വിലകയറ്റത്താൽ ജനം വലയുമ്പോൾ
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും മാവേലി സ്റ്റോറുകളും നോക്ക് കുത്തി
കൊല്ലം : പൊതുവിപണിയിൽ ആവശ്യ സാധനങ്ങൾക്ക് വിലയുയരുമ്പോൾ സാധാരണക്കാരന് ആശ്രയമാകേണ്ട
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും മാവേലി സ്റ്റോറുകളും സാധനങ്ങലില്ലാതെ നോക്ക് കുത്തിയായി മാറുന്നു. ജില്ലയിലെ നൂറ് കണക്കിന് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ കാലിയായിട്ട് മാസം രണ്ടായി. പ്രധാന വ്യാപാരകേന്ദ്രങ്ങളിലുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഗ്രാമങ്ങളിലടക്കം പ്രവർത്തിക്കുന്ന മാവേലിസ്റ്റോറുകളും നിത്യോപയോഗസാധനങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.
സബ്സിഡിയിനങ്ങളും സബ്സിഡിയേതര ഇനങ്ങളുമായുള്ള ഭക്ഷ്യോത്പന്നങ്ങൾ ഇവിടെ ഇല്ലാതായതോടെ വിറ്റുവരവും കുത്തനെ ഇടിഞ്ഞതായി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
പൊതുവിപണിയിൽ സർക്കാർ നിയന്ത്രണമില്ലാത്തത് മൂലം
വിലക്കയറ്റം രൂക്ഷമായിരിക്കെ തന്നെ സപ്ലൈകോയും നോക്കികുത്തിയായതോടെ ജനങ്ങൾ ദുരിതത്തിലായി. പൊതുവിപണിയെക്കാൾ ശരാശരി 50 ശതമാനത്തോളം വിലക്കുറവിലാണ് അവശ്യ ഉത്‌പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. മുപ്പത്തിയഞോളം ഭക്ഷ്യോത്‌പന്നങ്ങൾ പൊതുവിപണിയിലും കുറഞ്ഞ വിലയിൽ സപ്ലൈകോ നൽകിയിരുന്നു. വിവിധയിനം അരി, ചെറുപയർ, ഉഴുന്ന്, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, വൻപയറ്, മുളക് തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ ഇവിടങ്ങളിൽ പേരിനുപോലും എത്തുന്നില്ല. ജില്ലയിൽ 160ഓളം സപ്ലൈകോ ഔട്ട്‌ലറ്റുകൾ സാധാരണക്കാർക്ക് ആശ്വാസമെന്നോണം നിലവിലുണ്ട്.
കൊല്ലം കൊട്ടാരക്കര
ഡിപ്പോകളിൽനിന്നാണ് ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. എന്നാൽ ഇവിടെയെല്ലാം സ്റ്റോക്കില്ലാതെ കിടക്കുകയാണ്.കൊവിഡാനന്തരം ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ വലിയൊരു വിഭാഗം ജനങ്ങൾ സപ്ലൈകോ കേന്ദ്രങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇവിടെ സാധനങ്ങളില്ലാതായതോടെ സാധാരണക്കാരുടെ പ്രതീക്ഷയും ദൈനംദിന ബജറ്റും താളംതെറ്റിയ അവസ്ഥയാണ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ ഒന്നരലക്ഷത്തിന് മുകളിൽ പ്രതിദിന വരവുണ്ടായിരുന്നത് ഇപ്പോൾ ആയിരങ്ങൾ മാത്രമാണ്. നവംബർ, സിസംബർ മാസങ്ങളിൽ സ്റ്റേഷനറി ഇനങ്ങളിൽ നടക്കുന്ന ചെറിയ വ്യാപാരം മാത്രമായി. സബ്സിസിഡി സാധനങ്ങൾക്കായി റേഷൻ കാർഡുമായി എത്തുന്ന ജനങ്ങൾ പലപ്പോഴും ജീവനക്കാരോട് പ്രതിഷേധം അറിയിക്കും. ദിവസവും സാധനം ഇല്ലാതെ മടങ്ങേണ്ടിവരുന്നവരുടെ പ്രതികരണത്തിൽ ജീവനക്കാർ പൊറുതിമുട്ടുന്നു. അടിയന്തിര സർക്കാർ ഇടപെടലിലൂടെ അവശ്യസാധനങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
No comments:
Post a Comment