വിവിധ കാരണങ്ങളാൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടത്തോടെ കട്ടപ്പുറത്താകുന്നത് പുതുമയുള്ള വാർത്തയല്ല. എന്നാൽ കോർപ്പറേഷനെ നഷ്ടക്കയത്തിൽ നിന്ന് പിടിച്ചുയർത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾക്കിടയിലും നൂറുകണക്കിന് ബസുകൾ ഒാടാനാകാത്ത അവസ്ഥയിലായാൽ അതിന് കാരണക്കാരായവരെ കണ്ടെത്തുകതന്നെ വേണം. രൂക്ഷമായ ടയർ ക്ഷാമമാണ് കോർപ്പറേഷനെ പിടികൂടിയിരിക്കുന്ന പുതിയ വ്യാധി. ടയർ റീട്രെഡ് യൂണിറ്റുകളിലെ മെല്ലെപ്പോക്കും സ്ഥിരം ജീവനക്കാരുടെ നിഷേധാത്മക സമീപനവും കാരണം ഉത്പാദനക്ഷമത തീരെ കുറഞ്ഞതാണ് ടയർ ക്ഷാമത്തിന് കാരണം. സർവീസ് മുടക്കം ഒഴിവാക്കി പരമാവധി ബസുകൾ റോഡിലിറക്കി വരുമാനം കൂട്ടാൻ ഒരുവശത്ത് ഭഗീരഥ പ്രയത്നം നടക്കുമ്പോഴാണ് ഇരിക്കുന്ന കൊമ്പു മുറിച്ച് സ്വയം ആപത്തിൽചെന്ന് ചാടാനുള്ള അത്യുത്സാഹം. റീട്രെഡിംഗ് യൂണിറ്റുകളിൽ പരമാവധി ഉത്പാദനംകൂട്ടി ടയർക്ഷാമം പരിഹരിക്കാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിന് ജീവനക്കാരുടെ നിസ്സഹകരണം തടസമായിരിക്കുകയാണത്രെ. അനുസരിക്കാൻ കൂട്ടാക്കാത്തവരെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടും കാരണം കാണിക്കൽ നോട്ടീസ് നൽകിയും കാര്യങ്ങൾ നേരെയാക്കാൻ കോർപ്പറേഷൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ശിക്ഷാനടപടികളോട് ജീവനക്കാർക്കുള്ള എതിർപ്പ് കൂടുതൽ പ്രതിസന്ധിയിലേക്കാകും കാര്യങ്ങൾ എത്തിക്കുക. പ്രതിഷേധ സമരം പല യൂണിറ്റുകളിലും തുടങ്ങിക്കഴിഞ്ഞു. ടയർക്ഷാമം കാരണം ഒരുദിവസം അഞ്ഞൂറിലേറെ സർവീസുകളാണ് മുടങ്ങുന്നത്.
സ്വകാര്യ റീട്രെഡിംഗ് യൂണിറ്റുകളിൽ മുപ്പതും നാല്പതും ടയറുകൾ ഒരു ജീവനക്കാരൻ ഒരുദിവസം റീട്രെഡ് ചെയ്യുമ്പോൾ കെ.എസ്.ആർ.ടി.സിയുടെ യൂണിറ്റിൽ പത്തെണ്ണം പോലും തീരുന്നില്ലെന്ന് വന്നാൽ അലസത വളരെ വ്യക്തമാണ്. അതിലേറെ വിചിത്രമാണ് ഒരേ യൂണിറ്റിലെതന്നെ രണ്ടുവിഭാഗം ജീവനക്കാരുടെ ഉത്പാദനക്ഷമതയിൽ കാണുന്ന വ്യത്യാസം. സ്ഥിരം ജീവനക്കാർ ഒരുദിവസം നാല് ടയർ മാത്രം റീട്രെഡ് ചെയ്യുമ്പോൾ താത്കാലിക ജീവനക്കാരൻ പന്ത്രണ്ടെണ്ണം ചെയ്യും. അന്തരം ബോദ്ധ്യപ്പെട്ട മാനേജ്മെന്റ് ഇത് ഇൗയിടെ ആറും എട്ടുമായി പുതുക്കി നിശ്ചയിച്ചു. ഇതും തീരെ കുറവാണെന്ന് കണ്ടപ്പോൾ ഒരാൾ പത്ത് ടയറുകളെങ്കിലും റീട്രെഡ് ചെയ്യണമെന്ന നിബന്ധന കൊണ്ടുവന്നു. ഇതിനെതിരെയാണ് പ്രതിഷേധസമരം നടക്കുന്നത്.
