Tuesday, 13 August 2019

ഓണമുണ്ണാൻ കാണം വില്ക്കേണ്ടിവരും
Posted on: Wednesday, 07 August 2013
പുത്തൂർ : കർക്കിടകം പഞ്ഞമാസമെന്ന് പഴമക്കാർ പറഞ്ഞത് ഇക്കുറി ശരിക്കും അന്വർത്ഥമാക്കി വറുതിയുടെ നാളുകൾ സമ്മാനിച്ചാണ് കളളക്കർക്കിടകത്തിന്റെ മുക്കാൽ പങ്കും കടന്നുപോയത്. കൃഷി-തൊഴിൽ മേഖലകളിലെ ദുരിതം ആവണിപ്പിറപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും വിട്ടൊഴിയുന്ന ലക്ഷണമില്ല. അഷ്ടിക്കു വകയില്ലാതെ തൊഴിലാളി കുടുംബങ്ങൾ വലയുകയാണ്.
തോട്ടംമേഖലയിൽ തൊഴിൽ നിലച്ചിട്ട് മാസങ്ങളായി. തിളച്ചുമറിഞ്ഞ പൊരിവെയിലത്ത് നിർത്തിയ റബ്ബർടാപ്പിംഗ് ഇനിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കനത്തമഴ കാർഷിക മേഖലയാകെ പിടിച്ചുലച്ചുകഴിഞ്ഞു. കൃഷിവിളകൾക്ക് സാരമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഓണത്തിന് വേണ്ടി നിർത്തിയിരുന്ന വാഴക്കുലകളുൾപ്പടെ ഒടിഞ്ഞു വീണു. മരച്ചീനി കൃഷിക്ക് കെട്ടിനിൽക്കുന്ന വെളളമാണ് ദോഷം. കാലവർഷക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ട ഒട്ടനവധി പേരുണ്ട്.. വട്ടിപ്പലിശക്കാരെ ആശ്രയിച്ചാണ് പല തൊഴിലാളി കുടുംബങ്ങളും അടുപ്പിൽ തീപുകയ്ക്കുന്നത്. ഈ നില തുടർന്നാൽ വരുന്ന ഓണക്കാലവും വറുതിയുടേതാകും. പൊരിവെയിലത്ത് വെളളം കോരി കിളിർപ്പിച്ച് പ്രതീക്ഷയോടെ വളർത്തിയെടുത്ത കാർഷിക വിളകൾ നശിച്ചത് ഓണത്തെ കാര്യമായി ബാധിക്കും. കാണംവിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴിയും ഇക്കുറി അന്വർത്ഥമായേക്കുമെന്നാണ് കണക്കുകൂട്ടൽ. ഇടക്ക് മഴമാറി മാനം തെളിഞ്ഞപ്പോൾ അല്പം പ്രതീക്ഷ കൈവന്നതാണ്. എന്നാൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലെ പെരുമഴ ദുരിതം കൂട്ടുകയാണ്. ഇനിയൊന്ന് തെളിച്ചം കണ്ടാലും പ്രതീക്ഷ വേണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരും പറയുന്നത്. ഒരാഴ്ച കഴിയുമ്പോൾ മഴ തിരിച്ചുവരുമത്രെ. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ചിങ്ങമാസമെത്താൻ ബാക്കിനിൽക്കുന്നത്. ഈ നില തുടർന്നാൽ ചിങ്ങവും പഞ്ഞമാകുമോയെന്ന ആശങ്കയുമുണ്ട്. പലിശക്കാശും കൊണ്ട് പലരും ഇപ്പോൾ റംസാൻ - ഓണം വിപണിക്ക് മുന്നിൽ വരിനിൽക്കാൻ തുടങ്ങിയിട്ടുണ്ട്.
വിലക്കുറവും വൃത്തിയും: ശശിധരൻപിള്ളയുടെ ചായക്കടയിൽ തിരക്കോടുതിരക്ക്
Posted on: Tuesday, 06 August 2013
കൊല്ലം: പാരിപ്പള്ളി മുക്കട ജംഗ്ഷനിലെ ശശിധരൻപിള്ളയുടെ ചായക്കടയിൽ തിരക്കൊഴിഞ്ഞ നേരമില്ല. ഇവിടെ എന്തുണ്ടാക്കിയാലും എത്രയുണ്ടാക്കിയാലും ബാക്കിവരാറില്ല. മായം ചേർക്കാതെ , മാലിന്യമില്ലാതെ രുചികരമായ ദോശയും പൊറോട്ടയും കറികളുമൊക്കെ വിലക്കുറവിൽ നൽകുന്നുവെന്നതു മാത്രമാണ് ഇതിനു പിന്നിലെ മാജിക്ക്. കൊള്ളലാഭം കൊതിച്ച് പഴകിയതും മായം ചേർത്തതുമായ ഭക്ഷണം വിറ്റ് പല ഹോട്ടലുടമകളും കേസിൽ പെടുമ്പോൾശശിധരൻപിള്ള ഉത്തമമാതൃകയാകുന്നത് അങ്ങനെയാണ്. കുറഞ്ഞ വിലയ്ക്ക് നല്ല ഭക്ഷണം നല്കി കച്ചവടത്തെ സേവനത്തിന്റെ തലത്തിലേക്കുയർത്തുന്ന രീതി പിള്ളയ്ക്ക് പാരമ്പര്യമായി കിട്ടിയതാണ്.
കാൽനൂറ്റാണ്ടുകാലം ഈ കട നടത്തിയിരുന്നത് അച്ഛൻ ജനാർദ്ദനൻനായരായിരുന്നു. ആറ് ആൺമക്കളും അഞ്ച് പെൺമക്കളും അടങ്ങുന്ന കുടുംബത്തെ നന്നായി പാലിച്ചത് ഈ കടകൊണ്ടായിരുന്നു. ശശിധരൻപിള്ള കട ഏറ്റെടുത്തിട്ട് 26 വർഷം കഴിയുന്നു. രണ്ടുമക്കളെ പഠിപ്പിച്ചു. മകൻ സനിൽകുമാർ എം.കോം. കഴിഞ്ഞു. മകൾ സിനിയെ നല്ലനിലയിൽ വിവാഹം ചെയ്തയച്ചു. ബി.എസ്.സി നഴ്സിംഗ് പാസായ സിനി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്നു.
മറ്റുഹോട്ടലുകളിൽ കുറഞ്ഞത് 60 രൂപയാകുന്ന ഭക്ഷണത്തിന് ശശിധരൻ പിള്ളയുടെ ഹോട്ടലിൽ 20 രൂപ മതിയാകും. രാസവസ്തുക്കളോ നിരോധിതനിറങ്ങളോ ചേർക്കുന്നില്ലെന്ന അധികഗുണവുമുണ്ട്. 'രാവിലെ 3 മണിക്ക് ഉണർന്ന് കടയിലെ ജോലി മുഴുവൻ സ്വന്തമായാണ് ചെയ്യുന്നത്. ആദ്യകാലത്ത് ദോശയ്ക്ക് അരിയാട്ടുന്നതുപോലും സ്വയം ആട്ടുകല്ലിലായിരുന്നു. വീടിനോടു ചേർന്നുള്ള സ്വന്തം കെട്ടിടത്തിലായതിനാൽ വാടക നൽകേണ്ട. ആർക്കും ജോലിക്കൂലിയും നൽകേണ്ട. ലാഭമെടുത്തുതന്നെയാണ് കച്ചവടം നടത്തുന്നത്. നല്ല ഭക്ഷണം വിലകുറച്ചു നൽകുന്നതുകൊണ്ട് കൂടുതൽ വിറ്റുപോകുന്നു. കൂടുതൽ വിൽക്കുന്നതുകൊണ്ട് കൊള്ളയടിക്കാതെ കൂടുതൽ ലാഭവുമുണ്ടാകുന്നു.' ഇതാണ് ശശിധരൻപിള്ളയുടെ ധനതത്വശാസ്ത്രം. നിത്യവും നന്നായി അദ്ധ്വാനിക്കുന്നതിനാൽ ആരോഗ്യമെന്ന ലാഭം കൂടിയുണ്ട് പിള്ളയ്ക്ക്.
സമീപത്തെ തടിമില്ലിലേയും ഫാക്ടറിയിലേയും തൊഴിലാളികളും കെ.എസ്.ഇ.ബി. പാരിപ്പള്ളി സെക് ഷനിലെ ഉദ്യോഗസ്ഥരുമൊക്കെ കടയിലെ സ്ഥിരം ഉപഭോക്താക്കളാണ്. കിലോമീറ്ററുകൾക്കപ്പുറത്തുനിന്നുപോലും സ്ഥിരമായി എത്തുന്നവരുമുണ്ട്. ഒരിക്കൽ വന്നവർ പിന്നെയും വരും- പിള്ള പറയുന്നു

No comments:

Post a Comment