Tuesday, 29 September 2015

ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ ഈ സമരം കാണുക

മുദ്രാവാക്യം വിളികളോ ഉദ്ഘാടനപ്രസംഗമോ ഇല്ലായിരുന്നു. ഒരുസംഘം യുവാക്കള്‍; അവര്‍ കൊട്ടിയം ജങ്ഷനില്‍ മയ്യനാട് റോഡരുകില്‍ നിരന്നുനിന്നു. കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടിയിരുന്നു. പ്ലക്കാര്‍ഡുകളുമേന്തിയിരുന്നു അവര്‍. ഇതും ഒരു സമരമായിരുന്നു. പതിവ് പ്രതിഷേധങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒന്ന്. സംഘടിപ്പിച്ച രീതിയിലും ഉണ്ടായിരുന്നു വ്യത്യസ്തത. ജനകീയാവശ്യത്തിനായി ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലൂടെ നടത്തിയ സമരമായിരുന്നു ഇത്. 
അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പൊട്ടിപ്പൊളിഞ്ഞ് താറുമാറായ കൊട്ടിയം-മയ്യനാട് റോഡ് ടാറിങ് നടത്തി പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവാക്കളുടെ ഈ സമരം. തകര്‍ന്ന റോഡിന്റെ ദുരവസ്ഥ, നിരവധി ചിത്രങ്ങള്‍സഹിതം കൊട്ടിയം കണ്ടച്ചിറ മുക്ക് പ്ലാവിളവീട്ടില്‍ മുജീബ് തന്റെ ഫെയ്‌സ് ബുക്കില്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തു. റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കാന്‍ പഞ്ചായത്ത് അംഗങ്ങളും എം.എല്‍.എ. യുമൊക്കെയുള്ള ജനപ്രതിനിധികള്‍ അടിയന്തരനടപടികള്‍ എടുക്കണമെന്നായിരുന്നു ആവശ്യം. തിങ്കളാഴ്ച എട്ടുമുതല്‍ പത്തുവരെ കൊട്ടിയം ജങ്ഷനില്‍ മയ്യനാട് റോഡില്‍ നില്പുസമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. മുജീബിന് പിന്തുണയേകി കക്ഷിരാഷ്ട്രീയത്തിനതീതമായി ഒട്ടേറെ യുവാക്കള്‍ കൊട്ടിയത്ത് എത്തി. 
റോഡിന്റെ പുനര്‍നിര്‍മാണത്തിന് അടിയന്തരനടപടി എടുത്തില്ലെങ്കില്‍ കര്‍മസമിതി രൂപവത്കരിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ തീരുമാനം. 

No comments:

Post a Comment