പോളച്ചിറ ഏലായിൽ ഇക്കുറിയും നെൽകൃഷിയില്ല
ചാത്തന്നൂർ: പോളച്ചിറ ഏലായിൽ ഇക്കുറിയും പുഞ്ചക്കൃഷിയിറക്കാൻ ഇതുവരെ നടപടിയായില്ല.
ഏലായിലെ വെള്ളം ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കിവിടുന്നതിനായി തെക്കേക്കരയിൽ സ്ഥാപിച്ചിരുന്ന പെട്ടിയും പറയുംമാറ്റി ഉഗ്രശക്തിയുള്ള പമ്പ് സ്ഥാപിച്ചെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങാത്തതാണ് കാരണമായി പഞ്ചായത്ത് അധികൃതരും കർഷക സമിതിയും ചൂണ്ടികാട്ടുന്നത്.
ഡിസംബറിൽ വെള്ളംവറ്റിക്കൽ പൂർത്തിയായെങ്കിൽ മാത്രമേ ജനുവരിയോടെ കൃഷിയിറക്കി അടുത്ത കാലവർഷത്തിനുമുൻപായി വിളവെടുപ്പ് പൂർത്തിയാക്കാൻ കഴിയൂ.
നിലവിൽ വടക്കേക്കരയിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടിയും പറയും ഉപയോഗിക്കാത്തത് മൂലം നശിക്കുകയാണ്. എം എൽ എ.ഫണ്ടിൽനിന്ന് 50 ലക്ഷം രൂപമുടക്കി സ്ഥാപിച്ച പമ്പ് പ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ലഭിക്കുന്നതിന് വേണ്ടിയുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നത് വൈകുകയാണ്.ഒപ്പം തന്നെ ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കി വിടുന്നതിന് പരവൂർ - ചാത്തന്നൂർ റോഡിന് കുറുകെ വലിയ കലുങ്ങ് നിർമ്മിക്കണം ഇതിന്റെയെല്ലാം നിർമ്മാണം വൈകുന്നത് മൂലമാണ് ഇക്കുറി നെൽകൃഷി വേണ്ടെന്നുള്ള തീരുമാനത്തിൽ അധികൃതർ എത്തിയത് എന്ന് കർഷകർ പറയുന്നു.
ഇതിന്റെയെല്ലാം നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം നെൽകൃഷി തുടങ്ങാമെന്നാണ്
ചിറക്കര ഗ്രാമപ്പഞ്ചായത്തിന്റെ തീരുമാനം.
എം എൽ എ ഫണ്ട് ഉപയോഗിച്ച് ഏലാപ്രദേശത്തു സ്ഥാപിച്ച പമ്പിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു.
വൈദ്യുത കണക്‌ഷനുമായി ബന്ധപ്പെട്ട് ചാത്തന്നൂർ വൈദ്യുതി ഭവൻ അധികൃതർക്ക് അപേക്ഷ നൽകി തുകയും അടച്ചിട്ടും ഇത് വരെയും ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചിട്ടില്ല.
ഇതോടെ 50 ലക്ഷം ചെലവിൽ സ്ഥാപിക്കുന്ന പമ്പിന്റെ പ്രയോജനം ഏലായിലെ കർഷകർക്ക് ലഭിക്കില്ലെന്ന സ്ഥിതിയാണ്. എം.എൽ.എ. ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ മുടക്കിയാണ് പമ്പ് സ്ഥാപിച്ചിരിക്കുന്നത്.
30 ലക്ഷം ചെലവിൽ 50 കുതിരശക്തിയുടെ രണ്ടുപമ്പും 20 ലക്ഷത്തിന് അതിന്റെ വൈദ്യുതീകരണ ജോലികളുമാണ് നടന്നത്.
പോളച്ചിറ ഏലായിൽനിന്ന് വെള്ളം പമ്പുചെയ്ത് ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഇത് സ്ഥാപിച്ചത്.
ചാത്തന്നൂർ - പരവൂർ റോഡിനുകുറുകേ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചാണ് വെള്ളം മറുഭാഗത്തേക്ക് ഒഴുക്കിവിടുന്നത്. 50 കുതിരശക്തിയുള്ള രണ്ടുപമ്പുകൾ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യാൻ ഇതു മതിയാകില്ല. അതിന് വേണ്ടി കലുങ്ങ് നിർമ്മാണത്തിനായി പരവൂർ - ചാത്തന്നൂർ റോഡിന്റെ നിർമ്മാണവും തടസപ്പെട്ടു കിടക്കുകയാണ്. മുൻ വർഷങ്ങളിൽ പെട്ടിയും പറയും സ്ഥാപിച്ചായിരുന്നു വെള്ളം ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കിയിരുന്നത്.
ഒരുമാസത്തോളം എടുത്താണ് വെള്ളം വറ്റിച്ചിരുന്നത്. ഒരുമീനും ഒരുനെല്ലും പദ്ധതിയുടെ ഭാഗമായി ഏലായിൽ നടത്തിയിരിക്കുന്ന മത്സ്യക്കൃഷിയുടെ വിളവെടുപ്പും ഇതോടൊപ്പം നടക്കണം അതും ഇക്കുറി നടന്നിട്ടില്ല.
പമ്പിന്റെ പ്രയോജനം കർഷകന് ലഭിക്കണമെങ്കിൽ ചാത്തന്നൂർ - പരവൂർ റോഡിൽ കലുങ്ക് നിർമിക്കണം. അതിനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
ഫോട്ടോ :പോളച്ചിറ ഏലായിലെ വെള്ളം പമ്പുചെയ്ത് ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കുന്നതിനായി സ്ഥാപിക്കുന്ന പമ്പ്ഹൗസും കൈത്തോടും
ഫോട്ടോ: വെള്ളംകയറിക്കിടക്കുന്ന ചിറക്കര ഏലാ പ്രദേശം
No comments:
Post a Comment