Monday, 31 October 2022

വാക്കുകൾ കൊണ്ടോ കർമ്മം കൊണ്ടോ നാം ആരെയും വേദനിപ്പിക്കാതെ ഇരിക്കുക

വാക്കുകൾ കൊണ്ടോ കർമ്മം കൊണ്ടോ നാം ആരെയും വേദനിപ്പിക്കാതെ ഇരിക്കുക.. വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാൻ എളുപ്പമല്ല..ചില സമയത്ത് നാം പറയുന്ന വാക്കുകൾ ചിലപ്പോഴൊക്കെ മറ്റു ഹൃദയങ്ങളിലും പിന്നിട് നമ്മുടെ ഹൃദയത്തിലും  നോവായി മാറാറുണ്ട്..ചില വാക്കുകൾ അറം പറ്റിയ പോലെ സംഭവിക്കുന്നു ..യാദൃശ്ചികമായി സംഭവിക്കുന്നതാകാം എന്നാലും നമ്മളിൽ നിന്നും അപ്രകാരം വാക്ക് ഉണ്ടായല്ലോ എന്ന സങ്കടം നമുക്കും  കേൾക്കുന്നവർക്കും വന്നു ചേരാം. 

     നാവ് തന്നെയാണ് നമ്മുടെ ശത്രുവും മിത്രവും.വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ച് ഉപയോഗിക്കണം.നല്ലവണ്ണം ആലോചിച്ചു മാത്രമേ വാക്കുകൾ പ്രയോഗിക്കാവു.. കോപം വരുമ്പോൾ എന്താണ് പറയുന്നത് എന്ന് നമുക്ക് തന്നെ മനസ്സിലാവില്ല.പിന്നിടായിരിക്കും നാം എന്താണ് പറയുന്നത് എന്ന് ചിന്തിക്കുക. .

      ക്ഷമിക്കാൻ ശീലിക്കുക. ക്ഷമയെക്കാൾ ഉത്തമമായ മരുന്ന് കോപത്തിന് ഇല്ല..ഈശ്വര നാമം ജപിക്കുന്നതിലൂടെ നമ്മുടെ വാക്കുകളുടെ കാഠിന്യം കുറയുകയും , സൗമ്യമായും ശാന്തമായും പെരുമാറാനും നമുക്ക് സാധിക്കും. ധ്യാനം ചെയ്യുന്നതിലൂടെ ക്ഷമയും ഏകാഗ്രതയും കൈവരിക്കാൻ കഴിയും..

        ആരെയും ദ്രോഹിക്കുന്ന വിധത്തിൽ ഒരു കർമ്മവും നാം ചെയ്യരുത്.അപ്രകാരം ആരെയെങ്കിലും ദ്വെഷിക്കണമെന്നോ ദ്രോഹിക്കണമെന്നോ  ചിന്ത ഉണ്ടായാൽ അവരെ നമ്മളുമായി താരതമ്യം ചെയ്ത് നോക്കുക. അതായത് അതേ ദ്രോഹം നമുക്ക് സംഭവിച്ചാലോ ..നാം എത്ര മാത്രം ദുഃഖിക്കും എന്ന് ആലോചിക്കുക. എല്ലാവരും നമ്മെ പോലെ തന്നെ ആണ് എന്ന് ചിന്തിക്കുക. നാം ആരോടും ദ്രോഹം ചെയ്യാതെ ഇരിക്കുക. 
             നമ്മോട് ദ്രോഹം ചെയ്യുന്നവരോട് ക്ഷമിക്കുക. കാരണം നാളെ നമുക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരരുത്. ഇന്ന് ശത്രു ആയിരിക്കുന്ന ഒരാള് നാളെ മിത്രമായി മാറും. അതുപോലെ ഇന്നത്തെ മിത്രം നാളെ ശത്രു ആയേക്കാം.. അമിതമായി ആരോടും അടുപ്പം സൂക്ഷിക്കാതെ ഇരിക്കുക.ആരെയും വെറുക്കാതെ ഇരിക്കുക.. മിതമായി മാത്രം ഏവരോടും ഇടപഴകുക ..ബന്ധങ്ങൾ കൂടുതൽ ബലമുള്ളതാകാൻ മിതത്വം പാലിക്കുക തന്നെയാണ് നല്ലത്...ഏവർക്കും നന്മകൾ നേരുന്നു..ഏവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..നന്ദി.vasantha tk.

എന്താണ് വിഗ്രഹാരാധന ?

എന്താണ് വിഗ്രഹാരാധന ?

മനുഷ്യ വിഗ്രഹായ നമ:

വിഗ്രഹാരാധന ചെയ്യാത്തവരായി ഈ ലോകത്ത് ആരും തന്നെയില്ല.. വിഗ്രഹാരാധയ്ക്ക് എതിരായി പ്രമേയം പാസാക്കാൻ യുക്‌തിവാദികൾ സമ്മേളനം നടത്തി എന്നു കരുതുക . പതാക ഉയർത്തിയായിരുന്നു സമ്മേളനം ആരംഭിച്ചത് . വാസ്തവത്തിൽ നല്ല ഒന്നാന്തരം വിഗ്രഹാരാധനയാണ് അവിടെ നടന്നത് . പതാക എന്നത് വിഗ്രഹം തന്നെയാണല്ലോ..

ശരി , ഒരു രാജ്യത്ത് പോയി ആ രാജ്യത്തിന്റെ ദേശീയ പതാക പരസ്യമായി കത്തിച്ചു . പോലീസ് പിടിച്ചു ,  രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷ ലഭിക്കുകയും ചെയ്തു . വെറുമൊരു തുണി കത്തിച്ചതിന് എനിക്ക് ഇത്രയും വലിയ ശിക്ഷയോ എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ .. തുണിയെയല്ല വിഗ്രഹത്തെയാണ് കത്തിച്ചത്..

അപ്പോൾ എന്താണ് വിഗ്രഹം ?
വിശേഷേണ ഗൃഹ്യതേ ഇതി വിഗ്രഹ: 
വിശേഷ രൂപത്തിൽ ഒന്നിനെ ബോധിപ്പിക്കുന്നതെന്തോ അത് വിഗ്രഹം . ഗ്രഹ ഉപാദാനേ ധാതു വി ഉപസർഗ്ഗ പൂർവ്വമായി വരുമ്പോഴാണ് വിഗ്രഹ ശബ്ദം നിഷ്പന്നമാകുന്നത് . ഉപാദാനം എന്നു പറഞ്ഞാൽ പ്രാപ്തമാക്കുക , എടുക്കുക എന്നൊക്കെയാണ് അർത്ഥം . നമ്മുടെ കർമ്മേന്ദ്രിയങ്ങൾക്കും ജ്ഞാനേന്ദ്രിയങ്ങൾക്കും ഒരു വസ്തുവിനെ എടുക്കാൻ അഥവാ പ്രാപ്തമാക്കാൻ ഒരു പരിധിയുണ്ട് ..

ആ പരിധി കൂടിയാലോ കുറഞ്ഞാലോ നമുക്ക് വസ്തു ഗ്രഹണം സാധ്യമാകില്ല.. അമ്പത് കിലോയുള്ള ഒരു വസ്തുവിനെ എടുക്കാം.. എന്നാൽ അയ്യായിരം കിലോയുള്ള ഒരു വസ്തുവിനെ നമുക്ക് എടുക്കാൻ സാധിക്കില്ല.. അതായത് ഒരു വസ്തു വിശാലമാകുന്തോറും അഥവാ സൂക്ഷ്മമാകുന്തോറും അതിനെ ഗ്രഹിക്കാൻ ഇന്ദ്രിയങ്ങൾക്ക് ശക്തിയില്ലാതെ വരും 

ഒരു നിലവിളക്കിനെ എടുത്ത് പൂജാമുറിയിൽ വെച്ച് പൂജിക്കാൻ നമുക്ക് സാധിക്കും . എന്നാൽ സൂര്യനെ പൂജിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാൾക്ക് സൂര്യനെ എടുത്ത് പൂജാമുറിയിൽ വെക്കാൻ സാധിക്കുമോ ? ഇല്ല . കാരണം സൂര്യൻ എന്നു പറയുന്നത് നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാൻ കഴിയാത്ത വിധം സ്ഥൂലമാണ്. മറ്റൊരർത്ഥത്തിൽ നോക്കിയാൽ സൂക്ഷമമാണ്, എന്നാൽ സൂര്യനെ വിശേഷ രൂപത്തിൽ എടുക്കാൻ സാധിക്കും . അതിനെയാണ് വിശേഷേണ ഗ്രഹിക്കുക എന്ന് പറയുന്നത് . സൂര്യന്റെ പ്രതീകമായി ഒരു ചിത്രത്തെയോ പതാകയെയോ പൂജാമുറിയിൽ സ്ഥാപിച്ചാൽ അത് വിഗ്രഹമായി . അതായത് വിശാലമായ ഒന്നിനെ അഥവാ സൂക്ഷ്മമായ ഒന്നിനെ പ്രതീകത്വേന ഇന്ദ്രിയഗ്രാഹ്യമാക്കി ഗ്രഹിപ്പിക്കുന്നതെന്തോ അത് വിഗ്രഹം ..മനുഷ്യനെ സംബന്ധിച്ച് വിഗ്രഹവത്ക്കരണം ഇല്ലാതെ വ്യവഹാരം സാധിക്കില്ല..

ദ്വേ ഏവ ബ്രഹ്മണോ രൂപം
മൂർത്തം ച അമൂർത്തമേവ

അതായത് ബ്രഹ്മം എന്ന ആത്യന്തിക സത്യത്തിന് മൂർത്തം അമൂർത്തം എന്നീ രണ്ട് ഭാവങ്ങളുണ്ട്

പരമാർത്ഥ സ്വരൂപത്തെയാണ് അമൂർത്തം എന്നു പറയുന്നത് . അവിടെ പൂജിക്കപ്പെടേണ്ടവൻ , പൂജിക്കുന്നവൻ , പൂജ എന്നീ ഭേദങ്ങളൊന്നുമില്ല .
ഇനിയുള്ളത് മൂർത്തഭാവമാണ്.
ഈ മൂർത്തഭാവം ജീവൻ , ജഗത് , ഈശ്വരൻ എന്നീ മൂന്ന് തലങ്ങളിൽ പ്രകാശിക്കുന്നു.

ഞാൻ പരിമിതനാണ് എന്ന തോന്നലാണ് ജീവഭാവം . ഏത് വരെ എന്നിൽ ജീവഭാവം ഉണ്ടോ അതുവരെ എന്റെ മുമ്പിൽ ഈ ജഗത്തുമുണ്ട് . ജഗത്ത് ഉള്ളത് കൊണ്ട് നിശ്ചയമായും ജഗത്തിന് ഒരു അഡ്മിനിസ്ട്രേറ്റർ ഉണ്ടായിരിക്കും . 

തത് സിദ്ധി: ജഗത: നിയത പ്രവൃത്തേ : അതായത് ജഗത്തിന്റെ നിയതമായ , വ്യവസ്ഥാപിതമായ പ്രവൃത്തിയിലൂടെ അതിന് പുറകിൽ ഒരു വ്യവസ്ഥാപകൻ ഉണ്ട് എന്ന് അനുമാനിക്കാം . ആ വ്യവസ്ഥാപകൻ തന്നെയാണ് ഈശ്വരൻ .

അതിനാൽ എനിക്ക് അഗ്രാഹ്യമായ ആ ഈശ്വരനെ ഗ്രാഹ്യമാക്കാനും അവിടുത്തോടുള്ള ബന്ധം സുദൃഢമാക്കാനുമാണ് ഭഗവാനെ പ്രതീകത്വേന വിഗ്രഹഭാവത്തിൽ പ്രതിഷ്ഠിക്കുന്നത് .

ഗുരുദേവ തൃപ്പാദങ്ങളുടെ ദർശനവും കർമ്മവും നമ്മുടെ മുമ്പിലുണ്ട് . എന്നാൽ അവിടുന്ന് സശരീരനായി കാണാത്തതിനാൽ . അവിടുത്തോടുള്ള ആരാധനയും കൃതജ്ഞതയും അഭിവ്യക്തമാക്കുന്നതിനും മഹിതമായ ഗുരുതത്വത്തെ എല്ലാവർക്കും പ്രത്യക്ഷമായി ഗ്രഹിക്കാനും നമുക്ക് വിഗ്രഹമെന്ന ഉപാധിയെ സ്വീകരിച്ചേ പറ്റൂ

വിഗ്രഹേണ ഉപാസതേ എന്ന് പറയുമ്പോൾ വിഗ്രഹത്തിലൂടെ ഉപാസിക്കുന്നു എന്നാണ് അർത്ഥം .. അപ്പോൾ വിഗ്രഹങ്ങൾ കേവലം പ്രതീകങ്ങൾ മാത്രമായി തീരില്ലേ അവിടെ ഭഗവദ് സാനിദ്ധ്യം ഇല്ല എന്നാണോ എന്ന സംശയം വരാൻ സാധ്യതയുണ്ട് .

കർത്തും അകർത്തും അന്യഥാ കർത്തും എന്ന് ഈശ്വരന് നിർവ്വചനമുണ്ട് . അതായത് ചെയ്യാനും ചെയ്യാതിരിക്കാനും വേറൊന്നായി ചെയ്യാനും അഥവാ എന്തുവേണമെങ്കിലും ചെയ്യാനും ഭഗവാന് സാധിക്കും എന്നാണ് മേൽപ്പറഞ്ഞ നിർവ്വചനത്തിന്റെ അർത്ഥം .. 

ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി എന്ന പ്രമാണമനുസരിച്ച് ഈശ്വരനും ഗുരുവും ഒന്ന് തന്നെയാണ് . അങ്ങനെയാണെങ്കിൽ കർത്തും അകർത്തും അന്യഥാ കർത്തും ശക്തിയുള്ള ഈശ്വരന് അഥവാ ബ്രഹ്മവിത്തായ ഗുരുവിന്  ഒരു വിഗ്രഹത്തിലൂടെയും പ്രകടിതമായി നിങ്ങളെ ശ്രേഷ്ഠതയിലേക്ക് നയിക്കാൻ ആകും എന്നത് തർക്കമറ്റ കാര്യമാണ് ..

മൂർത്തിയെ പ്രതിമാഎന്നും പറയാറുണ്ട് . അളക്കുക എന്നർത്ഥം വരുന്ന മാങ്ങ് മാനേ ധാതുവിൽ നിന്നാണ് പ്രതിമാ ശബ്ദം വന്നിരിക്കുന്നത് .

" പ്രതി മാതി ഇതി പ്രതിമാ "  എന്നാണ് പ്രതിമാ ശബ്ദത്തിന്റെ നിർവ്വചനം .
അതായത് നിങ്ങൾ ഏത് അളവുകോലിലാണോ അങ്ങോട്ട് പെരുമാറുന്നത് അതേ അളവിൽ ഇങ്ങോട്ടും ലഭിക്കും എന്നർത്ഥം .

" യേ യഥാ മാം പ്രപദ്യന്തേ താം തഥൈവ ഭജാമ്യഹം "  ഒരാൾ ഏത് ഭാവത്തിൽ  എന്നെ ഭജിക്കുന്നുവോ അതേ ഭാവത്തിൽ ഞാനും പ്രതികരിക്കും എന്ന ശ്ലോകത്തിന്റെ അർത്ഥവും ഇതുതന്നെ ...

അതിനാൽ ഗുരുദേവന്റെ ഈശ്വരഭാവത്തെ ഇന്ദ്രിയ ഗ്രാഹ്യമാക്കാൻ  അവിടുത്തെ കമനീയ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ച് ആരാധിക്കുക എന്നത് ഗുരുഭക്തരുടെ അനിവാര്യമായ ധർമ്മം തന്നെയാണ് ...

( സ്വാമി പ്രബോധ തീർത്ഥ )

( 2020 ൽ എഴുതിയ ലേഖനത്തിന്റെ റീപോസ്റ്റ് )

🌺ശ്രീ ലളിതാംബിക

🌺ശ്രീ ലളിതാംബിക

🌺ശ്രീ ചക്രത്തിൽ തന്റെ വലതു കാൽ അമർത്തി സിംഹാസനാരൂഢയായിരിക്കുന്ന ശ്രീ ലളിത ത്രിപുരസുന്ദരി. അവരുടെ ചുറ്റിനുമായി ശ്രീ ബ്രഹ്മാവ് , ശ്രീ മഹാവിഷ്ണു , ശ്രീ ഗണേശൻ എന്നിവരും വെഞ്ചാമരം വീശുന്ന ശ്രീലക്ഷ്മിദേവിയും ശ്രീ സരസ്വതി ദേവിയുമുണ്ട്.
പത്തു മഹാവിദ്യകളുടെ ദേവതയാണ്. ഹൈന്ദവതയിലെ സാഹിത്യത്തിൽ അവതരിപ്പിക്കപ്പെടുന്ന ദേവി, ലളിതസഹസ്രനാമം (ലളിതദേവിയുടെ കഥ) ലളിതോപഖ്യാനം എന്നീ വിഷയവുമായി ഈ ദേവത അറിയപ്പെടുന്നു. ഈരേഴുപതിന്നാലുലോകത്തിൽ ബ്രഹ്മലോകത്തിനു മുകളിലുള്ള സർവ്വലോകമാണ് ശ്രീ ലളിതത്രിപുര സുന്ദരിയുടെ ആവാസസ്ഥാനമായ മണിദീപം.
ശക്തിസത്തിലെ ശ്രീകുല പാരമ്പര്യമനുസരിച്ച് ശ്രീ ത്രിപുര സുന്ദരി മഹാവിദ്യയുടേയും ശ്രീ ആദിപരാശക്തിയുടെ ഉയർന്ന ഭാവത്തിലും കാണപ്പെടുന്നു. ത്രിപുര ഉപനിഷത്ത് പ്രപഞ്ചത്തിന്റെ ആത്യന്തിക ശക്തി (ഊർജ്ജം, ശക്തി) എന്ന് വിളിക്കുന്നു. ശ്രീ ബ്രഹ്മാവ് , ശ്രീമഹാവിഷ്ണു , ശ്രീപരമശിവൻ എന്നിവരെക്കാളും പരമ ജ്ഞാനിയായി കാണപ്പെടുന്നു. ശ്രീ ത്രിപുര സുന്ദരി ശ്രീ കാമേശ്വര എന്ന രൂപത്തിലുള്ള ശ്രീപരമ ശിവന്റെ മടിത്തട്ടിൽ (ശിവശക്തി) ഇരിയ്ക്കുന്നതായിട്ടാണ് പറയപ്പെടുന്നത്.ശക്ത താന്ത്രിക് പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രധാന ദേവതയായ ശ്രീ ത്രിപുരസുന്ദരി (പാർവ്വതി) ശ്രീ വിദ്യാ എന്നും അറിയപ്പെടുന്നു.ശ്രീ ശിവശക്തി ഐക്യഭാവത്തിൽ ഇരിക്കുന്ന ശ്രീ ശിവകാമേശ്വരനും (ശ്രീ പരമേശ്വരൻ), ശിവകാമേശ്വരിയും (ശ്രീ ലളിതപരമേശ്വരി) ആണ് ലളിതസഹസ്രനാമത്തിലെ പ്രധാന ദേവതകൾ. പരബ്രഹ്മമായ ശ്രീ പരമശിവന്റെ ബ്രഹ്‌മവിദ്യ ആണ് ദേവി. ശ്രീപരമശിവനും ശ്രീ ശക്തിയും ഒരേ നാണയത്തിന്റെ രണ്ടു ഭാഗങ്ങൾ ആണ്.🌺
🙏🏻ശാന്തിസുരേഷ്പനവേലിൽ

Sunday, 30 October 2022

🌸തൃപ്പുണിത്തുറ പൂര്‍ണ്ണത്രയീശ്വരൻ🌸

🌸തൃപ്പുണിത്തുറ പൂര്‍ണ്ണത്രയീശ്വരൻ🌸

🌸വൈകുണ്ഠത്തില്‍നിന്ന് സാക്ഷാല്‍ മഹാവിഷ്ണു അര്‍ജ്ജുനനു നല്‍കിയ വിഗ്രഹമാണ് സന്താനമൂര്‍ത്തീ സങ്കല്‍പ്പത്തിലുള്ള പൂര്‍ണ്ണത്രയീശന്‍. 2500ലേറെ വര്‍ഷത്തെ പഴക്കം പറയുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എ.ഡി.947ല്‍ നടത്തിയതായി ചേരസാമ്രാജ്യ ചക്രവര്‍ത്തി യായിരുന്ന കോതരവിയുടെ ശാസനത്തില്‍ പറയുന്നു. അന്യം നിന്നുപോയ കുറിയൂര്‍ സ്വരൂപത്തിന്റെ കൈവശമായിരുന്ന ഈ ക്ഷേത്രം പിന്നീട് കൊച്ചി രാജവംശത്തിന്‍റെ അധീനതയിലായി. കൊച്ചിയിലെ രാജകുടുംബമായ പെരുമ്പടപ്പു സ്വരൂപത്തിന്റെ കുലദൈവമാണ് പൂർണ്ണത്രയീശൻ.

