Wednesday, 1 November 2023

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽആദ്യത്തെ ഗ്രന്ഥശാല കണ്ണനല്ലൂരിൽ

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ
ആദ്യത്തെ ഗ്രന്ഥശാല കണ്ണനല്ലൂരിൽ

ചാത്തന്നൂർ: കേരളപ്പിറവി ദിനത്തിൽ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി ഗ്രന്ഥശാല പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ ആദ്യത്തെ ഗ്രന്ഥശാലയാണ് ഇതെന്ന് പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി, പോലീസ് അക്കാദമി, പിറ്റി സി, പോലീസ് ക്യാമ്പുകൾ എന്നിവിടങ്ങളിൽ ഗ്രന്ഥശാലകൾ ഉണ്ട്. അത് ട്രെയിനിംഗിന്റെയും പഠനത്തിന്റെയും ഭാഗമായുള്ളതാണ്. കണ്ണനല്ലൂരിലെ ഗ്രന്ഥശാല കേരള പോലീസിന് മാതൃകയാവുകയാണ്. പോലീസിന്റ
ചരിത്രത്തിൽ പുതിയ സംഭവവും.

പൊതു ജനങ്ങളുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ ഗ്രന്ഥശാല ആരംഭിക്കുന്നത് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലാണ്. എസ് എച്ച് ഒ വി.ജയകുമാറിന്റെ ആശയം സഹപ്രവർത്തകരോട് പങ്കു വച്ചപ്പോൾ അവരും അതിന് പിന്തുണയും പ്രോത്സാഹനവും നല്കി. ലഹരിക്കും മയക്കുമരുന്നിനുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി അത്തരക്കാരിൽ വായനാശീലം വളർത്തുകയും വായന ഒരു ലഹരിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. ഇത് നാട്ടിലറിഞ്ഞപ്പോൾ നാട്ടുകാരും സംഘടനകളും സ്കൂളുകളും ഉൾപ്പെടെ പുസ്തക വാഗ്ദാനവുമായി രംഗത്തെത്തി.

പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സിറ്റൗട്ടിൽ പുസ്തകറാക്കുകളും അലമാരകളും ഒരുങ്ങി. ഉദ്ഘാടനത്തിന് മുമ്പ് തന്നെ 1500 ലധികം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ നിരന്നു. രണ്ടു ദിവസത്തിനകം ഇത് അയ്യായിരത്തോളമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരം കിട്ടുന്നതിന് 1000 പുസ്തകങ്ങൾ മതിയെന്നിരിക്കെയാണ് 1500 ലധികം പുസ്തകങ്ങൾ ശേഖരിച്ചു കഴിഞ്ഞത്. പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്കും നാട്ടുകാർക്കും ഈ ഗ്രന്ഥശാല പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് ഗ്രന്ഥശാല ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുകയുമില്ല.

കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ ഗ്രന്ഥശാലാസംഘം പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചാത്തന്നൂർ എ സി പി ബി. ഗോപകു മാർ അധ്യക്ഷനായിരുന്നു. നകുലൻ ആദ്യ പുസ്തകം ഹാഷിമിന് കൈമാറി പുസ്തക വിതരണത്തിന് തുടക്കമിട്ടു. എസ് എച്ച് ഒ വി.ജയകുമാർ , അപ്പു മുട്ടറ, ഫൈസൽ കുളപ്പാടം, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു റാവുത്തർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നിർവാഹക സമിതി അംഗം സുനി.കെ , കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ബിനൂപ്, നെടുമ്പന ഗ്രാമ പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ , കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് അബൂബക്കർ, കണ്ണനല്ലൂർ എസ്.ഐ. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

No comments:

Post a Comment