കേരള പൊലീസിന് ഒരു ദിവസത്തെ നല്ലനടപ്പ് പരിശീലനം കൊടുക്കാനുള്ള വിവേകബുദ്ധി ബെഹ്റയേമാന്റെ തലയിൽ മാത്രം വിരിയുന്ന സാധനമാണ്. അല്ലെങ്കിലും ആ വട്ടത്തല കണ്ടാൽ ആർക്കാണ് അങ്ങനെയൊരു വിവേകബുദ്ധിക്കുള്ള വക ഒളിഞ്ഞുകിടപ്പുള്ള കാര്യം മനസ്സിലാകാത്തത്! ഈയിടയ്ക്കൊരു നാൾ പൊലീസ് സ്റ്റേഷനുകളിൽ ഡ്യുലക്സ് പെയിന്റടിക്കാനുള്ള വിലപ്പെട്ട ഉത്തരവ് ഇറക്കി ബുദ്ധിവൈഭവം പ്രകടമാക്കിയ ഏമാനാണ് ബെഹ്റ. തലച്ചോറില്ലാത്ത വകകളല്ല കേരള പൊലീസ്. ബെഹ്റയേമാന് അത് അറിയാത്തതല്ല. മലപ്പുറത്ത് ഗവർണർക്ക് വഴി കിട്ടുന്നില്ലെന്ന് കണ്ടാൽ മൊത്തം ഏഡുമാരും കോൺഷബിൾമാരും തൂമ്പയുമായി ഇറങ്ങി വഴി വെട്ടിത്തുടങ്ങുമെന്ന് കരുതുന്നവരുണ്ടാകാം. ബെഹ്റയേമാനും ഒരന്തരാള ഘട്ടത്തിൽ അങ്ങനെ ചിന്തിക്കാതിരുന്നില്ല. പക്ഷേ ബുദ്ധിരാക്ഷസന്മാരായ പൊലീസേമ്മാൻമാർ ആരും ചിന്തിക്കാത്ത വഴികളിലൂടെയേ സഞ്ചരിക്കൂ. അതുകൊണ്ടാണ് മലപ്പുറത്ത് ഗവർണർക്ക് വഴി കിട്ടാതായപ്പോൾ ഒരാളുടെ മൂക്കിന്റെ പാലം തകർത്ത് വേറൊരു ബെയ്ലിപാലമുണ്ടാക്കി വഴി ഒരുക്കിക്കൊടുത്തത്. പാലം പോയ ആ മൂക്ക് ഇപ്പോൾ മനുഷ്യാവകാശകമ്മിഷന്റെ മുന്നിലാണ്. മാതൃകാ വഴികാട്ടി പട്ടം ഇതിന്റെ പേരിൽ നൽകി ആദരിക്കാൻ ആലോചിച്ചതാണ്. പേര് വഴികാട്ടിയാവണോ മാർഗദർശി വേണോ എന്ന തർക്കത്തിൽ കുരുങ്ങിയതിനാൽ പട്ടം നൽകാനൊത്തില്ല. ബെഹ്റയേമാന്റെ തല പെട്ടെന്നുതന്നെ പൊലീസേമ്മാൻമാരുടെ വേറിട്ട വഴികൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് നല്ല നടപ്പിന് ഏകദിനപരിശീലനമെന്ന അറ്റകൈപ്രയോഗത്തിന് അദ്ദേഹം മുൻകൈയെടുത്തത്. ജനമൈത്രി, നല്ല നടപ്പ് എന്നിത്യാദി കലകൾ ഇടയ്ക്കിടയ്ക്ക് പൊലീസേമ്മാൻമാരിൽ പരീക്ഷിച്ച് സായൂജ്യമടയുന്ന പതിവ് കോടിയേരിസഖാവ് പൊലീസിനെ ഭരിച്ച കാലം തൊട്ട് തുടങ്ങിയതാണ്. അന്നൊരു പരിശീലനഘട്ടത്തിൽ പൊലീസിന് ഒരെല്ല് കൂടുതലായി ചാർത്തിക്കൊടുത്ത് ചരിത്രം സൃഷ്ടിച്ചയാളായിരുന്നു കോടിയേരി സഖാവ്. police എന്ന് ഇംഗ്ലീഷിൽ എഴുതിയപ്പോൾ pollice എന്ന് ആയിപ്പോയതല്ല, മനപ്പൂർവ്വം ആക്കിയതായിരുന്നു. ഒരു എൽ തന്റെ വകയിരിക്കട്ടെ എന്ന് സഖാവ് കരുതിയതിൽ കുറ്റം പറയാനാവില്ല. പിണറായി സഖാവിനെ അമ്മാതിരി പണിക്ക് കിട്ടില്ല. നാഴിയുരിപ്പാല് കൊണ്ട് നാടാകെ കല്യാണം എന്ന് പറഞ്ഞ പോലെ, ഉള്ള എല്ല് കൊണ്ട് ഓണാഘോഷം തന്നെ സംഘടിപ്പിക്കാൻ പൊലീസേമ്മാൻമാർ ശീലിച്ചത് അതുകൊണ്ടാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം എന്ന് പറയാം. അങ്ങനെയാണ് വരാപ്പുഴയിലെ പൊലീസ് അതങ്ങ് നടത്തിക്കളഞ്ഞത്. ശ്രീജിത്തിന് ശ്രീജിത് എന്ന പേരിടാൻ അല്ലെങ്കിലും ആരെങ്കിലും പറഞ്ഞോ? ഒരു ശ്രീജിത് പ്രതിയായാൽ നാട്ടിലുള്ള ശ്രീജിത്തുമാരെയെല്ലാം പിടിക്കാതെ പറ്റില്ല. പിടിച്ചാൽ ഗരുഡൻതൂക്കം പോലുള്ള ആചാരങ്ങൾ ശീലിപ്പിക്കാതിരിക്കാനും പറ്റില്ല. 