Tuesday, 13 August 2019

ആ ടോയിലറ്റും ഈ ടോയിലറ്റും ഉണ്ട്, പക്ഷേ...കുന്നിക്കോട് എത്തിയാൽ ശങ്ക അരുത്
Posted on: Friday, 03 January 2014
പത്തനാപുരം: ദേശീയ പാതയിലെ പ്രധാന ടൗണുകളിലൊന്നായ കുന്നിക്കോട്ടെത്തുന്നവർ പൂട്ടിക്കിടക്കുന്ന ടോയ് ലററുകൾ കണ്ട് നെടുവീർപ്പിടുകയേ മാർഗമുളളു. വിളക്കുടി പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട്സ് റേറഷനും ദേശീയപാതക്കരുകിൽ പണിത ഈ ടോയ് ലററും അടഞ്ഞുകിടക്കുന്നതുമൂലം ജംഗ്ഷനിലെത്തുന്നവർ പ്രാഥമികാവശ്യങ്ങൾ നിറവേററാനാവാതെ വലയുകയാണ്. മാർക്കറ്റിനുളളിൽ നിർമ്മിച്ച കംഫർട്ട് സ്‌റേറഷൻ ഭരണസമിതിയുംഗ്രാമപഞ്ചായത്ത് അംഗങ്ങളും നമ്മിലുളള ഭിന്നതമൂലമാണ് തുറക്കാനാവാതായത്. ഉപയോഗശൂന്യമായി കിടന്ന് ഇപ്പോൾ ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ ഭരണക്കാർക്ക് സമയമില്ല. ജനങ്ങളുടെ പരാതി ഏറിയപ്പോൾ ഒരു വർഷം മുന്പ് അഞ്ച് ലക്ഷം രൂപ മുടക്കി ജംഗ്ഷനിൽ വിളക്കുടി പഞ്ചായത്ത് ഒരു ഈ ടോയ് ലററ് നിർമ്മിച്ചു. അനുമതിയിലും നിർമ്മാണത്തിലും അടക്കം അഴിമതിയുണ്ടെന്ന്ആക്ഷേപം ഉയർന്നതിന് പിന്നാലെ ഉദ്ഘാടനം കഴിഞ്ഞ ദിവസം തന്നെ ഇതിന്റെ പ്രവർത്തനവും നിലച്ചു. ഭരണാധികാരികൾ ഉടൻ ഇത് ശരിയാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നാളിതുവരെ ഫലവത്തായില്ല. ഇതോടെ അഴിമതി നടന്നുവെന്ന ആക്ഷേപം ശരിയാണെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. ഇതിപ്പോൾ സാമൂഹിക വിരുദ്ധരുടെയും മദ്യപസംഘങ്ങളുടേയും കൈപ്പിടിയിലാണ്. കൊല്ലം,കൊട്ടാരക്കര,പത്തനാപുരം,പുനലൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് പോകുവാനായി ഇവിടെ എത്തുന്നവരാണ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുവാനാകാതെ ബുദ്ധിമുട്ടുന്നത്. അടിയന്തരമായി ഈ ടോയ് ലററ് പ്രവർത്തന സജ്ജമാക്കുന്നതിനും കംഫർട്ട്സ് റേറഷൻ തുറക്കുന്നതിനും നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
പടം.ഈ മെയിൽ. പൂട്ടിയിട്ടിരിക്കുന്ന കുന്നിക്കോട് ഈടോയ് ലററ്.

