സംസ്ഥാനത്തെ ഏറ്റവും വലുതും ഏറെ ജനവിശ്വാസമാർജ്ജിച്ചതുമായ ഉന്നത ചികിത്സാകേന്ദ്രമായ ആർ.സി.സിക്കെതിരെ സമീപകാലത്തു പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവാദ കഥകൾ ഉത്കണ്ഠയുളവാക്കുന്നതാണ്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പതിനായിരക്കണക്കിന് അർബുദ രോഗികളുടെ ആശാകേന്ദ്രമായ ഈ മഹദ് സ്ഥാപനം വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കേണ്ടതും വളർന്നു വലുതാകേണ്ടതും മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ്. സ്ഥാപനത്തിനെതിരെ ഉണ്ടാകുന്ന അപവാദ പ്രചരണങ്ങൾക്കു പിന്നിൽ തീർച്ചയായും നിക്ഷിപ്ത താത്പര്യക്കാരും കാണും. എന്നാൽ വസ്തുതകൾ മനസിലാക്കാതെയും കേട്ടുകേഴ്വിയുടെ അടിസ്ഥാനത്തിലും കള്ളക്കഥകൾ പടച്ചിറക്കുന്നവർ സംസ്ഥാനത്തിന് അഭിമാനമായ ഈ സ്ഥാപനത്തോട് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്നതിൽ തർക്കമൊന്നുമില്ല.
സർക്കാരിന്റെ കീഴിൽ നടക്കുന്ന ഏതൊരു സ്ഥാപനത്തിലും ഉണ്ടാകാവുന്ന പാകപ്പിഴകളും പോരായ്മകളുമൊക്കെ ആർ.സി.സിയിലും കണ്ടേക്കാം. അതിനെ ആധാരമാക്കി അവിടെ നടക്കുന്നതിനെയെല്ലാം അടച്ചാക്ഷേപിക്കാനും അപവാദം അഴിച്ചുവിടാനും ശ്രമിക്കുന്നവർ ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ ആത്മവീര്യമാണ് തകർക്കുന്നത്. മാതൃകാപരമായ നിലയിൽ നടന്നുകൊണ്ടിരിക്കുന്ന ആർ.സി.സി പോലുള്ള ഒരു സ്ഥാപനത്തിനെതിരെ വിമർശനത്തിനു മുതിരുമ്പോൾ അവ ആരിലാണ് ആത്യന്തികമായി ചെന്നു തറയ്ക്കുന്നതെന്ന് രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്.
ആർ.സി.സിയിൽ ചികിത്സയ്ക്കെത്തിയ ഒരു ബാലിക അവിടെ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി ബാധിച്ച് മരണമടഞ്ഞ സമീപകാല സംഭവമാണ് പുതിയ വിവാദങ്ങൾക്കു തുടക്കമിട്ടത്. സമാനമായ മറ്റൊരു കേസ് കൂടി ഉണ്ടായത് സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു. ഡോക്ടറായ തന്റെ പത്നി ആർ.സി.സിയിലെ ചികിത്സയ്ക്കിടെ മരണപ്പെട്ടത് ചികിത്സയിലെ പോരായ്മ കൊണ്ടാണെന്നു പരാതിപ്പെട്ടുകൊണ്ട് ഒരു ഡോക്ടർ തന്നെ രംഗത്തു വന്നത് കൂടുതൽ മോശമായ പ്രതിച്ഛായ സൃഷ്ടിക്കാൻ കാരണവുമായി. ഇതിനോടൊപ്പം സ്ഥാപനത്തിന്റെ ഡയറക്ടറും ഏതാനും മേധാവികളും സ്ഥാനമൊഴിയാനൊരുങ്ങുന്നു എന്ന വാർത്ത കൂടി പുറത്തുവന്നത് ആർ.സി.സിയിൽ അരുതാത്തതെന്തെല്ലാമോ നടക്കുന്നു എന്ന പ്രതീതിയും ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചു. സമൂഹമദ്ധ്യേ സംശയ നിഴലിലായിട്ടും ഇടപെടാൻ ബാദ്ധ്യതയുള്ള സർക്കാർ ഇടപെടാതെ മാറിനിൽക്കുന്നതാണ് മറ്റൊരു ദൗർഭാഗ്യം.
