Thursday, 9 December 2021

നല്ല ഉദ്ദേശ്യത്തോടെ വന്നതാണ്, ഇപ്പോൾ ഊരുവിലക്ക് പോലെ

നല്ല ഉദ്ദേശ്യത്തോടെ വന്നതാണ്, ഇപ്പോൾ ഊരുവിലക്ക് പോലെ
 ഡോ. പ്രഭുദാസുമായി അഭിമുഖം

Dr.Prabhudas Interview Attappadi Infant deaths ഡോ.പ്രഭുദാസ്  

ആരോഗ്യമന്ത്രി അട്ടപ്പാടിയിൽ വന്നപ്പോൾ ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിൽ ബോധപൂർവം മാറ്റി നിർത്തുകയായിരുന്നു എന്ന ആരോപണം താങ്കൾ ഉന്നയിച്ചിരുന്നല്ലോ? എന്താണ് ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനിടയിൽ സംഭവിച്ചത് ?

ഡിസംബർ ഒന്നിന് ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ ഒരു സൂം മീറ്റിങ് ഉണ്ടായിരുന്നു. ട്രൈബൽ മിനിസ്റ്ററും ഹെൽത്ത് മിനിസ്റ്ററും ഹെൽത്ത് സെക്രട്ടറിയുമെല്ലാം ആ യോഗത്തിൽ ഉണ്ടായിരുന്നു. അന്ന് യോഗത്തിൽ കുറേകാര്യങ്ങൾ എന്നോട് ചോദിക്കുകയും അതിന് ഞാൻ മറുപടി നൽകുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഹെൽത്ത് സെക്രട്ടറി പറഞ്ഞു, ഡോ. പ്രഭു നിങ്ങൾ ഈ ഡോക്യുമെന്റ്സ് എല്ലാമായി ഡിസംബർ 4-ന് തിരുവനന്തപുരത്ത് വരണം എന്ന് പറഞ്ഞു. യോഗത്തിൽ ഒറ്റപ്പാലം സബ് കളക്ടർ ഉൾപ്പടെയുളളവർ ഉണ്ടായിരുന്നു. രേഖകൾ പരിശോധിച്ച് നടപടി എടുക്കേണ്ടതെല്ലാം അവിടെ നിന്നാകാം എന്നാണ് പറഞ്ഞത്. ഞാൻ ഡിസംബർ 2-ന് കോട്ടത്തറയിൽനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. കൊല്ലത്താണ് വീട്. അവിടെ തങ്ങി രാവിലെ തിരുവനന്തപുരത്തേക്ക് പോകാമെന്നാണ് കരുതിയത്. എവിടെയാണ് മീറ്റിങ് എന്നറിയുന്നതിന് വേണ്ടി മൂന്നിന് രാത്രി ഹെൽത്ത് ഡയറക്ടറെ വിളിച്ചു. പക്ഷേ, സാർ ഫോണെടുത്തില്ല. പിന്നീട് ഹെൽത്ത് സെക്രട്ടറിയുടെ ഓഫീസിൽ വിളിച്ചു അവർ ഹെൽത്ത് സെക്രട്ടറിക്ക് മെസേജ് കൊടുത്തു. പക്ഷേ, അപ്പോഴും മറുപടി ലഭിച്ചില്ല. എങ്കിലും പിറ്റേന്ന് രാവിലെത്തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. തിരുവന്തപുരത്തേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തെ കുറിച്ച് മാധ്യമപ്രവർത്തകർ പറഞ്ഞ് അറിയുന്നത്. ഉടൻ ഞാൻ അതേ വണ്ടിയിൽ പാലക്കാട്ടേക്ക് വന്നു. പക്ഷേ, അട്ടപ്പാടിയിൽ എത്തുമ്പോൾ ആറു മണിയായി, എല്ലാവരും പോയിക്കഴിഞ്ഞിരുന്നു.

ശിശുമരണത്തെ കുറിച്ച് അന്വേഷിക്കാൻ വരുമ്പോൾ അതിന്റെ കേസുകളും അതിന്റെ കാരണങ്ങളും ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷൻ, ലേബർ റൂം, കുട്ടികളുടെ ഐ.സി.യു., കുട്ടികളുടെ വാർഡ് അവിടെ എന്താണ് നടന്നത് ഇക്കാര്യങ്ങളാണല്ലോ അന്വേഷിക്കേണ്ടത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. മന്ത്രിയുടെ കൂടെ വന്ന രണ്ട് എച്ച്എംസി മെമ്പർമാർ അവരെ പണി നടന്നുകൊണ്ടിരിക്കുന്ന നാലാമത്തെ നിലയിലേക്കാണ് കൊണ്ടുപോയത്. നാലാമത്തെ നിലയിലേക്ക് റാമ്പോ ലിഫ്റ്റോ ഇല്ല. കഴിഞ്ഞ സർക്കാരിന്റെ അവസാനനാളിൽ അതായത് മാർച്ചിൽ ആശുപത്രിയിലെ പുതുതായി പണിതീർത്ത എല്ലാം കൂടെ ഒന്നിച്ച് ഉദ്ഘാടനം ചെയ്തതാണ്. അവിടേക്ക് വാങ്ങിയ ആ സാധനങ്ങളുടെ 35 ലക്ഷം രൂപയോളം ബിൽ വന്നിട്ടുണ്ട്. എന്നാൽ ലിഫ്റ്റോ റാമ്പോ ഇല്ലാത്തതുകാരണം അവിടെ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് സുരക്ഷിതമല്ല. പെട്ടെന്ന് അവരെ താഴെ ഇറക്കേണ്ടി വരികയാണെങ്കിൽ പടികളിലൂടെ വീൽ ചെയറിലോ സ്ട്രക്ചറിലോ ഇറക്കിക്കൊണ്ടുവരുന്നത് എളുപ്പമല്ല. അങ്ങനെ ചെയ്യുന്നതിനിടയിൽ വല്ലതും പറ്റിപ്പോയാൽ കൊലപാതകത്തിന് കൂടി നമ്മൾ സാക്ഷികളാകും. (അന്നുമുതൽ ലിഫ്റ്റിനുവേണ്ടി എഴുതി തുടങ്ങിയിട്ട് കഴിഞ്ഞ ദിവസമാണ് അത് പാസായി വന്നത്.) അത് പണികഴിപ്പിച്ച് ഉപയോഗിക്കാതിരിക്കുന്നതിനിടയിലാണ് കോവിഡ് വരുന്നത്. എട്ട് വെന്റിലേറ്ററുളള കോവിഡ് ഐ.സി.യുവാണ് ഉണ്ടായിരുന്നത്. ഈ നിലയിലെ കട്ടിലും ഉപകരണങ്ങളും കോവിഡിന്റെ ആവശ്യങ്ങൾക്കായും വാർഡിലെ മറ്റുളള ആവശ്യങ്ങൾക്കായിട്ടും മാറ്റി. അത് അന്നുമുതൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കിയുളളവ മാത്രമേ നാലാം നിലയിലുളളു. അതു കൊണ്ടുകാണിച്ചിട്ടാണ് പറയുന്നത് 35 ലക്ഷം രൂപയുടെ സാധനങ്ങൾ നോക്കൂ, ഇത്ര മാത്രമേ ഉളളൂ ബാക്കിയൊന്നും കാണാനില്ല എന്ന്. അന്ന് സ്റ്റോക്കെടുത്തത് അന്നത്തെ ഫാർമസിസ്റ്റും ഹെഡ് നഴ്സുമാരുമാണ്. ഇപ്പോഴുളളത് പുതിയ ഫാർമസിസ്റ്റും പുതിയ ഹെഡ് നഴ്സുമാണ് അവരോട് ചോദിക്കുമ്പോൾ അവർ എങ്ങനെയാണ് ഇക്കാര്യത്തിൽ മറുപടി പറയുന്നത് ? സ്വാഭാവികമായും അവിടെ വ്യക്തതക്കുറവ് ഉണ്ടാകും. അതുകേട്ട ഉടനെ അന്വേഷിച്ച് നടപടി എടുക്കാൻ പറഞ്ഞതായും കേൾക്കുന്നു. ഇതാണ് ചില മാധ്യമങ്ങൾ വാർത്തയാക്കിയത്.

