ചാത്തന്നൂർ: തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ജസ് എന്ന പാടയ്ക്കുള്ളിൽ നീരുകെട്ടി നിന്ന് തലച്ചോർ അഴുകിത്തീരുകയാണ് രാജേഷിന്റെ. രോഗം തുടങ്ങിയിട്ട് 15 വർഷത്തിലേറെ ആയി. ശരിയായ ചികിത്സ നൽകാൻ നിർധനരായ കുടുംബാഗങ്ങൾക്ക് കഴിഞ്ഞില്ല. ആദ്യകാലത്തു വല്ലപ്പോഴും വരുമായിരുന്ന ജന്നി ഇപ്പോൾ ഒരുദിവസം തന്നെ പലതവണ വരുന്നു. ഇടയ്ക്ക് തലയ്ക്കുള്ളിലെ വേദന സഹിക്കാതെ ശരീരമാകെ മാന്തിപ്പറിക്കും. മൂത്രം പോകുന്നതിനുള്ള ട്യൂബും ഇതിനിടെ ഇളക്കിക്കളയും. ഇതൊഴിവാക്കാൻ കൈകാലുകൾ തുണികൊണ്ട് ബന്ധിച്ച് കിടത്തുകയല്ലാതെ, വേദന കണ്ടുനിൽക്കുകയല്ലാതെ ഇവർക്ക് മാർഗവുമില്ല. ഇനി പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം.
നെടുങ്ങോലം മീനാട് രാജേഷ് ഭവനിൽ രാജേഷ് (47) എന്ന യുവാവും കുടുംബവും അനുഭവിക്കുന്ന ദുരിതം ഇവിടെയും തീരുന്നില്ല. രണ്ടു മക്കളുണ്ട് രാജേഷിന്. ഇളയത് 13 വയസുള്ള പെൺകുട്ടിയാണ്. അവൾക്ക് ചെറു പ്രായത്തിൽ തന്നെ തൈറോയ്ഡ് രോഗം ബാധിച്ചു. ആടുകൾക്കും മറ്റും വളരുന്നപോലെ കീഴ്തൊണ്ടയിൽ നിന്ന് രണ്ടു ദശയും വളരുന്നു. പോരാത്തതിന് ഭിന്നശേഷിക്കാരിയും.
രാജേഷിന്റെ അമ്മ ഭാസുര കാലിനു വൈകല്യവുമായി ജീവിക്കുന്നു. പോളിയോ ബാധിച്ച കാലിലെ അസ്ഥിയും മാംസവും ഒട്ടിച്ചേർന്ന് കാൽ ചലിപ്പിക്കാനാകില്ല. ആകെ സഹായത്തിനുള്ള സഹോദരി രാധികയ്ക്ക് ബൈക്കിൽ നിന്ന് വീണും ശരീരത്തിൽ കമ്പി തുളച്ചു കയറിയും രണ്ടു തവണ ഗുരുതരമായി പരിക്കേറ്റു. ജന്മനാ തലയ്ക്കു വലിപ്പം കൂടുതലും കാലിന് വൈകല്യവും ഉണ്ടായിരുന്ന രാജേഷ് മോട്ടോർ വർക്ക് ഷോപ്പ് തൊഴിലാളിയായിരിക്കെ 15 വർഷം മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു. അതിൽ നിന്ന് കരകയറി ജീവിതത്തിലേയ്ക്ക് മടങ്ങിവരവേയാണ് രോഗം ബാധിച്ചത്. ആകെയുള്ള വരുമാനം ഭാര്യ ശൈലജ മീനാട്ടെ ചുടുകട്ട ചൂളയിൽ ജോലിക്കു പോയി കിട്ടുന്ന തുച്ഛവരുമാനം ആണ്. രാജേഷിന്റെ മരുന്നിനു തന്നെ ആഴ്ചയിൽ ആയിരം രൂപയിലേറെ വേണം. അമ്മയുടെയും മകളുടെയും ചികിത്സയ്ക്ക് വേറെ. പിന്നെ വീട്ടുചെലവും.
ഓരോ ദിവസം കഴിയുംതോറും രാജേഷിന്റെ ഓർമ്മ നശിച്ചു വരികയാണ്. അതു പൂർണമായും ഇല്ലാതാകുമെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നത്. പൂർണമായും കിടപ്പിലായ രാജേഷിന് ഒരു വാട്ടർബെഡ് പോലും ഇല്ല. നിത്യേനെ മരുന്നുകൾ വാങ്ങാൻപോലും പണമില്ല. അതിന് ഇനി കനിവുള്ളവരുടെ ദയ അല്ലാതെ മറ്റു മാർഗമില്ല. ചാത്തന്നൂർ മലബാർ ഗ്രാമീൺ ബാങ്കിൽ ശൈലജയുടെ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. A/c നമ്പർ 40571101016716. IFSC: KLGB0040571
Show quoted text
Show quoted text
No comments:
Post a Comment