🌸അകാലത്തില്‍ ഒമ്പത് സന്താനമരണങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്ന ഒരു ബ്രാഹ്മണദമ്പതികള്‍ ഉണ്ടായിരുന്നു. കടുത്ത നിരാശയില്‍ കഴിഞ്ഞുവരവേ, ബ്രാഹ്മണസ്ത്രീ പത്താമതും ഗര്‍ഭം ധരിച്ചു. തനിക്ക് ഈ കുഞ്ഞിനെയെങ്കിലും ജീവനോടെ നല്‍കണേ എന്നപേക്ഷിച്ചുകൊണ്ട് ആ സാധു ബ്രാഹ്മണന്‍ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ അടുത്തുചെന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്നു ശ്രീ അര്‍ജ്ജുനന്‍ കുട്ടിയെ രക്ഷിക്കാമെന്നേറ്റു. പ്രസവസമയത്ത്‌ ശരകൂടം തീര്‍ത്ത് കാവല്‍ നില്ക്കുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. ഇത്തവണ കുട്ടിയെ ഒരുനോക്കു കാണാന്‍പോലും കഴിഞ്ഞില്ല. വാക്കുപാലിക്കാന്‍ കഴിയാത്തതില്‍ ദഃഖിതനായ ശ്രീ അര്‍ജ്ജുനന്‍ അഗ്നിയില്‍ ചാടി മരിക്കാനൊരുങ്ങി. അതില്‍ നിന്നും ശ്രീ അര്‍ജ്ജുനനെ ശ്രീ കൃഷ്ണന്‍ പിന്തിരിപ്പിച്ചു. പിന്നീട്‌ രണ്ടുപേരും കൂടി കുട്ടിയെ അന്വേഷിച്ചിറങ്ങി. അങ്ങനെ ഒടുവില്‍ വൈകുണ്ഠത്തിലുമെത്തി. പത്തുകുട്ടികളും ശ്രീ മഹാവിഷ്ണുവിന്റെ അടുക്കല്‍ കളിച്ചുനടക്കുന്നു.

🌸ബ്രാഹ്മണന്റെ പത്തുമക്കളേയും ശ്രീ അര്‍ജ്ജുനനെ ഏല്‍പ്പിച്ചു. കൂടാതെ പൂജിക്കാന്‍ ഒരു വിഗ്രഹവും കൊടുത്തു. കുട്ടികളെ ബ്രാഹ്മണന്‌ കൊടുക്കുകയും വിഗ്രഹം തൃപ്പൂണിത്തുറയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. സമീപത്തുനിന്നും പിഴുതെടുത്ത എള്ളു പിഴിഞ്ഞെടുത്ത എണ്ണകൊണ്ട്‌ വിളക്കു കത്തിക്കുകയും ചെയ്തു.

🌸ഇവിടെ ദിവസവും അഞ്ചുപൂജയുണ്ട്‌. ദിവസവും എഴുന്നെള്ളത്തിന്‌ ആനയുമുണ്ട്‌. പന്തിരുനാഴി വഴിപാട് പ്രധാനമാണ്. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലന്‍ തന്റെ സതീര്‍ത്ഥ്യന്‌ അവല്‍ നല്‍കിയ ദിവസത്തെ അനുസ്മരിക്കുന്നതാണ്. കുംഭമാസത്തിലെ ഉത്രം നാളിലുള്ള അപ്പം വഴിപാട്‌ പ്രസിദ്ധം. ഉത്രം നാളിലെ ലക്ഷ്മി നാരായണവിളക്ക്‌ കണ്ട്‌ തൊഴുന്നതും ശ്രേയസ്കരമാണെന്ന്‌ വിശ്വാസം. അന്ന്‌ ഭഗവാന്റെ തിരുനാളാഘോഷമാണ്‌.
ഇവിടെ നാല് ഉത്സവങ്ങള്‍.

🌸ചിങ്ങത്തില്‍ എട്ടുദിവസത്തെ ഉത്സവം. തിരുവോണം ആറാട്ടോടെ സമാപിക്കും. ഇത്‌ മൂശാരി ഉത്സവം എന്നറിയപ്പെടുന്നു. പണ്ട്‌ പുതിയ പഞ്ചലോഹവിഗ്രഹം തീര്‍ക്കാന്‍ പണ്ടാരപ്പിള്ളി മൂശാരിയെ ഏല്‍പ്പിച്ചു. മൂശാരി എത്ര ശ്രമിച്ചിട്ടും മൂശയില്‍ വിഗ്രഹം രൂപം കൊള്ളുന്നില്ല. ഒടുവില്‍ എല്ലാവരും കാണ്‍കെ മൂശയെ കെട്ടിപ്പിടിച്ച്‌ അയാള്‍ ദൈവത്തെ വിളിച്ചുകരഞ്ഞു. പിന്നെ മൂശാരിയെ കണ്ടവര്‍ ആരും തന്നെ ഇല്ല. ഭക്തനായ മൂശാരി വിഗ്രഹത്തില്‍ ലയിച്ചുവെന്ന്‌ കരുതുന്നു. മൂശാരിക്ക്‌ ലഭിച്ച അനുഗ്രഹത്തിന്റെ സ്മരണയ്ക്കായി ആരംഭിച്ചതാണ്‌ ഈ ഉത്സവം.

🌸അമ്പലം അഗ്നിക്കിരയാക്കിയതിന്റെ ഓര്‍മ്മ പുതുക്കലാണ്‌ തുലാമാസത്തിലെ ഉത്സവം. വിഗ്രഹത്തിന്‌ കേട്‌ കൂടാതെ സൂക്ഷിക്കുകയും തീ അണഞ്ഞപ്പോള്‍ ശ്രീകോവില്‍ പുതുക്കിപ്പണിയുകയും വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തു. ഉത്സവത്തിന്‌ ക്ഷേത്രത്തിന്‌ ചുറ്റുമുള്ള വഴികളില്‍ കര്‍പ്പൂരക്കൂനകള്‍ കത്തിക്കുന്ന ചടങ്ങുമുണ്ട്‌.

🌸പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രസിദ്ധമാണ്‌. തൃക്കേട്ട പുറപ്പാടായി പതിനഞ്ച്‌ ആനകളേയും എഴുന്നെള്ളിച്ചുനിര്‍ത്തുന്ന വര്‍ണാഭമായ ചടങ്ങ്‌. വില്വമംഗലത്ത്‌ സ്വാമിയാര്‍ ഉത്സവത്തിന് എത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ ആനപ്പുറത്ത്‌ ഓടിക്കളിക്കുന്ന രംഗം കണ്ടുവത്രേ. അന്നുമുതല്‍ക്കാണ്‌ തൃക്കേട്ട പുറപ്പാടിന്‌ പ്രാധാന്യം കൈവന്നത്‌.

🌸കുംഭത്തില്‍ പറ ഉത്സവം. ഇത്‌ നങ്ങപ്പെണ്ണിന്റെ ഉത്സവമായി ആഘോഷിക്കുന്നു. 
നങ്ങ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയായിരുന്നു. ക്ഷേത്രത്തിനടുത്തായിരുന്നു അവളുടെ താമസം. ക്ഷേത്രത്തിലെത്തി കുളിച്ചുതൊഴല്‍ അവള്‍ പതിവാക്കിയിരുന്നു. ഒരു ദിവസം അവളുടെ വിവാഹനിശ്ചയം നടന്നു. വരന്റെ വീട്‌ അകലെയായിരുന്നു. നിശ്ചയശേഷം നങ്ങ ദുഃഖിതയായി. വിവാഹം കഴിഞ്ഞാല്‍ ക്ഷേത്രദര്‍ശനം മുടങ്ങുമല്ലോ എന്നതായിരുന്നു അവളുടെ ചിന്ത. പിന്നീട്‌ ദര്‍ശനത്തിനെത്തുമ്പോഴെല്ലാം അവള്‍ ഈ സങ്കടം ഭഗവാനെ അറിയിച്ചുകൊണ്ടിരുന്നു. വിവാഹദിവസമായി. പതിവുപോലെ നങ്ങ ക്ഷേത്രദര്‍ശനത്തിനെത്തി. ശ്രീകോവിലിന്‌ മുന്നില്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചുനിന്നു. അപ്പോള്‍ ശ്രീകോവിലിനുള്ളില്‍ നിന്നും രണ്ടുകൈകള്‍ നീണ്ടുവന്ന് അവളെ ശ്രീകോവിലിനുള്ളില്‍ കൂട്ടിക്കൊണ്ടുപോയി. അങ്ങനെ അവള്‍ ഭഗവാനില്‍ ലയിച്ചു. ഈ സംഭവത്തെ അനുസ്മരിപ്പിക്കുന്നതിനാണ്‌ അവസാനത്തെ ഉത്സവം.🌸🙏🏻
🙏🏻ശാന്തിസുരേഷ് പനവേലിൽ

Wednesday, 26 October 2022

ഓടി കൊണ്ടിരുന്ന. കെ എസ് ആർ ടി സി ഓർഡിനറി ബസിൽ നിന്നും സ്കൂൾ വിദ്യാർത്ഥി റോഡിൽ വീണു പരിക്കേറ്റു

ചാത്തന്നൂർ: ഓടി കൊണ്ടിരുന്ന. കെ എസ് ആർ ടി സി ഓർഡിനറി  ബസിൽ നിന്നും സ്കൂൾ വിദ്യാർത്ഥി റോഡിൽ വീണു പരിക്കേറ്റു 
അപകടം ഒഴിവായത് തലനാരിഴയ്ക്ക്.ചാത്തന്നൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ സുഭാഷ് എന്ന വിദ്യാർത്ഥിയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
കൊല്ലം തിരുവനന്തപുരം ദേശിയപാതയിൽ വൈകുന്നേരം നാലരയോടെ 
ചാത്തന്നൂർ ഊറാംവിള ജംഗഷനിൽ നിന്നും കെ എസ് ആർ ടി സി ചാത്തന്നൂർ ഡിപ്പോയിലേക്ക് പോകുന്നതിനായി ദേശിയപാത 
മുറിച്ചു കടക്കവേ വളവിൽ വച്ചാണ് ബസിന്റെ പിറക് വശത്തെ 
ഡോർ തുറന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചു വീണത്. തുടർന്ന് ബസ് നിർത്തി വിദ്യാർത്ഥിയെ ഡ്രൈവറും കണ്ടാക്ടറും ചേർന്ന് തൊട്ടടുത്ത കുടുംമ്പാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം സ്കൂൾ അധ്യാപകരെയും രക്ഷാകർത്താക്കളെയും വിളിച്ചു ഏൽപ്പിക്കുകയായിരുന്നു. തിരക്ക് ഉണ്ടായിരുന്ന ബസിൽ കൈ തട്ടി ഡോർ തുറന്ന് വീണതാകും എന്ന് യാത്രക്കാർ പറഞ്ഞു.തിരക്കുള്ള റോഡിൽ കുട്ടി തെറിച്ചു വീണപ്പോൾ മറ്റ് വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതാലും ബസിൽ നിന്നും റോഡിന്റെ സൈഡിൽ തെറിച്ചു വീണതിനാലും അപകടം ഒഴിവായി.
ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിടുകയായിരുന്നു.
ഫോട്ടോ: അപകടത്തിൽപ്പെട്ട ബസ് റോഡിൽ ഒതുക്കിയിട്ടിരിക്കുന്നു 

Monday, 24 October 2022

തണ്ണീർത്തട നിയമത്തിന് പുല്ലുവില..നിലം നികത്തൽ വ്യാപകം.. പ്രതിക്ഷേധവുമായി നാട്ടുകാർ രംഗത്ത്.

കൊട്ടിയം: തണ്ണീർത്തട നിയമത്തിന് പുല്ലുവില..നിലം നികത്തൽ വ്യാപകം പ്രതിക്ഷേധവുമായി നാട്ടുകാർ രംഗത്ത്.
ആദിച്ചനല്ലൂർ പഞ്ചായത്തിൽ പതിനാലാം വാർഡിൽ കൊട്ടുമ്പുറം വട്ടക്കായൽ പ്രദേശത്ത് കഴിഞ്ഞ കുറ ദിവസങ്ങളായി തണ്ണീർത്തടങ്ങൾ നികത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനോടും നിരവധി ഏക്കർ കണക്കിന് 
പാടം നികത്തിക്കഴിഞ്ഞു. നികത്തിയ സ്ഥങ്ങളിലൊക്കെ അക്കേഷ്യ മരങ്ങൾ നട്ടു പിടിപ്പിച്ചു കൊണ്ടിരിക്കയാണ്. വട്ടക്കായലിന് സമീപത്തായി അടുത്തിടെ കൊല്ലം പള്ളിമുക്ക് സ്വദേശി രണ്ടര ഏക്കർ നിലം വാങ്ങിയിരുന്നു  നിലത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മുന്നൂറോളം ലോഡ് മണ്ണ് ഇറക്കി 50 സെന്റിലധികം നിലം നികത്തിക്കഴിഞ്ഞു. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ദേശിയപാതയോരത്ത് 
 പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന മണ്ണും ഉപയോഗിച്ചാണ് രാത്രികാലങ്ങളിൽ ഭൂമാഫിയകളും മണ്ണ് മാഫിയകളും ചേർന്ന് റവന്യൂ - പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ നിലവും ,തോടും ചതുപ്പ് പ്രദേശങ്ങളും തകൃതിയായി നികത്തിക്കൊണ്ടിരിക്കുന്നത്. തോടും നിലവും നികത്തിയതോടെ സമീപത്തെ മറ്റ് കൃഷിയിടങ്ങളിലേക്കുള്ള നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. വേനൽ ആരംഭിക്കുന്നതോടെ ജലക്ഷാമം അതിരൂക്ഷമാകുന്ന കോട്ടുമ്പുറം വട്ടക്കായൽ നിവാസികൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ളവും ലഭ്യമാകുമോ എന്നുള്ള ആശങ്കയിലാണ്. പ്രദേശത്ത് വ്യാപകമായി നിലങ്ങളും തോടുകളും നികത്തി കരപ്പുരയിടമാക്കി അക്കേഷ്യ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെതിരെ ആദിച്ചനല്ലൂർ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ നിരവധി തവണ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥരും ഭരണാധികാരികളും കണ്ടില്ലെന്ന് നടിച്ച് അറങ്ങാപ്പാറ നയമാണ് സ്വീകരിച്ച് പോകുന്നത്. ഒരോ ദിവസവും രാത്രി കാലങ്ങളിൽ നൂറ് കണക്കിന് ലോഡ് മണ്ണ് ഇറക്കി നിലത്തിലിട്ട് ജെ സി ബി ഉപയോഗിച്ച് നികത്തുന്നത് പോലീസും ബന്ധപ്പെട്ട അധികൃതരും കാണുന്നില്ലെന്നതിനു പിന്നിൽ വൻ സാമ്പത്തിക ഇടപാട് കാരണമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അനധികൃതമായി തണ്ണീർ തടങ്ങൾ നികത്തുന്നതിന് എതിരെ അധികൃതർ ശക്തമായനടപടി സ്വീകരിച്ചില്ലെങ്കിൽ ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും ഇതോടൊപ്പം ഈ പ്രദേശത്തേക്ക് വരുന്ന ടിപ്പറുകൾ തടഞ്ഞിട്ട് പോലീസിന് കൈമാറുന്നതിനും , പഞ്ചായത്ത് - വില്ലേജ് ഓഫീസുകൾ ഉപരോധിക്കുന്നതുൾപ്പെടെയുള്ള പ്രത്യക്ഷ സമരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കൊട്ടും പുറം വട്ടക്കായൽ നിവാസികൾ .

പോളച്ചിറ ഏലായിലെ പുഞ്ചക്കൃഷി പ്രതിസന്ധിയിൽ.

  

പോളച്ചിറ ഏലായിലെ 
പുഞ്ചക്കൃഷി പ്രതിസന്ധിയിൽ.

@ പോളച്ചിറയിൽ ഒരു മീനും ഒരു നെല്ലും 
പദ്ധതി അവതാളത്തിലായി
@ യഥാസമയം കൃഷിയിടം ഒരുക്കാൻ നടപടിയില്ല.
@ ചിറക്കര ബ്രാൻഡ് അരിയും വിസ്മൃതിയിലായി.

ചാത്തന്നൂർ : പോളച്ചിറ ഏലായിലെ 
പുഞ്ചക്കൃഷി പ്രതിസന്ധിയിൽ.
കഴിഞ്ഞ രണ്ടുതവണയും പുഞ്ചക്കൃഷിയിറക്കാൻ കഴിഞ്ഞില്ല. ഇതോടെ ചിറക്കര ബ്രാൻഡ് അരിയും വിസ്മൃതിയിലായി.ഇക്കുറിയും 
യഥാസമയം നിലമൊരുക്കി വിതയ്ക്കാൻ സാധിക്കില്ലെന്ന ആശങ്കയിലാണ്  കർഷകർ.
നവംബർ ആദ്യവാരം മുതൽ വെള്ളം
വറ്റിച്ചു തുടങ്ങി ഡിസംബറിൽ നിലം ഒരുക്കി ജനുവരിയിലാണ് 
 വിത പൂർത്തിയാക്കേണ്ടത്. മേയ് പകുതിയോടെ വിളവെടുക്കാനാണ് ഈ സമയക്രമം പാലിക്കുന്നത്. പിന്നെയും വിളവെടുപ്പ് വൈകിയാൽ വേനൽമഴയും ഉപ്പുവെള്ളം കയറുന്ന പ്രശ്നങ്ങളും ഭീഷണിയാകും.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഏലാസമിതി ഇതുവരെ വിളിച്ചുചേർത്തിട്ടില്ല. മറ്റു നടപടികൾ തുടങ്ങാൻ അധികൃതർ തയ്യാറായിട്ടുമില്ല
പാടത്തെ വെള്ളംവറ്റിക്കുന്ന പ്രാരംഭ നടപടി പോലുമായിട്ടില്ല.
ഡിസംബറിനകം വെള്ളംവറ്റിച്ച് നിലമൊരുക്കിയാൽമാത്രമേ യഥാസമയം കൃഷിയിറക്കി അടുത്ത കാലവർഷത്തിനുമുമ്പ് വിളവെടുപ്പ് പൂർത്തിയാക്കാനാകൂ.
കഴിഞ്ഞ സീസണിലും വിതയ്ക്കേണ്ട സമയത്ത് ശക്തമായ മഴയായിരുന്നു. കുട്ടനാടൻ മോഡൽ കൃഷിയെന്ന് കെട്ടിയാഘോഷിച്ച കൃഷി വിത്ത് വിതയ്ക്കലിൽ ഒതുങ്ങി. വിത്ത് വിതച്ചു മഴ വന്നു മുഴുവൻ കൃഷിയും നശിക്കുകയായിരുന്നു.

@ വെള്ളം വറ്റിക്കാനായി എം എൽ എ ഫണ്ടിൽ നിന്നും പൈസ അനുവദിച്ചു 
 ഉഗ്രശേഷിയുള്ള പമ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം കർഷർക്ക് ലഭ്യമാക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല
സാധാരണ ഗതിയിൽ 
വിതയ്ക്ക് രണ്ടുമാസം മുമ്പ് മുതലേ
പോളച്ചിറയിൽ  പാടശേഖരസമിതികളുടെ നേതൃത്വത്തിൽ കൃഷിക്ക് മുന്നൊരുക്കം തുടങ്ങും. പാടശേഖരങ്ങളുടെ പുറംമട ചെളിയിറക്കി ബണ്ടുകെട്ടും. തുടർന്ന് വിളവെടുപ്പിന് ശേഷം മാറ്റിവെച്ചിരിക്കുന്ന  പെട്ടിയും പറയും പിടിപ്പിക്കും. എന്നാലേ പാടങ്ങളിലെ വെള്ളം വറ്റിക്കാൻ സാധിക്കൂ.എന്നാൽ നിലവിലുള്ള പെട്ടിയും പറയും മാറ്റി
എം എൽ എ ഫണ്ടിൽ നിന്നും 50ലക്ഷം രൂപ ചിലവാക്കി 50 ഹോഴ്സ് പവറിൽ രണ്ട് മോട്ടോറുകൾ സ്ഥാപിച്ചുവെങ്കിലും കഴിഞ്ഞ പ്രാവശ്യം വെള്ളം വറ്റിയ്ക്കാനായില്ല  ഇക്കുറിയും ഇ മോട്ടോറുകൾ വച്ച് വെള്ളം വറ്റിയ്ക്കാനാകില്ല എന്ന് കർഷകർ പറയുന്നു. സമയാസമയം പoമ്പിങ് നവംബറിൽ 
തുടങ്ങിയില്ലായെങ്കിൽ കൃഷി ചെയ്യാനാവില്ല .

