ഭീതിയൊഴിയാതെ ജനം
കൊല്ലം: നഗരത്തിന്റെ തിരക്കേറിയ പ്രധാന ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് മൂലം ജനങ്ങളുടെ രാത്രി യാത്ര ഭീതിജനകമായി മാറുന്നു. രാപകൽ ഭേദമില്ലാതെ ട്രയിനുകൾ വരികയും പോകുകയും ചെയ്യുന്ന കൊല്ലം റെയിൽവെ സ്റ്റേഷന് മുൻവശത്തെ റോഡിലൊരിടത്തും തെരുവ് വിളക്കുകൾ കത്തുന്നില്ല. പോസ്റ്റുകളിൽ വിളക്കുകൾ
സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രകാശിക്കുന്നവയല്ല.
റെയിൽവെ സ്റ്റേഷന് മുൻവശത്തും പോസ്റ്റ് ഓഫീസിന് മുൻ വശത്തും രാത്രി പത്ത് മണി വരെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബസ് കാത്ത് നിൽക്കുന്നത് കൂരിരുട്ടത്താണ്. റെയിൽവെ സ്റ്റേഷന് മുൻവശം മുതൽ ചെമ്മാൻമുക്ക് വരെയുള്ള ഭാഗങ്ങളിലും തെരുവ് വിളക്കുകളൊന്നും പ്രകാശിക്കുന്നില്ല. ഈ റോഡിൽ കാറുകളും ബൈക്കും പാർക്ക് ചെയ്തിരിക്കുന്നവരും വെളിച്ചമില്ലാത്തത് മൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. സ്ത്രീകളും കുട്ടികളുമായി എത്തുന്നവരാണ് വെളിച്ചമില്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത്. സന്ധ്യയായിക്കഴിഞ്ഞാൽ സാമൂഹ്യവിരുദ്ധരും പിടിച്ചുപറിക്കാരും വെളിച്ചമില്ലായ്മ മുതലെടുത്ത് ഈ പ്രദേശങ്ങളിൽ തമ്പടിക്കുന്നുമുണ്ട്. റെയിൽവെ സ്റ്റേഷന് മുൻവശത്ത് രാത്രി വാഹനങ്ങളുടെ വെളിച്ചവും ചില പരസ്യബോർഡുകളിലെ അരണ്ട വെളിച്ചവും മാത്രമാണ് ആളുകൾക്ക് സഹായകമാകുന്നത്. ചിന്നക്കട മേൽപ്പാലത്തിലേയും മിക്ക ലൈറ്റുകളും പ്രകാശിക്കാത്തവയാണ്. റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്ന് എ ആർ ക്യാമ്പലേയ്ക്കുള്ള ക്യു എ സി. റോഡിലും മിക്ക തെരുവ് വിളക്കുകളും പ്രകാശിക്കുന്നില്ല. ക്യാമ്പിന് സമീപത്തെ ടി കെ ദിവാകരൻ സ്മാരക നെഹ്‌റു പാർക്കും കൂരിരുട്ടിലാണ്. ഈ വെളിച്ചമില്ലായ്മ മുതലെടുത്ത് ഇവിടെ അനാശാസ്യപ്രവർത്തനങ്ങളും മദ്യപാനവും പതിവുമാണ്. ഈ ഭാഗത്ത് റെയിൽവെ ഓവർ ബ്രിഡ്ജിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ഈ ഭാഗത്ത് ട്രാഫിക് ഐലന്റും അനുബന്ധ റോഡുകളിലും തെരുവ് വിളക്കുകൾ കത്തുന്നില്ല
കഴിഞ്ഞ മാസം എ ആർ. ക്യാമ്പ് മുതൽ അയ്യൻകാളി പ്രതിമ നിൽക്കുന്ന സ്ഥലം വരെയുള്ള പോസ്റ്റുകളിൽ അറ്റകുറ്റപണികൾ നടത്തിയെങ്കിലും ദിവസങ്ങൾക്കകം അണഞ്ഞു.
തിരക്കേറിയ കടപ്പാക്കട ജംഗ്ഷനിലും സമീപങ്ങളിലും. ലൈറ്റുകൾ കാത്തുന്നുണ്ട് എങ്കിലും ദേശിയപാതയോരങ്ങളിൽ
പലയിടത്തും അണഞ്ഞു തന്നെ
ചിന്നക്കടയിൽ അടിപ്പാതയിൽ ഉൾപ്പടെ തെരുവ് വിളക്കുകളില്ലാത്തതിനാൽ രാത്രി ചിലയാളുകൾക്ക് ദുരിതവും മറ്റ് ചിലർക്ക് അനുഗ്രഹവുമാണ്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനെപ്പറ്റി പരാതി പറയുമ്പോൾ വ്യക്തമായ മറുപടി നൽകാൻ കോർപ്പറേഷൻ അധികൃതർ തയ്യാറാകുന്നുമില്ല. ആവശ്യമായ പണമടച്ചാലും വൈദ്യുതി വകുപ്പ് ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നാണ് ഒരാക്ഷേപം. പരസ്യ നികുതി പിരിക്കുന്നതിന് പകരമായി നഗരത്തിലെ തെരുവ് വിളക്കുകൾ സ്ഥാപിച്ച് കൊള്ളാമെന്ന വ്യവസ്ഥയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന് തെരുവ് വിളക്കുകൾ സ്ഥാപിച്ച് പ്രകാശിപ്പിക്കുന്നതിനുള്ള കരാർ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ആ സ്ഥാപനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഇതേപ്പറ്റി ചോദിക്കുമ്പോൾ കിട്ടാനുള്ള പണത്തിന്റെ കണക്ക് ചൂണ്ടിക്കാട്ടി ഓരോ ഒഴിവ്കഴിവുകൾ പറയുകയാണ് കോർപ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ. ഇത്തരം ആക്ഷേപങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ രാത്രി ഇരുട്ടിൽത്തപ്പാനാണ് കൊല്ലത്തെത്തുന്നവരുടെ വിധി.
No comments:
Post a Comment