കെ.എസ്.ആർ.ടി.സി എല്ലാ പരാധീനതകളിൽനിന്നും മോചിതമായി സ്വന്തം കാലിൽ നിൽക്കണമെന്ന ലക്ഷ്യത്തോടെ സമീപകാലത്ത് ഒട്ടേറെ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടിരുന്നു. അതിന്റെ ഫലം കണ്ടുതുടങ്ങിയിട്ടുമുണ്ട്. ദിവസ വരുമാനത്തിൽ ശരാശരി 75 ലക്ഷം രൂപയുടെ വർദ്ധന നേടാനായത് ഇതിന്റെ ഭാഗമാണ്. എല്ലാ വിഭാഗം ജീവനക്കാരുടെയും കൂട്ടായ ശ്രമം അനിവാര്യമായിരിക്കുന്ന ഘട്ടത്തിൽ മേലനങ്ങാതെ ശമ്പളവും ആനുകൂല്യങ്ങളും കൈനീട്ടി വാങ്ങാമെന്ന മനോഭാവം ഉപേക്ഷിക്കുക തന്നെവേണം. ടയർക്ഷാമം കാരണം ബസുകൾ കട്ടപ്പുറത്തായാൽ വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടാകുമെന്ന് അറിയാത്തവരല്ല റീട്രെഡ് യൂണിറ്റുകളിലെ ജീവനക്കാർ. ഉത്പാദനം പരമാവധി കൂട്ടി മിടുക്കുകാണിക്കേണ്ട സന്ദർഭത്തിൽ ജോലിഭാരത്തെക്കുറിച്ച് ആവലാതി പറഞ്ഞ് പ്രതിസന്ധി സൃഷ്ടിക്കുന്നതിലൂടെ സ്വന്തം അന്നമാണ് മുടക്കുന്നതെന്ന ബോധമുണ്ടായിരിക്കണം. ആവശ്യത്തിലേറെ യൂണിയനുകൾ കെ.എസ്.ആർ.ടി.സിയിലുണ്ട്. സർവീസുകൾ മുടക്കുന്ന ടയർ ക്ഷാമത്തിന് പരിഹാരം കാണാനുള്ള ബാധ്യതയിൽനിന്ന് യൂണിയനുകൾക്ക് എങ്ങനെ മാറിനിൽക്കാനാകും. മാനേജ്മെന്റിനെക്കാൾ യൂണിയനുകളും ജീവനക്കാരും ചേർന്നല്ലേ പ്രതിസന്ധി ഘട്ടത്തിൽ കോർപ്പറേഷന്റെ രക്ഷയ്ക്കെത്തേണ്ടത്. ജീവനക്കാർ ന്യായമായ ആവശ്യങ്ങൾക്കായി സമരം നടത്തുമ്പോൾ പൊതുസമൂഹം എന്നും അവരോടൊപ്പം നിന്നിട്ടുണ്ട്. സർക്കാരും കൈയയച്ചുസഹായം നൽകുന്നതുകൊണ്ടാണ് സ്ഥാപനം നിലനിൽക്കുന്നത്. ടയറില്ലാതെ എത്ര ബസുകൾ കട്ടപ്പുറത്ത് കയറിയാലും തങ്ങൾക്ക് ഒന്നുമില്ലെന്ന് ജീവനക്കാർ കരുതിയാൽ ഫലം എന്താകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ബാങ്കുകൾ കനിഞ്ഞതുകൊണ്ടുമാത്രമാണ് രണ്ടുമാസമായി മുടങ്ങാതെ ശമ്പളവും പെൻഷനും നൽകാനാവുന്നത്. വരുമാനം കുറഞ്ഞാൽ പഴയ ദുർഗതിയിലേക്കാവും തിരിച്ചുപോക്കെന്ന് എല്ലാവരും മനസിലാക്കണം.
യൂണിയനുകളുടെ അതിരുകടന്ന ദുഃസ്വാധീനത്തിൽനിന്ന് കെ.എസ്.ആർ.ടി.സി മോചിതമാകേണ്ടതുണ്ട്. ജീവനക്കാരുടെ താത്പര്യങ്ങൾക്കുവേണ്ടി യൂണിയനുകൾ നിലകൊള്ളുകതന്നെവേണം. അതേസമയം കോർപ്പറേഷന്റെ ഭരണപരമായ എല്ലാ നടപടികളിലും കയറി ഇടപെടുന്ന പ്രവണത നിയന്ത്രിക്കുകയും വേണം. സദുദ്ദേശ്യത്തോടെ കൊണ്ടുവരുന്ന പരിഷ്കാര നടപടികളെ കണ്ണടച്ച് എതിർക്കുന്നതിന് പകരം സഹകരണത്തിനുള്ള സാദ്ധ്യത കണ്ടെത്തുകയാണ് വേണ്ടത്. ജീവനക്കാരുടെ താത്പര്യങ്ങൾ ബലികഴിക്കാതെ തന്നെ ഇതൊക്കെ സാധിക്കാവുന്നതേയുള്ളൂ. യൂണിയനുകളുടെ ബലത്തിലും സ്വാധീനത്തിലും ഒരു ജോലിയും ചെയ്യാതെ ശമ്പളം പറ്റുന്ന അനവധിപേർ കോർപ്പറേഷനിലുണ്ട്. ഇത്തരക്കാർക്കെതിരെ മാനേജ്മെന്റ് തിരിയുമ്പോൾ രോഷവും പ്രതിഷേധവുമൊക്കെ അണപൊട്ടുന്നത് സ്വാഭാവികമാണ്. സ്ഥാപനത്തിന്റെ നിലനില്പിന് മുഖ്യപരിഗണന നൽകേണ്ടിവരുമ്പോൾ അനിഷ്ടമായ നടപടികൾ അനിവാര്യം തന്നെയാണ്.
ട്രാൻസ്പോർട്ട് ബസുകൾ ഡിപ്പോകളിൽ കട്ടപ്പുറത്ത് ഇരിക്കേണ്ടവയല്ല. നിരത്തുകളിൽ ഒാടി വരുമാനം ഉണ്ടാക്കേണ്ടവയാണ്.
No comments:
Post a Comment