സുരക്ഷ പെൻഷൻ നടപ്പാക്കായതും ആർ.ശങ്കർ
- ഡോ.എം.എം.ബഷീർ
ചാത്തന്നൂർ: ഇന്ത്യയിൽ പതിറ്റാണ്ടുകൾക്ക് മുമ്പേ സ്വാശ്രയ മെഡിക്കൽ കോളേജ് ആരംഭിച്ചതും സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയതും ആർ.ശങ്കറാണെന്ന് ഡോ.എം.എം.ബഷീർ.ആർ.ശങ്കർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായിരിക്കുമ്പോഴാണ് ആലപ്പുഴയിൽ റ്റി.ഡി. മെഡിക്കൽ കോളേജ് സ്വാശ്രയ സ്ഥാപനമായി തുടങ്ങുന്നത്. ഇതിനെ പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു ആർ.ശങ്കർ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അനൗപചാരിക പെൻഷൻ പദ്ധതി നടപ്പാക്കിയത്. കുഷ്ടരോഗികൾ, ക്ഷയരോഗികൾ, വിധവകൾ, വികലാംഗർ എന്നിവർക്കാണ് അന്ന് പെൻഷൻ അനുവദിച്ചത്.
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഏകകക്ഷി ഭരണത്തിലെ ആദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയും അവിശ്വാസ പ്രമേയത്തിലൂടെ അധികാരമൊഴിഞ്ഞ ഏക മുഖ്യമന്ത്രിയും ആർ.ശങ്കറായിരുന്നു. സമുദായ സംഘടനയുടെ ജനറൽ സെക്രട്ടറിയായും മുഖ്യമന്ത്രിയായും ഒരേ സമയം പ്രവർത്തിക്കുമ്പോൾ സമുദായത്തെ ഭരണത്തിലോ , ഭരണത്തെ സമുദായമായോ ബന്ധിപ്പിച്ചിരുന്നില്ല.
സമുദായത്തിനും കോൺഗ്രസ് പാർട്ടിയ്ക്ക് വേണ്ടിയും ജീവിച്ച ആർ.ശങ്കറുടെ ശത്രുക്കൾ സമുദായത്തിലും പാർട്ടിയിലും ഉള്ളവർ തന്നെയായിരുന്നു. കൊല്ലം എസ്.എൻ. കോളേജിൽ കാലു കുത്തരുതെന്ന കോടതി വിധി കേട്ടാണ് അദ്ദേഹം ഹൃദയാഘാതമുണ്ടായി മരിച്ചത്. വാക്കുകൾ കൊണ്ട് വർണ്ണിച്ച് തീർക്കാൻ പറ്റാത്ത വ്യക്തിത്വമായിരുന്നു ആർ.ശങ്കറിന്റേത്. നിശ്ചയദാർഡ്യത്തിന്റെ ആൾരൂപമായിരുന്ന അദ്ദേഹം പാർട്ടിയ്ക്കും സമുദായത്തിനും വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്. ഒറ്റപ്പെട്ട സാഹചര്യത്തിലും അദ്ദേഹം കൊല്ലത്ത് ആർ.ശങ്കർ ഷഷ്ട്യാബ്ദി പൂർത്തി സ്മാരകമായി ആശുപത്രി ആരംഭിച്ചു.
ജീവിച്ചിരിക്കുമ്പോൾ അവഗണിക്കുകയും മരിച്ചു കഴിഞ്ഞാൽ വാഴ്ത്തുകയും ചെയ്യുന്ന സംസ്കാരമാണ് മലയാളികളുടെത്. അത് ആവോളം അനുഭവിയ്ക്കേണ്ടിവന്ന വ്യക്തിയായിരുന്നു ആർ.ശങ്കറെന്നും അദ്ദേഹം പറഞ്ഞു.
എസ് എൻ ഡി പി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അധ്യക്ഷനായിരുന്നു. യുണിയൻ സെക്രട്ടറി കെ.വിജയകുമാർ , വനിതാ സംഘം പ്രസിഡന്റ് ചിത്രാ മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, യൂത്ത് മൂവ്മെന്റ് കൺവീനർ ജെ. ആരോമൽ, യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ് തുടങ്ങിയവർ പ്രസംഗിച്ചു. മാജിക്കിൽ അന്തർദേശീയ അവാർഡ് നേടിയ യൂത്ത്മൂവ്മെന്റ് ചെയർമാൻ കൂടിയായ അശ്വിൻ അശോകിന് യൂണിയന്റെ ആദരവും ഉപഹാരവും ഡോ.എം.എം. ബഷീർ സമ്മാനിച്ചു.
ഫോട്ടോ:ഡോ.എം.എം. ബഷീർ ആർ. ശങ്കർ അനുസ്മരണം ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment