കൊല്ലം: ബിജെപി സര്‍ക്കാരുകള്‍ വികസനം അജണ്ടയാക്കി പ്രവര്‍ത്തിക്കുന്നവരാണെന്ന് യുപിയില്‍ നിന്നുള്ള ബിജെപി എംപി ഡോ.കെ.പി. സിംഗ് പറഞ്ഞു. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ പൂര്‍വകാല ചരിത്രവും ഇപ്പോഴത്തെ അവസ്ഥയും പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് സ്തംഭനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച കോണ്‍ഗ്രസ്, ഇടതു സഖ്യത്തിനെതിരെ ദേശവ്യാപകമായി പാര്‍ട്ടി നടത്തുന്ന ജനസഭകളുടെ ഭാഗമായി ചിന്നക്കടയില്‍ നടന്ന ധര്‍ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നാടിന്റെയാകെ വികസനമാണ് ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം സംസ്ഥാനവും വികസിക്കണമെങ്കില്‍ കേരളത്തിലും ബിജെപി അധികാരത്തില്‍ വരണം. ഛത്തീസ്ഗഢും ഝാര്‍ഖണ്ഡും ഒരുമിച്ച് രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങളാണ്. എന്നാല്‍ വികസനത്തില്‍ ഝാര്‍ഖണ്ഡ് കുതിച്ചുമുന്നിലെത്താന് കാരണമായത് തുടക്കം മുതല്‍ അവിടെ ഭരിക്കുന്ന ബിജെപി സര്‍ക്കാരാണെന്ന് ഡോ.കെ.പി. സിംഗ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസും സിപിഎമ്മും നാടിന്റെ വികസനം ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് പാര്‍ലമെന്റ് സ്തംഭനമെന്ന് ഡോ.കെ.പി. സിംഗ് പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കാകെ പ്രയോജനം സിദ്ധിക്കുന്ന ജിഎസ്ടി ബില്‍ തടഞ്ഞതെന്തിനെന്ന് കൊല്ലത്തെ ജനങ്ങള്‍ തങ്ങളുടെ എംപിയോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ സാമ്പത്തികവളര്‍ച്ചയുടെ ഭാഗമാക്കിത്തീര്‍ത്ത ജന്‍ധന്‍ യോജന, ജീവന് ജ്യോതിയും പ്രധാനനമന്ത്രി ബീമാ സുരക്ഷായോജനയും അടല്‍ പെന്ഷന്യോജനയും സുകന്യ സമൃദ്ധിയോജനയുമടക്കമുള്ള ക്ഷേമപദ്ധതികള്‍, ഒരു വര്‍ഷത്തിനിടയില്‍ നടപ്പാക്കിയ വികന പദ്ധതികള്‍ തുടങ്ങി ഏതിനോടുള്ള എതിര്‍പ്പാണ് പാര്‍ലമെന്റ് സ്തംഭിക്കാന്‍ കാരണമായതെന്ന് ഉത്തരവാദികളായവര്‍ മറുപടി പറയണം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത് 34000 കോടി രൂപയുടെ വികസന പദ്ധതിയാണ്. നാടിന്റെ വികസനത്തില്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസും സിപിഎമ്മും എതിര്‍പ്പിന്റെ രാഷ്ട്രീയം പയറ്റുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രവികസനപദ്ധികളുടെ പിതൃത്വം ഏറ്റെടുത്ത് മുതലെടുപ്പ് രാഷ്ട്രീയം കളിക്കാന്‍ ആരെയും അനുവദിക്കുന്ന പ്രശ്നമില്ലെന്ന് തുടര്‍ന്ന് സംസാരിച്ച പാര്‍ട്ടി സംസ്ഥാനസെക്രട്ടറി ജെ.ആര്. പത്മകുമാര്‍ പറഞ്ഞു. കഴക്കൂട്ടം ബൈപ്പാസ് ഉദ്ഘാടനത്തിന് കോണ്‍ഗ്രസുകാര്‍ പതിച്ച പോസ്റ്ററില്‍ സോണിയയുടെയും രാഹുലിന്റെയും മന്‍മോഹന്‍സിംഗിന്റെയും പടമായിരുന്നു. നാല്പതുവര്ഷം ബൈപ്പാസ് പദ്ധതിയെ ചുവപ്പുനാടയില്‍ കുരുക്കിയവര്ക്കാണ് ശശിതരൂര്‍ അഭിവാദ്യമര്‍പ്പിക്കുന്നത്. സ്വയം വിഡ്ഢിവേഷമണിയുകയാണ് തരൂര്‍ ഇത്തരത്തിലൂടെയുള്ള മുതലെടുപ്പിലൂടെയെന്നും പത്മകുമാര്‍ പറഞ്ഞു. പരിപാടിയില്‍ ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ് അഡ്വ. വി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ പ്രസിഡന്റ് എം. സുനില്‍, വൈസ്പ്രസിഡന്റുമാരായ മാമ്പുഴ ശ്രീകുമാര്‍, എസ്. ദിനേഷ് കുമാര്‍, കണ്ണാട്ട് രാജേന്ദ്രന്, ജനറല്ഡസെക്രട്ടറിമാരായ മാലുമേല്‍ സുരേഷ്, വെള്ളിമണ്‍ ദിലീപ്, നേതാക്കളായ അഡ്വ.ജി. ഗോപകുമാര്‍, പൂന്തോട്ടം സത്യന്, പി. ശിവന്, വസന്താബാലചന്ദ്രന്‍, മഠത്തില്‍ ശശി, സജീവ്ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജന്മഭൂമി: http://www.janmabhumidaily.com/news318268
ജന്മഭൂമി: http://www.janmabhumidaily.com/news318268
No comments:
Post a Comment