വിരൽത്തുമ്പിലെന്ന്ചാത്തന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റവന്യൂ വകുപ്പിലും സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യവുമാക്കാൻ ഓൺലൈൻ സംവിധാനങ്ങൾ നടപ്പാക്കിയെങ്കിലും സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നില്ല. 'സേവനങ്ങൾ വിരൽത്തുമ്പിൽ' എന്ന അധികൃതരുടെ അവകാശവാദം കടലാസിൽ മാത്രമായി ഒതുങ്ങുകയാണെന്നും ആവശ്യങ്ങൾക്കായി ഇപ്പോഴും സർക്കാർ ഓഫീസുകൾ നിരന്തരം കയറിയിറങ്ങേണ്ട അവസ്ഥയാണ്.നിരവധി സേവനങ്ങൾ ഓൺലൈനായി ലഭ്യമാണെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്
പൊതുജനങ്ങൾ. ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടും തുടർനടപടികൾ അറിയാൻ ഓഫീസുകളെ ആശ്രയിക്കേണ്ടിവരുന്നു. അപേക്ഷകളിലെ ചെറിയ പിഴവുകൾ തിരുത്തുന്നതിനും ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനും പലതവണ ഓഫീസിലെത്തേണ്ട സാഹചര്യമുണ്ട്. ഇന്റർനെറ്റ് സൗകര്യങ്ങൾ പരിമിതമായ ഗ്രാമീണ മേഖലയിലുള്ളവർക്കും സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാർക്കുമാണ് ഈ സംവിധാനം ഏറ്റവും വലിയ തിരിച്ചടിയാകുന്നത്.
റവന്യു വകുപ്പിൽ ഭൂനികുതി അടയ്ക്കുന്നതിനുള്ള കാലതാമസം, പോക്കുവരവ് നടപടികളിലെ താമസം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ഡിജിറ്റൽ സർവേയും എൻ്റെ ഭൂമി പോർട്ടലുമായി ബന്ധപ്പെട്ട പരാതികളുമാണ് ഉയരുന്നത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾക്കായി ജനങ്ങൾ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പുറകെയാണ്. പൊതുജനങ്ങൾക്ക് സഹായം നൽകുന്നതിനായി വിവിധ ഓഫീസുകളിൽ ഒരുക്കിയിട്ടുള്ള ഫ്രണ്ട് ഓഫീസ് സംവിധാനങ്ങളും പലപ്പോഴും പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന പരാതികളുണ്ട്. അപേക്ഷകളുടെ നിലവിലെ സ്ഥിതി അറിയുന്നതിനും വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും പൊതുജനങ്ങൾ പ്രയാസപ്പെടുന്നു.
ഓൺലൈൻ സേവനങ്ങൾ നടപ്പാക്കുന്നതോടൊപ്പം അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വവും ഭരണസംവിധാനത്തിനുണ്ട്. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുക, പൊതുജനങ്ങൾക്ക് വ്യക്തമായ നിർദേശങ്ങൾ നൽകുക, ഓഫീസുകളിൽ സഹായകേന്ദ്രങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ നടപടികൾ അനിവാര്യമാണ്. സാങ്കേതികവിദ്യയുടെ പേരിൽ ജനങ്ങളെ വലയ്ക്കുന്ന രീതി അവസാനിപ്പിച്ച് സർക്കാർ സേവനങ്ങൾ യഥാർത്ഥത്തിൽ ജനസൗഹൃദമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
@ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ഉയരുന്നത് ഓൺലൈൻ സംവിധാനം വഴി ഭൂനികുതി അടയ്ക്കുന്നതിലും പോക്കുവരവ് നടപടികൾ പൂർത്തിയാക്കുന്നതിലും വലിയ കാലതാമസമാണ് നേരിടുന്നത്
@ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട പരാതികളും 'എന്റെ ഭൂമി' പോർട്ടലിലെ സാങ്കേതിക തകരാറുകളും വസ്തു ഉടമകളെ വലയ്ക്കുന്നു
@ വിദ്യാർഥികൾക്ക് ആവശ്യമായ വിവിധ സാക്ഷ്യപത്രങ്ങൾ സമയബന്ധിതമായി ലഭിക്കാത്തത് ഉപരിപഠനത്തെപ്പോലും ബാധിക്കുന്നു.
@ പൊതുജനങ്ങളെ സഹായിക്കാനായി വിവിധ ഓഫീസുകളിൽ ആരംഭിച്ച ഫ്രണ്ട് ഓഫീസ് സംവിധാനങ്ങൾ പലയിടത്തും പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്. അപേക്ഷകളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ടുമുട്ടാനോ സഹായികൾ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
@ അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കുക.
@ സംശയനിവാരണത്തിന് വ്യക്തമായ നിർദേശങ്ങളും ഹെൽപ്പ് ലൈൻ സംവിധാനങ്ങളും ഒരുക്കുക.
@ ഓഫീസുകളിലെ സഹായകേന്ദ്രങ്ങൾ കാര്യക്ഷമമാക്കുക.