#കുചേല ദിനം ഡിസംബർ 20 ന്*
----------------------------------------------
കുചേലന് സദ്ഗതി കിട്ടിയ പുണ്യദിനമാണ് കുചേല ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്..
ധനുമാസത്തിലെ ആദ്യത്തെ (മുപ്പെട്ടു) ബുധനാഴ്ച ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ കുചേലദിനം അവില്‍ നിവേദ്യ സമര്‍പ്പണ ചടങ്ങുകളോടെ ആചരിക്കുന്നു.ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃശ്ശൂര്‍ തിരുവമ്പാടിക്ഷേത്രത്തിലും ഇത് വളരെ പ്രസിദ്ധമാണ്...
സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ ഗുരുകുല വിദ്യാഭ്യാസകാലം.ശ്രീകൃഷ്ണ ഭഗവാന്റെ സഹപാഠിയും ആത്മസുഹൃത്തുമായിരുന്നു സുദാമാവ്. പഠനാനന്തരം അവര്‍ രണ്ടു വഴിയ്ക്കായി. സുദാമാവെന്ന സാധു ബ്രാഹ്മണന്‍ ഗൃഹസ്ഥാശ്രമിയുമായി. വേദം ഓതിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് സുദാമാവും കുടുംബവും ഉപജീവനം നടത്തിയിരുന്നത്. കീറിയചേല ഉടുത്തിരുന്നതിനാലാണ് സുദാമാവിന് കുചേലന്‍ എന്ന് പേരുവന്നത്. ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ സുദാമാവിന്റെ ധര്‍മ്മപത്‌നി ആത്മസുഹൃത്തായ ദ്വാരകാധിപന്‍ ശ്രീകൃഷ്ണനെ നേരില്‍കണ്ട് സങ്കടം ഉണര്‍ത്തിക്കാന്‍ ഭര്‍ത്താവിനോട് പറഞ്ഞു.
അങ്ങനെയാണ് ചിരകാലസുഹൃത്തും സഹപാഠിയുമായ ഭഗവാനെ കാണാനൊരുങ്ങിയത്. പോകുമ്പോള്‍ എന്തെങ്കിലും കൊണ്ടു പോകേണ്ടേയെന്നോര്‍ത്ത് വേവലാതിപ്പെട്ടു. അദ്ദേഹത്തിന്റെ പത്‌നിയാണ് ഭിക്ഷക്കിറങ്ങിയത്. കിട്ടിയതാവട്ടെ കുറച്ചുനെല്ലും. അത് ഉരലില്‍ ഇടിച്ചുണ്ടാക്കിയ അവില്‍ കിഴിയിലാക്കി കൊടുത്തയക്കുകയായിരുന്നു. അവില്‍ക്കിഴിയും ഓലക്കുടയുമായി സുദാമാവെന്ന കുചേലന്‍ ഭഗവാനെ മനസ്സില്‍ നിനച്ച് നടന്നു. വളരെ ക്ഷീണിച്ചാണ് അദ്ദേഹം ദ്വാരകയിലെത്തിയത്. ദൂരെനിന്ന് ആത്മസതീര്‍ത്ഥ്യന്റെ വരവ് പത്‌നി രുഗ്മിണിയോടൊപ്പം മട്ടുപ്പാവിലെ ആട്ടുകട്ടിലിരുന്നിരുന്ന് ശ്രീകൃഷ്ണന്‍ കണ്ടു.
അത്യുത്സാഹത്തോടെ ഭഗവാന്‍ പ്രിയപത്‌നി രുഗ്മിണി ദേവിയുമായി കൂട്ടുകാരനെ സ്വീകരിച്ചു. നേരില്‍ കണ്ട മാത്രയില്‍ ശ്രീകൃഷ്ണ ഭഗവാന്‍ ആത്മ സുഹൃത്തിനെ മാറോടു ചേര്‍ത്ത് ആശ്ലേഷിച്ചു. തല്‍ക്ഷണം തന്നെ ദാരിദ്ര്യം സുദാമാവില്‍നിന്നും വിട്ടൊഴിഞ്ഞുവെന്നാണ്പറയുന്നത്.
