കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിലെ സ്വത്തും വരവും സമ്പാദ്യവുമൊക്കെ ഏതൊക്കെവഴിയാണ് ചോരുന്നതെന്നും ആരൊക്കെയാണ് കൈക്കലാക്കുന്നതെന്നും അതിശയപ്പെടേണ്ട സാഹചര്യമാണ്. ഉണ്ണികൃഷ്‌ണൻപോറ്റി എന്ന, ഇതേവരെ അജ്ഞാതനായിരുന്ന, ഇപ്പോഴും വ്യക്തിവിവരങ്ങൾ ഏറെയൊന്നും പൊതുസമൂഹത്തിൽ ലഭ്യമല്ലാത്ത ഒരാൾ, വിഖ്യാതവും നന്നായി ഭരിക്കപ്പെടുന്നതെന്നു കരുതപ്പെട്ടതുമായ ശബരിമല അയ്യപ്പക്ഷേത്രത്തിലെ സ്വർണപ്പാളികൾ സൂത്രത്തിൽ കടത്തിക്കൊണ്ടുപോകുകയും ദിവസങ്ങളോളം യഥേച്ഛയാ വിനിയോഗിക്കുകയുംചെയ്‌ത സംഭവം വിശ്വാസിസമൂഹത്തിലും പൊതുജനങ്ങൾക്കിടയിലും ഉണ്ടാക്കിയിട്ടുള്ള അമ്പരപ്പ് വിവരണാതീതമാണ്. അസാമാന്യ ധനവരവുള്ള ആ ക്ഷേത്രത്തിൽ വർഷങ്ങളായി നടന്നുവരുന്ന ബഹുവിധമായ ക്രമക്കേടുകളുടെ അഗ്രംമാത്രമായിരിക്കാമിതെന്ന ചിന്തയാണ് ഇപ്പോൾ പ്രബലമാകുന്നത്. അതിനിടെയാണ് കോഴിക്കോട് ജില്ലയിൽ മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള രണ്ടു ക്ഷേത്രങ്ങളിൽനിന്ന് ചില ക്രമക്കേടുവിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണ ഉരുപ്പടികൾ 2023-ൽ അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസർ കൊണ്ടുപോയെന്ന വിവരമാണ് ഇപ്പോൾ വെളിച്ചത്തായിരിക്കുന്നത്. പിന്നീടുവന്ന ഓഫീസർമാർക്കൊന്നും ലോക്കറിൻ്റെ താക്കോൽ ലഭിച്ചില്ല. പക്ഷേ, ക്രമക്കേട് ബോധ്യപ്പെട്ടിട്ടും ക്രിമിനൽനടപടിയുണ്ടായില്ല. ഏറ്റവുമൊടുവിൽ ചുമതലയേറ്റ എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിപ്രകാരം മലബാർ ദേവസ്വം വെരിഫിക്കേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ക്ഷേത്രത്തിൽ നടത്തിയ പരിശോധനയിൽ സ്വർണം നഷ്‌ടപ്പെട്ടതായി സ്ഥിരീകരിച്ചു. ശ്രീകോവിലിനോടുചേർന്നും ചുറ്റമ്പലത്തിനോടുചേർന്നുമുള്ള രണ്ട് ലോക്കറുകളിൽനിന്നായി അഞ്ച് ഉരുപ്പടികളാണ് കാണാതായതായി പറയുന്നത്. സ്വർണം, വെള്ളി ഉരുപ്പടികൾ ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടായിട്ടും ക്ഷേത്രലോക്കറിൽത്തന്നെ സൂക്ഷിച്ചതിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്.