താങ്കൾ ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടും ഇക്കാര്യത്തിൽ വിശദീകരണം ആരാഞ്ഞില്ലേ?

സർക്കാരിന്റെ നോഡൽ ഓഫീസറാണ് ഞാൻ. അപ്പോൾ ഇതിന് മറുപടി കൊടുക്കേണ്ടത് ഞാനും കൂടിയാണ്. ഞാൻ ഇവിടെ ഇല്ലെങ്കിൽ എന്നോട് വിളിച്ചെങ്കിലും ചോദിക്കണ്ടേ. ഇതുവരെ ഒരാളും അതിനുവേണ്ടി വിളിച്ചിട്ടില്ല. എന്തോ വിലക്ക് കൽപിച്ചതുപോലെയാണ് എനിക്ക് തോന്നുന്നത്. ഊരുവിലക്ക് എന്നുപറയുന്നത് പോലെ.

ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ മെമ്പർമാർ ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുന്ന ആരോപണം താങ്കൾ ഉയർത്തിയിരുന്നല്ലോ? താങ്കൾക്കെതിരേയും അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു?

കാന്റീനിലേക്ക് വാങ്ങിച്ച വിറകിന്റെ ചാരമില്ലത്രേ. എനിക്ക് സൂപ്രണ്ടിന്റെ പണിയാണോ അവിടെ പോയി വിറകിന്റെ എണ്ണമെടുക്കാൻ. കഴിഞ്ഞ അഞ്ചു വർഷം എൽ.ഡി.എഫ്. തന്നെയാണ് ഇവിടെ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും എൽ.ഡി.എഫ്. തന്നെയാണ് ഭരിക്കുന്നത്. ഇവരു തന്നെയാണ് കാന്റീൻ നടത്തുന്നതും. അവരുടെ സ്റ്റാൻഡിങ് കമ്മിററി ചെയർമാനും സൂപ്രണ്ടും ബ്ലോക്ക് പ്രസിഡന്റും കൂടിയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. എന്റെയും ബ്ലോക്ക് പ്രസിഡന്റിനെയും ജോയിന്റ് അക്കൗണ്ട് ആണെന്നേയുളളൂ. വിജിലൻസിനെ വെച്ച് അന്വേഷിച്ച് അവർക്ക് നടപടിയെടുത്തൂകൂടെ?

ഓഡിറ്റ് ഒബ്ജക്ഷനെ കുറിച്ചു പറയുകയാണെങ്കിൽ ബ്ലോക്ക് പഞ്ചായത്തിൽ ഫൈനൽ ബില്ലാണ് കൊടുക്കുന്നത്. അതാണ് ഓഡിറ്റിന് എടുക്കുന്നത്. അതിനോട് അനുബന്ധമായിട്ടുളള ക്വട്ടേഷൻ, ടെണ്ടർ എല്ലാം ഞങ്ങളുടെ ഓഫീസിൽ ആണ് ഇരിക്കുന്നത്. അതുകൊണ്ടുവന്ന് പ്രൊഡ്യൂസ് ചെയ്യാൻ ഞങ്ങളോട് ആരും ആവശ്യപ്പെട്ടിട്ടില്ല. ഓഡിറ്റ് ഒബ്ജക്ഷന്റെ പേപ്പർ വന്നത് ഇവർ കൈയിൽ വെച്ചിരുന്നു. ഞാൻ വിളിച്ചപ്പോൾ പറയുന്നത് ഞങ്ങൾക്ക് തരാൻ വേണ്ടി കൊടുത്തതാണ്, ഡോക്ടർക്ക് കിട്ടിയില്ലേ എന്നാണ് ഓഡിറ്റ് ചെയ്യുന്നവർ ചോദിക്കുന്നത്. പിന്നീട് അവർക്ക് വേണ്ട രേഖകൾ എല്ലാം കൊടുത്തു, അത് ഒപ്പിട്ട് തന്നിട്ടുണ്ട്. ഒബ്ജക്ഷൻ അങ്ങനെ മാറിപ്പൊയ്ക്കോളൂം. അതിൽ വേറെ പ്രശ്നമൊന്നുമില്ല. പക്ഷേ ബ്ലോക്കിൽനിന്ന് വന്ന സാധനം ഇപ്പോഴാണ് അവർ ഞങ്ങൾക്ക് തരുന്നത്. എന്നെയും ആശുപത്രിയെയും മാത്രം ഉന്നംവെച്ചുകൊണ്ടുളള പരിപാടിയാണ്. ഈ ആശുപത്രി എന്നുപറയുന്നത് 2007-ൽ വെറുമൊരു കെട്ടിടമായി തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ ഈ രീതിയിൽ ആയതിന് പിറകിൽ കൂട്ടായ പ്രവർത്തനമുണ്ട്.

