Thursday, 9 November 2023

സ്വന്തം ഡയറിക്കുറിപ്പുകൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ച് ഒരു ഒന്നാം ക്ലാസുകാരൻ.


സ്വന്തം ഡയറിക്കുറിപ്പുകൾ  പുസ്തകമാക്കി പ്രസിദ്ധീകരിച്ച് ഒരു ഒന്നാം ക്ലാസുകാരൻ.

ചാത്തന്നൂർ:"ജിജ്ഞാസയും സഹജീവി സ്നേഹവും നിറഞ്ഞ ഈ  രചനകൾ ,തിരക്കിൽ നഷ്ടപ്പെട്ട എന്റെ ഡയറിയെഴുത്ത് ശീലത്തെ പോലും തിരികെ പിടിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു". കോയിപ്പാട് ഗവ എൽ പി എസിലെ  ഒന്നാം ക്ലാസുകാരന്റെ പുസ്തകത്തിന് അവതാരിക എഴുതിയ എം എൽ എ ജി എസ് ജയലാൽ ഇങ്ങനെ കുറിച്ചു. കോയിപ്പാട് മാറാം കുഴി സ്വദേശിയായ വിഷ്ണുവിന്റെയും കാർത്തികയുടെയും മകനായ  മഹേശ്വർ വി കെ എന്ന കുഞ്ഞെഴുത്തുകാരനാണ്   സ്വന്തം ഡയറിക്കുറിപ്പുകൾ  'എന്റെ ഓമനദിവസങ്ങൾ' എന്ന പേരിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചത്. ജൂലൈ മാസത്തിലാണ് മഹേശ്വർ ഡയറി എഴുത്ത് ആരംഭിച്ചത്.  സ്വന്തം ചിന്ത , സ്വന്തം ഭാഷ, സ്വന്തം വര, രക്ഷിതാവുമായി ചേർന്നുള്ള എഴുത്ത്   ഇതായിരുന്നു സംയുക്ത ഡയറി എന്ന പേരിലുള്ള ഈ കുഞ്ഞെഴുത്തിന്റെ രീതിശാസ്ത്രം. മഹേശ്വറിന്റെ മനസിൽ ഓരോ ദിവസവും തങ്ങി നിൽക്കുന്ന കാര്യങ്ങൾ മഹേശ്വർ പെൻസിൽ കൊണ്ടെഴുതുമ്പോൾ , എഴുത്തു വഴിയിൽ അറിയാത്ത അക്ഷരങ്ങൾ എഴുതി നൽകാൻ അമ്മ പേനയുമായി ഒപ്പമുണ്ടായിരുന്നു.ആദ്യ നാളുകളിൽ കൂടുതലായി നിന്ന പേനയെഴുത്ത് കുറഞ്ഞുവരികയും ക്രമേണ മഹേശ്വർ സ്വതന്ത്ര എഴുത്തിലേക്ക് കടക്കുകയും ചെയ്തു. മഹേശ്വറിന്റെ ഡയറിയെഴുത്ത് നൂറാം ദിവസത്തിലെത്തിയപ്പോഴാണ് എല്ലാ കുട്ടികൾക്കും പ്രചോദനമായി ആ ഡയറിക്കുറിപ്പുകൾ പുസ്തകമാക്കാൻ വിദ്യാലയം തീരുമാനിച്ചത്. നൂറ് ഡയറിക്കുറിപ്പുകളിൽ നിന്നും നാല്പത് കുറിപ്പുകളാണ് പുസ്തകത്തിലേക്ക് തെരഞ്ഞെടുത്തത്.എന്റെ ഓമന ദിവസങ്ങൾക്ക് ശേഷം  മറ്റു കുട്ടികളുടെ ഡയറിക്കുറിപ്പുകളും പുസ്തകമാക്കാനാണ് വിദ്യാലയത്തിന്റെ തീരുമാനം.  കോയിപ്പാട് എൽ പി എസിന്റെ മലയാള മാധ്യമ പ്രീസ്കൂളിൽ തന്നെ  പ്രീ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹേശ്വറിന്റെ ഈ നേട്ടം വിദ്യാലയത്തിന് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു.  ധാരാളം കഥാപുസ്തകങ്ങൾ പതിവായി വായിക്കുന്ന മഹേശ്വർ കഴിഞ്ഞദിവസം മുഖത്തലയിൽ നടന്ന സബ്ജില്ലാ കലോത്സവത്തിൽ കഥാകഥനത്തിൽ പങ്കെടുത്ത് ഫസ്റ്റ് എ ഗ്രേഡ് നേടിയതും മഹേശ്വറിനും വിദ്യാലയത്തിനും ഇരട്ടിമധുരമായി . പുസ്തകം എം എൽ എ ജി എസ് ജയലാൽ പ്രകാശനം ചെയ്തു. പ്രഥമാധ്യാപിക കനകലത, അധ്യാപകരായ സൈജ , നിധി, കുഞ്ഞെഴുത്തുകാരൻ മഹേശ്വർ, വിദ്യാലയ പിന്തുണ സമിതി അംഗം സോഫി ,പി ടി എ പ്രതിനിധി കാർത്തിക,  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a Comment