Sunday, 20 May 2018

ബി. ജെ. പി ഇരന്നു വാങ്ങിയ നാണക്കേട്

55 മണിക്കൂർ മാത്രം നീണ്ട ഭരണ വാഴ്ചയ്ക്കുശേഷം നാണംകെട്ട് തല കുനിച്ച് കർണാടക നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയ യെദിയൂരപ്പയുടെ ചിത്രം അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. 221 അംഗ സഭയിൽ 104 പേരുടെ പിന്തുണമാത്രമുള്ള അദ്ദേഹം മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദ മുന്നയിച്ചത് കുറഞ്ഞ ദിവസങ്ങൾകൊണ്ട് ഭൂരിപക്ഷം തികയ്ക്കാനാവശ്യമായ അംഗങ്ങളെ എതിർപക്ഷത്തുനിന്ന് ചാക്കിട്ടുപിടിക്കാമെന്ന് അമിത വിശ്വാസമുള്ളതുകൊണ്ടായിരുന്നു. എന്നാൽ ഒറ്റനോട്ടത്തിൽത്തന്നെ നിയമത്തിനും ജനാധിപത്യ മര്യാദയ്ക്കും നിരക്കാത്ത ചെയ്തികൾക്കാണ് യെദിയൂരപ്പയും ബി.ജെ.പിയും ഒരുങ്ങുന്നതെന്ന് ബോദ്ധ്യമായ ഉടനെ അതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് ജനതാദൾ എസ് സഖ്യം നടത്തിയ ആസൂത്രിത നീക്കങ്ങളാണ് ബി.ജെ.പിയുടെ മന്ത്രിസഭാമോഹം അപ്പാടെ തകർത്തെറിഞ്ഞത്. തിരഞ്ഞെടുപ്പിനുമുമ്പ് സഖ്യം രൂപീകരിച്ചിരുന്നില്ലെങ്കിലും ഫലപ്രഖ്യാപനം പൂർത്തിയായ നിമിഷംതന്നെ സഖ്യമുണ്ടാക്കി സർക്കാർ രൂപീകരണത്തിന് ശ്രമിച്ച കോൺഗ്രസ്-ദൾ നേതൃത്വത്തിന്റെ അവകാശവാദം ഗവർണർ വാജ്ഭായ് വാല നിരസിച്ചത് അദ്ദേഹത്തിൽ പഴയ പാർട്ടി ബന്ധത്തിന്റെ ബാധ ഇപ്പോഴും ശേഷിക്കുന്നതുകൊണ്ടായിരുന്നു. ഗവർണർ കാണിച്ച ഭീമാബദ്ധത്തിന് രാഷ്ട്രം ഇക്കഴിഞ്ഞ മൂന്നുദിവസം വലിയ വിലതന്നെ നൽകേണ്ടിവന്നു. ഗവർണർ എന്ന ഭരണഘടനാ സ്ഥാപനത്തെക്കുറിച്ച് സാമാന്യജനങ്ങൾക്കിടയിൽ തീർത്താൽ തീരാത്ത കളങ്കവും അവമതിയുമുണ്ടാക്കി എന്നതുമാത്രമാണ് തുടങ്ങുംമുമ്പേ കർട്ടൻ ഇടേണ്ടിവന്ന ഇൗ കർണാടക ദുരന്ത നാടകത്തിന്റെ ഏക ബാക്കിപത്രം.
ഏതായാലും വിശ്വാസ പ്രമേയാവതരണ വേളയിൽ അവസാനത്തെ തറവേലകൾക്കൊന്നും നിൽക്കാതെ രാജി പ്രഖ്യാപിച്ചുകൊണ്ട് മാന്യമായി യെദിയൂരപ്പ ഇറങ്ങിപ്പോയതാണ് ഇൗ അസംബന്ധ നാടകത്തിലെ ഏക രജതരേഖ. ഭൂരിപക്ഷ പ്രശ്നത്തിൽ പൂർണവിശ്വാസമില്ലെങ്കിൽ ബലപരീക്ഷണത്തിന് മുതിരാതെ രാജിവച്ചൊഴിയാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം യെദിയൂരപ്പയോട് നിർദ്ദേശിച്ചിരുന്നു എന്നാണ് കേട്ടത്. വൈകി ഉദിച്ച വിവേകം യെദിയൂരപ്പയെ മാത്രമല്ല, കർണാടക രാഷ്ട്രീയത്തിനും ഏറെ ഗുണകരമായെന്ന് പറയാം. കോൺഗ്രസ് -ദൾ നിയമസഭാ പാർട്ടികളിൽ വിള്ളലുണ്ടാക്കി ഭൂരിപക്ഷം ഒപ്പിക്കാൻ ബി.ജെ.പി നടത്തിയ തന്ത്രങ്ങൾ അമ്പേ പരാജയപ്പെട്ടതാണ് യെദിയൂരപ്പയുടെ പതനം സുനിശ്ചിതമാക്കിയത്. സ്വപ്നേപി പ്രതീക്ഷിക്കാത്ത പ്രലോഭനങ്ങളുണ്ടായിട്ടും കോൺഗ്രസ്, ദൾ എം.