ഞാൻ ഒറ്റയ്ക്കൊന്നുമല്ല. ഞാൻ നേതൃത്വം നൽകിയെന്നത് ശരിയാണ്. പക്ഷേ ഇത്രയും ജനങ്ങളും ജീവനക്കാരും കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ടും എല്ലാം ഉപയോഗിച്ചിട്ട് ഗുണനിലവാരത്തിലേക്ക് ഉയർന്നത്. കേന്ദ്ര സർക്കാരിന്റെ ചെക്ക്പോയിന്റ് വന്ന് അതിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പാലക്കാട് നിന്നുളള ഏകസ്ഥാപനമാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ ഇടപെടലാണ് അതിന് ഏറ്റവും പ്രയോജനപ്പെട്ടത്. അത് ചെയ്തതും ഈ സർക്കാർ തന്നെയാണ്. എല്ലാ സർക്കാർ പദ്ധതികളും നമ്മളിവിടെ നടപ്പിലാക്കുന്നുണ്ട്. ഇത്രയും നടപ്പലാക്കി, ഇത്രയും സർവീസ് കൊടുക്കുന്നത് കൊണ്ടാണ് ഇവിടെ ശിശുമരണനിരക്ക് ഇത്രയും കുറഞ്ഞിരിക്കുന്നത്. അല്ലെങ്കിൽ കാണാമായിരുന്നു എന്തുമാത്രം മരണങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന്. ജനങ്ങൾക്കു വേണ്ടി ഇത്രയും ചെയ്യാൻ ശ്രമിക്കുമ്പോൾ ഇവർ എന്താണ് ചെയ്യുന്നത്? വിറകു മേടച്ചതും ഓഡിറ്റ് ഒബ്ജക്ഷനും ശിശുമരണവും തമ്മിൽ എന്താണ് ബന്ധം? ശിശുമരണത്തിന്റെ കാര്യം അന്വേഷിക്കാൻ വരുമ്പോൾ അതിന് അടിയന്തരമായ നടപടിയെടുക്കുക. ഇത് മറ്റൊരു സമയത്ത് അന്വേഷിച്ച് നടപടി എടുക്കട്ടേ. ഇതെല്ലാം കൂടി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമെന്താണ്.

പച്ചക്കറിയും സാധനങ്ങളും ആശുപത്രിയിൽ തരുന്നതിനും മറ്റും ബിൽ മാറുമ്പോഴത്തേക്ക് ഇവർക്ക് എല്ലാറ്റിനും കാശു കൊടുക്കണമത്രേ. അതിന് സ്ത്രീകൾ ഉൾപ്പടെ നിരവധി പരാതികൾ തന്നിട്ടുണ്ട്. അതെല്ലാം കളക്ടർക്കും ഡി.എം.ഒയ്ക്കും ഫയൽ ചെയ്ത് കൊടുത്തിട്ടുളളതുമാണ്. അത് സംസാരിച്ചു തീർക്കാം എന്ന് പറഞ്ഞിട്ടുളളതാണ്. ഓരോ ബില്ലിനും കൈക്കൂലി ഇതിവിടെ നടക്കില്ലെന്ന് കർശനമായി പറഞ്ഞതിനാണ് പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. അതിന്റെ രേഖകളും പരാതികളും വിജിലൻസോ ആരു വന്നാലും കൊടുക്കാം. ഇനി ഇത് നന്നാക്കിയതിന്റെ പേരിൽ എന്തു കുറ്റമാണെങ്കിലും അത് ഏറ്റെടുക്കാനും തയ്യാറാണ്.

ഞായറാഴ്ച മാത്രമാണ് സ്കാനിങ്, റേഡിയോളജിസ്റ്റ് ഇല്ല തുടങ്ങി നിരവധി വെല്ലുവിളികൾ കോട്ടത്തറ ആശുപത്രി നേരിടുന്നുണ്ടല്ലോ?

സ്കാനിങ്ങിന് രണ്ടു മെഷീനുണ്ട്, റേഡിയോളജിസ്റ്റ് രണ്ടാഴ്ച കൂടുമ്പോഴാണ് വരുന്നത്. ഒരിക്കൽ ഒരു ഗർഭിണിയെ സ്കാനിങ് നടത്തുമ്പോഴാണ് കുഞ്ഞിൽനിന്ന് അമ്മയിലേക്ക് ബ്ലഡ് ഫ്ളോ കണ്ടെത്തിയത്. അമ്മയിൽനിന്ന് കുഞ്ഞിലേക്കാണ് പോകേണ്ടത് തിരിഞ്ഞുപോയാൽ 48 മണിക്കൂറിനുളളിൽ കുട്ടി മരിച്ചേക്കാം. ഇത്തരം കേസുകൾ കണ്ടാൽ ഉടൻ സിസേറിയൻ ചെയ്യണം. ഇവരാണെങ്കിൽ പോകാൻ തയ്യാറല്ല. 12 മണി മുതൽ 4 മണി ഞങ്ങൾ നാല് ഡോക്ടർമാർ കൂടെ ഇരുന്ന് സംസാരിച്ചാണ് അവരെ ബോധ്യപ്പെടുത്തിയത്. ഞങ്ങളിലൊരാൾ കൂടെ വരാമെന്ന് പറഞ്ഞപ്പോൾ അവർ പോകാൻ തയ്യാറായി. തൃശ്ശൂരെത്തിച്ച് രാത്രി തന്നെ സിസേറിയൻ ചെയ്തു. ഇപ്പോൾ ആ കുട്ടി നന്നായിരിക്കുന്നു, ഇവിടെയുണ്ട്. കുഞ്ഞിന് രണ്ടരക്കിലോ ആയിട്ട് വേണം ഇവിടെ നിന്ന് വീട്ടിലേക്കയക്കാൻ. നോക്കൂ അന്നുവരാൻ കഴിഞ്ഞില്ല പിന്നെ സ്കാനിങ് ഉളള രണ്ടാഴ്ച കഴിഞ്ഞാണ് അവർ വരുന്നതെങ്കിലോ? കുട്ടി മരിച്ചിരിക്കും. ഗർഭസ്ഥ ശിശുമരണം ഒന്നു കൂടിയാകുമായിരുന്നു. അതുകൊണ്ടാണ് റേഡിയോളജിസ്റ്റ് വേണമെന്ന് പറയുന്നത്. ഇതിപ്പോൾ പറയുന്നതല്ല എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. അതുപോലെ ഭാരം കുറഞ്ഞ കുഞ്ഞുങ്ങളെ നോക്കാൻ ഒരു നിയോ നാറ്റോളജിസ്റ്റ് വേണം. സി.ടി. സ്കാൻ ഇവിടെ ഇല്ല. റഫർ ചെയ്യുകയാണ്. അറ്റാക്ക് വന്നാലോ സ്ട്രോക്ക് വന്നാലോ മൂന്നു മണിക്കൂറിനുളളിൽ എത്തിച്ചാലേ രക്ഷപ്പെടൂ. ഈ റോഡിലൂടെ എങ്ങനെ മൂന്നു മണിക്കൂറിനുളളിൽ വേറെ ആശുപത്രിയിൽ എത്തിക്കും.

2013-ലാണ് ശിശുമരണങ്ങളെ തുടർന്ന് 72 പുതിയ പോസ്റ്റുകൾ സൃഷ്ടിക്കുന്നത്. അതിൽ 18 ഡോക്ടർമാർ ഉണ്ട്. അതിനകത്ത് 9 പേർ ജൂനിയർ കൺസൾട്ടന്റ് തസ്കികയിലുളള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരാണ്. അവർ രണ്ടോ മൂന്നോ വർഷം പരിചയമുളളവർ മാത്രമാണ്. നോർമൽ ഡെലിവറിയും നോർമൽ സിസേറിയനും ഇവർക്ക് ചെയ്യാം. മറിച്ച് ഏഴാം മാസം അല്ലെങ്കിൽ എട്ടാം മാസം പെട്ടെന്ന് സിസേറിയൻ ചെയ്യേണ്ടി വരുന്നു, ഭാരം കുറവുളള കുഞ്ഞ് ജനിക്കുന്നു. ഇതെല്ലാം കൈകാര്യം ചെയ്യാൻ ഇവിടെ സീനിയർ പീഡിയാട്രീഷനോ സീനിയർ ഗൈനക്കോളജിസ്റ്റോ ഒന്നുമില്ല. 2017 തൊട്ട് കോടതി പറയുന്നതാണ് ആ പോസ്റ്റുകൾ കൊടുക്കാൻ. പക്ഷേ, ഇതുവരെ വന്നിട്ടില്ല. അതിനുപുറമേ വേറേ ചില പോസ്റ്റുകളും ആവശ്യപ്പെട്ടിരുന്നു, അതും വന്നിട്ടില്ല. അപ്പോൾ ഈ സൗകര്യങ്ങൾ ഇവിടെയില്ല. കുട്ടികൾക്കുളള ഐ.സി.യു. ഇല്ല. നവജാത ശിശുക്കളുടെ ഐ.സി.യുവിലെ വെന്റിലേറ്റർ കേടായിക്കൊണ്ടിരിക്കുകയാണ്. അത് മാറ്റിത്തരാനോ അപ്ഡേറ്റ് ചെയ്യാനോ നടപടി ഇല്ല. പഴയ ഉപകരണങ്ങൾ മാറ്റി നവീകരിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ ഇല്ല, ആവശ്യത്തിന് ജീവനക്കാർ ഇല്ല. ഇതാണ് ആശുപത്രിയുടെ സ്ഥിതി. അപ്പുറത്തും ഇപ്പുറത്തും ഉളള ആശുപത്രിയിലെ ഡോക്ടർമാരെ ഇങ്ങോട്ട് ഡെപ്യൂട്ട് ചെയ്തിട്ടാണ് കാര്യങ്ങൾ നടത്തുന്നത്.

റഫർ ചെയ്യുന്ന ആശുപത്രിയെന്ന ആരോപണമുണ്ടല്ലോ?

ഇപ്പോൾ തന്നെ 120-ഓളം ഐ.പിയുണ്ട്. നമുക്കു പറ്റാത്തത് റഫർ ചെയ്യണ്ടേ? പറ്റാത്ത കാരണങ്ങൾ കൊണ്ടാണ് റഫർ ചെയ്യുന്നത്. ആളുകൾ തെറ്റിദ്ധരിച്ചു കൊണ്ടിരിക്കുകയാണ്. കാർഡിയോളജിസറ്റും കാത്ത്ലാബും സി.ടി. സ്കാനും പിന്നെ ലേബർ റൂമിലും കുട്ടികളുടെ കാര്യത്തിലും അത്യാവശ്യം സൗകര്യങ്ങളും ആക്കിക്കഴിഞ്ഞാൽ 95 ശതമാനം റഫറൻസ് ഒഴിവാക്കിക്കിട്ടും.

