Friday, 10 July 2026

പിറവന്തൂരിൽ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങളായി പ്രക്ഷോഭവുമായി ബിജെപി

പിറവന്തൂരിൽ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങളായി പ്രക്ഷോഭവുമായി ബിജെപി 

പത്തനാപുരം: പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഹൈമാസ്റ്റ്, മിനിമമാസ്റ്റ് ലൈറ്റുകൾ തകരാറിലായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ബിജെപി പിറവന്തൂർ പഞ്ചായത്ത് സമിതി 
പിറവന്തൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗവും ഭരണസിരാകേന്ദ്രവുമായ അലിമുക്കിൽ തന്നെയാണ് ഈ ദുരവസ്ഥ ഏറ്റവും രൂക്ഷമായിരിക്കുന്നത്. പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന അലിമുക്ക് ജംഗ്ഷനിൽ എം.പി, എം.എൽ.എ, മറ്റ് തദ്ദേശ ഭരണ സമിതികൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ മാസങ്ങളായി പൂർണ്ണമായും കണ്ണടച്ചിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി വന്നുപോകുന്ന, പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ കേന്ദ്രം പോലും രാത്രിയായാൽ പൂർണ്ണമായും ഇരുട്ടിലാകുന്ന അവസ്ഥയാണ്.
​ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സംവിധാനങ്ങൾ സ്വന്തം മൂക്കിനു താഴെ തകർന്നു കിടന്നിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അലിമുക്ക് ഉൾപ്പെടെയുള്ള പ്രധാന ജംഗ്ഷനുകളിൽ വെളിച്ചമില്ലാത്തത് വ്യാപാരികളെയും രാത്രികാല യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്. കൂടാതെ സാമൂഹികവിരുദ്ധരുടെ ശല്യവും ഈ ഭാഗങ്ങളിൽ വർദ്ധിച്ചുവരികയാണ്.
​ജനങ്ങളുടെ നികുതിപ്പണം വകമാറ്റി സ്ഥാപിച്ച ഈ ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തി അടിയന്തരമായി പ്രകാശിപ്പിക്കാൻ അധികൃതർ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ബിജെപി
പഞ്ചായത്ത്‌ സമിതി കൺവീനർ 
ചേകം രഞ്ജിത്ത് മുന്നറിയിപ്പ് നൽകി.

No comments:

Post a Comment