രോഗികളുടെ ബാഹുല്യത്തിനൊപ്പം വളരാൻ കഴിയാത്തതാണ് ആർ.സി.സി നേരിടുന്ന പ്രധാന പ്രശ്നം. സംസ്ഥാനത്ത് അർബുദ ബാധിതരാകുന്നവരുടെ സംഖ്യ ഓരോ വർഷവും ഉത്കണ്ഠജനകമാം വിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ചികിത്സാ സൗകര്യങ്ങളാകട്ടെ അതനുസരിച്ച് വർദ്ധിക്കുന്നുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്നതിനാൽ കാസർകോട് നിന്ന് പോലും ഏറെ രോഗികൾ എത്തുന്നത് ആർ.സി.സിയിലാണ്. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആർ.സി.സി ദിവസവും രണ്ടായിരത്തോളം രോഗികളെയാണ് കൈകാര്യം ചെയ്യേണ്ടിവരുന്നത്. രോഗികളുടെ ബാഹുല്യത്തിനനുസരിച്ച് കിടക്കകളും മറ്റു സൗകര്യങ്ങളും വർദ്ധിക്കാത്തതിനാൽ രോഗികളുടെ ദുരിതവും സമാനതകളില്ലാത്തതാണ്. കൂടുതൽ വിശാലമായ സ്ഥലം കണ്ടെത്തി സ്ഥാപനം അങ്ങോട്ടു മാറ്റാനുള്ള ആലോചന ഉണ്ടായെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ മനസുവച്ചാലേ ആർ.സി.സി വികസനം മുന്നോട്ടുകൊണ്ടുപോകാനാവൂ. അർബുദ ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രികളിലും വിപുല സൗകര്യങ്ങൾ ഏർപ്പെടുത്താൻ പദ്ധതി ഒരുക്കുന്ന സർക്കാർ ആദ്യം ചെയ്യേണ്ടത് ആർ.സി.സി ഇന്ന് നേരിടുന്ന പോരായ്മകൾ പരിഹരിക്കാനാണ്.
സർക്കാരിന്റെ തന്നെ മറ്റ് ആശുപത്രികളിൽ നിന്ന് ആർ.സി.സിയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ആശയറ്റു പോകുന്ന അർബുദ രോഗികളുടെ ഏറ്റവും വലിയ ആശ്രയ സ്ഥാനമാണിത്. കുബേര കുചേല വ്യത്യാസമില്ലാതെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്കും ഏറ്റവും മെച്ചപ്പെട്ട ചികിത്സയും പരിചരണവുമാണ് ഇവിടെ നൽകുന്നത്. എല്ലാം ചിട്ടയോടും പരമാവധി വേഗത്തിലും എന്നതാകണം ഇതുപോലുള്ള ആശുപത്രികളുടെ മുദ്രാവാക്യം. എന്നാൽ സർക്കാർ സ്ഥാപനമെന്ന പരാധീനതകളിൽ നിന്ന് പൂർണ മോചനം ആർ.സി.സിക്കുമില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് വർഷങ്ങളായി വലിയ വികസനമൊന്നുമില്ലാതെ, ഏറെ ഇല്ലായ്മകളുമായി സ്ഥാപനത്തിന് മുന്നോട്ടു പോകേണ്ടിവരുന്നത്. സമൂഹത്തിൽ ഏറെ അനുകമ്പയും പരിഗണനയും അർഹിക്കുന്ന അർബുദ രോഗികളുടെ കാര്യത്തിൽ ആരോഗ്യ വകുപ്പ് കൂടുതൽ ഉത്തരവാദിത്വപൂർണമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. രോഗികൾക്കുള്ള സഹായ പദ്ധതികൾ പോലും യഥാവിധി നടപ്പാക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. സൂക്ഷ്മമായ രക്തപരിശോധനയ്ക്കാവശ്യമായ അത്യാധുനിക യന്ത്രങ്ങൾ വാങ്ങുന്നതിൽ പോലും സർക്കാരിന്റെ സ്വതസിദ്ധമായ മെല്ലെപ്പോക്ക് എത്രമാത്രം ദോഷം ചെയ്യുമെന്ന് സമീപകാലത്തെ എച്ച്.ഐ.വി ബാധ കാട്ടിത്തരുന്നു. ആർ.സി.സിയുടെ കാര്യശേഷിയും യശസ്സും വാനോളം ഉയർത്താനുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
Monday, 14 May 2018
ആർ. സി. സി. യെ രക്ഷിക്കണം
Subscribe to:
Post Comments (Atom)
No comments:
Post a Comment