Thursday, 23 October 2025

കൊല്ലം-ആയൂർ, പാരിപ്പള്ളി-മടത്തറ, ഇത്തിക്കര-ആയൂർ

ചാത്തന്നൂർ : കൊല്ലം-തിരുവനന്തപുരം 
ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന റോഡുകൾ  വിൿസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കൊല്ലം-ആയൂർ, പാരിപ്പള്ളി-മടത്തറ, ചാത്തന്നൂർ - ഓയൂർ - ആയൂർ റോഡുകൾ ആണ് ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ. 
രാപകലില്ലാതെ ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതകൾ വീതികൂട്ടി നാല് വരി പാതയാകണമെന്ന ആവശ്യം ശക്തമാകുകയാണ്‌.
ഇവയുടെ തകർച്ച പരിഹരിക്കാനോ അപകടസൂചകങ്ങൾ സ്ഥാപിക്കാനോ ഗതാഗതക്കുരുക്ക് ഒഴിവാക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലൊന്നും ഇതുവരെയുണ്ടായിട്ടില്ല.
ദേശീയപാതയുടെ നിർമാണജോലികൾ നടക്കുന്നതിനാൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കി എംസി റോഡിലേക്ക് എത്താൻ ധാരാളം യാത്രക്കാർ ഈ പാതകളെ ആശ്രയിക്കുന്നുണ്ട്.
വളവുകളും തിരിവുകളും നിറഞ്ഞ ചാത്തന്നൂർ -ആയൂർ റോഡിൽ അപകടസൂചകങ്ങൾ ഒരിടത്തും സ്ഥാപിച്ചിട്ടില്ല. തെരുവുവിളക്കുകൾ കത്തുന്നിടങ്ങളും വിരളമാണ്. രാത്രിയിൽ കാട്ടുപന്നികളുടെ ശല്യവുമുണ്ട്. പാരിപ്പള്ളി-മടത്തറ പാതയുടെ അവസ്ഥയും ഇതുതന്നെ. ദേശീയപാതയെയും എംസി റോഡിനെയും മലയോര ഹൈവേയെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായിട്ടും രാത്രി യാത്രാ സൗകര്യമില്ലാത്തത് ധാരാളം പേരെ വലയ്ക്കുന്നുണ്ട്.

@ കൊല്ലം - ആയൂർ പാത നാല് വരിയാക്കണം

കൊല്ലം റെയിൽവേ സ്റ്റേഷൻമുതൽ ആയൂർവരെ 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്. അമ്പതിലധികം ബസുകൾ സർവീസ് നടത്തുന്ന പാതയാണിത്. അയത്തിൽമുതൽ ചെമ്മാൻമുക്കുവരെ രണ്ട് വാഹനങ്ങൾ ഒന്നിച്ചെത്തിയാൽ കുരുക്ക് രൂക്ഷമാകും.
മലേവയൽ, കോടാലിമുക്ക് പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം വെള്ളക്കെട്ടുമുണ്ടാകും.
മലേവയൽ-പാലമുക്ക് പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധമാണ് വെള്ളക്കെട്ടുണ്ടാകുന്നത്. ഇവിടെയും പാത പൂർണമായും തകർന്നുകിടക്കുകയാണ്
മുട്ടക്കാവ്-കുണ്ടുമൺ ഭാഗത്ത് പാതയുടെ ഒരുവശത്ത് 30 അടിയിലേറെ താഴ്ചയുള്ള കുഴിയാണ്. സംരക്ഷണവേലിയോ അപകടമുന്നറിയിപ്പുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ധാരാളം വീടുകൾ ഇവിടെയുണ്ട്. മറുഭാഗവും ജനവാസമേഖലയാണ്.
പാതയുടെ വീതിക്കുറവും ഒരുവശത്തെ താഴ്ചയും കൊടുംവളവുമാണ് അപകടസാധ്യത കൂട്ടുന്നത്. ദേശീയപാതാ നിർമാണത്തിനുള്ള മെറ്റലും പാറപ്പൊടിയുമായി ട്രക്കുകൾ ഇതുവഴിയാണ് നിരന്തരം കടന്നുപോകുന്നത്. ബസ് യാത്രികരും ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും ഭീതിയോടെയാണ് ഇതുവഴി പോകാറ്. പാതകൾ അപകടരഹിതമാക്കണമെന്ന ആവശ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്


No comments:

Post a Comment