അട്ടപ്പാടി ശിശുമരണം വർഷങ്ങളായി വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ഇതിന് ഒരു ശാശ്വത പരിഹാരം?

ഫീൽഡിൽ കമ്യൂണിററി കിച്ചനും ഫീഡിങ്ങും അടിയന്തര നടപടി എന്നുപറഞ്ഞ് തുടങ്ങിയതിന്റെ ഭാഗമായിട്ട് ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ജനിക്കുന്നത് കുറഞ്ഞിരുന്നു, എന്നാലും ഉണ്ട്. പക്ഷേ, രണ്ടു വർഷം കോവിഡ് ആയപ്പോൾ ആരും വീട്ടിൽ പോയി നോക്കാൻ ഉണ്ടായിരുന്നില്ല. മറ്റേത് ഞങ്ങൾ ഓരോ വീട്ടിലും കയറി നോക്കും. ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞാൽ അടുക്കളയിൽ കയറി ഭക്ഷണം വെച്ചിട്ടുണ്ടോ എന്നെല്ലാം നോക്കി ബാക്കി വെക്കാനുളള സാധനങ്ങളുണ്ടോ എന്നെല്ലാം പരിശോധിക്കുമായിരുന്നു. പക്ഷേ കോവിഡ് വന്നപ്പോൾ അത് പറ്റുന്നില്ല. കമ്യൂണിറ്റി കിച്ചനും നിന്നു. നാട്ടിലാണെങ്കിൽ ഒരു ഗർഭിണിക്ക് എന്തെല്ലാം കൊടുക്കും. പാലും പഴവും മുട്ടയും പയറുവർഗങ്ങളും ഇറച്ചിയും മീനും എല്ലാം നൽകില്ലേ. ഇതൊന്നും ഇവർക്ക് കിട്ടുന്നില്ല. പിന്നെ എങ്ങനെ തൂക്കം വരാനാണ്. കിട്ടുന്ന അരിയും തക്കാളിയും പരിപ്പും വെച്ച് കഴിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് ലഭിക്കുന്ന പോഷകാഹാരം മെച്ചപ്പെടുത്താനുളള നടപടികളാണ് വേണ്ടത്.

എന്റെ ഇവിടെയുളള ഇത്രയും കാലത്തെ അനുഭവത്തിൽ തോന്നുന്നത് ജലസേചനവും മറ്റും കൊടുത്ത് ഇവർക്കുളള ഭൂമിയിൽ കൃഷി ചെയ്യാനുളള സഹായങ്ങൾ ചെയ്യുകയാണ് വേണ്ടതെന്നാണ്. ഓരോ ഊരിലും 500 ആൾക്കാരുണ്ട്. ഓരോ ഊരിലും ഒരു കാലികളുടെ ഫാമോ കോഴി ഫാമോ മീനുകളുടെ ഫാമോ തുടങ്ങാം. ഇതെല്ലാം തൊഴിലുറപ്പും വിവിധ വകുപ്പുകളുടെ പദ്ധതികളുമായി കോർഡിനേറ്റ് ചെയ്താൽ ആ ഊരിനുളള പാലും മുട്ടയും പച്ചക്കറിയും അവിടെത്തന്നെ കിട്ടും. ഒന്നിച്ചിരുന്ന് കഴിക്കാം. ഇതിപ്പോൾ ഭാരം കുറഞ്ഞ കുഞ്ഞിനെ നമ്മൾ പിടിച്ചുകൊണ്ടുവന്ന് വെച്ച് ഭക്ഷണം കഴിപ്പിച്ച് ഭാരം വെപ്പിച്ച് വിടും. പക്ഷേ, അടുത്ത തലമുറയിൽ ഭാരമില്ലാതെ കുട്ടികൾ വന്നുകൊണ്ടിരിക്കും. അതിലും നല്ലത് എല്ലാവർക്കും വീട്ടിലിരുന്ന് കഴിക്കുന്ന സാഹചര്യം ഉണ്ടാകണം.

