Tuesday, 17 November 2026

ശാപമോക്ഷം കാത്ത് വിളപ്പുറം വാർഡിലെ റോഡുകൾ; തിരിഞ്ഞുനോക്കാതെ അധികൃതർ

 ശാപമോക്ഷം കാത്ത് വിളപ്പുറത്തെ 
 റോഡുകൾ; തിരിഞ്ഞുനോക്കാതെ അധികൃതർ

@ പാലം നിർമ്മിച്ചിട്ടും അനുബന്ധ റോഡുകൾ അവഗണനയിൽ; ദുരിതയാത്രയുമായി നൂറുകണക്കിന് കുടുംബങ്ങൾ

ചാത്തന്നൂർ:  ചിറക്കര ഗ്രാമപഞ്ചായത്തിലെ വിളപ്പുറം വാർഡിലെ ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന ആക്ഷേപം.

കോതേരി–വിളപ്പുറം റോഡിലെ മുണ്ടയ്ക്കൽ തൊടിയിൽനിന്ന് ആരംഭിച്ച് ഉളിയനാട്–പാണിയിൽ റോഡുമായി ബന്ധിപ്പിക്കുന്ന കനാൽ പാലത്തിന് 
അനുബന്ധ റോഡുകളാണ് അടിയന്തരമായി നവീകരിക്കേണ്ടത്. മുണ്ടയ്ക്കൽ തൊടിയിൽനിന്ന് ഉളിയനാട് ഭാഗത്തേക്ക് പോകുന്ന റോഡിന് കുറുകെയുള്ള കനാൽപ്പാലം അടുത്തിടെ വീതികൂട്ടി നിർമ്മിച്ചിരുന്നു. എന്നാൽ പാലത്തോട് ചേർന്നുള്ള അനുബന്ധ റോഡുകളുടെ നിർമ്മാണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

പാലം നിർമ്മിച്ചിട്ടും റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തത് പ്രദേശവാസികൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്. പാലത്തിൽനിന്ന് ഉളിയനാട്–പാണിയിൽ റോഡിലേക്ക് ബന്ധിപ്പിക്കുന്ന രണ്ട് റോഡുകളും നവീകരിക്കേണ്ടതുണ്ട്. മൂന്ന് മീറ്ററിൽ കൂടുതൽ വീതിയുള്ള ഈ റോഡുകൾക്ക് പലയിടത്തും പല വീതിയാണ് എന്നിരിക്കെ റോഡ് അളന്ന് തിരിച്ചു വീതി കൂട്ടി 
ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയാൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉളിയനാട് സ്കൂൾ, ചിറക്കര വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.

@ ദുരിതയാത്ര തുടരുന്നു

റോഡുകൾ തകർന്നുകിടക്കുന്നതിനാൽ ഇതുവഴിയുള്ള കാൽനടയാത്രയും വാഹനഗതാഗതവും ഒരുപോലെ ദുരിതപൂർണമാണ്. കാട് മൂടി കിടക്കുന്ന റോഡുകളിൽ 
മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് കാൽനട
യാത്ര കൂടുതൽ അപകടകരമാക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.ലക്ഷങ്ങൾ ചെലവഴിച്ച് കനാൽപ്പാലം വീതികൂട്ടി നിർമ്മിച്ചതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണമെങ്കിൽ അതിനോട് ചേർന്നുള്ള റോഡുകളും അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണം. പ്രദേശത്തെ പ്രധാന റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടികൾ വൈകുകയാണെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.

@ കോതേരി - വിളപ്പുറം റോഡും തകർന്ന് കിടക്കുന്നു.
മീനാട് - പാലമൂട് റോഡിനെ വിളപ്പുറം ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന കോതേരി - വിളപ്പുറം റോഡും തകർന്നടിഞ്ഞു കിടക്കുകയാണ് വർഷങ്ങൾക്ക് മുൻപ് റോഡ് നിർമ്മാണം നടത്തിയപ്പോൾ ടാറിംഗ് ചെയ്തത് അല്ലാതെ നാളിതുവരെ അറ്റകുറ്റപണികൾ പോലും നടത്തിയിട്ടില്ല അടിയന്തിരമായി റോഡ് പുനർ നിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം 


No comments:

Post a Comment