'നായുടെ വാലൊരു പന്തീരാണ്ടേ-ക്കായതമാകിന കുഴലതിലാക്കി/പിന്നെയെടുത്തത് നോക്കുന്നേരം/മുന്നേപ്പോലെ വളഞ്ഞെയിരിപ്പൂ' എന്ന് കുഞ്ചൻനമ്പ്യാർ പാടിയത് ഈ പൊലീസ് വകകളെ കണ്ടിട്ടാണെന്ന് ചിന്തിക്കരുത്. അങ്ങനെ ചിന്തിക്കുന്നവരെ പിണറായി സഖാവിന്റെ പൊലീസുപദേഷ്ടാവ് രമൺ ശ്രീവാസ്തവജിയുടെ അടുത്ത് കൊണ്ടുപോയി നല്ലനടപ്പ് പരിശീലിപ്പിക്കേണ്ടതാണ്.
'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി വനമാലീ... വിശക്കുന്ന നേരം പശുവിന്നകിട്ടിലെ പാൽ മൊത്തി കുടിച്ചു കൈതവശാലീ' എന്ന വരികൾ സർഗം സിനിമയ്ക്ക് വേണ്ടി യൂസഫലി കേച്ചേരി എഴുതിയ പാട്ടിലുള്ളതാണ്. കേച്ചേരി മാഷ് പോയെങ്കിലും പാട്ടിലെ വരികളെ അർത്ഥപൂർണമാക്കാനുള്ള കൈതവശാലികൾ ഈ ഭൂഗോളത്തിൽ അധികം വൈകാതെ ഭൂജാതരാകുമെന്ന് അന്നാരും സ്വപ്നേപി കരുതിയതല്ല. മോദിജിയും യോഗി ആദിത്യനാഥജിയും അമിട്ട് ഷാജിയുമൊക്കെ ജനിച്ചത് കൊണ്ട് അതങ്ങ് സംഭവിച്ചു!
ഇപ്പോൾ ഗോക്കൾക്കൊക്കെ എന്താ അഹങ്കാരം! ജനിക്കുന്നെങ്കിൽ ഇപ്പോ ജനിക്കണമെന്നാണത്രെ അവറ്റകൾ പരസ്പരം പറഞ്ഞ് ഉൾപ്പുളകമണിയുന്നത്. മോദിജിയെന്ന് കേട്ടാൽ രോമം എഴുന്നേറ്റ് നിൽക്കുന്ന പശുക്കൾ യു.പിയിലെ ഉന്നാവ ഗ്രാമത്തിൽ പോലും സുലഭമാണെന്നാണ് കേൾവി. രാപ്പകലെന്യേ ഗോമാതാവിനെ പൂജിച്ചും സസ്യലതാദികൾ ഭക്ഷിച്ചും ജീവിതം നയിക്കുന്ന പാവം ഭാ.ജ.പാ.എമ്മെല്ലേയുടെ മുന്നിൽ ഗോമാതാവോ പൈക്കിടാവോ അല്ലാത്തൊരു മനുഷ്യപ്പെണ്ണ് കടന്ന് വന്നാൽ? അഹങ്കാരമല്ലേ, അഹങ്കാരം! ചിലപ്പോൾ തിന്നെന്ന് വരും, മാന്തിയെന്നും വരും. അതിന്റെ പേരിൽ ബഹളമുണ്ടാക്കുന്നത് പെണ്ണിന്റെ അച്ഛനായാലും അനുഭവിക്കേണ്ടിവരും. കൊല്ലുന്ന രാജാവിന് തിന്നുന്ന പൊലീസായത് കൊണ്ട് യോഗിപ്പൊലീസിന്റെ വക ഒരു കസ്റ്റഡിമരണം സംഭാവനയായി കിട്ടിയെന്ന് സമാധാനിക്കുക. യോഗിജിയുടെ പൊലീസായത് കൊണ്ട് തീർച്ചയായും അതൊരു പുണ്യമായിരിക്കും. ജമ്മുവിലെ കത്വയിൽ ക്ഷേത്രത്തിനകത്ത് എട്ടും പൊട്ടും തിരിയാത്ത ബാലികയെ പിച്ചിച്ചീന്തിയതും ഗോമാതാക്കളുടെ കാലത്തെ പുണ്യപ്രവർത്തിയായി കാണുകയേ നിവൃത്തിയുള്ളൂ. മോദിജി നീണാൾ വാഴ്ക!
No comments:
Post a Comment