Wednesday, 14 August 2019

ഓണകാലമായി വില നിയന്ത്രിക്കാന്‍ നടപടി വേണം

ഓണകാലമായി  വില നിയന്ത്രിക്കാന്‍ നടപടി വേണം

@വിലകുതിയ്ക്കുന്നു സർക്കാർ നോക്ക് കുത്തി
@വില നിയന്ത്രിക്കാന്‍ നടപടി വേണം

ചാത്തന്നൂർ: നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇതിന് പരിഹാരം കാണാന്‍ ആര്‍ജവത്തോടെയുള്ള ശ്രമം സംസ്ഥാന ഭരണാധികാരികളില്‍ നിന്നുണ്ടാവുന്നില്ല  ജനങ്ങളുടെ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിക്കുംവിധം വില ഉയര്‍ന്നാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, സംഭരണത്തിലെയും വിതരണത്തിലെയും പോരായ്മകള്‍, ഇടത്തട്ടുകാരുടെ ചൂഷണം, എന്നിവയ്‌ക്കൊപ്പം
സംസ്ഥാന സര്‍ക്കാറിന്റെ നയവൈകല്യങ്ങളും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള  നിത്യോപയോഗ സാധനങ്ങൾക്ക് പ്രളയസെസ് കൂടി ഏർപെടുത്തിയതോടെ സാധനങ്ങൾക്ക്
വിലയും  ഉയരാനിടയാക്കി. പ്രളയസെസ് ഏറ്റവും കൂടുതൽ ബാധിച്ചത് അടിത്തട്ടിലാണ്. പ്രധാനമായും റീട്ടയിൽ രംഗത്ത് മൊത്തകച്ചവടക്കാർ വില കൂട്ടി ആ നികുതി താഴെ കിടയിൽ നിന്നും ജനങ്ങളിൽ നിന്നും ഈടാക്കുകയാണ്.
ഒപ്പം സാധനങ്ങൾക്ക് വില കുതിച്ചു കയറുകയാണ്.
വിലക്കയറ്റം സ്വാഭാവികമാണ് എന്ന മനോഭാവത്തോടെയാണ് സംസ്ഥാന ഭരണാധികാരികള്‍ നീങ്ങുന്നത്. ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ കേരളം വിലക്കയറ്റത്തിന്റെ കെടുതികള്‍ കൂടുതലായി അനുഭവിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം ഗൗരവമായി കാണാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിയണം. വിപണിയില്‍ സര്‍ക്കാര്‍ കൂടുതലായി ഇടപെട്ടാലേ ജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കൂ. വിലക്കയറ്റം തടയാനും ഭക്ഷ്യവസ്തുക്കള്‍ അര്‍ഹമായ തോതില്‍ എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ വഴി പൊതുവിതരണ സമ്പ്രദായം ശക്തമാക്കലാണ്. താരതമ്യേന മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായമാണ് കേരളത്തിലുള്ളതെങ്കിലും അതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. ഈ സംവിധാനത്തിനു കീഴിലുള്ള വിപണനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലവും കാര്യക്ഷമവുമാക്കണം.  അവശ്യസാധനങ്ങളില്‍ പലതും വിപണനകേന്ദ്രങ്ങളില്‍ പലതിലും കിട്ടാറില്ലെന്നും പരാതിയുണ്ട്. ഇത്തരം പോരായ്മകള്‍ പരിഹരിക്കണം. പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവയ്ക്കും വിപുലമായ വിതരണ സംവിധാനം അത്യാവശ്യമായിരിക്കുന്നു.
നിത്യോപയോഗ സാധനങ്ങള്‍ക്കു പുറമേ കഴിയുന്നത്ര ഇനങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിന് കീഴില്‍ കൊണ്ടുവരാന്‍ കഴിയണം. ഹോര്‍ട്ടികോര്‍പ്പ് വിചാരിച്ചാല്‍ സംസ്ഥാനത്തെങ്ങും പച്ചക്കറികള്‍ ന്യായമായ വിലയ്ക്ക് വിതരണം ചെയ്യാനാവും. കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, പൊതുവിതരണ സമ്പ്രദായത്തിന്റെ ദുരുപയോഗം തുടങ്ങിയവ തടഞ്ഞേ മതിയാകൂ. ഹോട്ടലുകളെ തരം തിരിച്ച് ഭക്ഷണ സാധനങ്ങളുടെ വില ഏകീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയോ പട്ടികയില്‍ കാണിച്ചിരിക്കുന്നതിനേക്കാളേറെ വില ഈടാക്കുകയോ ചെയ്യുന്ന ഹോട്ടലുകളും കടകളും ഒട്ടേറെയുണ്ട്. കടകള്‍ക്കു മുന്നില്‍ സാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് വർഷങ്ങൾക്ക് മുൻപേ ഉള്ളതാണ്.
സര്‍ക്കാറിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും കീഴിലുള്ള വിപണന കേന്ദ്രങ്ങളുടെ പ്രയോജനം ലഭിക്കാത്ത വലിയൊരു വിഭാഗം കേരളത്തിലുണ്ട്. ഓണകാലമായി  അവശ്യവസ്തുക്കളെങ്കിലും ചില്ലറവില്പന മേഖലയില്‍ എല്ലാവര്‍ക്കും മിതമായ വിലയ്ക്കു കിട്ടുന്ന സംവിധാനം ഉണ്ടാക്കിയാലേ പ്രശ്‌നത്തിന് പരിഹാരമാകൂ

No comments:

Post a Comment