കല്‌മഷമോ കാലുഷ്യമോ, വിദ്വേഷമോ വൈരാഗ്യമോ ഈർഷ്യയോ ഇച്ഛാഭംഗമോ ഇല്ലാത്ത , അധികാര പ്രമത്തതയോ ധാർഷ്ട്യമോ ഇല്ലാത്ത മനസ് - അതാണ് ഇ.കെ. നായനാർ എന്ന കമ്മ്യൂണിസ്റ്റുകാരൻ. അതിനാലാണ് ആ സ്‌മര്യപുരുഷന്റെ വേർപാട് പതിനാല് വർഷം പിന്നിട്ടിട്ടും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ കക്ഷിഭേദമന്യേ ഏവരിലും ഇന്നും ദീപ്തമായിരിക്കുന്നത്.
മൂന്ന് തവണ നായനാർ മുഖ്യമന്ത്രിയായിരുന്നു. നാളിതുവരെ ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ചതും അദ്ദേഹം തന്നെ. അന്നൊക്കെ ഞങ്ങൾ പത്രലേഖകന്മാർക്ക് കമ്മ്യൂണിസ്റ്റ് നേതാവെന്നതിലുപരി മുഖ്യമന്ത്രി ഇ.കെ. നായനാർ എന്ന ഭരണാധിപനെയായിരുന്നു ഏറെ ഇഷ്ടം. അദ്ദേഹത്തിനും അങ്ങനെയായിരുന്നു പത്രലേഖകരോട്. ഞങ്ങളുമായുള്ള നർമ്മസംഭാഷണത്തിൽ തല്പരനായിരുന്നു അദ്ദേഹം. വാർത്താസമ്മേളനങ്ങളിൽ പോലും വാർത്തയ്ക്ക് ആധാരമായ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് പോലും ആ താത്‌പര്യം കാണിച്ചിരുന്നു. തനിക്കെതിരായ വാർത്തകൾ വന്നിട്ടുണ്ടെങ്കിൽ അതിനെ പരിഹാസരൂപേണ പരാമർശിക്കാനും വിരുതനായിരുന്നു. അദ്ദേഹത്തെ ചൊടിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചാൽ ചിലപ്പോൾ മറുപടിയായി ചൂടുള്ള വാർത്തയ്ക്കുള്ള വക കിട്ടിയെന്നുമിരിക്കും. പക്ഷേ അദ്ദേഹം ഒരിക്കലും വാർത്താലേഖകരോട് മുഖം കറുപ്പിക്കുകയോ മുഷിഞ്ഞു സംസാരിക്കുകയോ ചെയ്തിരുന്നില്ല.
മന്ത്രിസഭായോഗം കഴിഞ്ഞാൽ യോഗത്തിന്റെ തീരുമാനങ്ങൾ മാദ്ധ്യമലേഖകരോട് വിശദീകരിക്കാനുള്ള കാബിനറ്റ് ബ്രീഫിംഗ് എന്ന ഏർപ്പാട് എല്ലാ മുഖ്യമന്ത്രിമാരും പാലിച്ചിരുന്നു. മുഖ്യമന്ത്രി നായനാരും ആ പതിവ് തുടർന്നിരുന്നു. പക്ഷേ ഒരു വ്യത്യാസം മാത്രം. അദ്ദേഹത്തിന് മന്ത്രിസഭാ തീരുമാനങ്ങൾ വാർത്തയേയല്ല! അങ്ങനെ തോന്നിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ബ്രീഫിംഗ് രീതി. തീരുമാനങ്ങളിൽ പ്രധാനമെന്ന് അദ്ദേഹം കരുതുന്നവയിൽ ഒന്നോ രണ്ടോ എണ്ണം ചുരുക്കി പറയും. അത്രതന്നെ. വേറെ തീരുമാനങ്ങളില്ലേ എന്ന് ചോദിച്ചാൽ, ''വാർത്തയാക്കാനും വേണ്ടിയുള്ള തീരുമാനങ്ങളില്ലടോ'' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറും. എന്നാൽ അദ്ദേഹത്തിന് താത്‌പര്യമുള്ള മറ്റു ചില കാര്യങ്ങൾ പറഞ്ഞ് വാർത്താലേഖകരെ കൊണ്ട് എഴുതിയെടുപ്പിക്കും. മന്ത്രിസഭായോഗം ചേരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നടന്ന ദേശീയമോ അന്തർദേശീയമോ ആയ രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റിയുള്ള എഴുതി തയ്യാറാക്കിയ
പ്രതികരണവുമായിട്ടായിരിക്കും അദ്ദേഹം കാബിനറ്റ് ബ്രീഫിംഗിന് വന്നിരുന്നത്. അതായിരിക്കും മന്ത്രിസഭാ തീരുമാനങ്ങളെക്കാൾ കൂടുതൽ വാർത്താലേഖകന്മാർക്ക് കിട്ടുക. അതിനാൽ ഉറങ്ങാൻ കള്ള് വേറെ കുടിക്കണം എന്ന ചൊല്ലുപോലെ മന്ത്രിസഭാ തീരുമാനങ്ങളെല്ലാം അറിയുന്നതിന് മറ്റ് മന്ത്രിമാരെ ആശ്രയിക്കേണ്ടിവന്നിരുന്നു
വാർത്താലേഖകർക്ക്.
കാബിനറ്റ് ബ്രീഫിംഗിലെ നായനാരുടെ ഈ പിശുക്ക് മന്ത്രിസഭാ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിയുക്തരായ വാർത്താലേഖകരെ വിഷമത്തിലാക്കുന്നതായിരുന്നു. അതിനൊരു പരിഹാരമുണ്ടാക്കണമെന്ന് അന്ന് മുതിർന്ന പത്രലേഖകനായിരുന്ന വി. പി. മാധവൻ നായരും 'ദി ഹിന്ദു' പത്രത്തിന്റെ ലേഖകനായിരുന്ന വി. കൃഷ്ണമൂർത്തിയും കേരളകൗമുദി ലേഖകനായിരുന്ന ഞാനും അന്ന് നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ. മോഹനനെ (അദ്ദേഹം പ്രമുഖ പത്രപ്രവർത്തകനും 'ദേശാഭിമാനി' പത്രത്തിന്റെ ജനറൽ എഡിറ്ററും രാജ്യസഭാംഗവുമൊക്കെയായിരുന്നു) കണ്ട് അഭ്യർത്ഥിച്ചു. അതിൽ പിന്നീട് മോഹനൻ കൂടി കാബിനറ്റ് ബ്രീഫിംഗ് സമയത്ത് വന്നു നിന്ന് നായനാർ പറയാൻ വിട്ടുപോകുന്ന മന്ത്രിസഭാ തീരുമാനങ്ങൾ അദ്ദേഹത്തെ ഓർമ്മപ്പെടുത്തുമായിരുന്നു. ''ശരിയാ, അതും കൂടി എഴുതിക്കോ'' എന്നായിരിക്കും അദ്ദേഹത്തിന്റെ സമ്മതം. മറ്റൊരു ഘട്ടത്തിൽ നായനാരെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളായ ബേബിജോണോ ഇ. ചന്ദ്രശേഖരൻനായരോ കൂടി വന്ന് കാബിനറ്റ് ബ്രീഫിംഗിന് സഹായിച്ചിരുന്നു.
ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രി ഇ.കെ. നായനാരും വാർത്താലേഖകരും തമ്മിലുള്ള സൗഹൃദത്തിന് ഒരു ഭംഗവും വന്നിരുന്നില്ല. വാർത്താലേഖകരോട് മാത്രമല്ല, എല്ലാവരോടും സമഭാവം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു സവിശേഷത. തികച്ചുമൊരു ജനകീയനായ ഭരണാധിപനായിരുന്നു അദ്ദേഹം. അതിനൊരു ഉദാഹരണമായി, അക്കാര്യത്തിൽ കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന കെ. രാമൻപിള്ളയ്ക്ക് ഉണ്ടായ ഒരു അനുഭവം ഒരു ലേഖനത്തിൽ പറഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളാൽ ഇവിടെ പകർത്തട്ടെ - ''ഒരവസരത്തിൽ എറണാകുളത്തുവച്ച് ഒരു അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ നടന്നു. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികൾ ആ ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. അവർക്കെല്ലാം മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഒപ്പിട്ട സർട്ടിഫിക്കറ്റാണ് സമ്മാനിച്ചത്. സമാപന ചടങ്ങിലെ വിശിഷ്ടാതിഥിയായ മുഖ്യമന്ത്രി ഇ.കെ. നായനാർ രാവിലെ തന്നെ എറണാകുളം ഗസ്റ്റ് ഹൗസിലെത്തി. ഞാനാണ് സർട്ടിഫിക്കറ്റുകൾ ഒപ്പിടാനായി അദ്ദേഹത്തിന്റെ അടുക്കൽ പോയത്. സർട്ടിഫിക്കറ്റുകൾ ഒപ്പിടാൻ രണ്ടു മണിക്കൂറോളമെടുത്തു. ആ സമയമത്രയും കേരളത്തിലെ മുഖ്യമന്ത്രിയും ഞാനും ഒരേ മുറിയിൽ. അംഗരക്ഷകരോ പൊലീസോ ഒന്നുമില്ല. മുറിയുടെ ഒരറ്റത്ത് ഒതുങ്ങിമാറിനിന്ന എന്നെ മുഖ്യമന്ത്രി ഒരു കസേരയിൽ പിടിച്ചിരുത്തി. എന്റെ പേരും വീട്ടുകാര്യങ്ങളുമെല്ലാം അദ്ദേഹം ചോദിച്ചു. പിന്നെ എന്തെല്ലാമോ അദ്ദേഹം സംസാരിച്ചു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത രണ്ടു മണിക്കൂറുകൾ. അദ്ദേഹം ഇടയ്ക്കിടെ പി.എയെ വിളിക്കും. ''എടോ, വാര്യരെ, രണ്ട് ബൺ ചൂടാക്കികൊണ്ടു വാ. ഒരെണ്ണം ഓനും കൊടുക്ക്'', എന്ന് പറഞ്ഞു.
''ഉച്ചതിരിഞ്ഞ് ഇത്രയും സർട്ടിഫിക്കറ്റുകൾ ഒപ്പിടിക്കാൻ അന്നത്തെ വിദ്യാഭ്യാസമന്ത്രി കെ. ചന്ദ്രശേഖരന്റെ മുറിയിൽ പോയതും ഞാൻ തന്നെ. രണ്ടുമണിക്കൂർ വടി പോലെ നിന്ന എന്നോട് ഇരിക്കാൻ പറയുകയോ എന്റെ മുഖത്ത് നോക്കുകയോ ഒരക്ഷരം സംസാരിക്കുകയോ അദ്ദേഹം ചെയ്തില്ല''.- കെ. രാമൻപിള്ള തന്റെ ആ അനുഭവം അങ്ങനെ പറഞ്ഞു നിറുത്തുന്നു.
രാമൻപിള്ളയുടെ ആ അനുഭവം വ്യക്തമാക്കുന്നതാണ് ഇ.കെ.നായനാർ എന്ന ഭരണാധിപനും മറ്റ് ഭരണാധികാരികളും തമ്മിലുള്ള വ്യത്യാസം. ആ പുണ്യശ്ളോകന്റെ സ്മരണയ്ക്കു മുമ്പിൽ ഈ അവസരത്തിൽ ഞാനൊന്ന് നമിച്ചുകൊള്ളട്ടെ.
Friday, 18 May 2018
ജനകീയനായ ഭരണാധിപദൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment