മാണിപ്രമാണി അങ്ങനെയിങ്ങനെയൊന്നും തീരുമാനമെടുക്കുന്ന ആളല്ല. പക്ഷേ, എടുത്താൽ അതൊരു ഘടാഘടിയൻ എടുപ്പ് ആയിരിക്കും. കല്ലേൽപിളർക്കുന്ന കല്പന എന്നെല്ലാം പറയുന്നത് പോലെയാണ് പാലായിൽ നിന്ന് വരുന്ന മാണിസാറിന്റെ ഓരോ തീരുമാനവും എന്ന് പറയുന്നവരുണ്ട്. പൂഞ്ഞാറിലെ പുപ്പുലി പി.സി. ജോർജ് അതിനെ പുച്ഛിച്ച് തള്ളിയേക്കാം. അത് കാര്യമാക്കേണ്ട. കുംഭ മുന്നേ, തല പിന്നെ എന്ന മട്ടിൽ നടന്നുനീങ്ങുന്ന ആ പുലിശരീരത്തിന്റെ പ്രകൃതത്തിന്റെ കുഴപ്പമായി കണ്ട് സമാധാനിച്ചാൽ മതി.
അച്യുതാനന്ദൻ സഖാവ് തൊട്ട് സ്പീക്കറുടെ കസേരയെടുത്ത് അമ്മാനമാടിയ ജയരാജൻസഖാവ് വരെയുള്ളവർ വിചാരിച്ചിട്ട് മാണിപ്രമാണിയുടെ ബഡ്ജറ്റവതരണത്തെ തടയാനൊത്തിട്ടില്ല. ജയരാജൻസഖാവാണെങ്കിൽ നിയമസഭയെ തന്നെ ഉള്ളം കൈയിലെടുത്ത് മറിച്ചിടാൻ ശേഷിയും ശേമുഷിയുമുള്ള ദേഹിയാണ്. മൂന്നാല് കൊല്ലം മുമ്പ് ശിവൻകുട്ടിസഖാവിനെ നിയമസഭയുടെ മേശപ്പുറത്ത് വച്ച കഥയോർത്ത് ഇടയ്ക്കിടയ്ക്ക് മാണിസാറ് തന്നെ അറിയാതെ കുംഭകുലുക്കി ചിരിച്ച് മറിയാറുണ്ട് പോലും. അത് അന്നത്തെ നേരമ്പോക്കെന്നേ മാണിസാറ് കരുതുന്നുള്ളൂ. കൊക്കെത്ര കുളം കണ്ടതാ!
ജയരാജാദി സഖാക്കളറിയാതെ മാണിസാറിനെ പൊതിഞ്ഞുകെട്ടി സഭയ്ക്കകത്തെത്തിച്ച കളി ചില്ലറയായിരുന്നില്ലെന്ന്, മാണിസാറിന്റെ 'വിജയകരമായ' ബഡ്ജറ്റവതരണ ജാലവിദ്യ സംഭവിച്ച ആ നിർണായക മുഹൂർത്തത്തിൽ ലഡ്ഡു തിന്ന കിങ്കരന്മാർ ഇപ്പോഴും ഓർത്ത് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരാറുണ്ട്. ചെങ്ങന്നൂരിൽ അവർ മാണിസാറിനെയും കാത്ത് ഉറക്കമിളച്ച് കാത്തിരിക്കുന്നത് കണ്ടിട്ടും കുലുങ്ങാത്ത കേളനായി നിലകൊള്ളുന്നത് പക്ഷേ, ആ കടുകട്ടി ഹൃദയത്തിന്റെ ബലം. കാരിരുമ്പിന്റെ കരുത്താണ്. അങ്ങനെയൊന്നും അലിഞ്ഞ് പോകുന്ന ദൗർബല്യമുള്ളയാളല്ല. ചെന്നിത്തലഗാന്ധിക്കത് മനസ്സിലാവുമോ?
ചരൽക്കുന്നിൽ വച്ചാണ് ആ കഠിനകഠോരമായ തീരുമാനം മാണിപ്രമാണി കൈക്കൊള്ളുന്നത്. യു.ഡി.എഫ് വിട്ട് സമദൂരത്തിൽ പോവാൻ. ഹൃദയം നുറുങ്ങുന്ന വേദന അന്ന് ചിലർക്ക് അനുഭവപ്പെട്ടെന്ന് വർത്തമാനമുണ്ട്. പക്ഷേ, അങ്ങനെ വേദനിച്ചിട്ട് മാണിസാറിന്റെ മുന്നിലെന്ത് ചെയ്യാൻ! മലപ്പുറത്തും വേങ്ങരയിലും ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് ആ വലിയ മനസ്സിന്റെ ഔദാര്യം മാത്രം. കുഞ്ഞാലിക്കുട്ടി സായ്വിനെ പോലൊരാൾ കേണപേക്ഷിച്ചത് ഒന്ന് കൊണ്ട് മാത്രമായിരുന്നു ആ പിന്തുണ. അത് ഔദാര്യമാണ്. മനസ്സലിവായി ആരും വ്യാഖ്യാനിക്കരുത്.
