Sunday, 19 February 2023

നമുക്ക് പൂർണ്ണ മനസ്സാൽ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യാം... ഫലത്തിൽ ഒട്ടും പ്രതീക്ഷ വെക്കാതെ... നന്മ കൈവിടാതെ...!

ഒരിക്കൽ ഒരു ജ്ഞാനി ഒരരുവിയിൽ സ്നാനം ചെയ്യുകയായിരുന്നു.. വെള്ളത്തിൽ കിടന്ന്,  മരണവെപ്രാളത്തിൽ പിടയുന്ന ഒരു തേളിനെ ജ്ഞാനികണ്ടു.

അദ്ദേഹം ഇരു കരങ്ങളിൽ അതിനെ കോരിയെടുത്ത്, കരയിലേക്കെറിഞ്ഞു. രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ, തേൾ ജ്ഞാനിയുടെ  കൈവെള്ളയിൽ കുത്തി.

ജ്ഞാനിക്ക് അസഹ്യമായ വേദനയനുഭവപ്പെട്ടപ്പോൾ, അദ്ദേഹം കൈകുടഞ്ഞു.

അപ്പോൾ ആ ക്ഷുദ്രജീവി വെള്ളത്തിൽ വീണ്  താഴ്ന്നു പോകുമ്പോൾ ജ്ഞാനി വീണ്ടും അതിനെ കോരിയെടുത്തു. 

രണ്ടാം തവണയും അത് ജ്ഞാനിയെ കുത്തി വേദനിപ്പിച്ചു.

ജ്ഞാനി വീണ്ടും കൈ കുടഞ്ഞു. വീണ്ടും അത് വെള്ളത്തിൽ വീണു.

മൂന്നാം തവണയും ജ്ഞാനി അതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ അനുചരന്മാർ സംശയത്തോടെ ചോദിച്ചു..

സ്വാമിൻ, അങ്ങ് അതിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പാഴൊക്കെ അത് അങ്ങയെ ഉപദ്രവിക്കുകയാണുണ്ടായത്. അതിനെ ഉപേക്ഷിച്ചു കളഞ്ഞൂടെ...?

ജ്ഞാനി മൂന്നാമത്തെ പരിശ്രമത്തിൽ അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞു രക്ഷപ്പെടുത്തി. 

വേദന കൊണ്ട് പുളഞ്ഞ ജ്ഞാനി അനുചരരോട് ചോദിച്ച ഒരു ചോദ്യമുണ്ട്.

പതിനാല് നൂറ്റാണ്ടിപ്പുറവും ആ ചോദ്യം മുഴങ്ങുകയാണ്

ആ ജീവി അതിന്റെ തിന്മ ഉപേക്ഷിക്കുന്നില്ലെങ്കിൽ, ഞാൻ എന്തിന് എന്റെ നന്മ ഉപേക്ഷിക്കണം?

സംഘര്‍ഷ കലുഷിതമായ സമകാലിക സാഹചര്യത്തില്‍ എല്ലാ മനുഷ്യരും ഉറക്കെ വിളിച്ചു പറയേണ്ട സ്‌നേഹ ശബ്ദമാണത്‌. 

ഒരാള്‍ അയാളുടെ തിന്മ ഉപേക്ഷിക്കുന്നില്ലെങ്കില്‍,  
നാം എന്തിന്‌ നമ്മുടെ നന്മ ഉപേക്ഷിക്കണം.

നമുക്ക്  പൂർണ്ണ മനസ്സാൽ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യാം... ഫലത്തിൽ ഒട്ടും പ്രതീക്ഷ വെക്കാതെ... 
നന്മ കൈവിടാതെ...!

കടപ്പാട് : സനാതന ധർമ്മം.

No comments:

Post a Comment