മുക്കം തോട്ടത്തിൻകടവ് കുന്നത്തുപറമ്പ് ശിവക്ഷേത്രത്തിലേക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സമർപ്പിച്ച സ്വർണം-വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടതായും കഴിഞ്ഞദിവസം പരാതിയുയർന്നു. നിലവിൽ ക്ഷേത്രശ്രീകോവിലിലുള്ള 'സ്വർണത്താലികൾ' മുക്കുപണ്ടമാണെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 2023 ഫെബ്രുവരിയിൽ പുതിയ ട്രസ്റ്റി ബോർഡ് ചുമതലയേറ്റെടുത്തസമയത്ത് 32 സ്വർണ ചന്ദ്രക്കലയും 12 സ്വർണത്താലിയും മൂന്നു പൊട്ടുമുണ്ടായിരുന്നെന്ന് രേഖകൾ പറയുന്നു. ഇതുകൂടാതെ ഒട്ടേറെ വെള്ളി, ഓട് ആഭരണങ്ങളുമുണ്ടായിരുന്നു. എന്നാൽ, ഈമാസം നാലിന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ആറ്് ചന്ദ്രക്കലയും നാലു താലിയും രണ്ടു പൊട്ടുംമാത്രം. ഇതിൽ, നാലു താലിയും മുക്കുപണ്ടമാണെന്നും കണ്ടെത്തി. ഈ ക്ഷേത്രത്തിലെ വികസനപ്രവൃത്തികൾക്ക് ദേവസ്വം ബോർഡ് അനുവദിച്ച ഒന്നരലക്ഷത്തോളം രൂപ ട്രസ്റ്റി ബോർഡ് ചെയർമാൻ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി കഴിഞ്ഞ ഓഗസ്റ്റിൽ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ തുക ക്ഷേത്രക്കമ്മിറ്റിക്ക് തിരിച്ചുനൽകി. തുടർന്ന്, പുതിയ ക്ഷേത്രക്കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചുമതലയേറ്റെടുക്കുന്നതിനുമുൻപ് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറുടെ അധ്യക്ഷതയിൽ പരിശോധന നടത്തുകയുംചെയ്‌തു. ഈ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്.
ക്ഷേത്രം, വിശ്വാസിയുടെ വൈകാരികമൂലധനമാണ്. അതുകൊണ്ടുകൂടിയാണ് അതൊരു പാവനസങ്കേതമാകുന്നത്. അവിടെയെത്തുന്ന ധനം വിശ്വാസിയുടെ അർപ്പണമാണ്. അതിനുമുണ്ട് പവിത്രസ്വഭാവം. അത് ക്ഷേത്രത്തിന്റെ പരിപാലനത്തിനും മറ്റു പുണ്യപ്രവൃത്തികൾക്കുമാണു വിനിയോഗിക്കേണ്ടത്. ക്ഷേത്രത്തിലെ ഭരണക്കാർക്കോ ജീവനക്കാർക്കോ സ്വായത്തമാക്കാനുള്ള ധനമല്ല അത്. അങ്ങനെ ചെയ്യുന്നത് വിശ്വാസത്തോടുള്ള അനാദരവും പൊതുമുതലിന്റെറെ കുറ്റകരമായ ദുർവിനിയോഗവുമാകും. അതാണു പക്ഷേ, കേരളത്തിലെ പല ക്ഷേത്രങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. ശബരിമലയിൽനിന്നുള്ള വാർത്തകൾതന്നെ അതിൻ്റെ പ്രത്യക്ഷങ്ങളാണ്. അതു തുടരാൻ അനുവദിച്ചുകൂടാ. ക്ഷേത്രസ്വത്തുക്കളുടെയും നിത്യവരുമാനത്തിൻ്റെയും ഓഡിറ്റിങ് ശക്തമാക്കാനുള്ള നടപടിയുണ്ടാകണം. ചെറിയ ക്ഷേത്രങ്ങളിലടക്കം ഭണ്ഡാരവരുമാനത്തിൻ്റെയും നടവരവിന്റെയുമൊക്കെ കൃത്യമായ ഓഡിറ്റിങ് നടക്കണം. എല്ലാറ്റിനുമൊരു കണക്കുംകൈയുമുണ്ടാകണം. ക്ഷേത്രസ്വത്ത് കൈയിട്ടുവാരാനുള്ളതാകരുത്.
No comments:
Post a Comment