ചെങ്ങന്നൂരിൽ അതല്ല സ്ഥിതി. പിണറായി സഖാവാണെങ്കിൽ നോക്കുകൂലി നിരോധിച്ച് ഉത്തരവിറക്കി നില്പാണ്. മലപ്പുറത്തും വേങ്ങരയിലും മാണിസാർ നോക്കുകൂലി വാങ്ങുകയായിരുന്നുവെന്നല്ല പറയുന്നത്. എന്നാലും ചെങ്ങന്നൂരിന്റെ ഇരിപ്പുവശം അതല്ലല്ലോ. നോക്കുകൂലി നിരോധിച്ചതിന് പിണറായിസഖാവിനെ പുകഴ്ത്തിയത്, വെറുതെ പാവം മാണിയെ സംശയിക്കേണ്ട എന്ന് കരുതിയാണ്. മാണിസാർ പേര് വച്ചെഴുതിയ ലേഖനത്തിലാണ് പുകഴ്ത്തൽ. അങ്ങനെയൊന്നും ആർക്കും കിട്ടുന്ന സാധനമല്ല മാണിയുടെ കൈയിൽ നിന്നുള്ള പുകഴ്ത്തലെന്ന് പ്രത്യേകം പറയേണ്ടതില്ല. ചെങ്ങന്നൂരിൽ വോട്ടെടുപ്പിന് ഇനിയും ദിവസമെത്ര കിടക്കുന്നു. അതുകൊണ്ടാണ് മാണിസാർ തീരുമാനമെടുക്കാത്തത്. ഇപ്പോ പൊട്ടും, ഇപ്പോ പൊട്ടും എന്ന് പറഞ്ഞ് നിന്നാലേ ഒരു നിലയും വിലയുമൊക്കെയുണ്ടാവൂ. പൊട്ടിക്കഴിഞ്ഞാൽ ആർക്കെന്ത് വില! പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി കൂലങ്കഷമായി ചർച്ചിച്ചിട്ടും ഒരു കരയ്ക്കെത്താതെ, ചെങ്ങന്നൂരിലേക്കുള്ള ആ ചരിത്രപ്രധാനമായ പ്രഖ്യാപനം ഉപസമിതിക്ക് വിട്ടിരിക്കുകയാണ് മാണി. കാത്ത് കാത്തിരുന്ന് അവസാനം പൊട്ടുന്നത് പൊട്ടാസ്സാവാതിരുന്നാൽ നന്ന് എന്ന് മാത്രമേ ഇത്തരുണത്തിൽ ബോധിപ്പിക്കാനുള്ളൂ. ഉപതിരഞ്ഞെടുപ്പിന് മുമ്പെങ്കിലും പ്രഖ്യാപിക്കുന്നതു കൂടി നന്നായിരിക്കും!
- പാർട്ടി കോൺഗ്രസ് എന്നെല്ലാം സി.പി.എമ്മുകാർ പറയുന്നത് പോലെ തന്നെയാണ് പൊലീസ് അസോസിയേഷൻ സമ്മേളനവും. രക്തസാക്ഷിപ്രമേയവും പുഷ്പാർച്ചനയും ഇങ്ക്വിലാബുമെല്ലാം അവിടെയുമുണ്ടാവും. നീലയിൽ നിന്ന് ചുവപ്പിലേക്ക് അസോസിയേഷന്റെ മുദ്ര മാറിയത് പോലും ലാൽ- നീൽ എന്ന മുദ്രാവാക്യത്തിന്റെ പൊലീസുകാർക്കിടയിലെ പ്രതിഫലനമായി കണ്ടാൽ മതി. ഇന്റലിജന്റ്സുകാർക്ക് ഇത് വല്ലതുമറിയുമോ? ചുക്കേതാ, ചുണ്ണാമ്പേതാ എന്നറിയാത്ത കൂട്ടർ.
കോൺഗ്രസിനെ കൂട്ടി ബി.ജെ.പിയെ നേരിടണോ, അല്ലാതെ നേരിടണോ എന്ന് പാർട്ടി കോൺഗ്രസ് ചർച്ച ചെയ്തത് പോലുള്ള പ്രത്യയശാസ്ത്ര ചർച്ച പൊലീസ് അസോസിയേഷന്റെ പ്രതിനിധിസമ്മേളനത്തിലുമുണ്ട്. വരാപ്പുഴയിൽ ചെയ്തതു പോലെ കസ്റ്റഡിമർദ്ദനം അടിവയറ്റിൽ വേണോ അതോ നെഞ്ചത്ത് കേറി മതിയോ എന്ന പ്രത്യയശാസ്ത്രപ്രതിസന്ധിയിലാണ് ഇഴ കീറിയ ചർച്ച. ഗരുഡൻതൂക്കം, ഉരുട്ടൽ എന്നിത്യാദി കലകളിലെ സാംസ്കാരിക പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ പ്രത്യേക സെമിനാർ അസോസിയേഷന്റെ ചില ജില്ലാസമ്മേളനങ്ങളിലുണ്ടായതായി വർത്തമാനമുണ്ട്. പിണറായിസഖാവിന് ഇതെല്ലാം മനസ്സിലായിട്ടും ഇന്റലിജന്റ്സുകാർക്ക് എന്തേ പിടികിട്ടാത്തത്? അടിയന്തരമായി ഇവന്മാരുടെ പ്രത്യയശാസ്ത്രനിലവാരം പരിശോധനയ്ക്ക് വിധേയമാക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.
No comments:
Post a Comment