എൽ.എമാരിൽ കുറച്ചുപേരെങ്കിലും അതിൽ കൊത്താതെ പോയത് പാർട്ടി നേതൃത്വങ്ങൾ ഇടംവലം തിരിയാതെ അവരെകൊണ്ടുനടന്നതുകൊണ്ടാണ്. മാത്രമല്ല, നിൽക്കുന്നിടത്തുതന്നെ ഉറച്ചുനിന്നാലും നേടാൻ ഏറെയുണ്ടെന്ന ബോദ്ധ്യവും ഉണ്ടായിരുന്നിരിക്കണം. വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ സഖ്യ ഗവൺമെന്റിനുള്ള ഉറച്ച സാദ്ധ്യതയാണ് മറ്റൊരു അനുകൂല ഘടകം.
കർണാടകയിലെ രാഷ്ട്രീയക്കളി അതിരുവിട്ടുപോകാതിരിക്കാൻ പരമോന്നത നീതിപീഠത്തിന്റെ സത്വരവും ദൃഢവുമായ ഇടപെടലാണ് സഹായിച്ചത്. ഭൂരിപക്ഷ പിന്തുണയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഗവർണർ വാജ്ഭായ് വാല യെദിയൂരപ്പയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചത്. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ഗവർണറുടെ തീരുമാനം അംഗീകരിച്ചുകൊണ്ടുതന്നെ എത്രയുംവേഗം അത് തിരുത്തുന്നതിനുള്ള വ്യക്തവും പ്രായോഗികവുമായ വഴികളും സുപ്രീംകോടതി മുന്നോട്ടുവച്ചു. വിശ്വാസവോട്ട് നേടാൻ ഗവർണർ നിശ്ചയിച്ച 15 ദിവസം മൂന്നായി കുറച്ചതാണ് ഇതിൽ നിർണായകമായത്. ആളെ പിടിക്കാൻ യെദിയൂരപ്പ നടത്തിക്കൊണ്ടിരുന്ന അവിശുദ്ധ നീക്കങ്ങൾ പാടേ പരാജയപ്പെടാനുള്ള കാരണം ഇതാണ്. കർണാടകപ്രശ്നം പരിഗണിക്കാൻ വേണ്ടിമാത്രം ഒരു രാത്രി പുലർച്ചയോളം സുപ്രീംകോടതി പ്രവർത്തിച്ചതും അവധിയായിട്ടും ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഹർജിയിൽ വാദം കേട്ടതുമൊക്കെ കോടതി ചരിത്രത്തിലെ നൂതനാദ്ധ്യായങ്ങളാണ്. ഭൂരിപക്ഷമില്ലാത്ത ഒരു പാർട്ടിയുടെ നേതാവിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി വേനലവധിക്കുശേഷം കോടതി വിശദമായി പരിശോധിക്കും. സമാന സംഭവങ്ങൾ അടുത്തകാലത്തായി തുടരെ ഉണ്ടാകുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഖണ്ഡിതമായ തീരുമാനം മേൽകോടതിയിൽ നിന്നുതന്നെ ഉണ്ടാകേണ്ടത് എത്രയും ആവശ്യമാണ്.കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആൾക്കാർ തന്നെ ഗവർണർമാരായി നിയമിക്കപ്പെടുന്ന സമ്പ്രദായം നിലനിൽക്കുന്നതിനാൽ ഭരണഘടനയെക്കാളും കീഴ്‌വഴക്കങ്ങളെക്കാളും സ്വന്തം പാർട്ടി താത്പര്യ സംരക്ഷണത്തിനാകും ചിലപ്പോൾ പരിഗണന നൽകുക. കർണാടകയിലേതിന് സമാനമായ ജനാധിപത്യാഭാസങ്ങൾ പലേടത്തും ഉണ്ടാകുന്നുണ്ട്. ഏതായാലും ജുഗുപ‌്‌സാവഹമായ രാഷ്ട്രീയക്കളികൾക്ക് കൂടുതൽ ഇടവരുത്താതെ യെദിയൂരപ്പയുടെ ത്രിദിന മന്ത്രിസഭ അകാലചരമഗതി പ്രാപിച്ചത് കർണാടകത്തിന് മാത്രമല്ല ദേശീയ രാഷ്ട്രീയത്തിനും ഗുണകരമായി. എല്ലാ അർത്ഥത്തിലും ബി.ജെ.പി ഇരന്നുവാങ്ങിയ രാഷ്ട്രീയ പരാജയമാണിത്.

No comments:

Post a Comment