ന്ത്രിമാർ ചന്തയിലും പോകണം
Posted on: Friday, 10 January 2014
വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുരിതമയമാക്കുമ്പോഴും ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ അങ്ങേയറ്റം ലാഘവത്തോടെയാണ് പ്രശ്നം കൈകാര്യം ചെയ്യുന്നത്. ഇത് മനസ്സിലാക്കാൻ ബുധനാഴ്ച നിയമസഭയിൽ സിവിൽ സപ്ളൈസിന്റെയും കൃഷിയുടെയും മന്ത്രിമാർ ചെയ്ത പ്രസ്താവനകൾ മതിയായ തെളിവാണ്. വിലക്കയറ്റത്തെക്കുറിച്ച് സഭയിൽ പരാമർശമുണ്ടാകുന്നതുപോലും വിപണിക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് സിവിൽസപ്ളൈസ് മന്ത്രി അനൂപ് ജേക്കബിന്റെ ആശങ്ക. സഭയിലെ ചർച്ച കേട്ട് കച്ചവടക്കാർ സാധനവില വീണ്ടും കൂട്ടുമെന്ന് മന്ത്രി കരുതുന്നതുപോലെ തോന്നി. വിപണിയിൽ നടക്കുന്നതൊന്നും അറിയാത്തതുകൊണ്ടാണ് മന്ത്രി ഇങ്ങനെ പറയുന്നതെന്നു വ്യക്തം. അതല്ലെങ്കിൽ പരിചയക്കുറവുകൊണ്ടാകാം. രണ്ടായാലും മന്ത്രി വിപണിയെക്കുറിച്ച് അറിയുകതന്നെ വേണം. വിപണിയിലെ കാര്യങ്ങൾ മാത്രമല്ല, തന്റെ വകുപ്പിൽ ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകളിലേക്കു കൂടി ഇടയ്ക്കിടെ കണ്ണോടിക്കുന്നത് നല്ലതാണ്. നിരന്തരമായ വിപണി ഇടപെടലിനുവേണ്ടി രൂപീകൃതമായ ഹോർട്ടികോർപ്പിനെ തങ്ങളുടെ ദൗത്യത്തിൽനിന്നു വിലക്കുന്ന ഭക്ഷ്യസെക്രട്ടറിയുടെ വിവാദ ഉത്തരവിനെക്കുറിച്ച് നിയമസഭയിൽ പ്രതിപക്ഷത്തുനിന്ന് ചോദ്യം ഉയർന്നപ്പോൾ മന്ത്രി നിന്നു വിയർത്തത് താഴെ നടക്കുന്ന പലതും ശ്രദ്ധിക്കാത്തതുകൊണ്ടാണ്. പ്രത്യേക ഉത്തരവ് ലഭിച്ചാൽ മാത്രമേ ഹോർട്ടികോർപ്പ് വിപണിയിൽ ഇടപെടേണ്ടതുള്ളൂ എന്നായിരുന്നു ഭക്ഷ്യസെക്രട്ടറിയുടെ ഉത്തരവ്. ഹോർട്ടികോർപ്പ് കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനമായിട്ടും ഭക്ഷ്യസെക്രട്ടറി എങ്ങനെ ഈ ഉത്തരവിറക്കി എന്നതാണ് വിസ്മയകരമായ മറ്റൊരു കാര്യം. ഭക്ഷ്യ വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നത് പ്രതിപക്ഷത്തുള്ളവർ മാത്രമല്ല. ഭരണപക്ഷക്കാരും വിലക്കയറ്റത്തിന്റെ രുചി നന്നായി അറിഞ്ഞുതന്നെയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.
ഭക്ഷ്യധാന്യങ്ങൾക്കും പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും വിലക്കുറവുണ്ടായിട്ടുണ്ടെന്ന സർക്കാരിന്റെ അവകാശവാദം ശരിയല്ല. യാതൊരു കാരണവുമില്ലാതെയാണ് ഈവക സാധനങ്ങൾക്ക് വില കൂടിക്കൊണ്ടിരിക്കുന്നത്. രാജ്യം ഭക്ഷ്യസമൃദ്ധിയാൽ വശംകെട്ടിരിക്കുകയാണെന്ന് പ്രചാരണം നടക്കുന്നതിനിടയിലാണ് ഇവിടെ സർവ സാധനങ്ങൾക്കും വില മാനംമുട്ടെ ഉയരുന്നത്. കേന്ദ്രം കൂടുതൽ ധാന്യങ്ങൾ അനുവദിക്കുന്നു എന്ന് ഇടയ്ക്കും മുറയ്ക്കും കേൾക്കാറുണ്ട്. അനുവദിക്കപ്പെട്ട പലതും കിട്ടുന്നില്ലെന്നാണ് ഭക്ഷ്യമന്ത്രി തന്നെ പറയുന്നത്. റേഷൻ വിതരണത്തിനായി കിട്ടുന്ന അരിയുടെയും ഗോതമ്പിന്റെയും നല്ലൊരു ഭാഗം കരിഞ്ചന്തകളിലേക്കാണ് നേരെ പോകുന്നത്. ഇത് കണ്ടുപിടിക്കാനായി മാത്രം എത്രയേറെ റെയ്ഡുകളാണ് നടന്നത്. ലോറിക്കണക്കിന് അരി പിടികൂടുകയും ചെയ്തു. എത്രപേരുടെ ലൈസൻസ് റദാക്കി, എത്രപേർക്കെതിരെ നടപടി എടുത്തു എന്നും മറ്റുമുള്ള കാര്യങ്ങൾ ആർക്കും അറിഞ്ഞുകൂടാ. റേഷൻ കൊള്ള ഇപ്പോഴും ഒരു മറയുമില്ലാതെ നടക്കുന്നതുമാത്രം അറിയാം. ശക്തമായ വിപണി ഇടപെടലിനുവേണ്ടി സ്ഥാപിതമായ സിവിൽ സപ്ളൈസ് കോർപ്പറേഷനും അതിനു കീഴിലുള്ള മാവേലി സ്റ്റോർ പോലുള്ള വിപണന ശൃംഖലയും ഇന്ന് ഏറക്കുറെ നോക്കുകുത്തികളാണ്. അവശ്യസാധനങ്ങൾ പലപ്പോഴും ഇവിടങ്ങളിൽ ഉണ്ടാകണമെന്നില്ല. ഉണ്ടെങ്കിൽ തന്നെ പരസ്യ വിപണി വിലയിൽ നിന്ന് നേരിയ കുറവേ കാണുകയുള്ളൂ. സാധനങ്ങളുടെ ഗുണനിലവാരമാകട്ടെ, തീരെ മോശവും. കോർപ്പറേഷൻ മേധാവികളും ഉത്പാദനകേന്ദ്രങ്ങളിലെ കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളിയും ക്വട്ടേഷനുകൾക്ക് പിന്നിലെ അഴിമതിയും വിശ്വപ്രസിദ്ധമാണ്.
ജനങ്ങൾക്ക് അവശ്യം വേണ്ട പച്ചക്കറികൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ വേണ്ടി സ്ഥാപിതമായ ഹോർട്ടികോർപ്പ് ഇപ്പോൾ ചെയ്യുന്നത് തൊട്ടടുത്ത മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്ന് ചരക്കെടുത്ത് പരസ്യവിപണിയുടേതിൽ നിന്ന് അല്പം വില കുറച്ച് വിൽക്കലാണ്. കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പും ജനങ്ങൾക്ക് ഒട്ടും ആശ്വാസം നൽകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇത് മറച്ചുവച്ചുകൊണ്ടാണ് നിയമസഭയിൽ കൃഷിക്കാരൻ കൂടിയായ വകുപ്പുമന്ത്രി പച്ചക്കറികൾക്കെല്ലാം അതിഭയങ്കരമായി വില കുറഞ്ഞിരിക്കുകയാണെന്ന് തട്ടിവിട്ടത്. ആറുമാസം മുമ്പുണ്ടായിരുന്നതിൽ നിന്ന് വില നന്നേ കുറഞ്ഞിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ അവകാശവാദം വസ്തുതകൾക്ക് നിരക്കുന്നതല്ല.
വിലക്കയറ്റം നിയന്ത്രിക്കണമെങ്കിൽ സർക്കാരിന്റെ നിരന്തരമായ ഇടപെടലുകൾ കൂടിയേ കഴിയൂ. അഴകൊഴമ്പൻ നടപടികൾകൊണ്ട് പ്രശ്നം പരിഹൃതമാകാൻ പോകുന്നില്ല. ഉത്സവ സീസണുകളിൽ മാത്രം പരിമിതമായ തോതിൽ വിപണി ഇടപെടലാണ് ഇപ്പോൾ നടക്കുന്നത്. മനുഷ്യർ നിത്യവും ആഹാരം കഴിച്ചു ശീലിച്ചുപോയതിനാൽ അതിനുള്ള വകകൾ കിട്ടിയേ തീരൂ. താങ്ങാവുന്ന വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ കിട്ടാതെ വരുമ്പോൾ സർക്കാരിനെയാണ് അവർ പ്രതീക്ഷയോടെ നോക്കുന്നത്. ഒന്നിനും ഒരു കുറവുമില്ല, വിലയും കുറവ് എന്ന മട്ടിൽ വകുപ്പു മന്ത്രിമാർ മറുപടി പറയുമ്പോൾ ചന്തയിൽ പോയി കാര്യങ്ങൾ അറിഞ്ഞിട്ടു വരൂ എന്നു പറയാനാണ് തോന്നുന്നത്.

No comments:

Post a Comment