Saturday, 30 March 2024

ദക്ഷപുത്രിയായ സതി പാർവ്വതിയായത്.

#ദക്ഷപുത്രിയായ സതി  പാർവ്വതിയായത്. 

ഹൈന്ദവ പുരാണങ്ങളിൽ ത്രിമൂർത്തികളിൽ ഒരാളായ പരമശിവന്റെ  പത്നിയാണ് ദക്ഷപുത്രിയായ സതി.

ബ്രഹ്മാവിന്റെ പുത്രനായ ദക്ഷനും,  സ്വായംഭൂവമനുവിൻെറ മകളായ പ്രസൂതിയുമാണ്  സതിയുടെ മാതാപിതാക്കൾ.

ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും സതിക്ക് പേരുകളുണ്ട്.

ലോകാംബികയായ ആദിപരാശക്തിയാണ് ദക്ഷപുത്രീഭാവത്തിൽ സതിയായി അവതരിച്ചത്.

ദക്ഷനും ഭാര്യയായ പ്രസൂതിക്കും ജനിച്ച ഒരു പുത്രിയായിരുന്നില്ല സതി.

ദാക്ഷായണി (സതി) 

ഒരിക്കൽ ദക്ഷൻ നാകമന്ദാകിനിയിൽ സ്നാനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഒരു വിരിഞ്ഞ താമരയിൽ കൗതുകമുള്ള ഒരു പെൺപൈതൽ ശയിക്കുന്നതു കാണുന്നു. അത്യാനന്ദപൂർവ്വം അതിനെയെടുത്തു കൊട്ടാരത്തിൽ കൊണ്ടുചെന്നു പ്രേയസിയായ പ്രസൂതിയെ ഏൽപിക്കുകയും, അവരുടെ മകളായി വളർത്തുകയും ചെയ്യുന്നു. ആ കുഞ്ഞിന് സതി  എന്ന് നാമകരണം നടത്തുകയും ചെയ്തു.

(സതി എന്നാൽ സ്വാതിക ഭാവം ഉള്ളവൾ) 

ശിവലിംഗത്തിന്റെ അറ്റം കണ്ടെന്ന് ബ്രഹ്മാവ് കളവ് പറഞ്ഞതിനാൽ മഹാദേവനായ പരമശിവൻ ബ്രഹ്മാവിന്റെ തലകളിലൊന്ന് വെട്ടി മാറ്റുന്നു. ആ കാരണത്താൽ  ബ്രഹ്മപുത്രനായ ദക്ഷന്  ശിവനിൽ വൈരം ജനിക്കുന്നു.

കന്യകയായ സതിദേവിക്ക് പരമശിവനിൽ പ്രണയം ഉണ്ടാവുകയും ഭഗവാനെ വരിക്കുകയും ചെയ്യുന്നു. ഇതിൽ ക്രുദ്ധനായ ദക്ഷൻ ശിവനെ അപമാനിക്കാൻ വേണ്ടി കാലാന്തരത്തിൽ ഒരു യാഗം നടത്തുന്നു. സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ  ക്ഷണിക്കപ്പെട്ടിരുന്നു.

പിതാവ് നടത്തുന്നത് ഒരു മഹായാഗമായതു കൊണ്ട് അതിൽ തനിക്കും പങ്കെടുക്കണമെന്ന് സതി പരമശിവനോട് അഭ്യർത്ഥിക്കുന്നു.   പരമശിവൻ അതിന് സമ്മതിക്കുന്നില്ല. 

വിഷമാവസ്ഥയിലായ സതീദേവി താൻ പോകുമെന്ന വാശിയിൽ ഉറച്ച് നിന്നു. യജ്ഞത്തിൽ അപമാനിത ആകേണ്ടി വരുമെന്ന് ഭഗവാൻ ശിവൻ  ഉപദേശിച്ചെങ്കിലും മനസിന്റെ ചാഞ്ചല്യം കാരണം  സതീദേവി യജ്ഞത്തിന് പോകുന്നു.