@ ഇത്തവണ പരമ്പരാഗതമായി നടത്തുന്ന പെട്ടിയും പറയുംതന്നെ വെള്ളം വറ്റിക്കാൻ ആശ്രയിക്കേണ്ടിവരുമെന്നാണ്‌ കർഷകർ പറയുന്നത്. കഴിഞ്ഞതവണ യഥാസമയം വെള്ളം വറ്റിക്കാത്തതിനാൽ കൃഷിയിറക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് നൂറുകണക്കിനു കർഷകരും അനുബന്ധ തൊഴിലാളികളും പ്രതിസന്ധിയിലായി. ത്രിതല പഞ്ചായത്തുസമിതികൾ പോളച്ചിറ പുഞ്ചക്കൃഷിക്ക് ആവശ്യമായ തുക വകയിരുത്തിയിട്ടില്ല. ഇതുകാരണം പോളച്ചിറ ഏലായിൽ പുഞ്ചക്കൃഷി ഇറക്കാൻ കഴിയാതെപോയതെന്നാണ് ആക്ഷേപം. ശക്തമായ കാലവർഷംമൂലം പോളച്ചിറ ഏലായിലെ പുറമ്പോക്ക്‌ തോടുകൾ മണലും ചെളിയുംകൊണ്ട് നിറഞ്ഞതിനാൽ ചിറക്കര, ഉളിയനാട്, കുഴുപ്പിൽ, ചിറക്കരത്താഴം തുടങ്ങിയ ഇരുപ്പൂ കൃഷിചെയ്യുന്ന ഏലാകളിലെ വെള്ളം ഒഴുകി പോകാനാകാതെ വെള്ളക്കെട്ടായി മാറിയിരിക്കുന്നു. ഇതുകാരണം ഇവിടെയും കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. അടിയന്തരമായി പോളച്ചിറ ഏലായിലെ തോടുകളിലൂടെ വെള്ളം ഒഴുക്കിവിടുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

@ എം എൽ എ ഫണ്ടിൽ നിന്നും അൻപത് ലക്ഷം രൂപ ചിലവിൽ മോട്ടോർ വച്ചതിൽ ഗുരുതര സാമ്പത്തിക ക്രമകേടുകൾ നടന്നിട്ടുണ്ടെന്ന് ബിജെപി ചിറക്കര പഞ്ചായത്ത്‌ സമിതി ജനറൽ സെക്രട്ടറി റോയി പങ്കുവിള ആരോപിച്ചു 50 എച് പി യുടെ രണ്ട് മോട്ടോർ പ്രവർത്തിക്കുന്നതിന് 166കെ. വി വൈദ്യുതി ലൈൻ ആണ് വേണ്ടത്. ഇപ്പോൾ ഉള്ളത് 66കെ വി ലൈൻ ആണ് ഉള്ളത് ഇത് വച്ച് ഒരു സമയം ഒരു മോട്ടോർ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയുകയൂള്ളൂ എന്നിരിക്കെ 166കെ വി ലൈൻ ഇവിടേക്ക് കൊണ്ട് വരുന്നതിനുള്ള നിർമ്മാണപ്രവർത്തികൾ ഒന്നും തന്നെ നടക്കുന്നില്ല എന്ന് മാത്രമല്ല പമ്പിന്റെ നിർമ്മാണപ്രവർത്തിയിൽ ഗുരുതര ക്രമകേടുകൾ നടന്നിട്ടുണ്ട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകും

റോയ് പങ്കുവിള (ബിജെപി ചിറക്കര പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി )

@ പുഞ്ചകൃഷിയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കാൻ പഞ്ചായത്ത്‌ തയ്യാറാകണമെന്ന് കർഷക പ്രതിനിധിയായ പോളച്ചിറ രാമചന്ദ്രൻ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി പുഞ്ചകൃഷി പൂർണ്ണതോതിൽ നടത്തുവാൻ കഴിഞ്ഞിട്ടില്ല. കുട്ടനാട്ടുകാരായ കർഷകരെ ഇറക്കി കൃഷി ചെയ്യാനുള്ള ശ്രമവും കഴിഞ്ഞ തവണ പരാജയപ്പെട്ടു ഇത്തവണ കൃഷി ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ പഞ്ചായത്ത്‌ തയ്യാറാകണം പോളച്ചിറ രാമചന്ദ്രൻ (ഡയറക്ടർ ബോർഡ് അംഗം ദേശിങ്ങനാട് ഫാർമർ പ്രൊഡ്യുസിംഗ് കമ്പനി)

സിപിഎം പ്രവർത്തകർ ബിജെപിയിൽ

സിപിഎം പ്രവർത്തകർ ബിജെപിയിൽ 
ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു.ഡി വൈ എഫ് ഐ ചാത്തന്നൂർ ടൗൺ 
 യൂണിറ്റ് സെക്രട്ടറി വിഘ്നേഷ്,   സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വി ഷ്ണു  എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേരാണ്  ഭാരതീയ ജനതാ പാർട്ടിയിൽ  അംഗത്വം സ്വീകരിച്ചത്.
ബിജെപി ചാത്തന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ബിജെപി  കൊല്ലം  ജില്ലാ സെക്രട്ടറി എസ്. പ്രശാന്ത്, ചാത്തന്നൂർ മണ്ഡലം പ്രസിഡൻ്റ് ശ്യാംപ്രവീൺ  എന്നിവർ മെമ്പർഷിപ്പ് നൽകി പുതിയ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് ഉണ്ണികളിയാക്കുളം , ചാത്തന്നൂർ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി സുധീഷ്, പഞ്ചായത്ത് സമിതി സെക്രട്ടറി ദിനേശ്,  ബൂത്ത് പ്രസിഡൻ്റ് സുകേഷ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: സിപിഎം പ്രവർത്തകർ ബിജെപി നേതാക്കൾക്കൊപ്പം.

പി എസ് സി പരിശീലന കേന്ദ്രം ആരംഭിച്ചു

പി എസ് സി പരിശീലന കേന്ദ്രം ആരംഭിച്ചു
ചാത്തന്നൂർ: എൻ എസ് എസ് ആർട്സ് കോളേജിനോട് ചേർന്ന് പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഭദ്രദീപം തെളിയിച്ച്  കോച്ചിംഗ് സെന്റർ  ഉദ്ഘാടനം ചെയ്തു.
എല്ലാ ശനി,ഞായർ, പൊതു അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് ആറു മാസം ദൈർഘ്യമുള്ള കോഴ്സിന്റ സമയം. പി എസ്‌ സി മത്സരപരീക്ഷയെ അഭിമുഖീകരിക്കുന്ന ഈ താലൂക്കിലെ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും സൗജന്യമായി ചേർന്ന് പഠിക്കാവുന്ന ഈ ക്ലാസിലേക്ക് എല്ലാ പ്രവർത്തി ദിവസങ്ങളിലും ആർട്സ് കോളേജിൽ എത്തിച്ചേർന്ന്  അഡ്മിഷന് വേണ്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, യൂണിയൻ സെക്രട്ടറി ടി.അരവിന്ദാക്ഷൻ പിള്ള,ആർട്സ്  കോളേജ് പ്രിൻസിപ്പാൾ ഡോ.ആർ രാമചന്ദ്രൻ പിള്ള, എൻ എസ് എസ് ഇൻസ്‌പെക്ടർ എസ്. ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.
ഫോട്ടോ: പി എസ് സി പരിശീലനകേന്ദ്രം എൻ എസ് എസ് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ഉത്ഘാടനം ചെയ്യുന്നു.

നെൽകൃഷി ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകും -

@ നെൽകൃഷി ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകും - സുശീലദേവി (ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌)
നെൽകൃഷിയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയതായി വച്ച പമ്പുകൾക്ക് വേണ്ടി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കും അതിന്റെ നടപടികൾ തുടങ്ങി കഴിഞ്ഞു. കർഷകരുടെ മീറ്റിംഗ് ഉടൻ വിളിച്ചു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നെൽകൃഷി നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീലദേവി പറഞ്ഞു.

പോളച്ചിറ ഏല വികസന പദ്ധതി പദ്ധതി അട്ടിമറിച്ചു

@ പോളച്ചിറ ഏല വികസന പദ്ധതി 
പദ്ധതി അട്ടിമറിച്ചു 

 നാബാർഡിന്റെ സഹായത്തോടെ നടപ്പാക്കിയ 
പോളച്ചിറ ഏല വികസന 
പദ്ധതി പഞ്ചായത്ത്‌ ഭരിക്കുന്നവർ പൂർത്തിയാക്കാതെ 
അട്ടിമറിച്ചു. 320 ലക്ഷം രൂപയുടെ പദ്ധതികള്‍ വിഭാവനം ചെയ്തിട്ട് പദ്ധതി പൂർത്തിയാക്കാതെ പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കർഷകർ ആരോപിക്കുന്നു.
തലച്ചിറക്കുളം പുറംബണ്ട്, പാലങ്ങള്‍ എന്നിവയുടെ നിര്‍മാണം, എന്‍ജിന്‍ തറയും പുതിയ പെട്ടിയും പറയും സ്ഥാപിക്കല്‍ അടക്കം വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിരിരുന്നത് എല്ലാം അട്ടിമറിയ്ക്കുകയായിരുന്നു.
 രാഷ്ട്രീയകളികളുടെ പേരിലാണ് പദ്ധതി മുടങ്ങിയത്. പദ്ധതിയുടെ നടത്തിപ്പിൽ സിപിഎം - സിപിഐ തർക്കം ഉണ്ടായതോടെ നിർമ്മാണം നിലച്ചു പിന്നെ എല്ലാം ഫയലിൽ ഒതുക്കി ബിൽ തുക പൂർണ്ണമായും മാറി കരാറുകാരൻ സ്ഥലം വിട്ടു.കര്‍ഷകരുടെ പ്രതീക്ഷ നശിക്കുന്ന രീതിയിലാണ് ചിറക്കര പഞ്ചായത്ത്‌ അധികൃതർ പെരുമാറുന്നത് എന്ന് കർഷകർ ആരോപിക്കുന്നു.
ഇരുനൂറിലധികം തരത്തില്‍പ്പെട്ട ദേശാടനപക്ഷികള്‍ പോളച്ചിറയില്‍ എത്തുന്നുണ്ട്. ഇവയെ നിരീക്ഷിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനും പോളച്ചിറയെ വിനോദസഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി ആവശ്യമായ പദ്ധതികള്‍ നടപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

@കടല്‍ കടന്നെത്തുന്ന അതിഥികളെ കാത്ത് പോളച്ചിറ

പോളച്ചിറ ഏലായില്‍ നെല്‍കൃഷി മുടങ്ങിയത് ദേശാടന പക്ഷികളുടെ വരവ് നിലയ്ക്കാന്‍ കാരണമായി. 1500 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പോളച്ചിറ ഏല ചിറക്കരയുടെ നെല്ലറയെന്നാണ് അറിയപ്പെടുന്നത്. നെല്‍കൃഷി പുനരാരംഭിച്ചതോടെ നഷടപ്പെട്ട പച്ചപ്പ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ചിറക്കര പഞ്ചായത്ത്. കാലവര്‍ഷത്തില്‍ ഒഴുകിയെത്തുന്ന എക്കല്‍ നിറഞ്ഞ മണ്ണ് അടിഞ്ഞുകൂടി തണ്ണീര്‍തടമായി രൂപപ്പെട്ടു കിടന്ന ഏലായില്‍ ഇരുപ്പൂ നെല്‍കൃഷി വരെ ചെയ്തിരുന്നു. നാടന്‍ വിത്ത് വിതച്ച് 90 ദിവസത്തിനകം പാകപ്പെടുത്തി കൊയ്തെടുക്കുകയായിരുന്നു ഇവിടുത്തെ കൃഷി രീതി. മഞ്ഞുറയുന്ന സൈബീരിയയില്‍ നിന്നു പോലും പക്ഷികള്‍ പോളച്ചിറയില്‍ എത്തിയിരുന്നു. പോളച്ചിറ ഏലായുടെ പാര്‍ശ്വഭാഗങ്ങളിലെ വലിയ വൃക്ഷങ്ങളില്‍ ചേക്കേറി കൂടുകൂട്ടിയായിരുന്നു ഇവയുടെ വാസം. കാലത്തിന്റെ കുത്തൊഴുക്കില്‍ കൃഷി മുടങ്ങി. ഏലായില്‍ മണ്ണെടുപ്പും ചെളിയെടുപ്പും തകൃതിയായി. ഇതോടെ ഏലായുടെ ശനിദശയും തുടങ്ങി. വന്‍മരങ്ങളുടെ ചുവട്ടില്‍ മഴു പതിച്ചു. പച്ചപ്പ് തന്നെ ഇല്ലാതായി. ഏലായിലെ പച്ചപ്പ് ഇല്ലാതായതോടെ പക്ഷികളുടെ വരവ് നിലച്ചു. കയ്യേറ്റം ഏലായെ തന്നെ ദുര്‍ബലപ്പെടുത്തി. നവംബര്‍, ഡിസംബര്‍ മാസത്തോടെ ഏലായിലെത്തി വന്‍മരങ്ങളില്‍ കൂടു കൂട്ടി പ്രജനനം നടത്തി ജനുവരി അവസാനത്തോടെ മടങ്ങി പോയിരുന്ന പക്ഷികളുടെ വരവ് നിലച്ചു. കൊത്തിപ്പെറുക്കുവാന്‍ നെല്‍മണികള്‍ ഇല്ലാത്തതും കൂട് കൂട്ടുവാന്‍ മരച്ചില്ലകള്‍ ഇല്ലാത്തതും പക്ഷികളുടെ വരവ് നിലയ്ക്കാന്‍ കാരണമായി.താമരക്കോഴി, ആഫ്രിക്കന്‍ ഏരണ്ട, ചൂളന്‍ എരണ്ട, ബ്രാഹ്മണതാറാവുകള്‍ തുടങ്ങി നാടന്‍ കൊക്കുകള്‍ വരെ പോളച്ചിറയില്‍ എത്തിയിരുന്നതായി പക്ഷി നിരീക്ഷകര്‍ പറയുന്നു.ഇറച്ചിക്കുവേണ്ടി ദേശാടനപ്പക്ഷികളെ പിടിക്കുന്ന സംഘങ്ങളും വ്യാപകമായി.
മരങ്ങള്‍ മുറിച്ചതും പക്ഷികളുടെ ആവാസവ്യവസ്ഥ തന്നെ തകര്‍ത്തു. 
ജലസമൃദ്ധിയില്‍ മുങ്ങിക്കിടക്കുന്ന ഏലാ സസ്യജാലങ്ങളുടെയും വിവിധ ഇനത്തിലുള്ള മത്സ്യങ്ങളുടെയും കലവറയായിരുന്നു. കരിമീനും വരാലും ഉള്‍പ്പെടെ നിരവധി ശുദ്ധജല മത്സ്യങ്ങള്‍ പോളച്ചിറയില്‍ സുലഭമായി വളര്‍ന്നിരുന്നു. കൃഷി നിലച്ചതോടെ മത്സ്യസമ്പത്തിനും കുറവ് വന്നു.  ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വടക്കാംചേരി മോഡല്‍ കൃഷിയിറക്കി നൂറുമേനി വിജയം കൊയ്തിരുന്നു.
മാറി മാറി വന്ന  സര്‍ക്കാരുകൾ കൃഷിയെ തഴഞ്ഞത് പോളച്ചിറയ്ക്ക് തിരിച്ചടിയായി.

@ ഏലായുടെ വശങ്ങള്‍ നികത്തിയതോടെ നീര്‍ച്ചാലുകള്‍ ഇല്ലാതായി. നീര്‍ച്ചാലുകളില്‍ അപൂര്‍വമായ മത്സ്യങ്ങള്‍ ധാരാളമുണ്ടായിരുന്നു. പോളച്ചിറ വറ്റിയതോടെ സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലവിതാനവും താഴ്ന്നു. ചിറക്കര പഞ്ചായത്ത് ഏലാ സംരക്ഷണത്തിന് പ്രത്യേക പാക്കേജ ് നടപ്പാക്കി. വടക്കാഞ്ചേരി മോഡല്‍ കൃഷിയില്‍ നൂറുമേനി വിളവുണ്ടായി.






ദീപാവലി ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങി

ദീപാവലി ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങി
കൊല്ലം: ജില്ലയിലെത്തന്നെ ഏറ്റവും വലിയ പടക്കവിപണിയായ കൊല്ലം നഗരത്തിൽ 
ഒരാഴ്ചയായി തിരക്കോടുതിരക്കുതന്നെ. പടക്ക വിൽപ്പനയ്ക്ക് നൂറിലധികം ചെറുതും വലുതുമായ കടകളാണ് ഇവിടെ തുറന്നിരിക്കുന്നത്.
അഞ്ചുമുതൽ രണ്ടായിരംരൂപവരെ വിലയുള്ള ഇനങ്ങളാണ് ഇത്തവണ കടകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. ദീപാവലിക്ക്  പടക്കവിപണി പൂർണ്ണമായും സജീവമാണ്  ദീപാവലിയുടെ 
 പ്രധാന ഇനമായ പടക്കവിപണി സജീവമായി. ഓലപ്പടക്കം ഉള്‍പ്പെടെ നാടന്‍ പടക്കങ്ങള്‍ ലഭിക്കാതായതോടെ ചൈനീസ് പടക്കങ്ങളാണ് വിപണിയിൽ കൂടുതലും. വെട്ടിക്കെട്ടിന്  സര്‍ക്കാരിന്റെ സമയ നിയന്ത്രണം വന്നതിനുപിന്നാലെ,  പടക്കംപൊട്ടിക്കലിന് കുറവുവരുമെന്ന് കരുതിയെങ്കിലും ജില്ലയിലെ പടക്കവിപണി സജീവമായി.

