Saturday, 31 August 2019

മയക്കുമരുന്നുകൾ മയങ്ങുന്നില്ല
അന്തർ സംസ്ഥാന മയക്കുമരുന്നു സംഘങ്ങൾ ജില്ലയിൽ വിലസുന്നു,പൊലീസും എക്സൈസും കണ്ണുപൊത്തിക്കളിക്കുന്നു
വന്നവഴി കണ്ടെത്താനാവാതെ പരിശോധകർ
ആലപ്പുഴ: പരിശോധകരെ കാഴ്ചക്കാരാക്കി അന്തർസംസ്ഥാന മയക്കുമരുന്നു സംഘം ജില്ലയിൽ ലഹരി ഒഴുക്കുന്നു. നിരോധിക്കുന്നതിനും നിയന്ത്റിക്കുന്നതിനും നിയമം ഉണ്ടെങ്കിലും ട്രെയിനിലൂടെയും അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലൂടെയും ജില്ലയിലേക്ക് വൻതോതിൽ ലഹരി ഉത്പന്നങ്ങൾ കൊണ്ടുവരുന്നത്. പൊലീസിനെയും എക്സൈസിനെയും കാഴ്ചക്കാരാക്കിക്കൊണ്ടാണ് മയക്കുമരുന്നു വിതരണ സംഘങ്ങൾ ജില്ലയിൽ വിലസുന്നത്.
തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര തുങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിൽ മയക്കുമരുന്ന് എത്തുന്നത്. മയക്കുമരുന്നു കടത്തുന്നതിന് വിദ്യാർത്ഥികളെയും ആഭ്യന്തര ടൂറിസ്റ്റുകളായ വനിതകളെയുമാണ് ഉപയോഗിക്കുന്നത്. പലപ്പോഴും പേരിനുമാത്രം നടത്തുന്ന റെയ്ഡിൽ വൻ ശേഖരമാണ് പിടിച്ചെടുക്കുന്നത്. കഴിഞ്ഞ ദിവസം ഹരിപ്പാട് നിന്ന് രണ്ടു കിലോ ബ്രൗൺഷുഗർ എക്സൈസ് പിടിച്ച സംഭവമാണ് ഒടുവിലത്തേത്. കാസർകോടുള്ള എജന്റ് ബാംഗ്ളൂരിൽ നിന്ന് കൊണ്ടുവന്ന ബ്രൗൺഷുഗർ തിരുവനന്തപുരത്തെ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിക്കുന്നതിനായി കൊണ്ടുവരുന്ന വഴിയാണ് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം വെച്ച് രണ്ടുയുവാക്കളെ കസ്റ്റഡിയിൽ എടുത്തത്. ഒന്നര കോടി രൂപ വിലവരുന്ന 1950 ഗ്രാം ബ്രൗൺഷുഗറാണ് യുവാക്കളിൽ നിന്ന് പിടിച്ചെടുത്തത്. എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുംങ്ങിയത് കഴിഞ്ഞ ഒന്നര മാസമായി ഇതേസംഘം ആലപ്പുയിലെ ലോഡ്ജിൽ താമസിച്ച് മയക്കമരുന്ന് കടത്തുന്നത് പരിശോധനാസംഘം നിരീക്ഷിച്ചു വരുകയായിരുന്നു.
വിദ്യാലയങ്ങൾ, ആരാധനാലയങ്ങളുടെ പരിസരം, ബീച്ചുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ജില്ലയിൽ നർക്കോട്ടിക് വിഭാഗം 65കേസുകൾ രജിസ്റ്റർ ചെയ്തു. കഞ്ചാവ്, പാൻപരാഗ്, ലഹരി അങ്ങിയ പുകയില ഉത്പന്നങ്ങൾ, മയക്കുമരുന്ന്, ബ്രൗൺഷുഗർ എന്നീ ഇനങ്ങളിൽ പെട്ട ലഹരി വസ്തുക്കളും സ്പിരിറ്റുമാണ് എത്തുന്നത്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലുള്ളത്. ഇത് പലപ്പോഴും കേസ് അന്വേഷണത്തെ കാര്യമായി ബാധിക്കാറുണ്ട്.
പ്രതികൾ പലപ്പോഴും കാണാമറയത്ത്
ആറു മാസത്തിനിടെ ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ വഴി ജില്ലയിലേക്ക് 2700 കിലോ ലഹരി ഉൽപന്നങ്ങളാണ് കടത്തിയത്. ജില്ലയിൽ വിതരണം ചെയ്യാൻ എത്തിച്ച 450 കിലോ ലഹരി ഉൽപന്നങ്ങളാണ് റെയിൽവേ സംരക്ഷണ പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഒരു പ്രതിയെ പോലും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ട്രെയിനിലാണ് ലഹരി ഉൽപന്നങ്ങൾ ആലപ്പുഴ ജില്ലയിലേക്ക് കടത്തുന്നത്. ട്രെയിനിൽ പാഴ്‌സലായി കടത്തിയ അഞ്ച് ലക്ഷം രൂപ വിലവരുന്ന പുകയില ഉൾപന്നങ്ങൾ രണ്ടാഴ്ച മുമ്പ് ആലപ്പുഴ റയിൽവേ സ്‌റ്റേഷനിൽ റയിൽവേ സംരക്ഷണസേന പിടികൂടി. ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്ക് കടത്തിയ 407 കിലോ പുകയില ഉൾപ്പന്നങ്ങളാണ് ട്രെയിനിൽ നിന്ന് നേരത്തെ കണ്ടെത്തിയത്. അതിനു പിന്നാലെയാണ് അമൃത്‌സർ-കൊച്ചുവേളി എക്‌സ്പ്റസിൽ നിന്ന് 450 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. അമ്പാലയിൽ നിന്ന് ആലപ്പുഴയിലേക്ക് കയറ്റി അയച്ചതായിരുന്നു ലഹരി ഉൽപന്നങ്ങൾ. ട്രെയിനിന്റെ പാഴ്‌സൽ ബോഗിയിൽ റയിൽവേ സംരക്ഷണസേന നടത്തിയ പരിശോധനയിലാണ് ഉൽപന്നങ്ങൾ കണ്ടെത്തിയത്. ലഹരി ഉൽപന്നങ്ങളുടെ ദുർഗന്ധം വമിച്ചതിനെ തുടർന്നായിരുന്നു റെയിൽവേ സംരക്ഷണസേനയുടെ പരിശോധന. ആലപ്പുഴ റെയിൽവേ സി.ഐ സാബു ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വൻതോതിൽ ലഹരി ഉൽപന്നങ്ങൾ പിടികൂടിയെങ്കിലും ഇവയുടെ ഉറവിടത്തേപ്പറ്റിയോ കൊണ്ടുവന്നവരേക്കുറിച്ചോ യാതൊരു വിവരവുമില്ലാതെ വലയുകയാണ് പൊലീസും ആർ.പി.എഫും.
സിഗരറ്റിന്റെയും മറ്റു പുകയില ഉൽപന്നങ്ങളുടെയും നിയന്ത്റണവും നിരോധനവും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നിയമം ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി ഈ നിയമം നടപ്പിലാക്കിയിട്ടില്ല.
പരിശോധനക്ക് പ്രത്യേക സംഘം
ലഹരി വസ്തുക്കൾ വില്ക്കുന്നവരെ കണ്ടെത്താൻ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു അഡീഷണൽ എസ്.ഐയും ഒന്നുവീതം വനിത, പുരുഷ സിവിൽ പൊലീസ് ഓഫീസറും ഉൾപ്പെട്ട സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്ന് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പറഞ്ഞു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ 65 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കു മരുന്നുകൾ കണ്ടെത്തുമ്പോൾ മതിയായ തെളിവുകൾ പലപ്പോഴും കിട്ടാതെ വരുന്നതോടെ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലഹരിഉത്പന്നങ്ങൾ വില്പന നടത്തുന്നവർ പിടിക്കപ്പെട്ടാൽ 20വർഷം വരെ ശിക്ഷ ലഭിക്കാം.

No comments:

Post a Comment