ശ്രീകൃഷ്ണഭഗവാന്റെ മാറില്‍ മഹാലക്ഷ്മിയാണല്ലോ വസിക്കുന്നത്. സുദാമാവിനെ ഉപചാരങ്ങളോടെ സ്വീകരിച്ചാനയിച്ച് സിംഹാസനത്തിലിരുത്തി. കാലങ്ങളായിട്ട് നാം കൂട്ടിമുട്ടുകയല്ലേ തനിയ്‌ക്കൊന്നും കൊണ്ടു വന്നിട്ടില്ലേയെന്നാരാഞ്ഞു. സുദാമാവ് അപ്പോഴും നാണിച്ചിരുന്നതേയുള്ളൂ. ഭഗവാന്‍ തന്നെ കുചേലന്റെ കക്ഷത്തിലെ അവില്‍പ്പൊതി തപ്പിയെടുത്തു. അവില്‍ ഏറെ ഇഷ്ടമാണെന്നു പറഞ്ഞ് ഒരു പിടി അവില്‍ വായ്ക്കകത്താക്കി. അടുത്ത പിടിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ രുഗ്മിണി ദേവി അതു വിലക്കുകയായിരുന്നു. ഒന്നാമത്തെ പിടിയില്‍ സുദാമാവിന്റെ ഗ്രാമവും ഗൃഹവും ഐശ്വര്യ സമൃദ്ധമായിയെന്നറിഞ്ഞ ലക്ഷ്മീദേവീയായ രുഗ്മിണിയാണ്, അമിത സമ്പത്തു കാരണം സുദാമാവിന് അഹങ്കാരമുണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെ രണ്ടാമത് കഴിപ്പിയ്ക്കാതിരുന്നത്.
സ്വാദിഷ്ടമായതെന്ന് ഭഗവാന്‍ പറഞ്ഞ ആ അവിലാകട്ടെ ദ്വാരകമുഴുവനും ആ മഹാലക്ഷ്മി വിതരണം ചെയ്തു. ഭഗവാനെ നേരില്‍ക്കണ്ട സന്തോഷാധിക്യത്താല്‍ വേദനകളെല്ലാം മറന്ന സുദാമാവ് ഒരു ദിവസം ദ്വാരകയില്‍ ഭഗവാനുമായി കൂടിതാമസിച്ചു. തന്റെസങ്കടമൊന്നും ഉണര്‍ത്തിയ്ക്കാതെ തിരിച്ചു യാത്രയായി. ഗ്രാമത്തിലെത്തിയപ്പോഴാണ് സുദാമാവ് ഭഗവാന്‍ തനിയ്‌ക്കേകിയ അനുഗ്രഹം തിരിച്ചറിഞ്ഞത്.
ഈശ്വരന്‍ നല്‍കിയ ദാരിദ്ര്യത്തെപ്പോലും പ്രസാദമായി സ്വീകരിച്ച് സന്തോഷത്തോടെയും ഭക്തിയോടെയും ആചാരാനുഷ്ഠാനങ്ങളോടെയും ജീവിയ്ക്കുന്നുവോ. അവനാണ് യഥാര്‍ത്ഥ ഭക്തനെന്ന പാഠം നമ്മെ കുചേലനെന്ന സുദാമാവും ഭഗവാനും ഓര്‍മ്മിപ്പിക്കുന്നു. കുചേല ദിനത്തിലെ അവില്‍ സമര്‍പ്പണം ദാരിദ്ര്യ ദുഃഖത്തില്‍ നിന്ന് മോചനം നല്‍കുമെന്നാണ് ഭക്തവിശ്വാസം.....🙏
No comments:
Post a Comment