നഗരഗ്രാമപ്രദേശങ്ങളില്‍ സ്ഥിരം പടക്കക്കച്ചവടക്കാര്‍ക്കു പുറമേ, ചെറുകിട കച്ചവട
സംഘങ്ങള്‍ വിപണിയില്‍ സജീവമായതോടെ, പടക്ക വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല. ശിവകാശിയില്‍നിന്നുള്ള പടക്കങ്ങളാണ് വിപണിയില്‍ ധാരാളമുള്ളത്. ചൈനീസ് പടക്കങ്ങള്‍ക്ക് വിലയും കുറവാണ്.  നിരവധി കമ്പനികളാണ് വര്‍ണപ്പകിട്ടില്‍ വൈവിധ്യങ്ങള്‍ തീര്‍ത്ത ഉല്‍പ്പന്നങ്ങളുമായി വിപണി കൈയടക്കിയിരിക്കുന്നത്. 
ഫോട്ടോ ഫ്ളാഷ്, വാട്ടർ ഫൗണ്ടൻ, ഹെലികോപ്റ്റർ, ഡ്രോൺ ഇത്തവണ ദീപാവലിക്ക് നിറപ്പകിട്ടേകാൻ പടക്കവിപണിയിൽ പുതിയ താരങ്ങളേറെ. ആഘോഷത്തിന് നിറംപകരാൻ 'മണിബാങ്കു'മുണ്ട്. മണിബാങ്ക് പൊട്ടിച്ചാൽ നോട്ടുകൾ ചിതറിവീഴും. 300 രൂപയാണ് മണിബാങ്കിന്റെ വില. ക്യാമറ ഫ്ളാഷ്പോലെ മിന്നിമറയുന്ന ഫോട്ടോഫ്ളാഷിന് വില 100 രൂപയാണ്. മാലപ്പടക്കം വിൽക്കുന്നത് നിരോധിച്ചിട്ടുള്ളതിനാൽ അമിട്ടുപോലുള്ളവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. പത്തെണ്ണമടങ്ങിയ പാക്കറ്റിന് 400 രൂപയാണ് വില. ചില്ലറവിൽപ്പനയുമുണ്ട്. 300 രൂപയാണ് 'വാട്ടർ ഫൗണ്ടന്'. കുട്ടികൾക്കായി പുതുമയേറിയ ഇനങ്ങളുടെ പ്രത്യേക ശേഖരവുമുണ്ട്. ഉയർന്നുപറക്കുന്ന 'ഹെലികോപ്റ്ററും 'ഡ്രോണും' 100 രൂപയ്ക്ക് ലഭിക്കും. 200 രൂപ നൽകിയാൽ ആകാശത്ത് മയിൽപ്പീലിച്ചന്തമുയർത്തുന്ന പീക്കോക്കിനെ വാങ്ങാം. കുപ്പിക്കുള്ളിൽനിന്ന് വർണത്തിരികൾ
രൂപ നൽകിയാൽ ആകാശത്ത് മയിൽപ്പീലിച്ചന്തമുയർത്തുന്ന പീക്കോക്കിനെ വാങ്ങാം.
കുപ്പിക്കുള്ളിൽനിന്ന് വർണത്തിരികൾ തെളിയുന്ന സ്പ്രിന്റും ബെക്കാർഡിയും 180 രൂപയ്ക്ക് ലഭിക്കും. ആഘോഷങ്ങൾക്ക് ദൈർഘ്യം നൽകാൻ 5,000 രൂപയ്ക്കുള്ള സ്പെഷ്യൽ ഇനങ്ങളുമുണ്ട്.
പടക്കംപൊട്ടിക്കലും കമ്പിത്തിരി, ലാത്തിരി, പൂത്തിരി, മേശപ്പൂവ് തുടങ്ങിയ ചെറുകരിമരുന്നുപ്രയോഗവും 
 ഒഴിച്ചു കൂടാനാവാത്തതാണ്. 
ഫണ്‍ 120, ടെര്‍മിനേറ്റര്‍ 120, മന്ത്ര 60, സോണ 60, സ്കൈവാരിയര്‍ 50ഷോട്ട്, ഏരിയല്‍ ക്രാക്കേഴ്സ്, പൈപ്പ് മിക്സ്, പിസ്സ ഹട്ട്, ഫണ്‍ കളര്‍ തുടങ്ങിയ ഇനങ്ങളാണ് ഇത്തവണത്തെ സ്പെഷ്യല്‍ ഫാന്‍സി ഐറ്റങ്ങള്‍. സംഗീതം പൊഴിച്ച് കത്തിവീഴുന്ന മ്യൂസിക്കല്‍ ക്രാക്കിള്‍, ഉയര്‍ന്ന് കത്തി മാനത്ത് പൂക്കളം തീര്‍ക്കുന്ന സില്‍ക്ക് ഷോട്ട്, കുടയായി പെയ്തിറങ്ങുന്ന അഷ്റ ഫി, പതിനഞ്ച് മിനിറ്റ് തുടര്‍ച്ചയായി കത്തുന്ന മഹാ ഉത്സവ് ഫ്ളവര്‍ പോട്ട് തുടങ്ങിയവയാണ് ഇത്തവണത്തെ പുതിയ ഇനങ്ങള്‍.  ഏഴുസെന്റിമീറ്റര്‍ കമ്പിത്തിരിമുതല്‍ 15 സെന്റിമീറ്ററിന്റെ ഫൈവ് ഇന്‍വണ്‍ കമ്പിത്തിരിവരെ വിപണിയിലുണ്ട്. ഏഴുസെന്റിമീറ്റര്‍ കമ്പിത്തിരിക്ക് ഒരു പാക്കറ്റിന് 17 രൂപയാണ് വില. ചുവപ്പ്, പച്ച ഏഴുസെന്റിമീറ്റര്‍ കമ്പിത്തിരിക്ക് 22 രൂപയാണ് വില.  12 സെന്റിമീറ്റര്‍ കളര്‍ കമ്പിത്തിരിക്ക് പാക്കറ്റിന് 32ഉം 15 സെന്റിമീറ്റർ കളര്‍ കമ്പിത്തിരിക്ക് 65 രൂപയുമാണ് വില. മേശപ്പൂവിന് 12 രൂപമുതല്‍ 130 രൂപവരെയാണ് വില. ക്രിസ്മസ്ട്രീ, ബാഗ്പൈപ്പര്‍  തുടങ്ങിയ ഫാന്‍സി മേശപ്പൂവിന് പായ്ക്കറ്റിന് യഥാക്രമം 250, 180 രൂപയാണ് വില. ചക്രം ചെറുത് 40, ഡീലക്സ് 130 എന്നിങ്ങനെയാണ് പാക്കറ്റ് വില.  കളര്‍ ലാത്തിരി ചെറുത് പായ്ക്കറ്റിന് 50ഉം വലുതിന് 100ഉം രൂപയാണ് വില. കുട്ടികളുടെ പ്രിയ ഇനമായ ജയന്റ് മത്താപ്പ് പാക്കറ്റ് ഏഴുരൂപയ്ക്ക് ലഭിക്കും. വെള്ളമാലപ്പടക്കം പത്തെണ്ണത്തിന്റെ പായ്ക്കറ്റിന് 190 രൂപയാണ് വില. ചുവപ്പ്മാല, സ്ട്രിപ്പ്, ഇന്ത്യന്‍ കിങ്, റെക്റ്റാഗുലര്‍ ബോംബ്, കുയില്‍, കോക്ക് ടെയില്‍, ലക്ഷി തുടങ്ങിയ പടക്കങ്ങളും വിപണിയില്‍ സുലഭം. 
 സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മറ്റും സമ്മാനമായി നല്‍കാന്‍ വിവിധതരം പടക്കങ്ങളും കമ്പിത്തിരിയും മറ്റു മടങ്ങിയ ഗിഫ്റ്റ് ബോക്സുകളും വിപണിയിലുണ്ട്.  കിഡീസ് 280, സെലിബ്രേഷന്‍ 550, ബ്ളാസ്റ്റര്‍ 900 എന്നിങ്ങനെയാണ് വില. എല്ലാ പെട്ടികളിലും വിവിധതരം കമ്പിത്തിരികള്‍, മേശപ്പൂവ്, ചക്രം എന്നിങ്ങനെ നീളുകയാണ് പടക്കങ്ങളുടെ പട്ടിക.

Saturday, 22 October 2022

സോഹം ഞാൻ അതാണ്🙏

സോഹം ഞാൻ അതാണ്🙏

'സോഹം' ശ്വാസത്തിന്റെ സഹജമായ നാദമാണ്. നിങ്ങൾ ശ്വാസം പുറത്തേക്കു വിടുമ്പോൾ അതിൽ “ഹം അടങ്ങിയിട്ടുണ്ട്. ഇത് തിരിച്ചു വായിക്കുകയാണെങ്കിൽ ‘ഹം സ” എന്നാകും, ‘ഹം സ' എന്നാൽ, ചേതനയെ ഉയർത്തുന്നത്, ഒഴുകുന്നത്, വിവേചിക്കുന്നത് എന്നൊക്കെയാണ് അർത്ഥം. ശരിയെ തെറ്റിൽ നിന്നും, സ്ഥിരമായതിനെ അസ്ഥിരമായതിൽ നിന്നും, സുന്ദരമായതിനെ വിരൂപമായതിൽ നിന്നും വിവേചിക്കുന്നതാണ് ഹം സ

"ഞാൻ ഈശ്വരനാണ്' എന്ന അർത്ഥമല്ല സോഹത്തിനുള്ളത്. "ഞാൻ അതാണ്' എന്നാണ് അതിന്റെ അർത്ഥം. ഈ “അത് സ്നേഹമാകാം... സത്യമാകാം... സുന്ദരമായ ഇടമാകാം. ഇതാണ് ശരിക്കും ഉള്ള ഞാൻ. ഞാൻ വെറും ചിന്തകളും, വികാരങ്ങളും മനസ്സും മാത്രമാണെന്നാണ് തുടക്കത്തിൽ വിചാരിക്കുക. എന്നാൽ, ഞാൻ ചിന്തയല്ല. ശരീരമല്ല; “അതാണ്' എന്ന ശരിയായ തിരിച്ചറിവ് വാക്കുകൾക്കിപ്പുറമാണ്.

അത് തിരിച്ചറിയലിനുമപ്പുറത്തെ സത്യമാണ്. ഒരു ഭാവനയ്ക്കും ആ സൗന്ദര്യം പകർത്താൻ സാധിക്കുകയില്ല. ആ സ്നേഹമാണ് ഞാൻ. സ്നേഹം ഈശ്വരനാണ്. അഥവാ ഈശ്വരൻ സ്നേഹമാണ് എങ്കിൽ ഞാനും ഈശ്വരനാണ്. സ്നേഹം ദൈവമാണ് എന്ന് യേശുക്രിസ്തു പറഞ്ഞു. അതോടൊപ്പം, “ഞാൻ സ്നേഹമാണ്', 'ഞാൻ' അതാണ്, "ഞാൻ ആണ് എന്നും പറഞ്ഞു. ഞാൻ അതാണ്, “ഞാൻ ആണ്, നീ അതാണ്. തുടങ്ങിയ അർത്ഥങ്ങളെല്ലാം അതിലുണ്ട്.

എന്നാൽ, ഇതിന്റെ അർത്ഥത്തിനല്ല പ്രാധാന്യം. ആ ശബ്ദത്തിന്റെ പ്രകമ്പനങ്ങളാണ് പ്രധാനം. 'സോഹം' എന്ന നാദത്തിന് ഈ പ്രപഞ്ചത്തിൽ വ്യക്തമായ ചില പ്രകമ്പനങ്ങളുണ്ട്. അത് നമ്മുടെ ആത്മാവ് വികസിക്കാൻ സഹായിക്കുന്നു. അതാണ് ഏറ്റവും പ്രധാനം.സ്നേഹം ദിവ്യത്വം മാണ്.
സ്നേഹം ഈശ്വരാന്റെ രൂപമാണ് അത് കൊണ്ട് സ്നേഹം പവിത്രമായ ഒരു ജീവന കലയാണ്

Thursday, 20 October 2022

വിനോദസഞ്ചാരഭൂപടത്തിൽഇടംകാത്ത്‌ തെക്കുംഭാഗം

വിനോദസഞ്ചാരഭൂപടത്തിൽഇടംകാത്ത്‌ തെക്കുംഭാഗം

പരവൂർ : നഗരസഭയായി മൂന്നുപതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടാനാകാതെ പരവൂർ തെക്കുംഭാഗം തീരം. ഇവിടേക്ക്‌ സഞ്ചാരികളെ ആകർഷിക്കാനും യോജിച്ച പദ്ധതികൾ ആവിഷ്കരിക്കാനും ഇതുവരെ നഗരം ഭരിച്ചവർ തയ്യാറായിട്ടില്ല.
വർഷംതോറും ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെങ്കിലും അതേപ്പറ്റി അവർപോലും പിന്നെ മറക്കുകയാണ്‌.
കായലും കടലും ചേരുന്ന തെക്കുംഭാഗത്തിന്റെ തീരഭംഗി സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഉദയാസ്തമയങ്ങൾ കാണാൻ കന്യാകുമാരിക്കു സമാനമായ സാധ്യത ഇവിടെയുണ്ട്. തിരശല്യം കുറവാണെന്നതാണ്‌ മറ്റൊരു പ്രത്യേകത. പക്ഷേ, അതൊന്നും പ്രയോജനപ്പെടുത്താൻ ഭരണനേതൃത്വങ്ങൾക്ക് കഴിയുന്നില്ല.

മുഖ്യമന്ത്രിയായിരിക്കെ തെക്കുംഭാഗത്ത് പൊതുപരിപാടിക്കെത്തിയ കെ.കരുണാകരൻ, ഇവിടം കോവളത്തെക്കാൾ മനോഹരമായ വിനോദസഞ്ചാരകേന്ദ്രമാക്കാൻ കഴിയുമെന്നാണ് അഭിപ്രായപ്പെട്ടത്. അന്ന്‌ ഫിഷ് ലാൻഡിങ്‌ സെന്ററിന് തറക്കല്ലിട്ടാണ് അദ്ദേ‌ഹം മടങ്ങിയത്. അത് അനാഥമായി തീരത്തുതന്നെയുണ്ട്. സമീപം ഫിഷറീസ് വകുപ്പിന്റെ ഓഫീസ് വർഷങ്ങൾക്കു മുൻപ്‌ പ്രവർത്തനം ആരംഭിച്ചെങ്കിലും തുറന്നുകണ്ടിട്ടുള്ളവർ അപൂർവം.

അന്ന് മന്ത്രിയായിരുന്ന സി.വി.പദ്‌മരാജൻ മുൻകൈയെടുത്താണ് തീരത്തോടു ചേർന്ന്‌ ലേക് സാഗർ ബീച്ച് റിസോർട്ടിനു തറക്കല്ലിട്ടത്. ഭരണം മാറിയപ്പോൾ ശിലാഫലകം ആരോ പിഴുത് കായലിലെറിഞ്ഞു. ഇതിനിടെ വൻതുക ചെലവിട്ട് ടൂറിസം വകുപ്പ് ബീച്ച് റിസോർട്ട് നിർമിച്ചു. ഡിടി പിസി യുടെ നേതൃത്വത്തിൽ സ്പീഡ് ബോട്ടും പെഡൽ ബോട്ടുകളും കുട്ടവഞ്ചികളും വാങ്ങി കുറേനാൾ പ്രവർത്തിപ്പിച്ചു. പിന്നീട്‌ പൂട്ടിയ റിസോർട്ട് വാടകയ്ക്ക് കൊടുത്തെങ്കിലും ഫലവത്തായില്ല.

വർഷങ്ങളായി പൂട്ടിക്കിടക്കുന്ന‌ ഈ കെട്ടിടം കായലിൽ അഭ്യാസപ്രകടനങ്ങൾക്ക്‌ എത്തുന്ന വായുസേനാധികൃതരുടെ കൈയിലാണെന്ന്‌ പരിസരവാസികൾ പറയുന്നു. എന്നാൽ റിസോർട്ട് വളപ്പിൽ സ്വകാര്യ ബോട്ട് ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്‌.

വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ട്‌ മുൻപ് കായലിൽ വള്ളംകളിയും ഘോഷയാത്രയുമടക്കം നടത്തിയ നഗരസഭ പിന്നീടെല്ലാം മറക്കുകയായിരുന്നു. ഇരിക്കാൻ തീരത്തുറപ്പിച്ച കുറെ സിമന്റ് ബെഞ്ചുകളും മിക്കപ്പോഴും കത്താത്ത ഉയരവിളക്കും അല്ലാതെ ഇന്നും സഞ്ചാരികൾക്കായി ഇവിടെ ഒന്നുമില്ല

@ കായൽ ടൂറിസത്തിന് കളമൊരുങ്ങുമോ

 പരവൂരിന്റെ വിനോദസഞ്ചാരമേഖലയിലെ വികസനത്തിന് രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിലെ കൂട്ടായ്മ അനിവാര്യമാണ്. തീരദേശത്തെ സ്ഥലപരിമിതി നഗരസഭയ്ക്കും ഡി ടി പി സി ക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ, കായൽ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് പരവൂരിന്റെ മുന്നിലുള്ളത്. ഇതിന് സ്ഥലമേറ്റെടുക്കലിന്റെ വെല്ലുവിളികളും നേരിടേണ്ടിവരുന്നില്ല.
സമീപപ്രദേശങ്ങളിൽനിന്ന്‌ പരവൂരിനെ വേറിട്ടുനിർത്തുന്നത് ജലാശയങ്ങളുടെ സമൃദ്ധിയാണ്. 

@ പരവൂരിനെ ടൂറിസം ഹബ്ബാക്കി മാറ്റാം

പരവൂർ ഒല്ലാൽ പുത്തൻകട ഭാഗത്തുനിന്ന് കായലോരത്തുകൂടി ഒരു നടപ്പാത, കോട്ടപ്പുറം, തെക്കുംഭാഗം പ്രദേശത്തുകൂടി കോങ്ങാൽ, പൊഴിക്കര, കുറുമണ്ടൽ, പെരുമ്പുഴ, നെടുങ്ങോലം മാലാക്കായൽ മീനാട് പോളച്ചിറ പൂതക്കുളം കലയ്ക്കോട് വഴി കോട്ടപ്പുറം പുത്തൻകടവിലെത്തുന്ന സർക്കുലർ പാസേജ് എന്നിവ നിർമിച്ചാൽ പരവൂരിനെ ഒരു ടൂറിസം ഹബ്ബാക്കാൻ കഴിയും
സ്വർണ്ണമ്മസുരേഷ് (ബിജെപി പാർലമെന്ററി പാർട്ടി ലീഡർ )

Tuesday, 18 October 2022

സമുദ്രയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

സമുദ്രയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം  വയോജന കേന്ദ്രത്തിൽ  പാരിപ്പള്ളി  മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാരിപ്പള്ളി  മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. യാദവ്, സമുദ്രതീരം ചെയർമാൻ .റുവൽ സിംഗ്, മുൻ ഗ്രാമപഞ്ചായത്ത് അംഗം  ലാലു, ഡോ.ആതിര മഹേഷ്, നവീന, അഞ്ജലി വിനോദ്, രാധിക, അനു. ജി. രാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.


Saturday, 15 October 2022

120 വയസ്സ് തികഞ്ഞ കൊല്ലത്തെ തങ്കശ്ശേരി വിളക്കുമാടത്തിന്റെ ചരിത്രം

120 വയസ്സ് തികഞ്ഞ കൊല്ലത്തെ തങ്കശ്ശേരി വിളക്കുമാടത്തിന്റെ ചരിത്രം. 🔥
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ചുവപ്പും വെള്ളയും ചേല ചുറ്റി, തലയെടുപ്പോടെ നിൽക്കുന്ന എനിക്ക് 120 വയസ്സ് തികഞ്ഞെന്നു പറഞ്ഞാൽ അതിശയിച്ചേക്കും. അത്ര ചെറുപ്പം പോലെയാണു നിൽപ്; നൂറ്റാണ്ടു പിന്നിട്ട ചെറുപ്പം. മിഴികളിലെ തിളക്കത്തിന് ഇന്നും കാന്തിക ശക്തിയുണ്ട്. നല്ല ഉയരമുള്ളതിനാൽ എന്റെ കാഴ്ച മാത്രമല്ല, മറ്റുള്ളവർക്ക് എന്നിലേക്കുള്ള നോട്ടത്തിനും തടസ്സമില്ല. ചുളിവു വീഴാത്ത, ലക്ഷണമൊത്ത ഉടലുമായി നിൽക്കുന്ന ഞാൻ ആര് എന്നല്ലേ? സായിപ്പ് ലൈറ്റ് ഹൗസ് എന്നു വിളിക്കുന്ന ദീപസ്തംഭം; അതായത് വിളക്കുമരം.

എന്നെക്കുറിച്ച്:

എന്റെ ജനനത്തെക്കുറിച്ചു കാര്യമായ അറിവ് നാട്ടുകാർക്കില്ല. തിരുവിതാംകൂർ രാജ്യാതിർത്തിയിലെ തങ്കശ്ശേരിയും അതിലെ തുറമുഖവും ഭരിച്ചിരുന്നത് അന്നു മദ്രാസ് പ്രസിഡൻസിക്കു വേണ്ടി മലബാർ കലക്ടർ ആയിരുന്നു. അതുകൊണ്ടാണ് ഇവിടെ കാര്യമായ വിവരങ്ങൾ ലഭിക്കാതിരുന്നത്. കൊല്ലം കടൽതീരത്ത് ഉയർത്തിയ ഒരു കൊടിമരത്തിൽ നിന്നാണ് ഇന്നത്തെ ലൈറ്റ് ഹൗസിലേക്ക് വളർന്നത്. ആദ്യകാലത്ത് നരച്ച ചാര നിറമായിരുന്നു. പിന്നെയാണു വെളുപ്പിൽ ചുവപ്പു ദാവണി അണിഞ്ഞു സുന്ദരിയായത്.