ഇവരുടെ ഉല്പാദനത്തിൽ ബാക്കി വരുന്നത് ഇവർക്ക് വിൽക്കാമല്ലോ. പഠിക്കാത്ത ഊരുനിവാസികൾക്ക് പശുവിനെയു മാടിനെയും കോഴിയെയും നോക്കാനാവും. പഠിച്ച പിളളേർക്കെല്ലാം ഇതിന്റെ അക്കൗണ്ടിങ് ഉൾപ്പടെയുളള തൊഴിലവസരങ്ങൾ ലഭിക്കും. അങ്ങനെ സമഗ്രമായ ഒരു വികസന പദ്ധതി തന്നെ വരും. വിവിധ വകുപ്പുകളിൽ നിന്ന് ഇപ്പോൾ കിട്ടുന്ന ഫണ്ട് തന്നെ മതി. ഇതു നടപ്പാക്കാൻ കൂടുതൽ ഒന്നുംവേണ്ട. അതൊന്ന് കോർഡിനേറ്റ് ചെയ്ത് ഓരോ ഊരിനായി പ്രയോജനപ്പെടുത്തിയാൽ മതി. അതിനാണ് ഇതെല്ലാം കോർഡിനേറ്റ് ചെയ്യാൻ പറ്റുന്ന ഐ.എ.എസ്. തലത്തിലുളള കോർഡിനേറ്റർ വേണം എന്ന ആവശ്യം ഉന്നയിക്കുന്നത്. ഇത്തരത്തിലുളള ഗ്രൗണ്ട് റിയാലിറ്റികൾ നിലനിൽക്കേയാണ് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് എന്നുളളതാണ് ദൗർഭാഗ്യം.

ആദിവാസികളുടെ ശിശുമരണ നിരക്ക് അട്ടപ്പാടിയിൽ 33 ആണ്. കേരളത്തിൽ അത് ആറാണെങ്കിൽ അട്ടപ്പാടിയിലെ തന്നെ ആദിവാസി ഇതരസമൂഹത്തിൽ 2 മാത്രമാണ്. അതുകൊണ്ട് ആദിവാസികളുടെ യഥാർഥ പ്രശ്നം ഡബ്ല്യുഎച്ച്ഒ, യുണിസെഫ്, മെഡിക്കൽ കോളേജിലെ വിദഗ്ധരെ എല്ലാം വെച്ച് കൃത്യമായി പഠിച്ചുവേണം മുന്നോട്ടുപോകാൻ. എന്നാൽ മാത്രമേ സമഗ്ര നടപടികളായിട്ട് ഇവിടുത്തെ പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ സാധിക്കൂ. ഇത് മനസ്സിലാക്കാതെ അതിന് വേണ്ട നടപടികൾ എടുക്കാതെ എന്റെ മേലെ ആരോപണം വെച്ച് ശ്രദ്ധ തിരിച്ചുവിടാനുളള ശ്രമമായിട്ടാണ് എനിക്ക് തോന്നുന്നത്. നമുക്ക് വിപ്ലവവും രാഷ്ട്രീയവും ഉളളതുകൊണ്ടുതന്നെയാണ് ഇവിടെ വന്ന് ജോലി ചെയ്യുന്നത്. പക്ഷേ നമ്മുടെ രാഷ്ട്രീയവും ഇവരുടെ രാഷ്ട്രീയവും കൂടെ ചേർന്നുപോകുന്നില്ല അതാണ് ഏറ്റവും വലിയ പ്രശ്നം. നല്ല ഉദ്ദേശത്തോടെ സർവീസിൽ കയറിയ ആളാണ്. പറഞ്ഞുവിടുന്നത് വരെ ഇതുതന്നെ തുടർന്നുകൊണ്ടിരിക്കും. എവിടേക്കെങ്കിലും മാറ്റിയാൽ അവിടെയും നല്ല രീതിയിൽ പ്രവർത്തിക്കും. മരിക്കും വരെ ഇതുതന്നൊണ് ഞാൻ ചെയ്യുക ആ ലക്ഷ്യബോധത്തോടെയാണ് ജീവിക്കുന്നത്

No comments:

Post a Comment