കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ട്
78,57,44,781രൂപ വരവും 755700000 രൂപ ചിലവും, 300,44,781 രൂപ മിച്ചവും
പ്രതീക്ഷിക്കുന്ന ഭാവനാസമ്പന്നമായ ഒരു ബജറ്റാണ് വൈസ് പ്രസിഡന്റ് ശ്രീ. എസ്. സത്യപാലൻ അവതരിപ്പിച്ചത്.
പരിമിതമായ വിഭവങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ കോർത്തിണക്കി സമസ്ത മേഖലകളേയും സ്പർശിക്കുന്ന ഏറെ പ്രത്യേകതകളുള്ള ബജറ്റാണ് ഇത് എന്ന് നിസ്സംശയം പറയാം. കേവലം സംഖ്യകൾ കൊണ്ടുള്ള ഒരു വരച്ചു കാട്ടലിനേക്കാൾ സൂക്ഷ്മമായി അപഗ്രഥനം നടത്തി ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പരമാവധി ഇടപെട്ടുകൊണ്ടുള്ള ഒരു ആസൂത്രണം ഈ ബജറ്റിൽ കാണാൻ കഴിയും. പ്രാഥമിക ആവശ്യങ്ങളായ പാർപ്പിടവും കുടിവെള്ളവും ആരോഗ്യ സംരക്ഷണവും വൃത്തിയായ പരിസരവും ഒപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനും ഈ ബജറ്റ് പ്രത്യേക ഊന്നൽ നൽകുന്നു.
ലൈഫ് പദ്ധതിയുടെ നിലവിലുള്ള ഗുണഭോക്താക്കളിൽ അർഹതപ്പെട്ടവർക്ക് മുഴുവൻ ധനസഹായം നൽകുകയും, 2020 ൽ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുകയും, മുഴുവൻ പേർക്കും സമയബന്ധിതമായി സഹായമെത്തിക്കുന്നതിനുള്ള മതിയായ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം വീടുകളുടെ അറ്റകുറ്റപ്പണിക്കായി ഏറ്റവും അർഹമായ എല്ലാ വിഭാഗം ആൾക്കാർക്കും അതിനുള്ള തുകയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനായി പര്യാപ്തമായ തുക നീക്കിവയ്ക്കുകയും ജലജീവൻ മിഷൻ പദ്ധതിയിലൂടെ 2024-ൽ എല്ലാവർക്കും കുടിവെള്ളം എത്തിക്കാനുള്ള തീവ്ര ശ്രമത്തിന് പഞ്ചായത്ത് വിഹിതവും വകയിരുത്തിയിട്ടുണ്ട്.
അതോടൊപ്പം നിലവിലുളള കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണിയും ഏറ്റെടുത്ത് കുടിവെള്ള ലഭ്യത നൂറു ശതമാനം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമായ തുക വകയിരുത്തിയിട്ടുണ്ട്.
സമഗ്ര വിദ്യാഭ്യാസ പുരോഗതി മുൻനിർത്തിയുള്ള പദ്ധതികൾക്കും സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തലമുറയിലൂടെ സാദ്ധ്യമാക്കുന്നതിനുള്ള ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികൾക്കായും തുകവകയിരുത്തിയിട്ടുണ്ട്.അതിനനുസരിച്ചിട്ടുള്ള പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ മേഖലയെ എല്ലാ അർത്ഥത്തിലും ജനങ്ങൾക്ക് പ്രാപ്യവും ലളിതവുമാക്കി മാറ്റുന്നതിന് എല്ലാ ചികിത്സാരീതികളും പ്രയോജനപ്രദമാക്കുന്നതിന് മതിയായ തുക വിഭാവനം ചെയ്യുന്നു.
മാലിന്യനിർമ്മാർജ്ജനവും ഉറവിട സംസ്കരണവും സാർത്ഥകമാക്കുന്നതിന് വളരേയേറെ പ്രാധാന്യം ഈ ബഡ്ജറ്റ് നൽകിയിട്ടുണ്ട്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക മാലിന്യ സംസ്കരണ മാതൃകകൾ ബജറ്റ് വിഭാവനം ചെയ്യുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ആസ്തികളുടെ നിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തൊഴിലാളികളുടെ കൂട്ടായ്മകൾ രൂപീകരിച്ച് അവർ വഴി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രാരംഭമെന്ന നിലയിൽ ഫണ്ട് ലഭ്യമാകുന്നതുവരെ അവർക്ക് സഹായകരമാകുന്ന രീതിയിൽ റിവോൾവിംഗ് ഫണ്ട് വിതരണം ചെയ്യുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. ചെറുകിട സൂക്ഷ്മ സംരംഭങ്ങൾക്ക് 50 ലക്ഷം വകയിരുത്തുകയും കുടുംബശ്രീ സംരംഭങ്ങൾക്കും റിവോൾവിംഗ് ഫണ്ട് വകയിരുത്തുകയും ചെയ്യുക വഴി പ്രാദേശിക സാമ്പത്തിക വികസനം സാദ്ധ്യമാക്കാൻ ബജറ്റിൽ വലിയൊരു തുക മാറ്റിവച്ചിട്ടുണ്ട്. പ്രാദേശിക സാമ്പത്തിക വികസനത്തിന് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ ഈ ബജറ്റിൽ കൂടുതൽ ശ്രദ്ധ നൽകിയിട്ടുണ്ട്. ഒരു ഉപഭോക്തൃ സംസ്കാരത്തിൽ നിന്ന് വ്യതിചലിച്ച് ഉല്പാദന സംസ്കാരം വളർത്തിയെടുക്കുന്നതിന് ബജറ്റ് സവിശേഷം ശ്രദ്ധ നൽകുന്നു. കാർഷിക മേഖലയിൽ നടപ്പാകുന്ന പദ്ധതികൾക്കാവശ്യമായ തൈകളുടെയും ഫലവൃക്ഷങ്ങളും നാണ്യവിളകളുടെയും ഉല്പാദന യൂണിറ്റുകളും ഭക്ഷ്യ സംസ്കരണ യൂണിറ്റുകളും ചെറുകിട വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നതിനും അതുവഴി പ്രാദേശികമായി സാമ്പത്തിക വികസനവും ബജറ്റ് വിഭാവനം ചെയ്യുന്നു.
കലാകായിക പ്രോത്സാഹനത്തിനും ഭിന്നശേഷി വയോജന സൗഹൃദ പ്രവർത്തനങ്ങൾക്കും യുവജനക്ഷേമത്തിനും മതിയായ തുകകൾ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ചുരുക്കത്തിൽ അടുത്ത വർഷത്തെ വികസന പദ്ധതികൾ ബജറ്റുമായി കോർത്തിണക്കി എല്ലാ മേഖലകളേയും അഭിമുഖീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് പരിഹാരം കാണത്തക്കരീതിയിലുള്ള ബജറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുദീപ അധ്യക്ഷത വഹിച്ചു
വൈസ് പ്രസിഡന്റ് എസ്, സത്യപാലൻ,
സെക്രട്ടറി ബിജു ശിവദാസൻ,
ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു ലക്ഷ്മൺ, ശാന്തിനീ. എൻ, രജിതകുമാരി, സുഭദ്രാമ, ചന്ദ്രികടീച്ചർ എന്നിവർ പങ്കെടുത്തു.
No comments:
Post a Comment