രാജാവിന്റെ കത്ത്:

ബ്രിട്ടിഷ് തുറമുഖങ്ങളിലെ ലൈറ്റ് ഹൗസിനു ലൈറ്റ് ഡ്യു (light due)  എന്ന പേരിൽ നികുതി ഈടാക്കുമായിരുന്നു. സാമന്ത രാജാക്കന്മാർക്ക് അതിനുള്ള അധികാരം ഇല്ലായിരുന്നു. അതിനാൽ കൊല്ലത്തു വിളക്കുമരം അധികകാലം പ്രവർത്തിച്ചില്ല. കൂടുതൽ കപ്പൽ അടുക്കുന്നതു തങ്കശ്ശേരിയിൽ ആയതിനാൽ ദീപസ്തംഭം സ്ഥാപിക്കേണ്ടത് അവിടെയാണെന്നു തിരുവിതാംകൂർ രാജാവ് മദ്രാസ് ഗവർണർക്ക് കത്ത് അയച്ചു. കൊല്ലത്തു വിളക്കു തെളിയിച്ചേ പറ്റൂ എന്ന ഉത്തരവായിരുന്നു  അതിനു മറുപടി. വീണ്ടും വിളക്കു തെളിയാ‍ൻ തുടങ്ങി. 

വിള്ളൽ:

ഗോപുരത്തിൽ, 4 പതിറ്റാണ്ട് കഴിഞ്ഞപ്പോൾ വിള്ളലുണ്ടായി. ലൈറ്റ് ഹൗസ് എൻജിനീയർ എ.എൻ.സീലിന്റെ നേതൃത്വത്തിൽ1940ൽ അറ്റുകുറ്റപ്പണി നടത്തി. വെള്ളം കുടിക്കാത്ത (വെട്രിഫൈഡ് ) ഇഷ്ടിക കൊണ്ടു പുറം കവചം ഒരുക്കി. അതോടെ നിറം മാറി; ഇഷടികയുടെ ചുവപ്പ് അണിഞ്ഞു.1962ൽ, പെട്രോമാക്സ് മാന്റിലുകൾ മാറ്റി 5000 വാട്ടിന്റെ ഇലക്ട്രിക് ബൾബുകൾ പരീക്ഷിച്ചു. ബൾബുകൾ ലഭ്യമല്ലാതെ വന്നതോടെ അഞ്ചു വർഷത്തിനുശേഷം വീണ്ടും മാന്റിലുകളിലേക്കു മടക്കം. 1994ൽ ഇലക്ട്രിക് പ്രകാശത്തിനു മാന്റിൽ വഴി മാറി.  അതിനു മുൻപു തന്നെ,1984ൽ, ചുവപ്പും വെള്ളയും ചേല ചുറ്റി. 

കാലം കടന്നു പോയപ്പോൾ ഉള്ളിൽ വീണ്ടും മാറ്റം.  2016ൽ ലിഫ്റ്റ് വന്നു, പടി കയറാൻ വയ്യാത്തവർ ക്ഷീണിക്കരുതല്ലോ? മഹാമാരിയുടെ കാലത്ത് എന്റെയടുത്തേക്കു ആരും വരാതിരുന്നത് വലിയ വിഷമമായിരുന്നു. കടൽ നോക്കി ഒറ്റയ്ക്കു നിൽക്കേണ്ടി വന്നു.  ഇപ്പോൾ നിങ്ങൾക്കായി കഫറ്റീരിയ, ഐസ് ക്രീം പാർലർ, കുട്ടികളുടെ പാർക്ക്...  ഒക്കെ ഒരുക്കി ഞാൻ കാത്തിരിക്കുന്നുണ്ട്. എല്ലാവരും വരണം. വരാതിരിക്കരുത്. കാരണം ഞാൻ കൊല്ലത്തിന്റെ മുദ്രയാണ്, മുഖമുദ്ര.

കൊടിമരത്തിന്റെ വഴി:

പണ്ടേ തുറമുഖ നഗരമാണു കൊല്ലം. പ്രകൃതി തന്നെ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പിന്നീട് 2 തുറമുഖങ്ങൾ ഒരേ സമയം ഇവിടെ പ്രവർത്തിച്ചു. സായിപ്പിന്റെ കീഴിൽ തങ്കശ്ശേരിയിലും തിരുവിതാംകൂർ രാജാധികാരത്തിൽ കുറച്ചു തെക്കുമാറി മറ്റൊന്നും. തുറമുഖം തിരിച്ചറിയാ‍ൻ വിളക്കുമരം വേണമെന്നു വിദേശ കപ്പലുകളുടെ കപ്പിത്താൻമാണ് ആദ്യം ആവശ്യപ്പെട്ടത്. മലബാർ കലക്ടർ ആ വിവരം 1867ൽ  മദ്രാസ് ഗവർണറെ അറിയിച്ചു. തിരുവിതാംകൂർ നിർമിക്കട്ടെ എന്നായിരുന്നു മറുപടി. (1942 മുതൽ കപ്പലുകളിൽ നിന്നു തങ്കശ്ശേരിയിൽ ചുങ്കം പിരിക്കുന്നുണ്ടായിരുന്നു.

ആങ്കറേജ് ഡ്യു (anchorage due) എന്നായിരുന്നു പേര്. തിരൂവിതാംകൂറിന്റെ കീഴിലുള്ള കൊല്ലം തുറമുഖത്തിനു അത്തരം ചുങ്കം ഇല്ലായിരുന്നു). സായിപ്പ് പറഞ്ഞതല്ലേ എന്നു പറഞ്ഞു രാജകുടുംബം അതു നടപ്പാക്കി. അങ്ങനെ കൊല്ലം കടപ്പുറത്തു കൊടിമരം നാട്ടി; വിളക്ക് ഉയർത്താൻ തുടങ്ങി.

തങ്കശ്ശേരിയിൽ

മദ്രാസ് പ്രസി‍ഡൻസിയുടെ കിഴീലുള്ള ലൈറ്റ് ഹൗസുകൾക്കു പൊതുവായ ഏക നികുതി (cost light dues) ചുമത്താൻ 1895ൽ സർക്കാർ ആലോചിച്ചു. കർണാടകയിലെ കാർവാർ മുതൽ കന്യാകുമാരി വഴി വിശാഖപട്ടണം വരെയുള്ള ദീപസ്തംഭങ്ങളുടെ പരിഷ്കരണം, എവിടെയൊക്കെ പുതിയതു സ്ഥാപിക്കണം എന്നിവ പഠിക്കുന്നതിന് പിഡബ്ല്യുഡി എക്‌സിക്യൂട്ടിവ് എൻജിനീയർ എഫ്.ഡബ്ല്യു.ആഷ്പിറ്റലിനെ നിയമിച്ചു.

1898ൽ ആഷ്പിറ്റൽ നൽകിയ റിപ്പോർട്ടിൽ തങ്കശ്ശേരിയിൽ 34 മീറ്റർ ഉയരമുള്ള ലൈറ്റ് ഹൗസ് നിർമിക്കണമെന്ന ശുപാർശ നൽകി. 1900ൽ ഇതിന് അംഗീകാരം ലഭിച്ചു. രൂപകൽപന ചെയ്തതും ആഷ്പിറ്റൽ ആയിരുന്നു. ആ വർഷം തന്നെ പ്രാരംഭ പ്രവർത്തനം തുടങ്ങി.  

ദീപസ്തംഭം:

തറ മുതൽ 34.5 മീറ്റർ ഉയരം. ചുടകട്ടയിലാണ് കെട്ടിപ്പൊക്കിയത്. അതിനു മുകളിലാണ് സഞ്ചാരികൾക്ക് ഇറങ്ങി നിൽക്കാനുള്ള  സൗകര്യവും ‘തൊപ്പി’ പോലുള്ള ഭാഗവും ഒക്കെ.  ഇംഗ്ലണ്ടിൽ നിന്നു ഇറക്കുമതി ചെയ്ത വിളക്കും ലെൻസുമാണ് ഗോപുരത്തിനു മുകളിൽ ഘടിപ്പിച്ചത്. ആകെ ചെലവ് 80,000 രൂപ. ഇതിൽ പകുതിയോളം തുക ചെലവായതു വിളക്കിനും മറ്റ് ഉപകരണങ്ങൾക്കും. പുറം ചുവരിനു ചാര നിറം. വിളക്ക് 15 സെക്കൻഡിനുള്ളിൽ 3 തവണ കൂട്ടമായി മിന്നിത്തെളിയും.

മറ്റു ദീപസ്തംഭങ്ങളിൽ നിന്നു തിരിച്ചറിയുന്നതിനു വേണ്ടിയായിരുന്നു ഇത്. 1902 ഏപിൽ ഒന്നിനു പ്രവർത്തനം തുടങ്ങി. (ചരിത്രത്തിൽ ഒരു തെറ്റുണ്ട്. തിരുവിതാംകൂർ മാനുവലിൽ എന്റെ ചിത്രത്തിനൊപ്പം ആലപ്പി ദീപസ്തംഭം എന്നാണ് അടിക്കുറിപ്പ്). കൊല്ലം തുറമുഖത്തെ വിളക്ക് 1903 മേയ് 11വരെ പ്രവർത്തിച്ചു.

Thursday, 13 October 2022

പരവൂരിൽ രാവിലെ മുതൽഅലഞ്ഞുതിരിഞ്ഞു നടന്ന യുവതിയെ അനാഥയത്തിലാക്കി കൗൺസിലർ സ്വർണ്ണമ്മസുരേഷ്


പരവൂർ: പരവൂരിൽ  രാവിലെ മുതൽ
അലഞ്ഞുതിരിഞ്ഞു നടന്ന യുവതിയെ അനാഥയത്തിലാക്കി കൗൺസിലർ സ്വർണ്ണമ്മസുരേഷ്. കഴിഞ്ഞ ദിവസം രാവിലെ ട്രയിനിൽ വന്നിറങ്ങിയ പഞ്ചാബ് സ്വദേശിയായ പെൺകുട്ടിയെ തിരഞ്ഞു പിടിച്ചു അനാഥലയത്തിൽ ആക്കുകയായിരുന്നു സ്വർണ്ണമ്മസുരേഷും സംഘവും. ഓട്ടോറിക്ഷാ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം 6 മണിയോടെയാണ് സ്വർണ്ണമ്മസുരേഷും ബിജെപി പ്രവർത്തകരും യുവതിയെ തിരക്കിയിറങ്ങിയത് കണ്ടെത്താൻ കഴിയാഞ്ഞതോടെ പോലിസ് സ്റ്റേഷനിൽ എത്തി അന്വേഷണത്തിന് സഹായിക്കാൻ ആവശ്യപ്പെടുകയും തുടർന്ന് പോലിസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും 
 പരവൂർ പോലീസിന്റെ സഹായത്തോടെ രാത്രി 10 മണിക്ക് ചാത്തന്നൂർ കരുണാലയത്തിൽ എത്തിക്കുകയായിരുന്നു.
ഫോട്ടോ :പഞ്ചാബ് സ്വദേശിയായ പെൺകുട്ടി

പാരിപ്പള്ളി - ചെങ്കോട്ട ഹരിത ദേശീയ പാതയ്ക്ക് വേണ്ടി വസ്തു ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം (3 - എ ) ഈ മാസം അവസാനം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ ദേശിയ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു.

കൊല്ലം : പാരിപ്പള്ളി - ചെങ്കോട്ട 
ഹരിത ദേശീയ പാതയ്ക്ക് വേണ്ടി വസ്തു ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം (3 - എ ) ഈ മാസം അവസാനം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ ദേശിയ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിന് മുന്നോടിയായി മുതൽ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥലപരിശോധന നടത്തും.
സ്ഥലം ഏറ്റെടുക്കുന്നതിന്റെ ചുമതലയുള്ള ഡെപ്യുട്ടി കളക്ടർ ആർ. മിനിയുടെ നേതൃത്വത്തിൽ, പാതയുടെ വിശദ പദ്ധതി (ഡി പി ആർ തയാറാക്കുന്ന ഏ ജൻസിയുടെ പ്രതിനിധികൾ, ദേശിയ പാത അതോറി റ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ സ്പെഷ്യൽ തഹസിൽദാർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന നടത്തുന്നത്. നിലവിലുള്ള കൊല്ലം - തിരുമംഗലം ദേശിയപാതയിലെ നിരക്ക് നിയന്ത്രിക്കാനാണ് പുതിയ ഹരിത
ദേശീയപാത നിർമ്മിക്കുന്നത്. പാരിപ്പള്ളി കടമ്പനാട്ടു മുതൽ ആര്യങ്കാവ് വരെയാണ് പുതിയ പാത നിർമ്മിക്കുന്നത്.
കൊല്ലത്തു നിന്നും ദേശീയപാത 66-ലൂടെ കടമ്പാട്ട്കോണത്ത് 
എത്തി ഹരിത പാതയിലൂടെ ആര്യങ്കാവ് വഴി തിരുമലം റോഡിൽ പ്രവേശിക്കാനാവും പുതിയ ഹരിത ഹൈവേയുടെ ദൂരം 59 കിലോമീറ്ററാണ്. 201 ഹെക്ടർ ഭൂമി ഇതിന് വേണ്ടി ഏറ്റെടുക്കേണ്ടിവരും.
45 മീറ്റർ വീതിയിൽ ആറ് വരി പാതയായാണ് നിർമ്മിക്കുന്നതെങ്കിലും ചില ഭാഗങ്ങളിൽ (വന മേഖലകളിൽ) വീതി 30 മീറ്ററായിരിക്കും. തിരുവനന്തപുരം ജില്ലയിലുള്ളവർക്കും ഈ പാത യാഥാർത്ഥ്യമാക്കുന്നതോടെ തമിഴ്നാട്ടിലേക്കുള്ള എളുപ്പ വഴിയാകും. യു.പി ആസ്ഥാനമായ സ്ഥാപനമാണ് ഈ റോഡിന്റെ കൺസൾട്ടന്റ്  ആയി പ്രവർത്തിക്കുന്നതും വിശദപദ്ധതി രേഖ തയ്യാറാക്കുന്നതും.
 സംയുക്ത പരിശോധന കഴിഞ്ഞാലുടൻ ഏറ്റെടുക്കേണ്ട വസ്തുക്കൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രാഥമിക 
വിജ്ഞാപനം ഈ മാസം അവസാനത്തോടെ പുറപ്പെടുവിക്കും. ഇതിന് പിന്നാലെ എടുക്കുന്ന ഭൂമിയിലെ 
 കെട്ടിടങ്ങൾ വ്യക്ഷങ്ങൾ എന്നിവയുടെ വില നിശ്ചയിക്കും. ഏകദേശം അയ്യായിരം കോടി രൂപയോളം നഷ്ടപരിഹാരമായി നല്കേണ്ടിവരുമെന്നാണ്
കണകാക്കുന്നത്.
കൊല്ലം,കൊട്ടാരക്കര,പുനലൂർ താലൂക്കുകളിലെ പാരിപ്പള്ളി, നിലമേൽ ചടയമംഗലം, ഇട്ടിവ, കോട്ടുക്കൽ,
അഞ്ജൽ, അലയമൺ, ആയിരനല്ലൂർ, ഏരൂർ, ഇടമൺ,
തെന്മല ആര്യങ്കാവ് എന്നീ വില്ലേജുകളിൽ നിന്നാണ് ഹരിത ഹൈവയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത്.

ലഹരിമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടവും തുടർച്ചയായുള്ള മോഷണവും ഗുണ്ടാ ആക്രമണങ്ങളും ജനങ്ങളെ ഭീതിയിലാക്കുന്നു

ചാത്തന്നൂർ:  ലഹരിമരുന്ന് മാഫിയയുടെ 
 അഴിഞ്ഞാട്ടവും തുടർച്ചയായുള്ള മോഷണവും ഗുണ്ടാ ആക്രമണങ്ങളും ജനങ്ങളെ ഭീതിയിലാക്കുന്നു.ലഹരി മാഫിയയുടെ മുന്നിൽ പോലീസും എക്സൈസും എന്തു ചെയ്യണമെന്നറിയാതെ
ഇരുട്ടിൽത്തപ്പുന്നത് ജനങ്ങളിൽ കടുത്ത പ്രതിഷേധമുണ്ടാക്കുന്നുണ്ട്.
പാരിപ്പള്ളി മേഖലയിൽ ലഹരിമാഫിയയുടെ ശല്യം കൊണ്ട് 
പൊറുതിമുട്ടുകയാണ് നാട്ടുകാരും കച്ചവടക്കാരും. ലഹരി ഉപയോഗിക്കുന്നവർ പട്ടാപ്പകൽ തിരക്കേറിയ റോഡുകളിൽ വഴക്കിടുന്നതും അസഭ്യം പറയുന്നതും പതിവായി മാറി വിദ്യാർത്ഥികൾ പരസ്പരം ഏറ്റ് മുട്ടുന്ന സംഭവങ്ങളും പതിവായി മാറി. സ്കൂൾ പരിസരത്തെ 
ഇടറോഡുകൾ കേന്ദ്രീകരിച്ച് പരസ്യമായി വിദ്യാർഥികൾക്ക് ലഹരി ഉൽപന്നങ്ങൾ കച്ചവടം നടത്തുന്നതും സ്ഥിരം കാഴ്ചയാണ്. പാരിപ്പള്ളിയിൽ ന്യു ജനറേഷൻ കട കേന്ദ്രീകരിച്ച് പുകയില മയക്കുമരുന്ന് ഉൽപന്നങ്ങൾ വിൽക്കുന്നത് സംബന്ധിച്ച് പ്രദേശവാസികൾ  പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.  ചാത്തന്നൂരിൽ മദ്യലഹരിയിൽ ഒരു സംഘം യുവാവിനെ തല്ലിചതച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും പോലിസ് തിരിഞ്ഞു നോക്കിയില്ല പ്രതികൾ ഇപ്പോഴും പോലീസിന്റെ കണ്മുൻപിൽ വിലസുന്നു.
പോലിസ് ഉദ്യോഗസ്ഥരെ പോലും ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും ഗുണ്ടായിസം അമർച്ച ചെയ്യാൻ നടപടി ഉണ്ടായില്ല. ചാത്തന്നൂരിലെ വനിത എസ് ഐ യെയും ഡ്രൈവറെയും മദ്യപാന സംഘം ആക്രമിച്ചു. രണ്ടാഴ്ചമുമ്പ് ഉളിയനാട് വാഴവിള ജങ്ഷനിൽ കഞ്ചാവ് ഉപയോഗിക്കുന്നവരെക്കുറിച്ച് വിവരം നൽകിയതിന് ബിജെപിയുടെ ബൂത്ത്‌ പ്രസിഡന്റിനെ  മർദിച്ചു കൈയൊടിച്ചിരുന്നു.
പരാതിപ്പെടുന്നവരെ ലഹരിമാഫിയ ആക്രമിക്കുന്നതും പൊതുജനങ്ങളിൽ ഭീതിയുളവാക്കിയിരിക്കുന്നു.
കഴിഞ്ഞദിവസം ചിറക്കരയിലെ ഒരു സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർഥിയുടെ പക്കൽനിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തിയിരുന്നു.
കഴിഞ്ഞാഴ്ചയാണ് ചാത്തന്നൂരിലെ ഒരു സർക്കാർ സ്കൂളിൽ നിന്നും പത്തോളം വിദ്യാർത്ഥികളെ എക്സൈസ് സംഘം ലഹരി ഉപയോഗിച്ചതിനും വിറ്റതിനും പിടികൂടിയിരുന്നു.ഇ സംഭവങ്ങളെല്ലാം നിസാരവത്കരിച്ചു കൊണ്ട് അന്വേഷണം നടത്തുകയാണ്  പോലീസ് - എക്സൈസ് അധികൃതർ. ഇത്രയൊക്കെ ആയിട്ടും ലഹരിവസ്തുക്കളുടെ ഉറവിടവും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർഥികളെ കൗൺസലിങ്ങിന് വിധേയരാക്കി. സർക്കാർ ആരംഭിച്ച ലഹരിവിമുക്ത പ്രചാരണ പരിപാടി 'വിമുക്തി' വഴി സർക്കാരും എക്സൈസ് വകുപ്പും കൂട്ടായ ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിവരുമ്പോഴും തഴച്ചുവളരുന്ന ലഹരിമാഫിയയ്ക്ക് തടയിടാൻ കഴിയാത്തത് അധികൃതരുടെ വീഴ്ചയായി വിലയിരുത്തുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പാരിപ്പള്ളി മടത്തറ റോഡിൽ പ്രവർത്തിക്കുന്ന ഐവ ബേക്കറിയിലും കാഞ്ഞിരത്തിൻമൂട്ടിൽ
ഏജൻസിയിലുമാണ് മോഷണം നടന്നത്.
ഐവ ബേക്കറിയുടെ പൂട്ടുപൊളിച്ച്
മൂവായിരം രൂപയാണ് മോഷ്ടിച്ചത്. കാഞ്ഞിരത്തിൻമൂട്ടിൽ ഏജൻസിയിൽ പൂട്ടുപൊളിച്ച് ഗോഡൗണിൽ കടന്നെങ്കിലും ഓഫീസിൽ കടക്കാൻ കഴിഞ്ഞില്ല. സി സി ടി വി ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവിന്റെ ചിത്രം ലഭിച്ചു. പാരിപ്പള്ളി പോലീസ്
തെളിവുകൾ ശേഖരിച്ചു അന്വേഷണം നടത്തിയെങ്കിലും അന്വേഷണം വഴിമുട്ടി നിൽക്കുന്നു. രണ്ടാഴ്ച മുൻപ് മടത്തറ റോഡിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിൽനിന്ന് മുപ്പതിനായിരം രൂപയും സമീപത്തെ പച്ചക്കറിക്കടയിൽനിന്ന് രണ്ടായിരം രൂപയും മോഷണം പോയിരുന്നു. നാളിതുവരെയും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.. എം ഡി എം എ യുമായി ദിനംപ്രതി യുവാക്കളെ പിടികൂടുമ്പോഴും ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസും എക്സൈസും ശ്രമിക്കുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്.

