാംസ്കാരിക പൈത്യകങ്ങളെ സംരക്ഷിച്ചും ഹൈന്ദവ ക്ഷേത്രങ്ങളെ സാക്ഷിനിര്‍ത്തിയുമായിരുന്നു ധീരയോദ്ധാക്കള്‍ വൈദേശികശക്തിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക്‌ നാന്ദികുറിച്ചത്‌. കുണ്ടറ ഇളമ്പല്ലൂര്‍ ദേവി ക്ഷേത്രമൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു ചരിത്രപ്രസിദ്ധ കുണ്ടറ വിളംബരം (1809 ജനുവരി 16) നടന്നത്‌. നാം ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ സര്‍വ സ്വാതന്ത്ര്യവും നഷ്ടമാകുമെന്നും തിരുവിതാംകൂര്‍ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഭാഗമായി തീരുമെന്നും വേലുത്തമ്പി മുന്നറിയിപ്പ്‌ നല്‍കി.
സ്വരാജ്യ സ്നേഹിയായ തമ്പിയുടെ കാലുകള്‍ ഒരിക്കല്‍പോലും ഇടറിയില്ല. തന്നെ വേട്ടയാടുന്ന സൈനിക സംഘത്തിനെതിരെ ശക്തിയായി പോരാടി അവസാനം മണ്ണടിയിലെത്തുകയായിരുന്നു.സൈനിക സംഘത്തിനെതിരെ തന്ത്രങ്ങള്‍ മെനയുകയായിരുന്നു ലക്ഷ്യം. ശത്രുസൈന്യം തന്നെ പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ തമ്പിയും സംഘവും ചേണ്ടമംഗലം ഇല്ലത്ത്‌ അഭയംതേടി. ആ രാത്രിയിലും ജന്മനാടിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു ആ രാജ്യസ്നേഹി. ഇതിനിടയില്‍ ബ്രട്ടീഷ്‌ പട്ടാളവും അവിടെയെത്തി. അവര്‍ ശരീരം അറുത്ത്‌ മാറ്റുന്നതിന്‌ മുന്‍പുതന്നെ നെഞ്ചില്‍ കഠാര കുത്തിയിറക്കി. അമ്പലവളപ്പിനുള്ളില്‍ ചുടുചോര വാര്‍ന്നൊഴുകി ; മണ്ണടിയുടെ മണ്ണ്‌ പവിത്രമായി.
സ്വന്തം രാജ്യത്തിന്റെ അഖണ്ഡതയും അന്തസും ഉയര്‍ത്തിപിടിക്കുന്നതിന്‌ അവസാന ശ്വാസം വരെ പോരാടിയ ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ ആത്മ ത്യാഗത്തിന്റെ അലയടികൾ മണ്ണടിയുടെ മണ്ണിൽ ഇന്നും കേൾക്കാം .

No comments:

Post a Comment