യാഗഭൂമിയിൽ ചെന്ന സതിയെ ദക്ഷൻ കണ്ട ഭാവം നടിക്കാതെ  വേണ്ടവിധത്തിൽ  പുത്രിയെ  സ്വീകരിക്കാതിരിക്കുന്നു. മാത്രമല്ല, ശിവനെക്കുറിച്ച് യാഗത്തിനെത്തിയ മറ്റ് എല്ലാവരുടെയും മുൻപിൽ ദോഷിച്ച് സംസാരിക്കുകയും ചെയ്യുന്നു.

തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി യോഗശക്തിയുപയോഗിച്ച്  അഗ്നി സൃഷ്ടിച്ച് അതിൽ ദക്ഷപുത്രി എന്ന ദാക്ഷായണീ ഭാവത്തിൽ യാഗാഗ്നിയിൽ ദേഹത്യാഗം ചെയ്യുന്നു.

ഇതറിഞ്ഞ് കോപാകുലനായ മഹാദേവൻ തന്റെ ജട പറിച്ചെറിയുന്നു. ജടയിൽ  നിന്ന് അതി ഭയങ്കരനായ വീരഭദ്രൻ അവതരിക്കുന്നു. ദക്ഷനെ വധിക്കുവാനും യാഗസ്ഥലം നശിപ്പിക്കുവാനും ഭഗവാൻ വീരഭദ്രനോട് കല്പിക്കുന്നു.

തന്റെ സ്വാമിയുടെ ആജ്ഞപ്രകാരം മറ്റ് ഭൂതങ്ങണങ്ങളോട് ഒപ്പം വീരഭദ്രൻ  യാഗഭൂമിയിലെത്തി, യാഗത്തെ മുഴുവൻ തകർത്ത് തരിപ്പണമാക്കുകയും ദക്ഷന്റെ  തലയറുത്ത് ഹോമാകുണ്ഡത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

പിന്നീട് അവിടെ എത്തിയ മഹാദേവൻ ദക്ഷപത്നി പ്രസൂതിയുടെ  അപേക്ഷപ്രകാരം ദക്ഷനെ പുനർജീവിപ്പിക്കുന്നു.  തുടർന്ന് സതിയുടെ മൃതദേഹവുമെടുത്ത് മറയുന്നു.

പത്നീവിയോഗത്താൽ ദുഃഖത്തിൽആണ്ടുപോയ മഹാദേവൻ മൃതശരീരവുമായി ഭൂമിയിൽ അലയുന്നു. ഈ അവസ്ഥ ഭൂമിക്ക് മംഗളം അല്ലാത്തതിനാൽ ആദിശക്തി മഹാവിഷ്ണുവിനോട് സതിദേവിയുടെ മൃതശരീരം ഖണ്ഡിക്കാൻ പറയുകയും സുദർശനചക്രം ഉപയോഗിച്ച് മഹാവിഷ്ണു അത്  നടത്തുകയും ചെയ്യുന്നു.

സതിയുടെ മൃതശരീരം 51 കഷ്ണങ്ങൾ ആയി ഭൂമിയിൽ പതിച്ചു. ആ സ്ഥലങ്ങൾ എല്ലാം തന്നെ ശക്തി പീഠങ്ങൾ ആയി മാറുന്നു. അങ്ങിനെ ഭൂമിയിൽ 51 ശക്തി പീഠങ്ങൾ ഉണ്ടായി.

ദുഃഖിതനായ മഹാദേവൻ ഭയങ്കരമായ ഒരു തപസിലേക്ക്  നീങ്ങി.  പരംപുരുഷനും പ്രകൃതിയും തമ്മിൽ ഒന്നിച്ചു തീരുന്നതിനായി  ആദിപരാശക്തി ഹിമവാന്റെയും  മേനയുടെയും മകളായി, പാർവ്വതി എന്ന പേരിൽ പുനർജനിക്കുകയും ശിവനുമായി വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു.

No comments:

Post a Comment