ബോധവൽക്കരണത്തിലൂടെകുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിയും- അൻസർ അസീസ്.

ബോധവൽക്കരണത്തിലൂടെകുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിയും-
     അൻസർ അസീസ്.
കൊട്ടിയം : കുറ്റകൃത്യങ്ങൾ കുറയ്ക്കുന്ന കാര്യത്തിൽ ബോധവൽക്കരണ സന്ദേശയാത്രകൾക്ക് വലിയ പങ്ക് വഹിക്കുവാൻ കഴിയുമെന്ന്  കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് പറഞ്ഞു. സ്ത്രീകൾക്കും, കുട്ടികൾക്കും നേരേ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ചില്ല ഫൗണ്ടേഷൻ വടക്കേവിള യൂനുസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ടെക്നോളജിയിൽ ഒരു കണ്ണും നനയരുത്, ഒരു കുഞ്ഞും കരയരുത് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടികളുടെയും, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലെത്തി പ്രദർശനവും, ബോധവൽക്കരണവും നടത്തുന്ന എക്സിബിഷൻ മീഡിയമായ കെ എസ് ആർ ടി.
സി ബസ്സിന്റെ രണ്ടാം ദിവസത്തെ ഫ്ലാഗ് ഓഫും നിർവഹിക്കുകയായിരുന്നു അദ്ദേഹം.സി ഡബ്ല്യു സി മുൻ ചെയർമാൻ അഡ്വ.കെ.പി.സജി നാഥ്, ചില്ല സെക്രട്ടറി റാണി നൗഷാദ്, കോർപ്പറേഷൻ കൗൺസിലർ ഹം സത്ത് ബീവി ,യൂനുസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. നിജിൽ രാജ്, ചില്ലയുടെ ജില്ലാ കോ.ഓർഡിനേറ്റർമാരായ ഷീജമണികണ്ഠൻ, ഡോ.ജലജനരേഷ്, ഡോ.അനിതാ ശങ്കർ, നേതാജി ബി.രാജേന്ദ്രൻ, പ്രൊഫ.ജി.മോഹൻദാസ്, അജയകുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന്ബോധവൽക്കരണ നാടകവും, നാടൻ പാട്ടും ചില്ലയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.  
ചിത്രം: ചില്ലയുടെ ബോധവൽക്കരണ പ്രദർശന ബസ്സ് അൻസർ അസീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു. 
ചില്ലയുടെ ബോധവൽക്കരണം യൂനുസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു.

Tuesday, 11 October 2022

ഭർതൃമാതാവിന്റെ ക്രൂരതയെ തുടർന്ന് പതിനാറു മണിക്കൂർ വീടിന് പുറത്തിരിക്കേണ്ടി വന്ന അഞ്ചു വയസ്സുകാരനെയും അമ്മയേയും ഒടുവിൽ വീടിനുള്ളിൽ പ്രവേശിപ്പിച്ചു

കൊട്ടിയം: ഭർതൃമാതാവിന്റെ ക്രൂരതയെ തുടർന്ന് പതിനാറു മണിക്കൂർ വീടിന് പുറത്തിരിക്കേണ്ടി വന്ന അഞ്ചു വയസ്സുകാരനെയും അമ്മയേയും ഒടുവിൽ വീടിനുള്ളിൽ പ്രവേശിപ്പിച്ചു.തഴുത്തല പി.കെ.ജംഗ്ഷന് സമീപം ശ്രീലയത്തിൽ അതുല്യയും മകനുമാണ് ഭർതൃമാതാവിന്റെ ക്രൂരപീഡനത്തിന് ഒരു രാവും പകലും സാക്ഷികളാകേണ്ടി വന്നത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ബാലാവകാശ കമ്മീഷൻ, സി.ഡബ്ല്യു സി, വനിതാ കമ്മീഷൻ, പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികൾ, പൊലീസ് എന്നിവർ ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്നാണ് കുട്ടിയ്ക്കും അമ്മയ്ക്കും വീട്ടിൽ കയറാനായത്. അതുല്യയുടെ ഭർതൃമാതാവ് അപ്പോഴും വീട്ടിനുള്ളിൽ കതകടച്ച്‌ ഇരിപ്പായിരുന്നു. പൊലീസെത്തി വീട് തുറക്കാൻ ആവശ്യപ്പെടുകയും വയോധികയുമായി സംസാരിക്കുകയും ചെയ്തു.തുടർന്ന് കമ്മീഷൻ അംഗങ്ങളും, ജനപ്രതിനിധികളുമായി സംസാരിക്കുകയും ഉച്ചക്ക് പന്ത്രണ്ടരയോടെ സമവായത്തിൽ എത്തിച്ചേരുകയുമായിരുന്നു.ഇത് പ്രകാരം ഭർതൃമാതാവ് അടുത്തുള്ള കുടുംബ വീട്ടിലേക്ക് തയ്യാറാകുകയായിരുന്നു.ഇവർ വീടിന് പുറത്തേക്ക് വന്നതോടെ കുടി നിന്ന നാട്ടുകാർ കൂക്കിവിളി നടത്തിയെങ്കിലും പൊലീസ് നാട്ടുകാരെ പിന്തിരിപ്പിക്കുകയായിരുന്നു.വ്യാഴാഴ്ച വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അതുല്യയും മകനും  ശ്രീനിലയത്തിലും ഭർതൃമാതാവ് മറ്റൊരു വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്. അതുല്യയുടെ ഭർത്താവ് ജോലി സംബന്ധമായി മറ്റൊരു സംസ്ഥാനത്താണ്. അതുല്യ സ്കൂളിൽ നിന്നും ബസ്സിൽ വന്ന മകനെ വിളിക്കാൻ പോയ തക്കം നോക്കി സമീപത്തു മറഞ്ഞു നിന്ന ഭർതൃമാതാവ് പെട്ടെന്ന് ഗേറ്റ് അകത്തു നിന്നും പൂട്ടിയ ശേഷം വീട് അടച്ച് അകത്തിരിക്കുകയായിരുന്നു. അതുല്യ തിരിച്ചെത്തിയെപ്പോൾഗേറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടു. സംശയം തോന്നിയ അതുല്യ സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് അമ്മായിയമ്മയാണ് ഗേറ്റ് പൂട്ടിയതെന്ന് മനസ്സിലായി. തുടർന്ന് അതുല്യ കൊട്ടിയം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് ഇവർ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. വിവരമറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. രാത്രി ഒമ്പതോടെ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുമായി വാക്കേറ്റം ഉണ്ടാകുകയും പൊലീസ് ലാത്തി വീശുകയും നാട്ടുകാരായ 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇതിനിടെ സഹായത്തിനായി അതുല്യ പലരുമായും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. രാത്രി ഒമ്പതരയോടെ നാട്ടുകാർ വീടിന്റെ മതിലിന് സമീപം സ്കൂട്ടർ ചാരി വെച്ച ശേഷം യുവതിയേയും കുട്ടിയേയും വീടിന്റെ മുറ്റത്തേക്ക് ആക്കുകയായിരുന്നു. രാത്രി മുഴുവൻ സ്കൂൾ യൂണിഫോമിൽ തന്നെ കുട്ടി വീടിന്റെ സിറ്റൗട്ടിൽ കഴിച്ചുകൂട്ടി. മരുമകളും ചെറുമകനും വീടിന്റെ സിറ്റൗട്ടിൽ ഇരുപ്പായതോടെ അമ്മായിയമ്മ വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്തു.വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് വെള്ളിയാഴ്ച രാവിലെ അധികൃതർ പ്രശ്നത്തിൽ ഇടപെട്ടത്.ബാലാവകാശ കമീഷൻ ചെയർപേഴ്സൻ എ.വി. മനോജ് കുമാർ, ശ്യാമളാ ദേവി, വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ, പഞ്ചായത്ത് പ്രസിഡന്റ് ജല ജാകുമാരി, സി.ഡബ്ല്യു സി അധികൃതർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ചാത്തന്നൂർ എ .സി .പി എന്നിവർ രണ്ടു മണിക്കൂറിലധികം വയോധികമായുമായി സംസാരിച്ച ശേഷമാണ് തൊട്ടടുത്ത വീട്ടിലേക്ക് മാറാമെന്ന് വയോധികസമ്മതിച്ചത്.
 സംഭവത്തിൽ പൊലീസിന് വീഴ്ച്ച ഉണ്ടായിട്ടുണ്ടോ എന്നു വിശദമായി അന്വേഷിക്കുമെന്ന് വനിതാകമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.
 ഭർതൃ മാതാവിന് കോടതിയിൽ നിന്നും സംരക്ഷണം ഉണ്ടെന്നു പറഞ്ഞായിരുന്നു കൊട്ടിയം പൊലീസ് നടപടി വൈകിപ്പിച്ചത്. ഇതിനിടയിൽ അതുല്യയുടേത് പോലെ സമാന അനുഭവം ഉണ്ടായെന്ന ആരോപനവുമായി മൂത്ത മരുമകളും  എത്തിയിരുന്നു.

ജില്ലയിലേക്ക് സിന്തറ്റിക്ക് ലഹരിഒഴുകുമ്പോൾ ആവശ്യമായ ജീവനക്കാരില്ലാതെ എക്‌സൈസ് വിഭാഗം കിതയ്ക്കുന്നു.

 കൊല്ലം: ജില്ലയിലേക്ക് സിന്തറ്റിക്ക് ലഹരിഒഴുകുമ്പോൾ ആവശ്യമായ ജീവനക്കാരില്ലാതെ എക്‌സൈസ് വിഭാഗം കിതയ്ക്കുന്നു.
ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ, പ്രതിരോധ സാമഗ്രികളോ, വാഹനങ്ങളോ ഇല്ലാതെയാണ് ജില്ലയിലെ എക്സൈസ് വിഭാഗം പ്രവർത്തിക്കുന്നത്. അമിത ജോലിക്കനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നില്ല. അബ് കാരിക്ക് പുറമെ കഞ്ചാവ് മയക്കുമരുന്നു
സിന്തറ്റിക് ലഹരി 
കേസുകളിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും അതിനനുസരിച്ചു സ്റ്റാഫ് പാറ്റേൺ ഇല്ലാത്തത് എക്‌സൈസ് വകുപ്പിനെ നോക്ക് കുത്തിയായി മാറ്റി.
മാത്രമല്ല നിലവിലെ ഒഴിവുകൾ നികത്തുന്നുമില്ല. സിവിൽ എക്സൈസ് ഓഫീസർമാർ ആവശ്യത്തിനില്ലാത്തതും മൂന്ന് മാസത്തെ ട്രയിനിങ്ങ് 8 മാസം ആക്കിയതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലയിൽ പ്രൈവന്റ്റീവ് ഓഫിസർമാർ 76 ആണ് ഉള്ളത് ഇതിൽ 
ഓഫിസർ തസ്തികയിൽ 6 ഒഴിവ് ഉണ്ട്.
195 സിവിൽ എക്സൈസ് ഓഫീസർ തസ്തികയെയുള്ളൂ.  അതിൽ 23ഓളം ഒഴിഞ്ഞ് കിടക്കുന്നു.48 വനിത സിവിൽ എക്സൈസിൽ 6 ഒഴിവുകളുണ്ട്.   എക്സൈസ് ഇൻസ്പെക്ടർ തസ്തികളിൽ ആളുകൾ വന്നും പോയും നിൽക്കുന്നു പലപ്പോഴും 
ആളില്ലാത്ത അവസ്ഥയാണ്. ഡ്രൈവർ തസ്തികയിൽ 21പേര് ഉണ്ടങ്കിലും അത്രയും വാഹനങ്ങളില്ല. വാഹനങ്ങളെല്ലാം പഴക്കം ചെന്നത് മൂലം എക്സൈസ് വകുപ്പ് ഇഴഞ്ഞിഴഞാണ് നീങ്ങുന്നത്. മദ്യക്കടത്ത് പരിശോധിക്കുന്ന ആര്യങ്കാവ് 
ചെക്ക്പോസ്റ്റിൽ പഴക്കം ചെന്ന
വാഹനമാണ് ഉപയോഗിക്കുന്നത്. 
ദൈനംദിന ജോലിക്ക് പോലും ആളില്ലാതെ അമിത ജോലി ഭാരം പേറുന്ന ജീവനക്കാർക്ക് റേഞ്ച്, റിസ്ക് അലവൻസ് പോലും നൽകുന്നില്ല.കൊറോണയെ തുടർന്ന് ഉണ്ടായ ലോക്ക് ഡൗണിന് ശേഷം 
നഗര ഗ്രാമ വിത്യാസമില്ലാതെ വാറ്റ് കൂടി. വീടിന്റെ ടെറസിൽ വരെ വാറ്റുന്ന സ്ഥിതിയാണിപ്പോൾ, ഈ സാഹചര്യം നേരിടുന്നതാകട്ടെ അംഗബലം കുറഞ്ഞ ഏക്സൈസ്  വിഭാഗമാണ്. ഒരു എക്സൈസ് റേഞ്ച് എന്നത് പത്തോളം പോലീസ് സ്റ്റേഷൻ പരിധിയാണ്. മദ്യ മയക്കുമരുന്ന് വേട്ട കോടതി കേസുകൾ എന്നിവക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾ, നൂറുകണക്കിന് സ്കൂൾ - കോളേജുകൾ, റസിഡൻസ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, എന്നിവടങ്ങളിലെ വിമുക്തി മിഷൻ ലഹരി വിരുദ്ധബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടത് എക്സൈസാണ്.വിമുക്തി,
പാറാവ്, ക്ലറിക്കൽ, രാസപരിശോധന ലാബ് ഡ്യൂട്ടി, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും നിർവ്വഹിക്കണം.
.പരിമിത സാഹചര്യത്തിൽ വീർപ്പുമുട്ടുന്ന ജില്ലയിലെ 
എക്സൈസ് വകുപ്പിനെ കാലാനുസൃതമായി പരിഷ്കരിച്ചില്ലെങ്കിൽ ജില്ലയിലെ യുവത ലഹരിക്കടിമകളാകും.


ഉറ്റവരും ഉടയവരും ഉണ്ടായിട്ടും കനിവിന്റെ കാരുണ്യത്തിൽ സനാഥയായിരുന്ന ജാനകിയമ്മ(102) വിഷ്ണുപാദം പൂകി.

ചാത്തന്നൂർ: ഉറ്റവരും ഉടയവരും ഉണ്ടായിട്ടും കനിവിന്റെ കാരുണ്യത്തിൽ സനാഥയായിരുന്ന ജാനകിയമ്മ(102) വിഷ്ണുപാദം പൂകി. കഴിഞ്ഞ ആറു വർഷമായി ചാത്തന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കനിവിന്റെ സംരക്ഷണത്തിൽ കൊട്ടിയം അസ്സീസ്സി വിനാലയ എന്ന അനാഥലയത്തിലായിരുന്നു ജാനകിയമ്മ. കല്ലുവാതുക്കൽ പുലികുഴി നിവാസി യായിരുന്ന ജാനകിയമ്മയ്ക്ക് ഒരാണും രണ്ട് പെൺ മക്കളുമായി മൂന്ന് മക്കളുണ്ടായിട്ടും ആറ് വർഷമായി അനാഥയായിട്ടാരുന്നു ജീവിതം. ആറ് വർഷം മുൻപ് ഇപ്പോൾ കൊല്ലത്ത് 
ക്രൈo ബ്രാഞ്ച് എസ് ഐയായ രാജേഷ് പാരിപ്പള്ളിയിൽ എസ് ഐയായിരുന്ന. സമയത്താണ് റോഡ് സൈഡിൽ കൈകാലുകൾ ഒടിഞ്ഞു അവശ നിലയിൽ കണ്ട ജാനകിയമ്മയെ കനിവ് സംഘടനയുടെ സെക്രട്ടറിയായ കനിവ് രാജീവിന്റെ കൈയിൽ ജാനകിയമ്മയെ എല്പ്പിക്കുന്നത്. തുടർന്ന് തിരുവനന്തപുരം ജില്ല ആശുപത്രിയിൽ കനിവിന്റ മേൽനോട്ടത്തിൽ 
ചികിത്സയ്ക്ക് ശേഷം ഈ കഴിഞ്ഞ 6 വർഷകാലമായി കനിവിന്റെ സംരക്ഷണത്തിൽ കൊട്ടിയം അസ്സീസ്സി വിനാലയ എന്ന അനാഥലയത്തിൽ സിസ്റ്റർമാർ സംരക്ഷണം നൽകി വരികയായിരുന്നു. സഹോദരങ്ങളും മക്കളും ബന്ധുക്കളും ഉണ്ടെങ്കിലും ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല
എന്ന് സിസ്റ്റർമാർ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടു  വർഷം മുൻപ് അനുജത്തിയെ കാണണം എന്നു പറഞ്ഞപ്പോൾ കനിവിന്റ ആംമ്പുലൻസിൽ  വീട്ടിൽ കൊണ്ടുപോയി അനുജത്തിയെയും ബന്ധുക്കളെയും കാണിച്ചിരുന്നുവെങ്കിലും തുടർന്നും ബന്ധുക്കൾ ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ജാനകിയമ്മ കിടപ്പിലായപ്പോൾ ബന്ധുക്കളെ അവിടെ ചെന്ന് അറിയിച്ചുവെങ്കിലും 
അവരാരും കാണാനെത്തിയില്ല അവസാനം മരണവിവരവും അറിയിച്ചുവെങ്കിലും ഒരാൾ പോലും ഈ അമ്മയെ ഒരുനോക്ക് കാണാൻ വന്നില്ല. നിങ്ങൾക്ക് എന്താ ചെയ്യാൻ പറ്റുന്നത് അതൊക്കെ ചെയ്തോളൂ എന്നാണ് മറുപടി കിട്ടിയതിനെ തുടർന്ന് 
 കൊട്ടിയം അസ്സീസ്സി വിനാലായത്തിൽ
വച്ച് സിസ്റ്റർമാരുടെ നേതൃത്വത്തിൽ ഹിന്ദുധർമ്മാചാര പ്രകാരം 
മരണാനന്തര കർമ്മങ്ങൾ നടത്തുകയും കനിവ് പ്രവർത്തകർ തന്നെ മരണാനന്തര കർമ്മങ്ങൾ നടത്തുകയും 
മകന്റെ സ്ഥാനത്ത് കനിവ് രാജീവ്‌, മരുമകന്റെ സ്ഥാനം ഗ്രാമപഞ്ചായത്ത്‌ അംഗം ജയൻ ഉളിയനാട് ഇവർ രണ്ടുപേരും ചേർന്ന് മരണാനന്തര കർമ്മങ്ങൾ നടത്തി പോളയത്തോട് ശ്മശാനത്തിലേക്ക് കൊണ്ടുപോയി സംസ്‌ക്കാരവും നടത്തി.
ജീവകാരുണ്യ പ്രവർത്തകരായ 
കിഷോർ അതിജീവൻ,സജീവ് എസ്. ബി, അസ്സീസ്സി വിനാലായ സിസ്റ്റർമാർ 
ജീവകാരുണ്യ സംഘടനകളായ 
കനിവിന്റെയും അജിജീവന്റെയും 
പ്രവർത്തകരും  ചടങ്ങിൽ പങ്കെടുത്തു


എൻ എസ് എസ്.താലൂക്ക് യൂണിയൻ നേതൃയോഗം സംഘടിപ്പിച്ചു.

