കുട്ടിയുടെ ചികിൽസയ്ക്കായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന യുവതിയെ ബിസ്ക്കറ്റ് നൽകി മയക്കി രണ്ടരപവന്റെ മാല കവർന്ന സ്ത്രീയെക്കുറിച്ച് വ്യക്തമായ സൂചന ഇനിയും ലഭിച്ചില്ല. ആശുപത്രിയിലെ സി. സി. ടി. വിയിലെ ദൃശ്യം പൊലീസ് പുറത്തു വിട്ടെങ്കിലും പ്രതിയായ സ്ത്രീയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ 9നാണ് അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പരിചയം നടിച്ചെത്തിയ നാൽപ്പത് വയസു തോന്നിക്കുന്ന സ്ത്രീ മുള്ളപ്പള്ളി അട്ടക്കോട് ആശാലയത്തിൽ ആശയുടെ കഴുത്തിൽ കിടന്ന രണ്ടരപവന്റെ മാല അപഹരിച്ച് കടന്നത്. അയൽമുറിയിലെ രോഗിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ ആശയുമായി സൗഹൃദം സ്ഥാപിച്ചത്. ഏറെ നേരം വീട്ടുകാര്യവും നാട്ടുകാര്യവും സംസാരിച്ച ഇവർ അൽപ്പം കഴിഞ്ഞ് പുറത്തുപോയി ഫ്ളാസ്കിൽ ചായയും ബിസ്ക്കറ്റുമായി വീണ്ടും വന്നു. ആശ ആദ്യം നിരസിച്ചെങ്കിലും കൂടുതൽ നിർബന്ധിച്ചപ്പോൾ ചായയും ബിസ്ക്കറ്റും കഴിച്ചു. തുടർന്ന് സ്ത്രീ മുറിവിട്ട് പുറത്തുപോയി കുറേ കഴിഞ്ഞ് തിരികെ എത്തിയപ്പോഴേക്കും ആശ മയക്കത്തിന്റെ ആലസ്യത്തിലായിരുന്നു. വീടുവരെ പോയി വരാൻ ആശയുടെ കഴുത്തിൽ കിടന്ന മാല ഇവർ ആവശ്യപ്പെട്ടു. മാലയിൽ പിടിച്ചതേ ആശയ്ക്ക് ഒാർമ്മയുള്ളൂ. വൈകുന്നേരം ഇവരുടെ ബന്ധു എത്തിയശേഷമാണ് മയക്കംവിട്ട് ഉണർന്നതും മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതും. ഫാർമസിയിൽ നിന്നും മരുന്നുവാങ്ങി വരുന്ന സമയത്തെ ദൃശ്യമാണ് സി. സി. ടി. വിയിൽനിന്നും തിരിച്ചറിഞ്ഞത്. ഇൗചിത്രത്തിൽ ഇവരുടെ മുഖം വ്യക്തമല്ല. ഇതാണ് സ്ത്രീയെ കണ്ടെത്തുന്നതിന് തടസ്സമായത്. ചിത്രത്തിലെ രൂപ സാദൃശ്യംവച്ച് പൊലീസിന് രണ്ടു ഫോൺ കോളുകൾ വന്നെങ്കിലും അന്വേഷണത്തിൽ ആ സ്ത്രീ അല്ലെന്ന് വ്യക്തമായി. സ്ത്രീയെ തിരിച്ചറിയുന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ : 9497990034, 9497987050, 04734 224829. |
|
No comments:
Post a Comment