എൻ എസ് എസ്.താലൂക്ക് യൂണിയൻ നേതൃയോഗം സംഘടിപ്പിച്ചു.

 ചാത്തന്നൂർ:  എൻ എസ്എസ് ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നേതൃയോഗം സംഘടിപ്പിച്ചു. താലൂക്കിന്റെ പരിധിയിലുള്ള 80 കരയോഗങ്ങളുടെയും, 80 വനിതാ സമാജങ്ങളുടേയും പ്രസിഡന്റ്, സെക്രട്ടറിമാരെ പങ്കെടുപ്പിച്ചു കൊണ്ട്  സംഘടനാ ശക്തി വർധിപ്പിക്കുന്നതിനും, കെട്ടുറപ്പോടെ ഒറ്റക്കെട്ടായി സമുദായത്തെ താഴെ തലത്തിൽ ഏകോപിപ്പിക്കുന്നതിനുമായി പ്രധാന ഭാരവാഹികൾക്ക് ആത്മവിശ്വാസം പകരുന്നതിലേക്കായി ചേർന്ന ശില്പശാല യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളിയുടെ അധ്യക്ഷതയിൽ  നടന്നു. സംഘടനാ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും, കെടുകാര്യസ്ഥതയില്ലാതെ പ്രവർത്തിക്കുന്നതിനും, കരയോഗ-വനിതാ സമാജങ്ങളുടെ പോഷക വിഭാഗങ്ങളെ ചലനാത്മകമാക്കുന്നതിനുമായി  അറിവും, നിർദേശങ്ങളും നൽകുന്നതിന് വേണ്ടി കൊട്ടാരക്കര എൻ എസ് എസ് 
 താലൂക്ക് യൂണിയൻ  സെക്രട്ടറി സി.അനിൽകുമാറിന്റെ നേതൃത്വത്തിൽ സെമിനാറും നടന്നു. സുരക്ഷിതമായ കെട്ടുറപ്പോടെയുള്ള വിവാഹജീവിതം തെരെഞ്ഞെടുക്കുന്നതിന് ശ്രീപാർവതി മാര്യേജ് ബ്യുറോ പ്രവർത്തനം ആരംഭിക്കുന്നതിനും, എൻ.എസ്.എസ്. ആർട്സ് കോളേജിന്റെ ഭാഗമായി എല്ലാ വിഭാഗം ഉദ്യോഗാർഥികൾക്കും പ്രയോജനകരമാകത്തക്ക രീതിയിൽ താലൂക്ക് യൂണിയൻ സൗജന്യ പി എസ് സി പരിശീലന ക്ലാസ്സ്‌ നടത്തുന്നതിനും, വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്വയം-സഹായ സംഘങ്ങളിലെ വനിതകളെ സ്വയം പര്യാപ്തമാക്കുന്നതിനും പ്രവർത്തനത്തിന് ഉണർവ് നല്‍കുന്നതിനുമായി പ്രവർത്തക സമ്മേളനം നവംബർ ആദ്യവാരം ചാത്തന്നൂരിൽ നടത്തുന്നതിനും, യുവാക്കളെ ദിശാ ബോധമുള്ള ചെറുപ്പക്കാരായി വളർത്തിയെടുക്കുന്നതിന്  കരയോഗ തലത്തിൽ പ്രവർത്തിക്കുന്ന ആദ്ധ്യാത്മിക പഠന കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, ലഹരി വിമുക്ത സമൂഹത്തെ വാർത്തെടുക്കുന്നതിനായി മദ്യത്തിനും, മയക്കുമരുന്നിനും എതിരെ സമൂഹത്തെ ബോധവാന്മാരാക്കുന്നതിന് ഒക്ടോബർ 15-ന് സെമിനാർ സംഘടിപ്പിക്കുന്നതിനും, ഡിസംബറിൽ കരയോഗതലത്തിൽ 80 കരയോഗങ്ങളിലും, ഏകീകൃത സ്വഭാവത്തിൽ സംഘങ്ങളുടെ വാർഷികം നടത്താനും, ഡിസംബർ ആദ്യവാരം പ്രതിഭാ സംഗമം  ചേരുന്നതിനും തീരുമാനിച്ചു.യൂണിയൻ സെക്രട്ടറി ടി അരവിന്ദാക്ഷൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ആചാര്യ സ്മൃതി മണ്ഡപത്തിലും, ചട്ടമ്പിസ്വാമി സ്‌മൃതി മണ്ഡപത്തിലും ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തിയാണ് യോഗം ആരംഭിച്ചത്.

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊട്ടിയം: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കൊട്ടിയത്തെ തൊഴിലാളി ക്യാമ്പുകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, പിസ, കിസ്മത് എന്നീ സംഘടനകൾ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രണ്ട് ക്യാമ്പുകളിൽ നിന്നായി നൂറ്റി അമ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ഹോളി ക്രോസ്സ് ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ വിഭാഗം തലവൻ ഡോ.  ആദുരദാസ്, ഡോ.ഹാർഥിക്, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി, ഹോളിക്രോസ്സ് കോളേജ് ഓഫ് നഴ്സിംഗ് കമ്മ്യൂണിറ്റി ഹെൽത്ത്‌ ഡിപ്പാർട്മെന്റ്, ഹോളി ക്രോസ്സ് സിസ്റ്റേഴ്സ് സ്റ്റാഫ്‌ കിസ്മത് എന്നിവർ പങ്കെടുത്തു.  

ചിത്രം: കൊട്ടിയത്തെ അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പിന് മുന്നോടിയായി ബോധവൽകരണം നടത്തുന്നു.

സ്കൂളിന്റെ ഗേറ്റ് തകർന്ന് വീണ് അധ്യാപികയുടെ കാൽ തകർന്നു

സ്കൂളിന്റെ ഗേറ്റ് തകർന്ന് വീണ് അധ്യാപികയുടെ കാൽ തകർന്നു 

ചാത്തന്നൂർ : ചാത്തന്നൂർ ഹയർ സെക്കന്ററി സ്കൂള്‍ ഗേറ്റ് തകര്‍ന്ന് വീണ്  അധ്യാപികയുടെ കാൽ തകർന്നു. ചാത്തന്നൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക സുമദേവിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലെ  കാർ പാർക്കിങ്ങിലേക്കുള്ള  ഗേറ്റ് പാടെ തകർന്ന് വീണത്.പാർക്കിങ് ഏരിയയിൽ നിന്നും കാർ എടുക്കുന്നതിനായി ഗേറ്റ് തുറന്നപ്പോൾ ആണ് ഗേറ്റ് തകർന്ന് വീണത്. കാൽ മുട്ടിന്റെ ചിരട്ട തകർന്ന് ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചാത്തന്നൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ ഇന്റർ നാഷണൽ സ്കൂൾ ആയി ഉയർത്തുന്നതിന് കിഫ്‌ -ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണിത്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചരകോടിയോളം രൂപ ചിലവാക്കി നിർമ്മിക്കുന്ന കെട്ടിടങ്ങളിലെ പ്രധാനകെട്ടിടമാണിത്.2021ഫെബ്രുവരി മാസത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ ഉത്ഘാടനം ചെയ്ത കെട്ടിടമാണിത്. കരുനാഗപ്പള്ളി സ്വദേശിയായ അബുദുൾ വാഹിദിന്റെ ഉടമസ്ഥതയിലുള്ള ഇ. ജെ കൺസ്ട്രക്ഷൻ കമ്പനിയ്ക്കാണ്നി ർമ്മാണ ചുമതല. സ്കൂൾ നിർമ്മാണത്തിൽ ക്രമകേട് ആരോപിച്ചു നിരവധി പരാതികൾ നൽകുകയും ചെയ്തിരുന്നുവെങ്കിലും ആരും തന്നെ അന്വേഷിക്കാൻ തയ്യാറായില്ല.ജി. എസ്. ജയലാൽ. എം എൽ എയുടെ മേൽനോട്ടത്തിൽ സിപിഎം എരിയാ സെക്രട്ടറി കെ. സേതുമാധവൻ സ്കൂൾ എസ് എം സി ചെയർമാൻ ആയിരിക്കുമ്പോൾ ആണ് സ്കൂളിന്റെ നിർമ്മാണപ്രവർത്തികൾ നടന്നത്.കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഗുരുതരമായ ക്രമകേടുകൾ നടന്നിട്ടുണ്ട് എന്ന് അധ്യാപകരും പി ടി എ ഭാരവാഹികളും ആരോപിക്കുന്നു. ചാത്തന്നൂർ പോലിസ് സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ചിത്രം: തകർന്ന സ്കൂൾ ഗേറ്റ് മാറ്റി വച്ചിരിക്കുന്നു

ചിത്രം :ഗേറ്റ് ഇരുന്ന സ്ഥലം 





 

Sunday, 9 October 2022

വീണ്ടും കതിരണിയാൻ നടയ്ക്കൽ ഏല ഒരുങ്ങി

വീണ്ടും കതിരണിയാൻ നടയ്ക്കൽ ഏല ഒരുങ്ങി
ചാത്തന്നൂർ : നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ്‌ ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും നെൽകൃഷിയ്ക്കായി നടയ്ക്കൽ ഏല ഒരുങ്ങി. തരിശ് കിടന്ന എട്ട് ഏക്കർ നിലം രണ്ട് വർഷം മുമ്പ് സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനവും വിത്തും അനുബന്ധസാധനങ്ങളും യഥാസമയം ലഭിക്കാഞ്ഞതും രണ്ടാം വിള കൃഷി ചെയ്യാൻ താമസിച്ചതായി കർഷകർ പറഞ്ഞു. വിളവെടുത്ത നെല്ല് കല്ലുവാതുക്കൽ കൃഷിഭവൻ വഴി സപ്ലൈകോയ്ക് നൽകി വരുന്നു.
കൃഷി ചെലവ് ഏറിയതും തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടും നെൽകൃഷിയിൽ നിന്ന് പലരും പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ ആണ് 
ഈ വർഷവും ലൈബ്രറി പ്രവർത്തകർ ആയ മുൻ ഇത്തിക്കര ബിഡിഒ ശരത്ചന്ദ്രകുറുപ്പ്, എൽഎ എൻഎച്ച് വടക്കേവിള യൂണിറ്റിലെ ക്ലാർക്ക് ഗിരീഷ്‌കുമാർ നടയ്ക്കൽ,ലൈബ്രറി പ്രസിഡന്റ്‌ അനിൽകുമാർ പി വി എന്നിവരുടെ  നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്.
കാർഷിക യന്ത്രങ്ങൾ  ഏലായിലേക്ക്‌ ഇറക്കുന്നതിനായി റാമ്പ് നിർമ്മിക്കുന്നതിന് ജിഎസ്  ജയലാൽ എംഎൽഎ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെയും റാമ്പ് നിർമാണം നടന്നിട്ടില്ല.മഴക്കാലത്ത് ഓടകളിൽ നിന്നുള്ള വെള്ളം ഏലായിലേയ്ക്   മറിഞ്ഞ് ബണ്ടുകൾ മുറിയുന്നത് മൂലം കൃഷിനാശം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. ഇത് തടയുന്നതിന് തടയണ കെട്ടിയും വേനൽക്കാലത്ത് തോട്ടിൽ നിന്ന് വെള്ളം ഏലായിലേക്ക് എത്തിക്കുന്നതിന് വെള്ളച്ചാൽ നിർമ്മിച്ചും ഏല സംരക്ഷിക്കണമെന്ന്  കർഷകർ ആവശ്യപ്പെടുന്നു.

മരുമകളെയും, കുട്ടിയേയും ഇരുപതു മണിക്കൂറിലധികം വീടിന് പുറത്തിരുത്തിയ സംഭവത്തിൽ അമ്മായിയമ്മ ഉൾപ്പടെ മൂന്നു പേർക്കെതിരെ കൊട്ടിയം പൊലീസ് കേസ്സെടുത്തു

കൊട്ടിയം: മരുമകളെയും, കുട്ടിയേയും ഇരുപതു മണിക്കൂറിലധികം വീടിന് പുറത്തിരുത്തിയ സംഭവത്തിൽ അമ്മായിയമ്മ ഉൾപ്പടെ മൂന്നു പേർക്കെതിരെ കൊട്ടിയം പൊലീസ് കേസ്സെടുത്തു.തഴുത്തല പി.കെ.ജംഗ്ഷനടുത്ത് ശ്രീലതത്തിൽ പ്രതിഷ് ലാൽ, മാതാവ് അജിതകുമാരി, ഇവരുടെ മകൾ പ്രസീത എന്നിവർക്കെതിരെയാണ് സ്ത്രീധന പീഢനം, ജുവനൈൽ ജസ്റ്റീസ് ആക്ട് 75, തുടങ്ങി മൂന്നു വകുപ്പുകൾ ചേർത്ത് കേ സ് എടുത്തിട്ടുള്ളത്.വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ സ്കൂൾ ബസ്സിലെത്തുന്ന കുട്ടിയെ വിളിക്കുവാനായി അതുല്യ പുറത്തു പോയ ശേഷം കുട്ടിയുമായി തിരികെ വീട്ടിലെത്തിയപ്പോൾ വീടിന്റെ ഗേറ്റ് പൂട്ടിയിരിക്കുന്നതായി കാണപ്പെട്ടു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമ്മായിയമ്മയാണ് വീട് പൂട്ടിയതെന്ന് അടുത്തുള്ള നിരീക്ഷണ ക്യാമറകളിൽ നിന്നും വിവരം ലഭിച്ചു.വിവരമറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായെത്തുകയും, പൊലീസുമായി വാക്കേറ്റവും ലാത്തിയടിയും ഉണ്ടാകുകയും ചെയ്തു.സംഘടിച്ചെത്തിയ നാട്ടുകാർ രാത്രിയിൽ യുവതിയേയും കുട്ടിയേയും മതിലിന് മുകളിലൂടെ വീട്ടുപുരയിടത്തിൽ കടത്തിയതിനെ തുടർന്ന് യുവതിയും കുട്ടിയും ഒരു രാത്രി മുഴുവൻ ഇരുട്ടിൽ വീടിന്റെ സിറ്റൗട്ടിൽ കഴിച്ചുകൂട്ടി. വെളളിയാഴ്ച രാവിലെ സംഭവം പുറം ലോകം അറിഞ്ഞതോടെ വനിതാ കമ്മീഷനും, സി.ഡബ്ല്യംസി, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ചാത്തന്നൂർ എ സി .പി .യുടെ സാന്നിദ്ധ്യത്തിൽ വീട് പൂട്ടി അകത്തിരുന്ന അജിതകുമാരിയുമായി ചർച്ച നടത്തുകയും ഉച്ചയോടെ യുവതിയെയും കുട്ടിയെയും വീടിനുള്ളിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വീടിന് പുറത്തിരിക്കേണ്ടി വന്ന അതുല്യയുടെ ഭർത്താവാണ് പൊലീസ് കേസിൽ പ്രതിയാക്കിയിട്ടുള്ള പ്രതീഷ് ലാൽ.ഇവരുടെ വിവാഹം കഴിഞ്ഞ തുമുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഢനം പതിവായിരുന്നതായി പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.വെള്ളിയാഴ്ച തന്നെ പൊലീസ് ഇവർക്കെതിരെ കേസ്സെടുത്തിരുന്നെങ്കിലും സ്ഥലത്തുണ്ടായിരുന്ന പ്രതിയായഅമ്മായിയമ്മയെ അറസ്റ്റ് ചെയ്യുവാൻ പൊലീസ് തയ്യാറാകാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായിട്ടുള്ളത്.വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ശനിയാഴ്ചയും പി.കെ.ജംഗ്ഷനിലെ വീട്ടിലെത്തി വിവരശേഖരണം നടത്തി. പി.സി.വിഷ്ണുനാഥ് എം.എൽ.എ.മുൻ എം.പി.പി.രാജേന്ദ്രൻ തുടങ്ങിയവരും ശനിയാഴ്ച അതുല്യയുടെ വീട്ടിലെത്തിയിരുന്നു.  

ചിത്രങ്ങൾ: പി.സി.വിഷ്ണുനാഥ് എം.എൽ.എ., വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ എന്നിവർ അതുല്യയുടെ വീട്ടിലെത്തി വിവരശേഖരണം നടത്തുന്നു.

Saturday, 8 October 2022

പണ്ട് ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുനീങ്ങിയ അതേ സ്ലോമോഷനില്‍ ആണ് പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട ഇപ്പോഴും മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ നീക്കം.

പണ്ട് ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുനീങ്ങിയ അതേ സ്ലോമോഷനില്‍ ആണ് പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട ഇപ്പോഴും മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ നീക്കം. സാവകാശത്തില്‍ മതി പോപ്പുലര്‍ ഫ്രണ്ടിന് നേരെയുള്ള നടപടി എന്നാണ് അദ്ദേഹം ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തന്റെ പേഴ്‌സണല്‍ സെക്രട്ടറി ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ പെട്ടപ്പോഴും സഖാവ് ഇതേ സ്ലോമോഷനിലായിരുന്നു. കാരണം സഖാവിന് ഇതെല്ലാം മുന്‍കൂട്ടി കാണാനുള്ള ദിവ്യശക്തി ഉണ്ടായിരുന്നു എന്നതു തന്നെ. ഇതേ പോലെ പോപ്പുലര്‍ ഫ്രണ്ടിന് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായുള്ള ബന്ധം സഖാവ് മുന്‍കൂട്ടി കണ്ടിരുന്നു. പി.എഫ്.ഐയുടെ ഫണ്ട് വരുന്ന വഴി ഈ സന്നദ്ധ സംഘടനയിലൂടെ ആണെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി ഐ. എന്‍.എല്‍ എന്ന മുസ്ലിംലീഗിനെക്കാള്‍ തീവ്രവാദിയായ സേട്ടുലീഗിന് ഇടതുമുന്നണിയുടെ പൂമുഖപ്പടിയില്‍ വെയിലും മഴയും ഏറ്റ് ഇരുന്ന ശേഷമാണ് അകത്തേക്ക് പ്രവേശനം കിട്ടിയത്. ഇത്ര കാലമായിട്ടും അകത്തു കയറ്റണേ എന്ന അവരുടെ അപേക്ഷ സി.പി.എം ചെവിക്കൊണ്ടില്ല.

എന്നാല്‍ വിജയന്‍ സഖാവ് മുഖ്യമന്ത്രി ആയതോടെ ഐഎന്‍എല്ലിന് ഇടതുമുന്നണിയുടെ വാതില്‍ മലര്‍ക്കെ തുറന്നു കിട്ടി.അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയുമായി. ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ വിദേശഫണ്ട് കേരളത്തിലേക്കൊഴുക്കുന്ന റിഹാബ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് ആയതോടെ ഐ.എന്‍.എല്ലിന് ഇടതുമുന്നണി പ്രവേശനത്തിന് വഴി തെളിഞ്ഞു എന്ന് സംശയിക്കാവുന്നതാണ്. സുലൈമാന്‍ ഫൗണ്ടേഷനില്‍ തുടക്കം മുതലേ നേതൃസ്ഥാനത്തു നിന്ന ആളാണ്. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തത്തിന് വിദേശ ഫണ്ട് ശേഖരിക്കുന്ന റിഹാബ് ഫൗണ്ടേഷന്‍ എന്ന ചക്കരക്കുടം സഖാവിനെയും മോഹിപ്പിച്ചിരുന്നു എന്ന് സംശയിക്കണം. ഇത്തരം ഫണ്ടുകളും കമ്മീഷനുകളും സ്വന്തം വഴിയിലേക്ക് കൊണ്ടുവരാനുള്ള വിജയന്‍ സഖാവിന്റെ മിടുക്ക് അപാരം തന്നെയാണ് എന്നാണ് പൊതുജന സംസാരം. ലൈഫ് മിഷന്റെ പേരില്‍ ലക്ഷങ്ങള്‍ സ്വപ്‌നയുടെ ലോക്കറില്‍ സൂക്ഷിച്ചത് ശിവശങ്കരന്റെ പണമാണെന്നാണ് ഇ.ഡി പറയുന്നത്. ഇതാണ് ശിവശങ്കരന്റെ കമ്മീഷനെങ്കില്‍ അദ്ദേഹത്തിന്റെ യജമാനന് എത്ര കിട്ടി കാണും എന്നാണ് ജനം ചോദിക്കുന്നത്. വിഐപി ചാനല്‍ വഴിയുള്ള ഡോളര്‍ കടത്ത് എന്ന ആരോപണം ഉയര്‍ന്നത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേരിലായിരു ന്നു. പി.എസ്.സി അംഗ പദവി പോ ലും വിറ്റ് കമ്മീഷന്‍ പങ്കുവയ്ക്കുന്ന നേതൃത്വമാണ് ഐഎന്‍എല്ലില്‍ ഉള്ളത്. തമ്മിലടിയും വിഴുപ്പലക്കലും വഴി ഇടതുമുന്നണിയെ നാണം കെട്ടുത്തിയത് മുഖ്യന്‍ സഖാവിന് പ്രശ്‌നമേ ആയിരുന്നില്ല.

ഇപ്പോള്‍ റിഹാബ് ബന്ധം വിവാദമായപ്പോഴും വിജയന്‍ സഖാവിന് ഒട്ടും അതൃപതി തോന്നിയില്ല. സേട്ടു ലീഗിന്റെ പച്ചയും സി.പി.എമ്മിന്റെ ചുകപ്പും ചേര്‍ന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടി. ചുരുക്കത്തില്‍ റിഹാബ് ഫൗണ്ടേഷന്‍ ഐഎന്‍എല്ലിന്റെയോ പോപ്പുലര്‍ ഫ്രണ്ടിന്റെയോ മാത്രമല്ല വിജയം സഖാവിന്റെയും സ്വന്തമാണ്.

Friday, 7 October 2022

കുഞ്ഞുമക്കളുടെ കൂടെ തലയെണ്ണിയാണ് മയക്കു മരുന്നു മാഫിയ മൂലധനമിറക്കുന്നത്

നമസ്തെ
മുഖപുസ്തകത്തിൽ എഴുത്ത് നിർത്തിയവനാണ് ഞാൻ... വീണ്ടും തിരിച്ചു വരാൻ അടുത്തിടെ നടന്ന സംഭവങ്ങളാണ് കാരണം.. കൊല്ലം ജില്ലയിൽ ഒരു സ്കൂളിൽ നിന്നും അടുത്തിടെ കഞ്ചാവ് മയക്കുമരുന്ന് എന്നിവ പിടിച്ചിരുന്നു..കഴിഞ്ഞദിവസം 
കേരളത്തിലേക്ക് കൊണ്ടുവരാനായി ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിച്ച 1470 കോടിയുടെ മാരക ലഹരി വസ്തുക്കൾ മുംബൈ തുറമുഖത്തു വച്ച് പിടികൂടിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടയാണിതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി. ആർ.ഐ.) എന്ന കേന്ദ്ര ഏജൻസി വെളിപ്പെടുത്തിയിട്ടുമുണ്ട്.

 പതിവു പോലെ ഈ ഒന്നാം സ്ഥാനത്തിനു പിന്നിലും രണ്ടു മലയാളികളുണ്ട്. എറണാകുളം കാലടി സ്വദേശി വിജിനും മലപ്പുറത്തുകാരൻ മൻസൂറും. മൻസൂർ ദക്ഷിണാഫ്രിക്കയിലേക്ക് മുങ്ങി എന്നാണ് അന്വേഷണ ഏജൻസി പറയുന്നത്.

ഈ വാർത്ത പുറത്തു വന്നിട്ടും നമ്മുടെ പൊതു ബോധത്തിനും സാമൂഹിക രാഷ്ട്രീയ സാംസ്കാ രിക നേതൃത്വങ്ങൾക്കും ഒരനക്കവുമില്ല. ആർക്കും ഒരു ഞെട്ടലുമില്ല. 1470 കോടിയുടെ മയക്കു മരുന്ന് എന്നാൽ അതൊരു ഭീമമായ അളവാണ്. നമ്മുടെ നാ ട്ടിലേക്ക് കൊണ്ടു വരാനിരുന്നതാണ് എന്നു കേട്ടാലും നിസ്സംഗത തന്നെ. ഭീമമായ അളവിലുള്ള ഈ രാസലഹരി ആർക്കു വിൽക്കാൻ കൊണ്ടുവന്നതാണ് എന്നു നമ്മൾ ആലോചിക്കുന്നില്ല. നമ്മുടെ മക്കൾ, സഹോദരങ്ങൾ അവരെയൊക്കെ ടാർഗറ്റു ചെയ്ത് ലഹരി അടിമകളാക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്നത് നാം കണ്ടില്ല, അറിയില്ല എന്നു മനഃപൂർവം ഭാവിക്കുകയാണ്. സ്വന്തം മകനോ സഹോദരനോ മയക്കു മരുന്നിന് അടിമയായി മാറിയാലോ എന്ന നില വരുമ്പോഴേ നമുക്കൊരു വിറയൽ എങ്കിലും ഉണ്ടാവുകയുള്ളൂ. മലയാളിയുടെ ഈ നിസ്സംഗതയാണ് മയക്കു മരുന്നു കടത്തുന്നവന്റെയും സ്വർണക്കടത്തു കാരുടെയുമൊക്കെ മൂലധനം. ഓറഞ്ചിന്റെയും പഴവർ ഗ്ഗങ്ങളുടെയും മറവിൽ മുംബൈ വരെ എത്തിയ 1470 കോടിയുടെ ലഹരി ഇവിടെ വിറ്റ് അതിന്റെ പലമടങ്ങ് തുകയാണ് ലഹരിമാഫിയ സമ്പാദിക്കുന്നത്. അത് പിന്നീട് വീണ്ടും റിയൽ എസ്റ്റേറ്റ് മേഖലയിലും സി നിമയിലും ഹവാല ഇടപാടിലുമൊക്കെ നിക്ഷേപിച്ച് പെരുക്കിയെടുക്കുന്നു. അങ്ങനെ ഒരു സമാന്തര സി ദ്ഘടന തന്നെ സൃഷ്ടിച്ച് രാജ്യ വിരുദ്ധ വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള ഇന്ധനമാക്കുന്നു. കുറെ നാളുകളായി ഒരു ശൃംഖലാ പ്രവർത്തനം പോലെ ഇതിവിടെ തുടരുകയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങൾ പോലും പലതരത്തിലുള്ള ഗുണകാം ക്ഷികളായി ഭാവിച്ച് രാജ്യത്തിനും ജനങ്ങൾക്കും നേരേയുള്ള ഈ തുറന്ന യുദ്ധത്തിനു നേരേ കണ്ണട യ്ക്കുന്നു. രാജ്യത്തെ പ്രീമിയം ഏജൻസികളിലൊന്ന് 1470 കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടിയ വാർത്തയുടെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കു ന്നതിന് പകരം, സായാഹ്ന ചർച്ചക്കെടുക്കുന്നതിനു പകരം. പ്രതിയുടെ പിതാവിനു മുന്നിൽ മൈക്കുമായി ചെന്ന്, 'പൂക്കളെയും ശലഭങ്ങളെയും സ്നേഹിക്കുന്ന പഞ്ച പാവമാണെന്റെ മോനെന്ന പൂട്ടിയടിക്കൽ ജേർണലിസത്തിന് കൈയടിയും വാഴ്ത്തുപാട്ടുകളും കിട്ടുമ്പോൾ നമ്മൾ മറന്നു പോവുകയാണ്. പടി കയറി ഈ ദുരന്തം നമ്മുടെ വീടുകളിലേക്കും
വരുമെന്ന സത്യം. ആലോചിച്ചു നോക്കുക. 1470 കോടി അതി ഭീമമായ തുകയാണ്. കൊച്ചി മെട്രോ നിർമ്മിക്കാൻ വേണ്ടി വന്നതിനൊപ്പം വരുന്ന തുക. അത്രയും തുക കേരള ത്തിലേക്ക് മയക്കു മരുന്നു കൊണ്ടു വരുന്നതിനായി ഇൻവെസ്റ്റ് ചെയ്യണമെങ്കിൽ, അതിനുള്ള വിപണി ഇവിടെ ഉറപ്പായും ഉണ്ടെന്നാണ് അർത്ഥം.

മുതലും പലമടങ്ങ് ലാഭവും കിട്ടുന്നതിനായി മയക്കു മരുന്നു മാഫിയ ആരെയൊക്കെയാവും ഉന്നം വെയ്ക്കുക! എന്തൊക്കെയാവും ചെയ്യുക. ഒരു സംശയവും വേണ്ട, പള്ളിക്കൂടങ്ങളിൽ പോകുന്ന നമ്മുടെ കുഞ്ഞുമക്കളുടെ കൂടെ തലയെണ്ണിയാണ് മയക്കു മരുന്നു മാഫിയ മൂലധനമിറക്കുന്നത്. ഇത്തവ ണ പിടിക്കപ്പെടുന്നതിനു മുമ്പ് വിജിനും മൻസൂറും എത്രകോടിയുടെ മരുന്നു കടത്തി നമ്മുടെ സഹോദരങ്ങളെ ഇരകളാക്കി എന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. പലരും ചേർന്ന് തല്ലിക്കെടുത്തിയ മലയാളിയുടെ പ്രതികരണ ശേഷിയെക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, കുറഞ്ഞ പക്ഷം പേടിക്കുകയെ ങ്കിലും വേണം. അല്ലെങ്കിൽ നാളെകളിൽ കരയാൻ പോലും നമുക്കു കഴിഞ്ഞില്ല എന്നുവരും..
NB :ഇത് കൊല്ലത്ത് ഒരു സ്കൂളിൽ പിടിച്ച മയക്കുമരുന്നുമായി ബന്ധമുണ്ട് എന്ന് ഞാൻ വാർത്ത എഴുതിയാൽ അതിൽ സത്യം ഉണ്ട്... സ്കൂളിൽ നടന്ന മയക്കുമരുന്ന് വേട്ടയുമായി ഞാൻ എഴുതിയ വാർത്ത...

Tuesday, 4 October 2022

തീവ്രവാദ സംഘടനകളുടെ കേന്ദ്രമായി പള്ളിമുക്ക് മാറുന്നു

തീവ്രവാദ സംഘടനകളുടെ കേന്ദ്രമായി പള്ളിമുക്ക് മാറുന്നു

തീവ്രവാദ സംഘടനകളുടെ വിഹാരകേന്ദ്രമായി 
കേന്ദ്രമായി പള്ളിമുക്കും പരിസര പ്രദേശങ്ങളും മാറുമ്പോൾ അതിനെ നേരിടാൻ പോലീസിന് പോലും കഴിയുന്നില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നലെ പോലീസിന് നേരെയുള്ള ആക്രമണം. വഴിയാത്രക്കാരെ ആക്രമിച്ചവരെ തടയാൻ വന്ന പോലീസിന് നേരെ രൂപമാറ്റം വരുത്തിയ ബുള്ളറ്റുമായി അക്രമികൾ അമിതവേഗത്തിൽ എത്തി ഇടിക്കുകയായിരുന്നു. തുടർന്ന് ഒരു സംഘം സംഘടിച്ച് എത്തി പ്രകടനവും നടത്തിയതോടെ ദേശീയപാതയിലും അനുബന്ധറോഡുകളിലും ഗതാഗതവും നിലച്ചു ക്രമസമാധാന നില താറുമാറായി. അതിന് പിന്നാലെ തട്ടാമലയിൽ കെ എസ് ആർ ടി സി ബസിന് നേരെ ആക്രമണവും ഉണ്ടായതോടെ കൊല്ലം പോളയത്തോട് മുതൽ കൊട്ടിയം വരെ ആക്രമികൾ പോലീസിന്റെ സാന്നിധ്യത്തിൽ അഴിഞ്ഞാടുകയായിരുന്നു. തുടർന്ന് വാഹനങ്ങൾ പോലിസ് മൈലക്കാട് നിന്നും തിരിച്ചുവിടുകയായിരുന്നു. ജനങ്ങൾക്ക്‌ സുഗമമായി യാത്ര ചെയ്യേണ്ട ദേശിയപാതയിൽ സുരക്ഷിതത്വം ഒരുക്കേണ്ട തീവ്രവാദികൾക്ക് മുന്നിൽ 
പോലിസ് സംവിധാനം കൈയുംകെട്ടി നോക്കി നിൽക്കേണ്ട അവസ്ഥയിലേക്ക് മാറിയത് ക്രമസമാധാനപാലനത്തിന്റെ പൂർണ്ണപരാജയമാണ് എന്ന് പോലിസ് ഉദ്യോഗസ്ഥർ തന്നെ തുറന്ന് സമ്മതിക്കുന്നു. സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ദേശിയപതാക കെട്ടിയ വാഹനത്തിനും യാത്രക്കാരനും നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പോലീസിന് നേരെയുണ്ടായ ആക്രമണവും നിസാരവത്കരിക്കാനുള്ള ശ്രമമാണ് സ്ഥലം എം എൽ എ യുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. എസ് ഡി പി ഐയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നത് സിപിഎംന്റെ ഒരു വിഭാഗം നേതാക്കൾ ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പള്ളിമുക്കിൽ ഒരു കാലത്ത് ശക്തമായിരുന്ന ലീഗിനെയും മറ്റ് മുസ്ലിം സംഘടനകളെയും ഒതുക്കുന്നതിന് നൗഷാദ് എം എൽ എ പോപ്പുലർ ഫ്രണ്ടിനെ പോലെയുള്ള തീവ്രവാദി സംഘടനകളെ ഉപയോഗിക്കുകയാണ് എന്ന് ഉന്നത കോൺഗ്രസ്‌ നേതാവ് ആരോപിച്ചു. രാത്രിയായാൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും ഇവിടെ തമ്പടിക്കുകയാണ്. കൂടാതെ ഇവരുടെ നിയന്ത്രണത്തിലുള്ള മയക്കുമരുന്ന് സംഘങ്ങളും ഇവിടെയെത്തുന്നതോടെ മുസ്ലിം തീവ്രവാദി സംഘടനകളുടെ നിയന്ത്രണത്തിലുള്ള അധോലോകകേന്ദ്രമായി ഇവിടം മാറുമെന്ന് നാട്ടുകാർ ആരോപിക്കുന്നു അടിയന്തിരമായി പോളയത്തോട് മുതൽ കൊട്ടിയം വരെയുള്ള തീവ്രവാദി സംഘടനകളുടെ വിളയാട്ടം അവസാനിപ്പിക്കണമെന്ന്നാണ് നാട്ടുകാരുടെ ആവശ്യം.

Monday, 3 October 2022

ദേശീയ പാത വികസനം വൻ തട്ടിപ്പുമായി മാഫിയ സംഘങ്ങൾ രംഗത്ത്

 ദേശീയ പാത വികസനം 
വൻ തട്ടിപ്പുമായി മാഫിയ സംഘങ്ങൾ രംഗത്ത് 

കൊട്ടിയം : ദേശീയ പാത വികസനം
വൻ തട്ടിപ്പുമായി മാഫിയ സംഘങ്ങൾ രംഗത്ത്. ദേശിയപാത ഉദ്യോഗസ്ഥർ ചമഞ്ഞും കരാറുകാർ എന്ന വ്യാജേനയുമാണ് മാഫിയ സംഘങ്ങൾ സജീവമായിരിക്കുന്നത്. ദേശീയ പാത വികസനം പൂർത്തിയാകുമ്പോൾ ദേശീയ പാതയോരത്തുള്ള വീടുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും കച്ചവട കേന്ദ്രങ്ങളിലേയ്ക്കും പ്രവേശിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ ലൈസൻസ് എടുക്കണമെന്ന പേരിലാണ് 
വൻ തട്ടിപ്പ് നടക്കുന്നത്.
ദേശീയ പാത അതോറിറ്റിയ്ക്ക് ലൈസൻസ് ഫീസിനായി അടയ്ക്കാൻ ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. കൂടാതെ കൺസൾട്ടിംഗ് ഫീസായി രണ്ടു ലക്ഷവും വേണം. ഇതിൽ എന്തെങ്കിലും കുറച്ചു നല്കാമെന്ന വാഗ്ദാനവുമുണ്ട്. എറണാകുളം കേന്ദ്രമായ സ്ഥാപനമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഒരു സംഘം പ്രവർത്തിക്കുന്നത്. ലൈസൻസ് എടുത്തില്ലെങ്കിൽ ബാരിക്കോഡ്‌ നിർമ്മിച്ച് ദേശീയ പാത അതോറിറ്റി പ്രവേശനം തടയുമെന്നും ഇവർ കെട്ടിടം ഉടമകളെ ഭീഷണിപ്പെടുത്തുന്നുണ്ട്.
ദേശീയപാത വികസനത്തിനായി റോഡരികിലെ വസ്തുക്കൾ ഏറ്റെടുത്തപ്പോൾ പല സ്ഥാപനങ്ങളും വീടുകളും ഭാഗികമായോ പൂർണ്ണമായോ പൊളിച്ചു മാറ്റേണ്ടി വന്നിട്ടുണ്ട്. ഭാഗികമായി പൊളിച്ചു മാറ്റിയ വീടുകളും കടകളും പൊളിച്ചു മാറ്റിയതിന് ശേഷമുള്ള ഭാഗത്ത് അതേ പോലെ നിർത്തി നിർമ്മാണം നടത്തിയിട്ടുണ്ട്. സ്ഥല സൗകര്യമുള്ളവർ നിർമ്മാണം നടക്കുന്ന ദേശീയ പാതയോട് ചേർന്ന് പുതിയ കടകളും ഷോപ്പിംഗ് കോംപ്ലക്സുകളും നിർമ്മിക്കുന്നുണ്ട്. ഇത്തരം നിർമ്മാണങ്ങൾ നടത്തുന്നവരെ കണ്ടുപിടിച്ചും ഫോൺ നമ്പർ സംഘടിപ്പിച്ചുമാണ് മാഫിയാ സംഘങ്ങൾ ഇടപെടുന്നതു്.

ദേശീയ പാതയുടെ പുതിയെ ലെവൽ (നിരപ്പ് ) പോലുമറിയാതെയാണ് പലരും നിർമ്മാണം നടത്തുന്നത്. സർവീസ് റോഡ് നിർമ്മിക്കാനായി മണ്ണിട്ടുയർത്തിയപ്പോൾ തന്നെ പല കെട്ടിടങ്ങളും റോഡിന് താഴെയായി ഉപയോഗശൂന്യമായ നിലയിലാണ്. ചില ഭാഗങ്ങളിലെ കെട്ടിടങ്ങൾ ശരിക്കും കുന്നിന് മുകളിലായത് പോലെയാണ്. താഴെ റോഡിലേയ്ക്കിറങ്ങാൻ  പോലുമില്ലാത്ത അവസ്ഥയിൽ. ദേശീയ പാതയിൽ നിന്നും നിശ്ചിത അകലത്തിൽ മാത്രമേ കെട്ടിടം നിർമ്മിക്കാൻ അനുമതിയുള്ളു എന്ന നിയമത്തിന്റെ മറപിടിച്ചാണ് തട്ടിപ്പുസംഘങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നത്. കല്ലുവാതുക്കലിൽ ഒരു കെട്ടിടം ഉടമയോട് ആവശ്യപ്പെട്ടത് ലൈസൻസ് ഫീസായി 2.8 ലക്ഷവും കൺസൾട്ടൻസി ഫീസായി 2 ലക്ഷവും ചേർത്ത് 4.8 ലക്ഷമാണ്.

നിലവിലെ വീട്ടുകളിലേയ്ക്കോ കടകളിലേയ്ക്കോ സ്ഥാപനങ്ങളിലേയ്ക്കോ പ്രവേശിക്കുന്നതിന് ലൈസൻസ് ആവശ്യമില്ലെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി പല സ്ഥലങ്ങളിലും ബാരിക്കോഡോ കോൺക്രീറ്റ് വേലികളോ നിർമ്മിക്കും. അതു് ഏതു് ഭാഗങ്ങളിലാണെന്ന് തീരുമാനിച്ചിട്ടില്ല. റോഡ് നിർമ്മാണത്തിന്റെ അന്ത്യഘട്ടത്തിലെ തീരുമാനമുണ്ടാകുകയുള്ളു . ലൈസൻസ് എടുക്കണമെന്ന പേരിൽ തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരുടെ ചതിയിൽ വീഴരുതെന്നും ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു.