Saturday, 31 March 2018

ഈസ്റ്റർ പ്രത്യാശയുടെ പ്രഭാതഭേരി

പ്രതികൂലങ്ങളുടെ മധ്യത്തില്‍  നട്ടംതിരിയുന്ന ലോകത്തിന് സനാതനമായ  പ്രതീക്ഷയുടേയും പ്രത്യാശയുടേയും പ്രഭാതഭേരിയായി വന്നെത്തുന്ന അജയ്യമായ  ഉണര്‍വ്വിന്റെ സമുന്നതമായ അടയാളമാണ് ഈസ്റ്റര്‍. അന്ധകാരത്തിന്റെ ശക്തികളുടെ  ഏകോപനമാണ് ക്രിസ്തുവിന്  കുരിശ് സമ്മാനിച്ചത്. ക്രിസ്തുവിന്റെ മാര്‍ഗ്ഗം സ്‌നേഹത്തിന്റെയും  സമാധാനത്തിന്റെയും ത്യാഗത്തിന്റെയും മാര്‍ഗ്ഗമാണ്. അന്നത്തെ അന്ധകാരം അടക്കിഭരിച്ചിരുന്ന മനസ്സുമായി കഴിഞ്ഞുകൂടിയിരുന്ന മതമേധാവിത്വത്തിനും, അധികാരത്തിന്റെ ഉന്മാദലഹരിയില്‍ സകലരേയും അടിക്കി  ഭരിക്കാന്‍ വെമ്പല്‍ കൊണ്ടിരുന്ന റോമന്‍ സാമ്രാജ്യത്വ  ശക്തികള്‍ക്കും ക്രിസ്തുവിന്റെ നിലാപാടുകള്‍  വെല്ലുവിളികള്‍ ഉണര്‍ത്തുന്നതായിരുന്നു. ക്രിസ്തുവിലൂടെ ദൈവം വെളിപ്പെടുത്തിയത് ദൈവത്തിന്റെ മനുഷ്യമുഖമായിരുന്നു. 
പ്രശസ്ത ബംഗാളി ചിന്തകനായിരുന്ന കേശബ് ചന്ദ്രസെന്‍ അതുകൊണ്ടാണ് പറഞ്ഞത് നസ്രേത്തിലെ  ക്രിസ്തുവില്‍ ദൈവത്തിന്റെ മനുഷ്യമുഖമാണ് ലോകത്തിന് ദര്‍ശിക്കാന്‍ കഴിയുന്നതെന്ന്. എന്നാല്‍ അക്കാലത്തെ സങ്കുചിതമായ മതചിന്താഗതിക്കടിമപ്പെട്ട  മതമേധാവിത്വത്തിനും റോമന്‍ സാമ്രാജ്യശക്തികള്‍ക്കും തങ്ങളെ  വെല്ലുവിളിക്കുന്ന എതിരാളിയുടെ ഭാവമാണ് യേശുക്രിസ്തുവില്‍  കാണുവാന്‍ കഴിഞ്ഞത്. അവര്‍ കണ്ടത്  യഥാര്‍ത്ഥ ക്രിസ്തുവിനെ ആയിരുന്നില്ല. യഥാര്‍ത്ഥ ക്രിസ്തുവിനെ മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചുമില്ല. 
നിങ്ങള്‍ക്ക് ജീവന്‍  ഉണ്ടാകുവാനും സമൃദ്ധിയായ ജീവിതമുണ്ടാകുവാനുമത്രെ ഞാന്‍ വന്നത് എന്നുപറഞ്ഞ നല്ല ഇടയനായ  ക്രിസ്തുവിന്റെ ജീവന്‍ അപഹരിക്കുവാനുള്ള ശ്രമമാണ് ക്രിസ്തുവിന്റെ എതിരാളികള്‍  അന്നു നടത്തിയത്.  യേശുവിനെ കുരിശില്‍ തറയ്ക്കുന്നതോടുകൂടി ക്രിസ്തുവും ക്രിസ്തുവിന്റെ ദര്‍ശനവും ഇല്ലാതാകും എന്ന് അവര്‍ വിചാരിച്ചു. ആദ്യ ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിനെ കുരിശിലേറ്റിയവര്‍ തങ്ങള്‍ വിജയിച്ചു എന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ മൂന്നാം  നാള്‍ അതിരാവിലെ അവരുടെ പ്രതീഷകളുടെ  കോട്ടകളെയെല്ലാം തകര്‍ത്ത് റോമന്‍ സാമ്രാജ്യം മുദ്രവച്ച കല്ലറയുടെ  ബന്ധനങ്ങളെ  തകര്‍ത്ത് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവാണ് സഭയ്ക്ക്  ലോകത്തിന് നല്‍കുവാനുള്ള സുവിശേഷം.
 ഭാരതീയ  ദര്‍ശനത്തില്‍ ഏറ്റവും  സജീവമായി നില്‍ക്കുന്ന മൂന്ന് പ്രാര്‍ത്ഥനകള്‍  ഉണ്ടല്ലോ. ഒന്ന്, അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക് നയിച്ചാലും എന്ന  പ്രാര്‍ത്ഥനയാണ്. അസത്യത്തില്‍നിന്ന് സത്യ ത്തിലേക്ക് കുതിക്കണമെങ്കില്‍ അസത്യത്തിന്റെ  ബന്ധനങ്ങളില്‍ നിന്ന് മനുഷ്യന്‍ മുക്തനാകണം. പാപത്തിന്റെ ബന്ധനങ്ങളില്‍ നിന്ന് മുക്തനാകാന്‍ മനുഷ്യനെ സഹായിക്കുന്നത് ഉയിര്‍പ്പിന്റെ ശക്തിയാണ്. ഉയിര്‍പ്പ് സത്യത്തിന്റെ വിജയഗാഥയാണ്. ഉയിര്‍പ്പിന്റെ ചൈതന്യമുള്‍ക്കൊള്ളുന്നവരും ഉയിര്‍പ്പിന്റെ കീര്‍ത്തനങ്ങളായി ഈ സമൂഹത്തില്‍ ജ്വലിച്ചു പ്രകാശിക്കും.  
രണ്ട്, ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ചാലും എന്ന പ്രാര്‍ത്ഥനയാണ്. അജ്ഞാനം ഇരുട്ടാണ്. ജ്ഞാനം  വെളിച്ചമാണ്. ഇന്ന് നമ്മുടെ ജനതയ്ക്കുതന്നെ ഉണ്ടാകേണ്ട വലിയ മാറ്റം ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കുള്ള മാറ്റമാണ്. സ്‌നേഹരാഹിത്യം ഇരുട്ടാണ്. സ്‌നേഹം വെളിച്ചമാണ്. അടുത്ത് നില്‍ക്കുന്നവരില്‍ സഹോദരനെ കാണാന്‍ കഴിയുമ്പോഴാണ്  ഒരാള്‍ യഥാര്‍ത്ഥ വെളിച്ചത്തിലായി എന്നു പറയാന്‍ കഴിയുന്നത്. അപരന്റെ സ്വരം സംഗീതമായി തോന്നുന്നത് അപ്പോള്‍ മാത്രമാണ്. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് നമ്മെ ആഹ്വാനം ചെയ്യുന്നത് നമ്മുടെ ജീവിത പരാജയങ്ങളുടെയും സ്‌നേഹരാഹിത്യത്തിന്റെയും ഇരുട്ടില്‍നിന്ന് മറ്റുള്ളവരില്‍ ദൈവത്തിന്റെ മനുഷ്യമുഖം കാണുന്ന മനോഭാവത്തിലേക്ക് ഉണരുവാനാണ്. 
മൂന്ന്, മരണത്തില്‍ നിന്ന് ജീവനിലേക്ക് നയിച്ചാലും എന്ന പ്രാര്‍ത്ഥനയാണ്. ഇന്ന് അനേകര്‍ മരണാവസ്ഥയിലാണ് കഴിഞ്ഞുകൂടുന്നത്. തിരിച്ചറിവില്ലായ്മയാണ് മരണത്തിന്റെ പ്രധാന ലക്ഷണം. മരിച്ച ആള്‍ സ്പര്‍ശനം അറിയുന്നില്ല. മരിച്ച ആള്‍ കാഴ്ച എന്തെന്ന് അറിയുന്നില്ല. മരിച്ച ആള്‍ കേള്‍വി എന്തെന്ന് അറിയുന്നില്ല. മരിച്ച ആള്‍ക്ക് ജീവന്റെ സ്പന്ദനമില്ല. ഇന്നും കാണേണ്ടത് കാണാതെയും കേള്‍ക്കേണ്ട് കേള്‍ക്കാതെയും അറിയേണ്ടത് അറിയാതെയും ജീവിക്കുന്നവര്‍ മരണത്തിന്റെ പാതാളത്തില്‍  നിത്യ നിദ്രയിലായിരിക്കുന്നവരാണ്. ഈ മരണത്തില്‍ നിന്ന് ജീവനിലേക്ക് നയിക്കുവാന്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന് കഴിയും. അതാണ് ഉയിര്‍പ്പിന്റെ പ്രത്യാശ. ഈസ്റ്റര്‍  എല്ലാവരേയും മാനവികതയുടെ  പുതിജീവനിലേക്ക് നയിക്കുവാന്‍ ഇടയാകട്ടെയെന്ന് ആശംസിക്കുന്നു.

കാലത്തെ വെല്ലുവിളിച്ച മഹാത്മ അയ്യന്‍കാളി: ഭാഗം -3

പുതിയ നൂറ്റാണ്ടിന്റെ പിറവിയോടൊപ്പം തിരുവിതാംകൂറിലെങ്ങും സാമൂഹ്യമണ്ഡലത്തില്‍ അനിവാര്യമായ ചില മാറ്റങ്ങള്‍ക്കും സംഭവബഹുലമായ വ്യതിയാനങ്ങള്‍ക്കും കാരണമായി. ആ മാറ്റത്തിന്റെ ഭാഗമായിരുന്നു അയിത്ത ജാതി കുട്ടികള്‍ക്കുവേണ്ടി അയിത്ത ജാതിക്കാരനായ അയ്യന്‍കാളി സ്വന്തം കൈകൊണ്ട് ഇന്ത്യയില്‍ ആദ്യത്തെ അവര്‍ണ സ്‌കൂളിന് അസ്ഥിവാരമിട്ടത്. ഇത് പിന്നീട് വന്‍പിച്ച അവര്‍ണ മുന്നേറ്റങ്ങള്‍ക്ക് വേദിയായി പരിണമിച്ചു. പക്ഷെ അയ്യന്‍കാളി വെങ്ങാനൂരില്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് 52 വര്‍ഷം മുന്‍പ് അയിത്ത ജാതികുട്ടികള്‍ക്ക് ആദ്യമായി ജോതി ബാഫൂലെ ഒരു സ്‌കൂള്‍ സ്ഥാപിച്ചിരുന്നു. മഹാരാഷ്ട്ര സംസ്ഥാനത്ത് പൂനയിലായിരുന്നു 1852-ല്‍ ഈ വിദ്യാലയം അദ്ദേഹം സ്ഥാപിച്ചത്.
സവര്‍ണനായിരുന്നുവെങ്കിലും ജോതിബാഫൂലെ സാമൂഹ്യ പ്രവര്‍ത്തകനും അയിത്ത ജാതിക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ആളായിരുന്നു. എന്നാല്‍ അര്‍ണര്‍ക്കുവേണ്ടി ഒരവര്‍ണന്‍ ആദ്യമായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാന്‍ മുതിര്‍ന്നത് അയ്യന്‍കാളി തന്നെ. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സവര്‍ണരോട് ഏറ്റുമുട്ടി സ്ഥാപിച്ച അയ്യന്‍കാളി പള്ളിക്കൂടമിന്ന് ഒരു നൂറ്റാണ്ടിന്റെ വീരഗാഥയുമായി ചരിത്രത്തില്‍ ഇടം തേടിയിരുന്നു. അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ആശങ്കകള്‍ ഇല്ലാതില്ല.
കാലപ്രവാഹത്തില്‍ സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വില്ലുവണ്ടിയില്‍ കയറി സാധുജനവിമോചന പ്രക്ഷോഭങ്ങള്‍ (ലഹളകള്‍) നാടിന്റെ നാനാഭാഗത്തും അരങ്ങു തകര്‍ത്ത് മുന്നേറിക്കൊണ്ടിരുന്നു. ഈ മുന്നേറ്റങ്ങള്‍ അയ്യന്‍കാളിക്കും അണികള്‍ക്കും ആവേശവും കരുത്തും പകര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അയിത്ത വിഭാഗത്തിലെ കുട്ടികളുടെ വിദ്യാലയ പ്രവേശനം ഒരു കീറാമുട്ടിയായി തന്നെ നിലനിന്നിരുന്നു. ഇതില്‍ പ്രകോപിതനായ അയ്യന്‍കാളി അടുത്തപുറപ്പാട് സ്‌കൂള്‍ പ്രവേശന വിഷയത്തിലായി. സര്‍ക്കാര്‍ സ്ഥാപിച്ച എല്ലാ സ്‌കൂളുകളിലും തീണ്ടല്‍ ജാതികുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ പോരാട്ടമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അയ്യന്‍കാളിക്കു മുന്നിലില്ലായിരുന്നു. സവര്‍ണ മേധാവികളുടെ സാമൂഹ്യ അനാചാരങ്ങള്‍ കൊടുമ്പിരികൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് തന്റെ അനുചരസംഘവുമൊന്നിച്ച് അയ്യന്‍കാളി അതിനെതിരെ അടര്‍ക്കളത്തിലിറങ്ങിയത്. സവര്‍ണരുടെ ഈ കാട്ടാള അനീതിക്കെതിരെ സ്വന്തമായി ഒരു കുടിപ്പള്ളിക്കൂടം (നിലത്തെഴുത്തുപള്ളി) നിര്‍മ്മിക്കാനാണ് ശ്രമിച്ചത്. ഈ തീരുമാനത്തിനു പിന്നില്‍ ശ്രീനാരായണ ഗുരുവിന്റെ ഉപദേശമായിരുന്നുവെന്ന് ചില സജാതീയ ചരിത്രകാരന്മാര്‍ അടുത്തിടെ ചരിത്രം ചമച്ചത് കാപട്യവും നിന്ദ്യവുമായ ഏര്‍പ്പാടാണ്. അയ്യന്‍കാളി പള്ളിക്കൂടത്തിന്റെ ആശയം ആരുടെയെങ്കിലും ഉപദേശത്താലോ നിര്‍ദ്ദേശത്താലോ നിര്‍മ്മിതമല്ല. മറിച്ച് അയ്യന്‍കാളിയില്‍ സ്വയം രൂപമെടുത്ത ഒരാശയമായിരുന്നത്. തീണ്ടല്‍ ജാതിക്കാരായ പുലയരുടെ സ്‌കൂള്‍ പ്രവേശനത്തെ ആ കാലത്ത് ശക്തിയായി എതിര്‍ത്തിരുന്ന മറ്റൊരു തീണ്ടല്‍ ജാതിയായിരുന്നു ഈഴവര്‍. അവയൊക്കെ വരും അദ്ധ്യായങ്ങളില്‍ സന്ദര്‍ഭോചിതമായി വായിച്ചെടുക്കാവുന്നതാണ്.
അയ്യന്‍കാളിയെന്ന നിരക്ഷരന്‍ വിദ്യാലയം സ്ഥാപിക്കുന്നതിനു മുന്‍പായി തന്നെ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളെ സംബന്ധിച്ചും സമ്പ്രദായങ്ങളെക്കുറിച്ചുമെല്ലാം അറിയേണ്ടതാണ്. സംഘകാലത്തിനുമുന്‍പും പിന്‍പും പുലയര്‍ അറിവിലും സംസ്‌കാരത്തിലുമെല്ലാം മുന്‍പന്തിയിലായിരുന്നു. അന്നത്തെ കവികളില്‍ ശ്രേഷ്ഠനായിരുന്നു തിരുവള്ളുവര്‍. ഏകദേശം അഞ്ചുനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രചിക്കപ്പെട്ടുവെന്ന് കരുതുന്ന ‘ജ്ഞാനാമൃതം’ എന്ന തമിഴ് കാവ്യത്തില്‍ നിന്നാണ് തിരുവള്ളുവരുടെ ജനനത്തെക്കുറിച്ച് അറിവു ലഭിക്കുന്നത്. ഇതില്‍ തിരുവള്ളുവരും രണ്ട് സഹോദരന്മാരും നാല് സഹോദരിമാരും കാളിദത്തന്റെയും ആതിയെന്ന പുലയസ്ത്രീയുടെയും മക്കളായിട്ടാണ് പിറക്കുന്നത്. തിരുവള്ളുവര്‍ അതിയന്‍, കപിലര്‍ എന്നീ സഹോദരന്മാരും, ഔവ്വയാര്‍, ഉപ്പൈ, ഉരുവൈ, വള്ളി എന്നീ സഹോദരിമാരും. ഇവരില്‍ തിരുവള്ളുവരും ഔവ്വയ്യാരും പ്രസിദ്ധരായ കവികളായിരുന്നു. വേദേതിഹാസങ്ങള്‍ക്ക് തുല്യമായതാണ് തിരുവള്ളുവരുടെ ‘തിരുക്കുറല്‍: ഈ കാവ്യത്തിന്റെ 40 മുതല്‍ 43 വരെ അദ്ധ്യായങ്ങള്‍ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിന് മതിയായ തെളിവുകളാണ്. സംഘകാലഘട്ടത്തില്‍ പോലും മരുതനിലങ്ങളിലും മുല്ലൈപ്രദേശങ്ങളിലും ‘പയല്‍’ വിദ്യാലയങ്ങള്‍ നിലനിന്നിരുന്നുവെന്ന് ഡോ.കെ.കെ.പിള്ളയുടെ കേരള ചരിത്രം ഒന്നാം ഭാഗത്ത് വ്യക്തമായ സൂചന നല്‍കുന്നു. ഈ പയല്‍ സ്‌കൂളുകള്‍ പള്ളികളായും പില്‍ക്കാലത്ത് പള്ളിക്കൂടങ്ങളായും രൂപാന്തരം പ്രാപിക്കുന്നുണ്ട്. ബുദ്ധമതത്തിന്റെ സ്വാധീനമാണ് കേരളത്തില്‍ പുരാതനകാലത്ത് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ബീജാപം നടന്നതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. അങ്ങിനെ നോക്കുമ്പോള്‍ കേരളത്തിലെ ആദിമനിവാസി ഗോത്ര സംസ്‌കാരത്തില്‍പ്പെടുന്ന പുലയര്‍ പുരാതന കാലത്ത് വിദ്യാസമ്പന്നരായിരുന്നുവെന്ന് പുറയുന്നതില്‍ തെറ്റില്ല. പുലയന്‍ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ കൃഷിക്കാരന്‍, ഭൂവുടമ, അറിവുള്ളവന്‍, പണ്ഡിതന്‍ എന്നെല്ലാമാണ്.
തിരുവിതാംകൂറില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് ആദ്യ അടിത്തറയിട്ടത് ഇവിടത്തെ ഭരണാധികാരികളായിരുന്നു. 1775-ല്‍ വേലുത്തമ്പിദളവ തിരുവിതാംകൂറില്‍ കരകള്‍ തോറും കുടിപ്പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. ഈ കുടിപള്ളിക്കൂടങ്ങളില്‍ നായര്‍ കുട്ടികള്‍ക്കേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ഈ കുടിപള്ളിക്കൂടങ്ങള്‍ തൊട്ടായിരുന്നു ചരിത്രത്തില്‍ ആദ്യമായി അയിത്ത ജാതിക്കാരുടെ കുട്ടികളെ ഒഴിവാക്കിത്തുടങ്ങിയത്. കേരളത്തില്‍ കുടിപള്ളിക്കൂടങ്ങളുടെ ചരിത്രവും തുടങ്ങുന്നത് വേലുത്തമ്പിയുടെ കാലത്തോട് കൂടിയായിരുന്നു. പിന്നീട് നാല്പത്തി ഒന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് എ.ഡി.1816-ല്‍ റാണിഗൗരിപാര്‍വ്വതിഭായി വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഒരു നീട്ട് പുറപ്പെടുവിച്ചു. ഈ നീട്ടാണ് തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ആദ്യത്തെ വിദ്യാഭ്യാസ രേഖ. ഈ നീട്ടില്‍ വ്യക്തമായ എല്ലാവിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാനും അവയില്‍ ആവശ്യമുള്ള അദ്ധ്യാപകരെ നിയമിക്കാനും, അവര്‍ക്ക് ശമ്പളം നല്‍കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളള്ളച്ചിരുന്നു. പക്ഷെ ഈ പള്ളിക്കൂടങ്ങളില്‍ ഒന്നില്‍ പോലും അയിത്ത ജാതികുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല.
റാണി ഗൗരിപാര്‍വ്വതിഭായിയുടെ പ്രസിദ്ധമായ വിദ്യാഭ്യാസ സംബന്ധമായ നീട്ട് ഇങ്ങനെയാണ് ‘കൊല്ലത്തിന് വടക്കുള്ള പിള്ളരെ എഴുത്തുപഠിപ്പിക്കുന്നതിന് വാദ്ധ്യാര്‍ക്കു ശമ്പളം കൊടുക്കാന്‍ ജനങ്ങള്‍ക്കു വകയില്ലാതെയും ആ ദിക്കിലുള്ള ആളുകള്‍ക്ക് എഴുത്തും കണക്കും ഇടപെട്ടുള്ള അഭ്യാസം ഏറ്റം കുറവായിട്ടു വന്നിരിക്കുന്നു എന്നും പണ്ടാരവകയില്‍ നിന്ന് ശമ്പളവും കൊടുത്ത് വാദ്ധ്യാരെ ആക്കി പിള്ളരെ എഴുത്തും കണക്കും പഠിപ്പിച്ച് പ്രാപ്തിയാക്കിയാല്‍ ഓരോ ഉദ്യോഗങ്ങള്‍ക്കും കണക്കെഴുത്തിനും ഉപകാരമായിട്ടും വരുന്നതാകകൊണ്ട് ആ വകയ്ക്ക് മലയാള അക്ഷരവും വില്പത്തിയും ജോതിഷവും വശമുള്ളതില്‍ ഒരാളിനെയും ഇതിവണ്ണം ഓരോ സ്ഥലത്തേയ്ക്കും രണ്ട് വാദ്ധ്യാന്മാരെ വീതവും ആക്കി അവര്‍ക്ക് മാസം ഒന്നിന് അന്‍പത് പണം വീതം ശമ്പളവും വച്ചുകൊടുത്താല്‍ പഠിപ്പിക്കുന്നതാകെ കൊണ്ടു ഇപ്പോള്‍ മാവേലിക്കര മണ്ടപത്തും വാതുക്കലേയ്ക്ക് രാമവാര്യനേയും ശങ്കരലിംഗം വാദ്ധ്യാനെയും കാര്‍ത്തികപള്ളി മണ്ഡപത്തും വാതിക്കലേയ്ക്ക് ഹരിപ്പാട്ടു കൊച്ചുപിള്ള വാദ്ധ്യാനെയും ശുചീന്ദ്രത്ത് വള്ളിനായകം വാദ്ധ്യാനെയും കൊട്ടാരക്കര മണ്ഡപത്തും വാതിക്കലേയ്ക്ക് പേരൂര്‍ കുറുപ്പിനെയും ശിവതാണുപിള്ളയെയും ആക്കി അവര്‍ക്ക് പേരൊന്നിന് അന്‍പതുപണം വീതം ശമ്പളവും വച്ചുകൊടുക്കേണ്ടല്ലോ എഴുതിവന്നതിനാലാകുന്നു. ഇപ്രകാരം നിശ്ചയിച്ചതു യുക്തമായിട്ടുള്ളതാക കൊണ്ട് എഴുതിവന്നതിന്മണ്ണം ഓരോ സ്ഥലത്തേയ്ക്കും ഈ രണ്ട് വാദ്ധ്യാന്മാര്‍ വീതവും ആക്കി പേരൊന്നിന് അമ്പതു പണം വീതം ശമ്പളവും വച്ചുകൊടുത്ത് അവരവരുടെ പിള്ളരെ കൊണ്ടുവന്നുവിട്ടാല്‍ അവരെ ഒക്കെയും എഴുത്തും കണക്കും നല്ലപോലെ പഠിപ്പിക്കത്തക്കവണ്ണം അതാതുമണ്ടപത്തും വാതുക്കല്‍ തഹസീല്‍ദാരനും സമ്പ്രതിക്കാരന്മാരും ഓരോരുത്തനും പള്ളിക്കൂടത്തില്‍ ചെന്നു എത്രപിള്ളരു എഴുത്തു പഠിച്ചുവരുന്നുണ്ടെന്നും അവര്‍ക്ക് എന്തെല്ലാം അഭ്യാസങ്ങള്‍ ആയെന്നും വര്യോല എഴുതി ഹജൂരില്‍ കൊടുത്തയക്കേണ്ടതിനും ചട്ടം കെട്ടി ഓരോ മാസം തികയുമ്പോള്‍ ആ വകയ്ക്ക് വിവരമായിട്ടു വര്യോല എഴുതിച്ചു നാം ബോധിക്കുന്നതിന് കൊടുത്തയക്കത്തക്കവണ്ണം നിദാനം വരുത്തിക്കൊള്ളുകയും വേണം. എന്നും ഇക്കാര്യം ചൊല്ലി 992-ാം മാണ്ട് ഇടവ മാസം 19-ാം തീയതി ദിവാന്‍ പേഷ്‌കാര്‍ വെങ്കിട്ടരായര്‍ക്കു നീട്ടെഴുതി വിടൂ എന്നു തിരുവള്ളമായ നീട്ട്. 1 ഈ നീട്ടിനെ തുടര്‍ന്നാണ് തിരുവിതാംകൂറിനൊപ്പം കൊച്ചി ദിവാനായിരുന്ന കേണല്‍ മണ്‍ട്രോ എഴുത്താശാന്മാരെ അതാതു കോവിലകത്ത് നിയമിക്കാന്‍ നിര്‍ദ്ദേശം കൊടുത്തത്.
ഏതാണ്ട് ഇതേകാലത്തു തന്നെ തിരുവിതാംകൂറിലെത്തിയ വിദേശ മിഷനറി കൂട്ടങ്ങള്‍ രാജാവിനെ സ്വാധീനിച്ച് പള്ളികളും, സ്‌കൂളുകളും സ്ഥാപിച്ച് തീണ്ടാ ജാതികുട്ടികളെ വിദ്യാഭ്യാസം നല്‍കാനും അതുവഴി വ്യാപകമായി മതപരിവര്‍ത്തനം സാധിച്ചതും. മിഷനറി സ്‌കൂളുകളില്‍ തീണ്ടല്‍ കുട്ടികള്‍ക്ക് നിര്‍ബാധം സ്‌കൂള്‍ പ്രവേശനം നല്‍കി പോന്നിരുന്നു. പക്ഷെ ഒരു വ്യവസ്ഥ ക്രിസ്ത്യാനി മതത്തില്‍ ചേരണം. ഉപകാരത്തിന് പ്രത്യുപകാരം വേണമല്ലോ. കുട്ടികള്‍ മാത്രമല്ല കുട്ടികളോടൊപ്പം അച്ഛനും അമ്മയുമൊന്നിച്ചുള്ള കടുംബം മുഴുവനായി ക്രൈസ്തവവല്‍ക്കരണത്തിന് വിധേയരായി കൊണ്ടിരുന്നു. ഇങ്ങനെ ക്രൈസ്തവ മതത്തില്‍ ചേരുന്നവര്‍ക്ക് വിദ്യാഭ്യാസം മാത്രമല്ല ലഭിച്ചിരുന്നത് അടിമത്വത്തില്‍ നിന്നുള്ള മോചനം. സാമൂഹ്യഅനാചാരങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ലഭിച്ചിരുന്നു. അങ്ങിനെയാണ് അവര്‍ണര്‍ മതം മാറിയാലും വേണ്ടില്ല സാമൂഹ്യ അസമത്വങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നവിശ്വാസത്തോടെ കൂട്ടമായി ക്രൈസ്തവ മതത്തില്‍ ചേര്‍ന്നത്. ഇതില്‍ വിദ്യാഭ്യാസം നേടുവാനായിരുന്നു ഒട്ടേറെപ്പേരും മതപരിവര്‍ത്തനത്തിന് വിധേയരായത്. ആദ്യകാലത്ത് ഇത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പ്രധാനമായും മിഷനറിമാര്‍ പഠിപ്പിച്ചത് സുവിശേഷ വേലയും ബൈബിള്‍ പഠനവുമായിരുന്നു. പഠനം പൂര്‍ത്തീകരിച്ചവരെ സുവിശേഷ ജോലിക്കായി ഒരു നിശ്ചിതകാലത്തേയ്ക്ക് നിയമിച്ചിരുന്നു. അവര്‍ണ പഠിതാവിന് വിദ്യാഭ്യാസവും അതിലൂടെ ജോലിയും ലഭിച്ചപ്പോള്‍ മിഷനറിമാര്‍ക്ക് സുവിശേഷത്തിലൂടെ മതപരിവര്‍ത്തനം നടത്താനും സാധിച്ചു. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയും, ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയും വ്യാപകമായ മതപരിവര്‍ത്തനത്തിന് അംഗീകാരവും നല്‍കിയിരുന്നു. അങ്ങിനെ ഒരു ജനതയുടെ പൂര്‍വ്വകാല പാരമ്പര്യ ദൈവവിശ്വാസത്തെ ഹനിക്കുകയും, അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയും പുറന്തള്ളിയും സാമൂഹ്യ പ്രതിബദ്ധതയോ സ്വത്വബോധമോ ഇല്ലാത്ത ഒരു പുത്തന്‍ ജനതയെ അവര്‍ണരില്‍ നിന്നും വിദേശീയ മിഷനറികൂട്ടം വാര്‍ത്തെടുത്തു. ഇത് അയിത്തം അനുഭവിച്ചിരുന്ന തീണ്ടല്‍ സമൂഹത്തെ കുത്തിപ്പിളര്‍ക്കുകയായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. നൂറ്റാണ്ടുകളായി തുടരുന്ന ആ പ്രക്രിയ-മതപരിവര്‍ത്തനം ഇന്നും അഭംഗുരം തുടരുന്നുണ്ട്.കേരളത്തിലെ മഹത്തായ ഒരു ജനതയുടെ സര്‍വ്വനാശത്തിലേയ്ക്കാണ് ക്രിസ്ത്യന്‍ മതപരിവര്‍ത്തനം അവര്‍ണരില്‍ നടത്തി കൊണ്ടിരിക്കുന്നത്.

കാലത്തെ വെല്ലുവിളിച്ച മഹാത്മ അയ്യന്‍കാളി: ഭാഗം -2

സന്നദ്ധസംഘം രൂപീകരിച്ച് സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ അയ്യന്‍കാളിയില്‍ പ്രകടമായ മാറ്റം കണ്ടിരുന്നതായി ആ കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. സംഘം ആദ്യകാലത്ത് ചെയ്തിരുന്നത് അടിസ്ഥാനപരവും ക്രിയാത്മകവുമായ അന്വേഷണങ്ങളും ബോധവല്‍ക്കരണവുമായിരുന്നു. അയ്യന്‍കാളിയും സന്നദ്ധസംഘവും അതിനായി സാധുജനങ്ങളുടെ കുടിലുകള്‍ സന്ദര്‍ശിച്ച് അവരുടെ സങ്കടങ്ങളും സങ്കടകാരണങ്ങളും കേട്ടറിയുകയും പോംവഴികള്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പൂച്ചയ്ക്കും പട്ടിക്കും യഥേഷ്ടം സഞ്ചരിക്കാന്‍ കഴിയുമായിരുന്ന പൊതു നിരത്തുകളിലൂടെ പുലയര്‍ തുടങ്ങിയ ജനങ്ങളെ വഴി നടക്കാന്‍ അനുവദിക്കാത്ത സവര്‍ണ നീതിയോട് അയ്യന്‍കാളിക്ക് പരമപുച്ഛമായിരുന്നു തോന്നിയത്. ഈ സമ്പ്രദായത്തെ എന്തുവിലകൊടുത്തും അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്ന് അയ്യന്‍കാളി തന്റെ സന്നദ്ധ സംഘത്തോടൊപ്പം ദൃഢപ്രതിജ്ഞയെടുത്തു. പിന്നത്തെ ശ്രമങ്ങള്‍ അതിനുവേണ്ടിയായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നുണ്ട്.
ഈ സന്ദര്‍ഭത്തില്‍ അയ്യന്‍കാളിയുടെ ജനനത്തിനു മുന്‍പുള്ള ഒരു നൂറ്റാണ്ടില്‍ തിരുവിതാംകൂറിലെന്തു സംഭവിച്ചുവെന്നു കൂടി അറിയുന്നത് നന്നായിരിക്കും. 1783 സെപ്തംബറില്‍ രാമവര്‍മ്മയെന്ന ധര്‍മ്മരാജാവിനെ മുഖം കാണിക്കാന്‍ വന്ന ബര്‍ത്തലോമിയോ എന്ന വിദേശ മിഷനറിക്ക് പത്മനാഭപുരത്തെത്തി മഹാരാജാവിനെ സന്ദര്‍ശിക്കാന്‍ പറ്റാത്ത രീതിയില്‍ പല്ലക്ക് വാഹകര്‍ കടന്നുകളഞ്ഞു. കാരണം വിദേശ മിഷനറിക്കും അന്ന് കടുത്ത അയിത്തമുണ്ടായിരുന്നു. അയിത്തമുള്ള ഒരു പള്ളിപ്പാതിരിയെ പല്ലക്കില്‍ കയറ്റാതിരിക്കാനാണ് പല്ലക്കുകാര്‍ മുങ്ങിയത്. ഒടുവില്‍ ബര്‍ത്തലോയിയോക്ക് 12 മൈല്‍ കാല്‍ നടയായി സഞ്ചരിച്ച് പത്മനാഭപുരത്തെത്തേണ്ടതായി വന്നു. അദ്ദേഹം എഴുതിയ കത്തില്‍ ബ്രാഹ്മണരൊഴികെ മറ്റാരും രാജപാതയില്‍ കാല്‍നടയാത്ര ചെയ്യാന്‍ ധൈര്യം കാട്ടിയിരുന്നില്ല എന്നാണ്. ബര്‍ത്തലോമിയോ കാല്‍നടയാത്രക്കിടയില്‍ അത് ശ്രദ്ധിച്ചിരുന്നു. പത്മനാഭപുരം കൊട്ടാരത്തിലെത്തിയാല്‍ അശുദ്ധമാകുമെന്ന് കരുതി രാമവര്‍മ്മ തമ്പുരാന്‍ ബര്‍ത്തലോമിയോയെ തന്റെ സെക്രട്ടറിയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. 1 അപ്പോള്‍ പരമസാധുക്കളായ അയിത്ത ജാതിക്കാരുടെ അവസ്ഥയെന്തായിരുന്നുവെന്ന് ഊഹിക്കുകയേ വേണ്ടു. ബര്‍ത്തലോമിയോ സന്ദര്‍ശനം നടത്തിയ ഒരു നൂറ്റാണ്ടിനുള്ളില്‍ വച്ചായിരുന്നു അയ്യന്‍കാളി വില്ലുവണ്ടി തിരുവിതാംകൂറിലെ പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ഓടിച്ചത്.
പൊതുവഴികളിലൂടെ അവര്‍ണര്‍ക്കും മറ്റുള്ളവരോടൊപ്പം സഞ്ചരിക്കാനുള്ള സാമൂഹ്യ വിലക്കുകളെ പരസ്യമായി ലംഘിക്കാനായിരുന്നു അയ്യന്‍കാളിയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതിനു വേണ്ടി അയ്യന്‍കാളി ചിത്രപ്പണികള്‍ നടത്തിയ ഒരു വില്ലുവണ്ടി തമിഴ്‌നാട്ടില്‍ നിന്നും വിലയ്ക്കുവാങ്ങി. ഇത്തരം വില്ലുവണ്ടികള്‍ ആ കാലത്ത് ബ്രാഹ്മണരും നായന്മാരുമൊക്കെയേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. കാളവണ്ടിയുടെ തന്നെ പരിഷ്‌ക്കരിച്ച പതിപ്പായിരുന്നു വില്ലുവണ്ടികള്‍. ഈ വില്ലുവണ്ടികള്‍ സവര്‍ണര്‍ക്കു മാത്രമേ പാടുള്ളൂവെന്നാണ് കരുതിയിരുന്നതെങ്കിലും അയിത്ത ജാതിക്കാര്‍ വിചാരിച്ചാലും വില്ലുവണ്ടിവാങ്ങാനും ഓടിക്കാനും കഴിയുമെന്നു കൂടി അയ്യന്‍കാളി തെളിയിച്ചു. അയ്യന്‍കാളിക്ക് 28 വയസ്സായ കാലത്താണ് ഐതിഹാസികമായ വില്ലുവണ്ടി വിപ്ലവം തുടങ്ങിയത്. 1893-ല്‍ ഒരു ദിവസം അരോഗദൃഢഗോത്രരായ രണ്ട് വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ അയ്യന്‍കാളി ഒറ്റയ്ക്കു കയറി നിന്നുകൊണ്ട് കാളകളെ തെളിച്ച് വെങ്ങാനൂരിലെ പൊതു നിരത്തിലൂടെ ചരിത്രത്തിലെ ആ വില്ലുവണ്ടി ആദ്യത്തെ കന്നി ഓട്ടം നടത്തി. പിന്നാലെ സന്നദ്ധ സംഘവും ഉണ്ടായിരുന്നു. വെള്ള അരകൈയ്യന്‍ ബനിയനും മുണ്ടും തലയില്‍ക്കെട്ടുമായിരുന്നു അയ്യന്‍കാളിയുടെ വേഷം. കൈയ്യില്‍ ചാട്ടവാറും പിടിച്ചിരുന്നു. അന്നുവരെ അവര്‍ണര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത പൊതുനിരത്തിലൂടെ ആ വില്ലുവണ്ടി പാഞ്ഞുവരുന്നതു കണ്ട വെങ്ങാനൂരിലെ നായര്‍ മാടമ്പിമാരും സവര്‍ണ തമ്പുരാക്കന്മാരും ആദ്യമൊന്നു പകച്ചുപോയി. ‘തടയാമെങ്കില്‍ തടയിനെടാ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു അയ്യന്‍കാളിയുടെ പടപുറപ്പാട്.പകച്ചുപോയിരുന്ന സവര്‍ണ മാടമ്പിമാരുടെ വിരിമാറിലൂടെ ആയിരുന്നു അയ്യന്‍കാളി ഓടിച്ച യാഗാശ്വം പോലത്തെ ആ വില്ലുവണ്ടി മണികിലുക്കി പാഞ്ഞുകൊണ്ടിരുന്നത്.
സ്ഥലകാലബോധം വീണ്ടെടുത്ത സവര്‍ണര്‍ ‘ഈ ധിക്കാരിയെ പിടിച്ചു കെട്ടുവിന്‍’ എന്ന് ആര്‍ത്താര്‍ത്തു വിളിച്ചു. അപ്പോഴേയ്ക്കും ചരിത്രത്തിലെ ആ വില്ലുവണ്ടി അയ്യന്‍കാളിയേയും കൊണ്ട് അങ്ങുദൂരെ മറഞ്ഞു കഴിഞ്ഞിരുന്നു. ഏതാണ്ട് കല്ലിയൂര്‍ ജംഗ്ഷനില്‍ എത്തുമ്പോള്‍ വിവരമറിഞ്ഞെത്തിയ ഒരു സംഘം നായന്മാര്‍ പുലയന്‍ വില്ലുവണ്ടി ഓടിച്ചു വരുന്നുവെന്ന് പറഞ്ഞ് തടയാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അയ്യന്‍കാളിയുടെ ചാട്ടവാറിന്റെ ചൂട് നായന്മാരും നന്നായി അനുഭവിച്ചു. വില്ലുവണ്ടിയെ അനുഗമിച്ചെത്തിയ അയ്യന്‍കാളിസംഘവും ആവുന്നത്ര അടിചെറുത്തു. പക്ഷെ കുറച്ചുപേര്‍ക്ക് എണ്ണത്തില്‍ കുറവായിരുന്നതുകാരണം നായര്‍ സംഘത്തിന്റെ ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നു. അവിടെവച്ച് നായര്‍ പടയെ അയ്യന്‍കാളി വെല്ലുവിളിച്ചു’ ഇതിനുപകരം ഞാന്‍ ഇവിടെ വന്നുവീട്ടും’ അപ്പോള്‍ നായര്‍ സംഘവും പറഞ്ഞു ‘അയ്യന്‍കാളിയും കൂട്ടരും ഇവിടെ വന്നാല്‍ അയ്യന്‍കാളിയുടെ വംശത്തെ ഞങ്ങള്‍ നശിപ്പിച്ചു കളയും’ അയ്യന്‍കാളിയും വിട്ടുകൊടുത്തില്ല. ‘ഇവിടെ വച്ച് നിങ്ങളുടെ ആള്‍ക്കാരെ ഞങ്ങള്‍ പകരം വീട്ടി എന്റെ കാതുകുത്തികടുക്കന്‍ ഇട്ട് വില്ലുവണ്ടിയില്‍ തന്നെ നിങ്ങളുടെ മുന്നില്‍ ഞാനെത്തും’. അയ്യന്‍കാളി പിന്നീട് കാതുകുത്തി ചുമന്ന കല്ലുവച്ച കടുക്കന്‍ ഇട്ടതിന്റെ രഹസ്യം സവര്‍ണറെ വെല്ലുവിളിച്ചതില്‍ നിന്നാണ്. അവിടെ നിന്നും വില്ലുവണ്ടിയില്‍ അയ്യന്‍കാളി തന്റെ ആദ്യത്തെ ജൈത്രയാത്ര തുടര്‍ന്നു.
വെള്ളായണി മുകളൂര്‍ മൂവര്‍ എന്ന സ്ഥലത്തുവച്ച് നായര്‍ സംഘം അയ്യന്‍കാളിയുടെ വില്ലുവണ്ടി വീണ്ടും ചെറുക്കുകയും കാളകളെ അടിച്ചോടിക്കുകയും മറ്റും ചെയ്തു. പകരം അയ്യന്‍കാളി ഒരു നായരുടെ തൊഴുത്തില്‍ കയറി ഒരു കാളയെ പിടിച്ചു കൊണ്ടുവരുകയും വഴി നീളെ അടിച്ച് അതിന് പകരം വീട്ടുകയും ചെയ്തു. തുടര്‍ന്നും വില്ലുവണ്ടിയില്‍ യാത്രതുടര്‍ന്നുവെങ്കിലും പുന്നമൂട് ജംഗ്ഷനില്‍ വച്ച് അയ്യന്‍കാളി ഓടിച്ചു വന്ന വില്ലുവണ്ടിയെ നായന്മാര്‍ സംഘടിതമായിതന്നെ തടഞ്ഞു. അയ്യന്‍കാളി ഒരു മിന്നല്‍പ്പിണര്‍പോലെ വില്ലുവണ്ടിയില്‍ നിന്നും ചാടി താഴെയിറങ്ങി. മുന്നും പിന്നും തിരിഞ്ഞു നോക്കിയില്ല ചാട്ടവര്‍ കൊണ്ട് നായന്മാര്‍ക്കെതിരെ അടിതുടങ്ങി. നായന്മാരും ആക്രമണോത്സുകരായി മുന്നോട്ടാഞ്ഞു. ഞൊടിയിടയില്‍ അയ്യന്‍കാളിപ്പടയും രംഗത്തെത്തിയതോടെ പൊരിഞ്ഞ സംഘട്ടനം നടന്നു.പലര്‍ക്കും പരിക്കേറ്റു നിലത്തു വീണു. പലരും ജീവനും കൊണ്ടോടി രക്ഷപ്പെട്ടു. അടിതുടരുന്നതിനിടയില്‍ അയ്യന്‍കാളി വിളിച്ചുപറഞ്ഞു. ‘എന്റെ ജനങ്ങളെ പകല്‍ വെളിച്ചത്തില്‍ ഇറങ്ങിനടക്കാന്‍ അനുവദിക്കണം. അതല്ല ഞങ്ങളെ തടഞ്ഞാല്‍ ആരായാലും ഞങ്ങള്‍ എതിര്‍ക്കും’ ഒരു സിംഹഗര്‍ജ്ജനം പോലെ ആ ശബ്ദം മുഴങ്ങി. കാര്യം പന്തിയല്ലെന്ന് ഭയന്ന സവര്‍ണര്‍ പിന്നീട് പത്തിതാഴ്ത്തി പിരിഞ്ഞുപോയി. ആ വില്ലുവണ്ടി ആദ്യ ദൗത്യം പൂര്‍ത്തിയാക്കി പിന്നീട് പല വഴികളിലൂടെ സഞ്ചരിച്ച് വെങ്ങാന്നൂരിലെത്തിച്ചേര്‍ന്നു. 2
ആദ്യത്തെ വില്ലുവണ്ടി പ്രക്ഷോഭത്തോടെ പിന്നീടാരും വഴിതടയാന്‍ തയ്യാറായില്ല. അയ്യന്‍കാളി അതോടെ നാട്ടിലും അയല്‍നാട്ടിലും സവര്‍ണര്‍ക്കിടയിലുമെല്ലാം പ്രസിദ്ധനായി. അവര്‍ണര്‍ക്ക് അംഗീകരിക്കാന്‍ പോന്നൊരു നേതാവിന്റെ ഉയര്‍ത്തെഴുന്നേല്പായിരുന്നു ആ വില്ലുവണ്ടിയാത്രയിലൂടെ സംഭവിച്ചത്. പിന്നീട് വില്ലുവണ്ടി ഓടിക്കാന്‍ പറ്റിയ ഒരാളെ അയ്യന്‍കാളികണ്ടെത്തി. വെങ്ങാനൂര്‍ ചാവടി നട പുതുവല്‍വിളാകത്തുവീട്ടില്‍ കൊച്ചപ്പിയെന്ന കാളവണ്ടിക്കാരനെ. സ്വന്തമായികാളയും വണ്ടിയുമുണ്ടായിരുന്ന കൊച്ചപ്പിയുടെ തൊഴില്‍ വണ്ടിയടിപ്പായിരുന്നു. ആര് പറഞ്ഞാലും കേള്‍ക്കാത്ത പ്രകൃതമായിരുന്നു കൊച്ചപ്പിയുടേത്. അതുകൊണ്ട് കൊച്ചപ്പിയെ ജനങ്ങള്‍ ചണ്ടിക്കൊച്ചപ്പിയെന്നാണ് വിളിച്ചിരുന്നത്. അയാളുടെ ഒരു ചണ്ടി സംഭവം പറയാം. വെങ്ങാനൂര്‍ സ്വദേശി കരുണാകരന്‍നായരുടെ അച്ചന്‍ ചെക്കിലാട്ടിയ എണ്ണയും കൊണ്ടു വരുമ്പോള്‍ ചണ്ടിക്കൊച്ചപ്പിയുമായി എന്തോ കാര്യത്തില്‍ വാക്കുതര്‍ക്കമുണ്ടായി. വാക്കു തര്‍ക്കം മൂത്തപ്പോള്‍ കൊച്ചപ്പി എണ്ണ കൊണ്ടുവന്ന ചരുവം പിടിച്ചുവാങ്ങി അയാളുടെ മുഖമടക്കി അടിച്ചു. അടിയുടെ ഊക്കില്‍ അയാളുടെ ഒരു കണ്ണ് വെളിയില്‍ ചാടിപ്പോയി. ഇത്തരത്തിലുള്ള ഒരു വില്ലനായിരുന്നു ചണ്ടിക്കൊച്ചപ്പി. ഈ സന്ദര്‍ഭത്തിലാണ് അയ്യന്‍കാളിക്കു ബോധിച്ച കൊച്ചപ്പിയെ വില്ലുവണ്ടി ഓടിക്കാന്‍ ഏല്പിച്ചത്. കൊമ്പന്‍ മീശയും കറുത്ത ശരീരവും ആരേയും കൂസാത്ത പ്രകൃതക്കാരനും നല്ല കായികാഭ്യാസിയുമായിരുന്നു കൊച്ചപ്പി. അയ്യന്‍കാളി ഒഴികെ മറ്റാരു പറഞ്ഞാലും കൊച്ചപ്പി കേള്‍ക്കാറില്ല. പക്ഷെ ഒരിക്കല്‍ പെണ്‍വിഷയത്തില്‍ കൊച്ചപ്പി അയ്യന്‍കാളിയെ ധിക്കരിക്കുകയും തെറ്റിപ്പിരിയുകയും ചെയ്തിരുന്നു. അത് വളരെ വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ആ ഒത്തുപിരിയലുണ്ടായത്. അയ്യന്‍കാളിയുടെ വില്ലുവണ്ടി പോരാട്ട ചരിത്രത്തില്‍ ഒരു നിര്‍ണായക സ്ഥാനമാണ് ചണ്ടിക്കൊച്ചപ്പിക്കുണ്ടായിരുന്നത്. അയ്യന്‍കാളിയുടെ വില്ലുവണ്ടിയില്‍ ആ കാലത്ത് വണ്ടിക്കാരന്‍ കൊച്ചപ്പിയെ കൂടാതെ പയറുമൂട് കൊച്ചപ്പി, ഇന്‍ട്രി ആശാന്‍, ചാര്‍ളി, കേഡിഭാനു എന്നിവരായിരുന്നു അയ്യന്‍കാളിയുടെ ബോഡിഗാര്‍ഡായി എപ്പോഴും വില്ലുവണ്ടിയില്‍ ഉണ്ടായിരുന്നത്.3
അവര്‍ണ ജാതികള്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ അയ്യന്‍കാളി അന്നത്തെ സാമൂഹ്യ അനീതികളെ പരസ്യമായി ധിക്കരിച്ചു കൊണ്ട് പൊതുനിരത്തിലൂടെ ഓടിച്ച ചിത്രപ്പണികളുള്ള വില്ലുവണ്ടിക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നതായി ആ കാലത്തു അതുകണ്ട അയ്യന്‍കാളിയുടെ അളിയന്‍ ചുടുകണ്ടംവിള വെളുത്ത മാനേജരുടെ മകന്‍ ബാലകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്. ഒരു കിലോമീറ്റര്‍ ദൂരത്തു നിന്നേ വില്ലുവണ്ടി വരുമ്പോള്‍ അതിന്റെ മണിയൊച്ചകള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ്. രണ്ട് കാളകളെ പൂട്ടുന്ന അഗ്രത്തില്‍ അലംകൃതമായ ചിത്രപ്പണികളുള്ള സ്വര്‍ണ നിറമാര്‍ന്ന തകിട്. അതിന്റെ ഒത്ത നടുക്ക് മൂന്ന് ചിലങ്കകള്‍ തൂക്കിയിരുന്നു. വണ്ടിചക്രം ഘടിപ്പിക്കുന്ന ഇരുവശത്തേയും ചാവികളില്‍ ഘടിപ്പിച്ച പിച്ചളകമ്പിയുടെ അറ്റത്തും മൂന്നു ചിലങ്കകള്‍ വീതം കോര്‍ത്തിട്ടിരുന്നു. കൂടാതെ രണ്ടു ഭാഗത്തെ വശങ്ങളിലും മനോഹരമായ ചിത്രപ്പണികള്‍കൊണ്ട് അലംകൃതമായിരുന്നു. വില്ലുവണ്ടിയുടെ മേല്‍ക്കൂര ഓറഞ്ചും ഗോള്‍ഡും കലര്‍ന്ന നിറം കൊടുത്തിരുന്നു. ആരോഗ്യമുള്ള രണ്ട് വെള്ളക്കാളകളെ പൂട്ടിയിരുന്നു. അവയുടെ കൊമ്പുകളിലും ചിത്രപ്പണികള്‍ ചെയ്തിരുന്നു. ഓരോ കാളകളുടെയും കഴുത്തില്‍ വിശേഷപ്പെട്ട ഓരോ മണിയും മണിയുടെ ഇരുഭാഗത്തും മുമ്മൂന്ന് ചിലങ്കകളും കോര്‍ത്തു കെട്ടിയിരുന്നു. വില്ലുവണ്ടി ഓടുമ്പോള്‍ മണികളും ചിലങ്കകളും ഉണ്ടാക്കിയ അഭൗമമായ ശബ്ദം പ്രത്യേകതകള്‍ ഉള്ളതാണ്. രാത്രികാലത്തെ സഞ്ചാരത്തിനായി വില്ലുവണ്ടിയില്‍ ഒരു പാരീസ് തൂക്കുവിളക്കും ഘടിപ്പിച്ചിരുന്നു. 4
സഞ്ചാര സ്വാതന്ത്ര്യം പിടിച്ചുപറ്റാന്‍ അയ്യന്‍കാളി നടത്തിയ സാഹസികമായ പ്രക്ഷോഭത്തോടെഅദ്ദേഹത്തില്‍ അക്ഷീണനായ ഒരു നേതാവുണ്ടെന്ന തോന്നല്‍ അയിത്ത ജാതിക്കാര്‍ക്കുണ്ടായി. അയല്‍ ഗ്രാമങ്ങളിലും അയ്യന്‍കാളി വീരനായകനായി. അവിടങ്ങളില്‍ നിന്നുള്ള അവര്‍ണ ജാതിക്കാര്‍ തങ്ങളുടെ സങ്കടങ്ങളും പരാതികളുമായി വെങ്ങാനൂര്‍ പെരുങ്കാറ്റു വിളയിലെത്തി അയ്യന്‍കാളിയെ നേരില്‍ കണ്ട് തങ്ങളുടെ ആവലാതികള്‍ ബോധിപ്പിച്ചു. അവരെയെല്ലാം അയ്യന്‍കാളി ആശ്വസിപ്പിച്ചു വിട്ടു. ഇതോടുകൂടി അയ്യന്‍കാളിയും സംഘവും കൂടുതല്‍ കരുത്തുനേടി കര്‍മ്മമണ്ഡലത്തില്‍ പ്രവേശിക്കാന്‍ സന്നദ്ധരായി. സകല സന്നാഹത്തോടും ബാലരാമപുരത്ത് ആറാലുംമൂട് ചന്തലക്ഷ്യമാക്കി പുറപ്പെടാന്‍ തീരുമാനമെടുത്തു. ഇതിനിടെ ആറാലുംമൂട് ചന്തയില്‍ മറ്റൊരു സംഭവമുണ്ടായി. ചന്തയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ അര്‍ദ്ധ നഗ്നയായ ഒരു പുലയ സ്ത്രീയുടെ മാറില്‍ സവര്‍ണനല്ലാത്ത ഒരു മുസ്ലിം മടമ്പി കടന്നുപിടിച്ചു. ആ കാലത്ത് പുലയസ്ത്രീകള്‍ക്ക് മാറില്‍ ശീല പാടില്ലായിരുന്നുവെന്നാണ് സവര്‍ണ നീതി. ഈ നിതി ലംഘിച്ച് റൗക്കധരിച്ചെത്തിയ പുലയ സ്ത്രീയെ ആണ് സവര്‍ണനല്ലാത്ത മുസ്ലീം മാടമ്പി ചക്കിലിയരുടെ സഹായത്തോടെ പീഡിപ്പിക്കാന്‍ മുതിര്‍ന്നത്. ബാലരാമപുരത്തും പരിസരത്തും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് നെയ്ത്തുകാരായ ചക്കിലിയ സമുദായക്കാരെക്കൊണ്ട് പാര്‍പ്പിച്ചിരുന്നു. അവര്‍ക്ക് അവര്‍ണരോട് രോഷം തോന്നേണ്ട കാര്യമുണ്ടായിരുന്നില്ലെങ്കിലും സവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് ചക്കിലിയര്‍ മുസ്ലിം മാടമ്പിമാരോടൊപ്പം അവര്‍ണ സ്ത്രീയെ ആക്രമിക്കാന്‍ മുതിര്‍ന്നത്. ഈ സംഭവം കൂടി അയ്യന്‍കാളി അറിഞ്ഞതോടെ ആറാലുംമൂട് ചന്തയിലേക്ക് തന്റെ സന്നദ്ധ സംഘത്തോടൊപ്പം സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ടും അവര്‍ണ സ്ത്രീകളുടെ മാനം ആവശ്യപ്പെട്ടും ജാഥയായിട്ടെത്തി. ബാലരാമപുരം ചാലിയത്തെരുവില്‍ അയ്യന്‍കാളിയും സംഘവും പ്രവേശിച്ചതോടെ നേരത്തെ അവിടെ കേന്ദ്രീകരിച്ചിരുന്ന മുസ്ലീം മാടമ്പിമാരും ചക്കിലിയന്മാരും ചേര്‍ന്ന് ചെറുത്തു. അതോടെ സംഘട്ടനമാരംഭിച്ചു. വളരെ ശക്തമായ അടിതന്നെയുണ്ടായി. ഇരുഭാഗത്തും അടിയേറ്റ് ആളുകള്‍ക്ക് പരിക്കേറ്റു. പലരും ശരീരത്തില്‍ മുറിവേറ്റു വീണു. പൊരിഞ്ഞ സംഘട്ടനത്തിനൊടുവില്‍ അയ്യന്‍കാളിക്കും സംഘത്തിനും എണ്ണത്തില്‍ കൂടുതലുള്ള പിന്നോക്കക്കാരെ നേരിടാനാവാതെ തിരിച്ചുപോരേണ്ടതായി വന്നു. അല്ലെങ്കില്‍ അയ്യന്‍കാളി സംഘത്തിലെ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്നാണ് പഴമക്കാരില്‍ നിന്നും കേട്ടറിഞ്ഞതും അന്വേഷണത്തില്‍ ലഭിച്ച വിവരവും. 1899-ല്‍ നടന്ന ഈ സാധുജനവിമോചന പോരാട്ടത്തില്‍ ഒട്ടേറെപ്പേര്‍ക്ക് മുറിവുകള്‍ ഏറ്റിരുന്നു.
ഈ സംഭവം കാട്ടുതീപോലെ തിരുവിതാംകൂറിലെങ്ങും പരന്നു കഴിഞ്ഞു. പലേടത്തും അവര്‍ണരും സവര്‍ണരും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. കഴക്കൂട്ടം, കണിയാപുരം, ചെന്നിത്തല, നെടുമങ്ങാട്,കാവാലം, നേമം, മണക്കാട്, പേട്ട, പാറശ്ശാല,പരശുവയ്ക്കല്‍, അമരവിള, നെയ്യാറ്റിന്‍കര, പെരുമ്പഴുതൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതോടെ ഭീകരമായ ഏറ്റുമുട്ടലുകള്‍ (ലഹളകള്‍) പടര്‍ന്നു പിടിച്ചു. വളരെ കൂടുതല്‍ അവര്‍ണര്‍ ക്രൂരമായി സവര്‍ണരുടെ ആക്രമണങ്ങള്‍ക്ക് വിധേയരായി. അവര്‍ണ കുടിലുകള്‍ അഗ്നിക്കിരയാക്കി. സ്ത്രീകള്‍ കൂട്ടമാനഭംഗത്തിന് ഇരയായി. അയ്യന്‍കാളിയും അയ്യന്‍കാളിപ്പടയും അടങ്ങിയിരുന്നില്ല. ലഹള ബാധിതപ്രദേശങ്ങളില്‍ അയ്യന്‍കാളി വില്ലുവണ്ടിയില്‍ പടയോടൊപ്പം കടന്നു ചെന്നു അടിച്ചൊതുക്കുകള്‍ തുടരുമ്പോള്‍ സവര്‍ണര്‍ ചരിത്രത്തിലെ ഏറ്റവും നെറികെട്ടതും മൃഗീയവുമായ മര്‍ദ്ദനമുറകള്‍ പുലയര്‍ തുടങ്ങിയ അവര്‍ണരുടെ മേല്‍ അഴിച്ചുവിട്ടു. അവര്‍ണരുടെ സംഘടിതമായ ചെറുത്തുനില്പും നിശ്ചയദാര്‍ഢ്യവും ഇത്തരം സംഘര്‍ഷങ്ങളെ ചെറുക്കാന്‍ കാരണമായി. നെടുമങ്ങാട് ചന്തയില്‍ പോലും അയ്യന്‍കാളിയും അയ്യന്‍കാളി പടയുമെത്തി സവര്‍ണര്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടത്തിയതിനെത്തുടര്‍ന്നാണ് അവര്‍ണരുടെ മേലുള്ള സവര്‍ണ അതിക്രമങ്ങള്‍ തടയാന്‍ കഴിഞ്ഞുള്ളൂ.
അയിത്ത ജാതികള്‍ക്കും പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കാനുള്ള പ്രക്ഷോഭ സമാനമായ സമരമാര്‍ഗ്ഗങ്ങള്‍ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ അടുക്കല്‍ സവര്‍ണര്‍ എത്തിച്ചിരുന്നുവെങ്കിലും പ്രജാക്ഷേമതല്പരനായ മഹാരാജാവ് സവര്‍ണ നീതിക്കനുകൂലമായ നിലപാടാണ് ആദ്യകാലത്ത് സ്വീകരിച്ചുപോന്നിരുന്നത്. വിശാഖം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ കാലത്തെ സാമൂഹ്യ നീതി തന്നെ തുടക്കത്തില്‍ ശ്രീമൂലം തിരുനാളും പിന്‍തുടര്‍ന്നതെന്ന കാര്യം പറയാതെ വയ്യ. 1886 ലാണ് ശ്രീമൂലം തിരുനാള്‍ സ്ഥാനാരോഹണം ചെയ്തത്. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സ്ഥാനാരോഹണം കഴിഞ്ഞ് 13 വര്‍ഷം കടന്നപ്പോഴാണ് അയ്യന്‍കാളി സഞ്ചാര സ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി വിപ്ലവം തുടങ്ങിയത്. പക്ഷെ ഇതൊന്നും അറിഞ്ഞിട്ടും രാജ്യത്തെ സകല നികുതികളുടെയും ഉറവിടമായ അവര്‍ണരുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ഒരു രാജാധികാരിയെന്ന നിലയില്‍ ശ്രീമൂലം തിരുനാള്‍ മിണ്ടാവൃതം അനുഷ്ഠിക്കുകയായിരുന്നു.
ഈ രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാര്‍ ഇതേവരെ മൂടിവച്ചിരുന്ന ഒരു ചരിത്ര രഹസ്യം കൂടി ഇവിടെ വെളിപ്പെടുത്തേണ്ടതായിട്ടുണ്ട്. പുലയരെന്നു പറഞ്ഞാല്‍ ഈ രാജ്യത്തെ അടിമകളും അയിത്തം തുടങ്ങിയ സാമൂഹ്യ അനീതികളും പേറുന്നവരായി മാത്രം കരുതരുത്. അയ്യന്‍കാളി സഞ്ചാരസ്വാതന്ത്ര്യ സമരങ്ങള്‍ തുടങ്ങിയ കാലത്തിന് 158 വര്‍ഷങ്ങള്‍ക്കു മുന്‍പിലേയ്ക്ക് കടന്നുചെല്ലാം. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ ഭരിക്കുന്ന കാലം 1741 ആഗസ്റ്റ് 10ന് ആയിരുന്നു കുളച്ചല്‍ യുദ്ധം നടന്നത്. ഡച്ചുകാരും തിരുവിതാംകൂര്‍ സൈന്യവും കുളച്ചലില്‍ വച്ചുള്ള പൊരിഞ്ഞ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി കടല്‍യുദ്ധത്തില്‍ ഡച്ചുക്യാപ്റ്റന്‍ ഡിലനോയിയെ പിടിച്ചുകെട്ടി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ മുന്നില്‍ കൊണ്ടു വന്നിട്ടുള്ളത് പുലയറജിമെന്റില്‍പ്പെട്ട പുലയ സൈനികരായിരുന്നുവെന്ന് ‘ക്യാപ്റ്റന്‍ ഡിലനോയിയുടെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന ഗ്രന്ഥത്തില്‍ ‘പുലയറജിമെന്റ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന അദ്ധ്യായത്തില്‍ ഡിലനോയി തന്നെ രേഖപ്പെടുത്തുന്നുണ്ട്. ‘കേരളത്തിലെ പുലയര്‍ യോദ്ധാക്കളാകുന്നു’ വെന്നാണ് വിവരിക്കുന്നത്. ഡച്ചുകാരുടെ പീരങ്കിപ്പട സിലോണില്‍ നിന്നും കുളച്ചല്‍ വന്നിറങ്ങി തലസ്ഥാനമായ കല്‍ക്കുളത്തേയ്ക്ക് മുന്നേറിയപ്പോഴാണ് ഡച്ചുകാരെ നേരിടാന്‍ കടല്‍യുദ്ധത്തില്‍ വൈദഗ്ധ്യം സിദ്ധിച്ച പുലയറജിമെന്റിനെ മാര്‍ത്താണ്ഡവര്‍മ്മ നിയോഗിച്ചത്. മൂന്ന് റജിമെന്റുകളാണ് ഇന്ത്യയില്‍ അന്നുണ്ടായിരുന്നത്. കേരളത്തില്‍ നിന്നുള്ള പുലയറജിമെന്റ്,തമിഴ്‌നാട്ടില്‍ നിന്നുള്ള മറവ റജിമെന്റ്, മഹാരാഷ്ട്രയിലെ മഹര്‍ റജിമെന്റ് തുടങ്ങിയവയായിരുന്നു. 5 ഇത്രയേറെ പ്രാധാന്യമുള്ള ഒരു ജനതയെയാണ് ആയില്യം തിരുനാളിന്റെ കാലഘട്ടത്തില്‍ സാമൂഹ്യ അനാചാരങ്ങള്‍ കൊണ്ട് അശുദ്ധരെന്ന് കല്പിച്ചത്. ഈ പുലയ റജിമെന്റിന്റെ പിന്‍ഗാമികളാണ് അയ്യന്‍കാളിയിലും അയ്യന്‍കാളിപ്പടയിലും ദൃശ്യമാകുന്നത്.
വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമ്പോഴും അയിത്ത ജനതയുടെ മറ്റ് അവകാശ ധ്വംസനങ്ങള്‍ക്കുവേണ്ടിയും അയ്യന്‍കാളിയും അദ്ദേഹത്തിന്റെ പടയും വില്ലുവണ്ടിയിലേറി നാടെങ്ങും സഞ്ചരിച്ച് പൊരുതി. അവര്‍ണ വിഭാഗങ്ങള്‍ക്ക് അന്ന് അയിത്തത്തിന്റെ പേരില്‍ ചായ കടകളില്‍ കയറി പോലും ആഹാരം കഴിക്കാന്‍ പാടില്ലായിരുന്നു. ചായ കടകള്‍ക്ക് പിന്നിലുള്ള കാലിത്തൊഴുത്തുകളില്‍ ചിരട്ടയിലും മണ്‍പാത്രത്തിലും (കോപ്പകള്‍) ചായ പകര്‍ന്നു കൊടുത്തിരുന്നു. ഇതൊക്കെ അയ്യന്‍കാളി വില്ലുവണ്ടിയിലെത്തി പിടിച്ചു വാങ്ങി ദൂരത്തെറിയുകയും ചിരട്ടയും മണ്‍പാത്രവും തച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ അയ്യന്‍കാളി സവര്‍ണരുടെ നോട്ടപ്പുള്ളിയുമായി തീര്‍ന്നിരുന്നു

കാലത്തെ വെല്ലുവിളിച്ച മഹാത്മ അയ്യന്‍കാളി: ഭാഗം -1

അയ്യന്‍കാളിയുടെ ജനനം

തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ തെക്കുമാറി വിഴിഞ്ഞം കടലോരത്തു ചേര്‍ന്നാണ് വെങ്ങാന്നൂര്‍ ഗ്രാമം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍ വില്ലേജില്‍പ്പെട്ടതാണ് വെങ്ങാന്നൂര്‍. ആയ് രാജാക്കന്മാരുടെ രാജ്യതലസ്ഥാനമെന്ന നിലയില്‍ വിഴിഞ്ഞം പണ്ടുമുതല്‍ക്കേ ചരിത്രത്തിലിടം നേടിയിരുന്നു. പ്രസിദ്ധമായ വിഴിഞ്ഞം ഗുഹാക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. അതുപോലെ എട്ടുവീട്ടില്‍ പിള്ളമാരില്‍പ്പെട്ട വെങ്ങാനൂര്‍ പിള്ളയുടെ ജന്മം കൊണ്ട് തിരുവിതാംകൂറിന്റെചരിത്രത്തില്‍ വെങ്ങാന്നൂരും പണ്ടേ പ്രസിദ്ധി പെറ്റതാണ്. ഈ പ്രദേശത്തു വള്ളുവ രാജാക്കന്മാരുടെ സന്തതി പരമ്പരകളില്‍പ്പെട്ട കുറെയേറെ പുലയര്‍ താമസിച്ചിരുന്നു. അവരില്‍ പെരുങ്കാറ്റുവിള പ്ലാവറത്തല പുലയതറവാട്ടില്‍ അയ്യന്റെയും മാലയുടെയും ആദ്യ സന്താനമായി 1863 ആഗസ്റ്റ് 28ന് (1039 ചിങ്ങം 14ന് അവിട്ടം നക്ഷത്രം) അയ്യന്‍കാളി പൂജാതനായി. 1 തന്റെ പൊന്നോമന മകന് അയ്യനും മാലയും ചേര്‍ന്ന് ‘കാളി’ യെന്നു പേരിട്ടു. കാളിവളര്‍ന്നുവന്നപ്പോള്‍ അയ്യന്‍ തന്റെ പേരുകൂട്ടിച്ചേര്‍ത്ത് അയ്യന്‍കാളിയെന്നുവിളിച്ചു. ആ പേര് മരണാന്ത്യത്തോളം നിലനിന്നു.
അയ്യനും മാലയും ആ കാലത്ത് പുത്തളത്തു നായര്‍ തറവാട്ടിലെ പരമേശ്വരന്‍ പിള്ളയുടെ കൃഷിക്കാരും അടിയാളരുമായിരുന്നു. ആ കാലത്ത് വെങ്ങാനൂരിലെ പുലയരുടെ കാരണവസ്ഥാനവും (മൂപ്പന്‍) അയ്യനുണ്ടായിരുന്നു. ആദ്യകാലത്ത് അയ്യനും മാലയും താമസിച്ചിരുന്നത് വെങ്ങാനൂര്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്ന കുന്നില്‍ മുടിപ്പുര മേലേ വീട്ടിലായിരുന്നു. പിന്നീടാണ് പുത്തളത്തു ജന്മി പെരുങ്കാറ്റുവിളയില്‍ കൊടുത്ത സ്ഥലത്ത് താമസമാക്കിയത്. ഇവിടെ വച്ചാണ് അയ്യന്‍കാളി ജനിച്ചത്. ആ കാലത്ത് അയ്യന്റെ അഭിപ്രായങ്ങള്‍ക്ക് പുലയരില്‍ നിന്നും മറുത്തൊരഭിപ്രായം പൊന്തിവന്നിരുന്നില്ല. സത്യസന്ധതയും, ആത്മാര്‍ത്ഥതയും, കൂറും പുലര്‍ത്തിയിരുന്ന അയ്യന്‍ അവിടത്തെ കൃഷിപ്രധാനനായിരുന്നു. നെല്‍പ്പാടത്തെ കൃഷിയെല്ലാം കഴിഞ്ഞാല്‍ ജന്മിയുടെ പുരയിടത്തിലെ പണികള്‍ ചെയ്താണ് അയ്യന്‍ കുടുംബം പോറ്റിയിരുന്നത്. കാടുകള്‍ വെട്ടിത്തെളിച്ച് ഏക്കര്‍ കണക്കിന് ഭൂമി പരമേശ്വരന്‍ പിള്ളയ്ക്ക് ഉണ്ടാക്കിക്കൊടുത്തിരുന്നു. പരമേശ്വരന്‍പിള്ളയുടെ നെല്‍പ്പാടങ്ങളിലെ മുഴുവന്‍ കൃഷിപ്പണിയും നിര്‍വ്വഹിച്ചിരുന്നതിന്റെ മേല്‍നോട്ടം അയ്യനായിരുന്നു. അതുകൊണ്ടുതന്നെ മറ്റ് ജന്മിമാരില്‍ നിന്നും വ്യത്യസ്ഥനായ പരമേശ്വരന്‍ പിള്ള തന്റെ ഏക്കര്‍കണക്കിന് ഭൂമിയില്‍ നിന്നും എട്ടര ഏക്കറോളംകൃഷിഭൂമി അയ്യനും മാലയ്ക്കുമായി പതിച്ചുകൊടുത്തു. 2 ജന്മി-കുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഒരു ജന്മി തന്റെ അടിയാന് എട്ടേകാല്‍ ഏക്കറോളം കൃഷിഭൂമി പതിച്ചുകൊടുത്തത് അന്നത്തെ കാലത്ത് ഏറ്റവും വലിയ സംഭവമായി കണക്കാക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ ഭൂമി ഒരു ജന്മി തന്റെ കുടിയാന് കൊടുത്തത് ആദ്യമായിട്ടായിരുന്നു. ഇന്നോളം മറ്റൊരു ജന്മിയും തന്റെ അടിയാളന് ഇത്രയും ഭൂമികൊടുത്ത ചരിത്രവും ഉണ്ടായിട്ടില്ല.
ഇതിനകം കാളി ഒരു ബാലനായി തീര്‍ന്നിരുന്നു. അഞ്ചാം വയസ്സില്‍ എത്തിയെങ്കിലും തന്റെ പൊന്നോമന മകനെ വിദ്യാഭ്യാസം നല്‍കാന്‍ ഒരു മാര്‍ഗ്ഗവും കാണാനാവാതെ പിതാവ് അയ്യന്‍ ഏറെ മന:സ്ഥാപപ്പെട്ടു. കുട്ടിക്കാലത്ത് സവര്‍ണ്ണ കുട്ടികള്‍ പുസ്തകങ്ങളുമായി പള്ളിക്കൂടത്തിലേയ്ക്ക് കളിച്ചും ചിരിച്ചും പോകുന്നത് ഉല്‍ക്കടമായ ആഗ്രഹത്തോടെ കാളിനോക്കിനിന്നു. പൊതുവഴിയില്‍ ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. അന്നത്തെ സാമൂഹ്യ നീതി അപ്രകാരമാണ് രൂപപ്പെടുത്തിയിരുന്നത്. അയിത്ത ജാതിക്കാരായ കുട്ടികള്‍ അന്ന് വിദ്യാലയ പ്രവേശനം കര്‍ശനമായി നിരോധിച്ചിരുന്നു. സ്‌കൂളില്‍ പ്രവേശിച്ചാല്‍ സ്‌കൂളും സവര്‍ണ കുട്ടികളും അയിത്തമാക്കപ്പെടുമെന്നാണ് സവര്‍ണര്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അയിത്ത ജാതികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൊട്ടി അടയ്ക്കപ്പെട്ടിരുന്നു. ഇക്കാരണങ്ങളാല്‍ കാളിക്ക് വിദ്യാഭ്യാസം നേടുവാന്‍ സാധിച്ചിരുന്നില്ല. നിരക്ഷരനായി തന്നെ വളരുവാനേ കാളിക്ക് യോഗമുണ്ടായുള്ളൂ. അങ്ങനെകാളിയും സാധാരണ പുലയകുട്ടികളോടൊപ്പം കളിച്ചുവളര്‍ന്നു. കാളിക്ക് ആറു വയസ്സായ കാലത്ത് 1869-ല്‍ അന്നത്തെ ബ്രിട്ടീഷ് റസിന്റ് മി.ബല്ലാര്‍ഡ് തിരുവിതാംകൂര്‍ ദിവാന്‍ സര്‍.ടി.മാധവറാവുവിന് അയച്ച ഒരു കത്തില്‍ നഗരത്തിലെ എല്ലാ പൊതുനിരത്തും എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി സഞ്ചരിക്കുന്നതിന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ കത്തിന്റെ പ്രസക്തഭാഗം ഇങ്ങനെയാണ്. ”The public high streets of all towns and property not of any particular casts, but of the whole community and that every man by his casts or religion what it may be, has a right to the full use of them, provided that he does not obstruct or motest others in the use of them and must be supported in the exercise of that right. 3 ഈ കാലത്ത് തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാളും ദിവാന്‍ സര്‍.ടി.മാധവറാവുവുമായിരുന്നു. ആയില്യം തിരുനാള്‍ മറ്റു രാജാക്കന്മാരില്‍ നിന്നൊക്കെ വിദ്യാസമ്പന്നനായിരുന്നു. ആംഗലയ വിദ്യാഭ്യാസം സിദ്ധിച്ചിരുന്നുവെങ്കിലും അയിത്ത ജാതിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ വിമുഖനായിരുന്നു. ബ്രിട്ടീഷ് റസിഡന്റിന്റെ കത്തുകള്‍ക്കോ, നിര്‍ദ്ദേശങ്ങള്‍ക്കോ, ആവശ്യങ്ങള്‍ക്കോ അര്‍ഹമായ പരിഗണന നല്‍കിയിരുന്നില്ല. അന്തര്‍മുഖനായ വെറുമൊരു രാജപിണ്ഡം. തന്റെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ അനീതികള്‍ക്കെതിരെ ഒന്നും ചെയ്യാതെ സുഖഭോഗ തല്പരനായി രാജ്യഭരണം നടത്തിയ വെറും രാജാവ്. ദിവാന്‍ മാധവറാവുവിന്റെ കാലത്താണ് അയിത്ത ജാതിക്കാരെ ഏറെ ദ്രോഹിച്ച അനാചാരങ്ങള്‍ അടിച്ചേല്‍പ്പിച്ചതും മുലക്കരം, തലക്കരം തുടങ്ങിയ മനുഷ്യത്വരഹിതമായ കരം പിരിവുകള്‍ ശക്തമാക്കിയിരുന്നതും. ചക്കയ്ക്ക് ഒത്ത കൂട പോലെയായിരുന്നു ആയില്യം തിരുനാളിന് ദിവാന്‍ മാധവറാവു.
ഏതാണ്ട് പന്ത്രണ്ടുവയസ്സുവരെ ആടുമാടുകളെ മേയ്ക്കുന്നതൊഴിലായിരുന്നു കാളിക്ക്. ഈ സമയത്തുതന്നെ സമപ്രായക്കാരായ കുട്ടികളുമൊത്ത് കുട്ടിയും കോലും കളി, കവടികളി,കിളിത്തട്ടുകളി, പന്തുകളി എന്നിവയിലെല്ലാം കാളിയും പങ്കെടുത്തിരുന്നു. ഈ കാലത്തോടെ അയ്യന്‍ മകനെ കൂടി നെല്‍പ്പാടത്തേയ്ക്കു കൊണ്ടുപോയി. വിദ്യാഭ്യാസത്തിനു പകരമായി നെല്‍കൃഷിപ്പണികള്‍ കാളിയെ പഠിപ്പിച്ചു. അങ്ങിനെകാലക്രമേണ നിലംപൂട്ടാനും, മരമടിക്കാനും, വയല്‍വരമ്പ് കോരാനും,വിത്തുവിതയ്ക്കാനും, കിളയ്ക്കാനും മറ്റും കാളി പഠിച്ചു.
ഇത് പിതാവായ അയ്യന് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. തനിക്കുശേഷം തന്റെ മകന്‍ നല്ലൊരു കൃഷിക്കാരനായി തീരുമല്ലോ എന്ന ചിന്ത അയ്യനേയും മാതാവ് മാലയേയും ഏറെ സന്തോഷിപ്പിച്ചു. കൃഷിക്കാര്യങ്ങളില്‍ ഏര്‍പ്പെട്ടതോടെ കാളിയില്‍ ചില മാറ്റങ്ങള്‍ ദൃശ്യമായി. നല്ല ആരോഗ്യ ദൃഢഗോത്രനായി മാറി. മറ്റെല്ലാ കുട്ടികളില്‍ നിന്നും കാളിയുടെ ആകാരസൗഷ്ഠവത്തിലും ഏറെ പ്രത്യേകതകള്‍ നിറഞ്ഞവനായി മാറി. നല്ല പൊക്കം അതിനു വേണ്ടുന്നതായ ശക്തി. തല ഉയര്‍ത്തിപ്പിടിച്ചുള്ള നടത്തം.നല്ല ചുറുചുറുക്ക്. ആ നോട്ടത്തില്‍ പോലും തീഷ്ണതയേറിയിരുന്നു. ആരേയും ഹഠാദാഹര്‍ഷിക്കുന്ന സ്വഭാവ വിശേഷം. ഇതൊക്കെ കാളിയെ മറ്റ് പുലയ ചെറുപ്പക്കാരില്‍ നിന്നും വേര്‍തിരിച്ചിരുന്നു.
ഈ കാലത്തും പുലയര്‍ തുടങ്ങിയ തീണ്ടല്‍ ജാതിക്കാരുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. അവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം തീര്‍ത്തും നിഷേധിച്ചിരുന്നു. ആഴ്ചയിലെ ഏഴു ദിവസവും പുലയര്‍ ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരായിരുന്നു. ആള്‍പാര്‍പ്പില്ലാത്ത കുറ്റിക്കാടുകളിലൂടെയും കാട്ടുപൊന്തകള്‍ക്കിടയിലൂടെയും മറ്റും വേണം പുലയര്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കു പോകുവാന്‍. ഇങ്ങനെ പോകുമ്പോള്‍ പോലും ‘ഇഞ്ചാവോ,ഇഞ്ചാവോ’ എന്ന ശബ്ദമുണ്ടാക്കി വേണം സഞ്ചരിക്കാന്‍. ഈ ശബ്ദത്തിന്റെ ഉദ്ദേശം അയിത്തജാതിക്കാര്‍ വരുന്നുണ്ടെന്ന് സവര്‍ണരെ അറിയിക്കാനായിട്ടാണ്. അതെ സമയം സവര്‍ണര്‍ പോകുമ്പോള്‍ ‘ഹോയ്, ഹോയ്’ എന്ന ശബ്ദവും പുറപ്പെടുവിക്കും. സവര്‍ണര്‍ വരുന്നുണ്ടേ അയിത്ത ജാതിക്കാര്‍ മാറിക്കോ എന്നാവും ‘ഹോയ്’ ശബ്ദത്തിന്റെ സൂചന. സവര്‍ണരില്‍പ്പെട്ട നായര്‍ നടക്കുമ്പോള്‍ അവര്‍ സ്വയം ശബ്ദമുണ്ടാക്കുകയും നമ്പൂതിരി പോകുമ്പോള്‍ ഒരു നായര്‍ മുന്‍പേ നടന്ന് ഹോയ് ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഹോയ് ശബ്ദം കേട്ടാലുടന്‍ ഇഞ്ചാവോക്കാരന്‍ ഉടന്‍ എവിടെയെങ്കിലും പോയി ഓടി ഒളിച്ചോളണം. അവര്‍ണനെ സവര്‍ണന്‍ നേരില്‍ കണ്ടാലോ ഫലം അവര്‍ണന് മര്‍ദ്ദനം ഉറപ്പായിരുന്നു. മര്‍ദ്ദനം നടത്തുന്നത് ബ്രാഹ്മണന്റെ കീഴാള സേവകനായ നായരുടെ ധര്‍മ്മവും ജോലിയുമായിരുന്നു. ഇഞ്ചാവോ എന്ന വിളിയും പൂച്ചയെപ്പോലെയുള്ള പതുങ്ങി ഓട്ടവുമാണ് പുലയന് ‘പൂച്ച’ യെന്ന ഓമനപ്പേര് പില്‍ക്കാലത്ത് വീണു കിട്ടാന്‍ കാരണമാക്കിയത്. 4
ഈ കാലത്ത് തന്റെ ചുറ്റിലും ജന്മിമാരും അവരുടെ സില്‍ബന്തികളും സ്വസമുദായക്കാരോട് കാട്ടിക്കൊണ്ടിരുന്ന തീണ്ടല്‍-തൊടീല്‍-അടിമത്തം തുടങ്ങിയ അനാചാരങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും കാളിക്ക് സഹിക്കാവുന്നതിലുമേറെയായിരുന്നു. സമപ്രായക്കാരായ സ്‌നേഹിതന്മാരേയും സഹോദരന്മാരേയും വിളിച്ചുചേര്‍ത്ത് സന്ധ്യനേരങ്ങളില്‍ ഒന്നിച്ചിരുന്ന് ഇത്തരംകാര്യങ്ങള്‍ സംസാരിക്കുന്നത് കാളിയുടെ സ്വഭാവമായി മാറിയിരുന്നു. ഇത്തരം സംഭാഷണങ്ങളിലൂടെ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് മുന്നോട്ടുപോകാനുള്ള ഒരു തയ്യാറെടുപ്പുകൂടിയായിരുന്നു ഇതെന്ന് അന്നാരും കരുതിയിരുന്നില്ല. കാര്യത്തിനൊപ്പം വിനോദോപാദികളും നടത്തിയിരുന്നു. നാടന്‍ പാട്ടുകള്‍ പാടുക, നാടന്‍ കലാരൂപമായ കാക്കരശ്ശി നാടകം അരങ്ങേറുക എന്നിവയും കാളിയും കൂട്ടരും ചെയ്തിരുന്നു. ഇത്തരം കലാപ്രകടനങ്ങളിലൂടെ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ വെങ്ങാനൂരില്‍ രൂപപ്പെട്ടു. അതിന്റെ നടുനായക സ്ഥാനം കാളിക്കായിരുന്നു. ഇതൊക്കെയാണെങ്കിലും കാളിയുടെ മനസ്സിനെ സദാനേരവും അലട്ടിക്കൊണ്ടിരുന്നത് തന്റെ ജനവിഭാഗം അനുഭവിച്ചിരുന്ന അനാചാരങ്ങളെ എങ്ങനെ അറുതിവരുത്താമെന്നാണ്.
ഈ സന്ദര്‍ഭത്തിലാണ് പുലയസമുദായത്തില്‍പ്പെട്ട മേലെക്കാളിയും, മൂലേക്കാളിയുമായി അയ്യന്‍കാളി പരിചയപ്പെട്ടത്. മേലെക്കാളിയും, മൂലേക്കാളിയും അയ്യന്‍കാളിയെക്കാള്‍ പ്രായം ചെന്നവരും അയോധനകലകളില്‍ നിപുണന്മാരുമായിരുന്നു. അവരുടെ നിരന്തര സമ്പര്‍ക്കവും ഉപദേശവും പ്രകാരം അയ്യന്‍കാളിയും കൂട്ടുകാരും കാളിമാരുടെ നേതൃത്വത്തില്‍ കളരി അഭ്യാസങ്ങള്‍ പഠിക്കാന്‍ ആരംഭിച്ചു. തെക്കന്‍ കളരിയില്‍ കൂടുതല്‍ അറിവുനേടാന്‍ നാഗര്‍ കോവിലില്‍ നിന്നും ആശാന്മാരെ വരുത്തി തെക്കന്‍ കളരിയില്‍പ്പെട്ട അടി, തട, വാള്‍പ്പയറ്റ് എന്നിവ പഠിച്ചു. പിന്നീട് വടക്കന്‍ കളരിപഠിക്കാന്‍ വടക്കന്‍ കളരി അഭ്യാസികളെയും വരുത്തുകയുണ്ടായി. കളരി അഭ്യാസങ്ങള്‍ പഠിക്കുന്നത് പുലയര്‍ തുടങ്ങിയവരുടെ പതിവാണ് അക്കാലത്ത്. അക്ഷരാഭ്യാസം പഠിക്കാന്‍ കഴിയാത്ത അയിത്ത ജാതിക്കാര്‍ കളരി അഭ്യാസ മുറകള്‍ പഠിക്കുന്നത് അന്ന് പതിവാക്കിയിരുന്നു. കളരി അഭ്യാസമുറകളുടെ ആശാന്മാര്‍ മേലെക്കാളിയും മൂലേക്കാളിയുമായിരുന്നു.
കളരിമുറകള്‍ പഠിച്ചുകഴിഞ്ഞപ്പോഴേയ്ക്കും ഒരുതരം ആത്മവിശ്വാസവും ആത്മധൈര്യവുമൊക്കെ കാളിയില്‍ പ്രകടമായികണ്ടിരുന്നു. തന്റെ ജനങ്ങള്‍ നൂറ്റാണ്ടുകളായി അനുഭവിച്ചു വന്നിരുന്ന സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പൊരുതാനുള്ള ചങ്കൂറ്റവും അയ്യന്‍കാളിയിലുണ്ടായി. തന്റെ ചുറ്റിലും അയിത്ത ജാതികള്‍ക്കെതിരെ ജന്മിമാരും അവരുടെ മാടമ്പികൂട്ടവും കാട്ടിയിരുന്ന അനാചാര പ്രവണതകളെ എതിര്‍ത്തു തോല്പിക്കാനുള്ള ഉള്‍പ്രേരണയും കാളിയിലുണ്ടായി. തീണ്ടലും തൊടീലും കല്പിച്ച് തീണ്ടാപ്പാടകലെ അകറ്റുകയും സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ആ കാലത്ത് അതിനെതിരെ പ്രതികരിക്കുക എന്നത് ദുഷ്‌ക്കരവും ആപല്‍ക്കരവുമായിരുന്നു. അയ്യന്‍കാളി ഒതുങ്ങി കൂടുവാന്‍ തയ്യാറായില്ല. അല്പം മുഷ്‌ക് കാട്ടിയിട്ടാണെങ്കിലും ഇവയെ പ്രതിരോധിക്കാന്‍ തന്നെ അയ്യന്‍കാളി തയ്യാറായി. അതിനു വേണ്ടുന്നത് ശക്തമായ ആള്‍ബലമാണെന്ന് കാളി തിരിച്ചറിഞ്ഞു. തന്നോടൊപ്പം കളരി അഭ്യാസം പൂര്‍ത്തിയാക്കിയ ആരോഗ്യവന്മാരായ ഒരു യുവതലമുറയുണ്ടെന്ന കാര്യം കാളി ഓര്‍മ്മിച്ചു. പിന്നീട് അവരെയെല്ലാം പോയി സംഘടിപ്പിച്ച് എന്തിനും പോന്ന ഒരു സംഘമുണ്ടാക്കി. അതിന് ആവശ്യമുള്ളത്ര പ്രചോദനം പകര്‍ന്നുകൊടുത്തതും മേലെക്കാളിയും മൂലേക്കാളിയുമായിരുന്നു. പില്‍ക്കാലത്ത് ഇവര്‍ രണ്ടുപേരും അയ്യന്‍കാളിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാരില്‍ നിന്നും കേട്ടറിവുണ്ട്. ഈ ലേഖകന്റെ അന്വേഷണത്തിലും അത് വെളിപ്പെട്ടിട്ടുണ്ട്. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പൊരുതിക്കയറുവാന്‍ അയ്യന്‍കാളി സ്വരൂപിച്ച ചെറുപ്പക്കാരുടെ ഈ സംഘത്തെ പില്‍ക്കാലത്ത് ‘അയ്യന്‍കാളിപ്പട’ യെന്ന പേരിലാണ് നാട്ടിലെങ്ങും അറിയപ്പെട്ടിരുന്നത്. എവിടെ ജാതിയ വിവേചന പ്രശ്‌നങ്ങളുണ്ടായാലും ഈ സംഘം ഞൊടിയിടയില്‍ മണത്തറിഞ്ഞ് അയ്യന്‍കാളിയുടെ പിന്നില്‍ അണിനിരക്കുമായിരുന്നു. (അടുത്തകാലത്ത് കേരളത്തില്‍ അയ്യന്‍കാളിപ്പടയെന്ന പേരില്‍ ചിലര്‍ ഉണ്ടാക്കിയ സംഘവുമായി അയ്യന്‍കാളിക്കോ അയ്യന്‍കാളി പ്രസ്ഥാനങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ല.) അയ്യന്‍കാളിയും സംഘവും നെയ്യാറ്റിന്‍കര, വെങ്ങാനൂര്‍, കോട്ടുകാല്‍, ചൊവ്വര, മുല്ലൂര്‍, വെള്ളാര്‍, ബാലരാമപുരം, പാച്ചല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അയിത്ത ജാതിക്കാരുടെ മേല്‍ സവര്‍ണര്‍ നടപ്പാക്കിയിരിക്കുന്ന മനുഷ്യത്വരഹിതമായ അനാചാരങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തി. ഇതോടെ മറ്റ് സ്ഥലങ്ങളിലും അയ്യന്‍കാളിയെക്കുറിച്ചും സംഘത്തെക്കെറിച്ചും അവര്‍ണരിലും സവര്‍ണരിലും അറിവുണ്ടായി.
ഈ സമയം അയ്യന്‍കാളിക്ക് 25 വയസ്സ് പ്രായമായിരുന്നു. വീട്ടുകാര്‍ അയ്യന്‍കാളിയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചു. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം വിവാഹാലോചനകള്‍ നടന്നു. ഒടുവില്‍ ആ വിവാഹാലോചന ചെന്നവസാനിച്ചത് നെയ്യാറ്റിന്‍കര കോട്ടുകാല്‍ വില്ലേജില്‍ മഞ്ചാം കുഴി ചെല്ലമ്മയുടെ വീട്ടിലായിരുന്നു. വെളുത്ത സുന്ദരിയും സുശീലയുമായ ചെല്ലമ്മയെ കണ്ടുബോധിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. 1888 മാര്‍ച്ച് അവസാനവാരത്തില്‍ അയ്യന്‍കാളിയും ചെല്ലമ്മയും തമ്മിലുള്ള വിവാഹം മഞ്ചാംകുഴിയിലെ വധൂഗൃഹത്തില്‍ വച്ചുനടന്നു. വിവാഹം കെങ്കേമമായിരുന്നുവെന്നാണ് ആ കാലത്തെ പഴമക്കാരില്‍ നിന്നും കേട്ടറിഞ്ഞിരുന്നത്. വിവാഹനന്തരം വെങ്ങാന്നൂര്‍ പെരുങ്കാറ്റുവിളയ്‌ക്കെതിരെ പടിഞ്ഞാറുമാറിയുള്ള കുന്നില്‍ തെക്കേവിളയില്‍ സ്വന്തമായിട്ടുണ്ടായിരുന്ന ഭൂമിയില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു വീടുപണിത് അയ്യന്‍കാളിയും ഭാര്യയും അവിടെ താമസമാക്കി. ഈ തെക്കേവിള വീട്ടില്‍ നിന്നാണ് അയ്യന്‍കാളിയെന്ന നിരക്ഷരന്‍ സാധുജനങ്ങളുടെ നിക്ഷേധിക്കപ്പെട്ടിരുന്ന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.
സാമൂഹ്യ നവോത്ഥാനം കൈവരുത്താന്‍ ചട്ടമ്പിസ്വാമിയില്‍ നിന്നും ശ്രീനാരായണഗുരുവില്‍ നിന്നും വ്യത്യസ്ഥ മാര്‍ഗ്ഗമായിരുന്നു അയ്യന്‍കാളി സ്വീകരിച്ചിരുന്നത്. ഈ സാധുജനവിമോചന പോരാട്ടങ്ങള്‍ അയ്യന്‍കാളിയെ മറ്റാരേയുംകാള്‍ മുന്നിലെത്തിച്ചു. അയ്യന്‍കാളി ഗൃഹസ്ഥാശ്രമിയായ അതെവര്‍ഷം തന്നെയാണ് ഈഴവരാദി വിഭാഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചിരുന്ന സവര്‍ണരെ വെല്ലുവിളിച്ചു കൊണ്ട് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ചത്. 
പക്ഷെ ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നിര്‍വ്വഹിക്കുന്നതിന് മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് 1853-ല്‍ കായംകുളത്ത് മംഗലം ഇടയ്‌ക്കോട് ജ്ഞാനേശ്വരം ക്ഷേത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ഈഴവ പ്രമാണി ഈഴവ ശിവനെ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. 5 എന്നാല്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് ചരിത്രത്തിലിടം നേടാന്‍ കഴിയാത്തതിന്റെ സാംഗത്യമെന്തെന്ന കാര്യത്തിലിന്നും ദുരൂഹത നിലനില്ക്കുന്നു. ശ്രീനാരായണ ഗുരുവിനെ പൊക്കിക്കാട്ടിയവര്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ ബോധപൂര്‍വ്വം തഴയുകയായിരുന്നു ചെയ്തത്. കേരളത്തിലെ ആദ്യത്തെ നവോത്ഥാന വിപ്ലവകാരി യഥാര്‍ത്ഥത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. പണിക്കര്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രീനാരായണ ഗുരുവിനും അയ്യന്‍കാളിക്കും മുന്‍പ് ഒറ്റയ്ക്ക് സവര്‍ണരെ വെല്ലുവിളിച്ചുകൊണ്ട് ചെയ്തിരുന്നു. അവയെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. പണിക്കര്‍ സവര്‍ണര്‍ക്കെതിരെ ചെയ്തതൊന്നും ആത്മീയവാദികളായ ചട്ടമ്പിസ്വാമികള്‍ക്കോ, ശ്രീനാരായണഗുരുവിനോ കഴിയുമായിരുന്നില്ല. ആത്മീയത്തിലൂടെ കേരളത്തില്‍ നവോത്ഥാനം കൈവരിച്ചുവെന്ന് വീമ്പിളക്കുന്നവര്‍ക്കും അഹങ്കരിക്കുന്നവര്‍ക്കും ചരിത്രമറിയില്ല. 
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ രണ്ടുപേരെ ഉണ്ടായിട്ടുള്ളൂ. ഒന്ന് ആറാട്ടുപുഴ വേലായുധപ്പണിക്കരും രണ്ടാമന്‍ വെങ്ങാനൂര്‍കാരന്‍ നിരക്ഷരനായ അയ്യന്‍കാളിയും.

ശിഷ്യനെ ബഹുമാനിക്കുന്ന ഗുരു മൈത്രേയ മഹര്‍ഷി

വിദുര മൈത്രേയ സംവാദത്തില്‍ തുടക്കം മുതല്‍ പഠിക്കാനുള്ള ഒരു കാര്യം ഗുരു ശിഷ്യന്മാരുടെ പരസ്പര ബഹുമാനമാണ്. ശിഷ്യന് ഗുരുവിനോട് തോന്നുന്ന ആരാധനാഭാവം സ്വാഭാവികം. എന്നാല്‍ ഗുരു ശിഷ്യനെ അങ്ങേയറ്റം ബഹുമാനിക്കുന്നത് അപൂര്‍വം. ഇത് കണ്ടു പഠിക്കേണ്ടതായ ഒരു നയമാണ്.
ഹേ സാധോ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മൈത്രൈയ മഹര്‍ഷി എന്ന ഗുരു ശിഷ്യനായ വിദുരരെ വിളിക്കുന്നത്. അങ്ങയുടെ ചോദ്യങ്ങളെല്ലാം ലോകോപകാരത്തിനുവേണ്ടിയാണെന്ന് അനുമോദിക്കുകയും ചെയ്യുന്നു. അങ്ങ് യമദേവന്റെ അവതാരം തന്നെയാണ്. ഭഗവാന്‍ വേദവ്യാസന്റെ, എന്റെ ഗുരുവിന്റെ പുത്രനാണ്. ഭഗവാന്‍ ശ്രീകൃഷ്ണന് എന്നും ഇഷ്ടനായിരുന്നു. അങ്ങക്ക് ജ്ഞാനോപദേശം നല്‍കാന്‍ ഭഗവാന്‍ എന്നെ നിയോഗിച്ചത് എന്റെ ഭാഗ്യം.
''സത് സേവനീയോ ബത പൂരുവംശോ
യല്ലോകപാലോ ഭഗവത്പ്രധാനഃ
ബഹുവിധേഹാജിത കീര്‍ത്തിമാലാം
പദേ പദേ നൂതനയസ്യഭീക്ഷ്ണം''
ലോകപാലന്മാരിലൊരാളായ ധര്‍മദേവന്‍ ഭഗവദ് ഭക്തനായിത്തന്നെ തിരുവവതാരം ചെയ്യാനുള്ള ഭാഗ്യം ലഭിച്ച പൂരുവംശം ധന്യമാണ്. എന്നെന്നും നൂതനമായിത്തന്നെ അനുഭവപ്പെടുന്ന ചോദ്യങ്ങളാണ് അങ്ങയില്‍നിന്നും ഉയരുന്നത്. അവക്ക് ഉത്തരം പറയാന്‍ അവസരം കിട്ടിയ ഞാന്‍ ഭാഗ്യവാനാണ്.
എന്നാല്‍ ഹേ വിദുരമഹാശയാ, എനിക്കായി ഒന്നും പറയാനില്ല എന്നതാണ് സത്യം. പണ്ട്, സങ്കര്‍ഷമൂര്‍ത്തി, സാക്ഷാല്‍ ആദിശേഷന്‍, അനന്തന്‍  സനത് കുമാരാദി ഋഷിമാര്‍ക്ക് പറഞ്ഞുകൊടുത്ത കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. സാക്ഷാല്‍ ശ്രീമഹാവിഷ്ണു വിധാതാവായ ബ്രഹ്മദേവന് പറഞ്ഞുകൊടുത്ത ഭാഗവതകാര്യങ്ങള്‍ തന്നെയാണ് ഞാനും പറയുന്നത്. അങ്ങയുടെ ചോദ്യങ്ങള്‍ നിത്യനൂതനമാണെങ്കിലും ഉത്തരങ്ങള്‍ ചിരപുരാതനം തന്നെ.
ഹേ പ്രഭോ, അങ്ങ് കുരുവംശത്തിന്റെ ഇളയച്ഛനാണെങ്കിലും സാക്ഷാല്‍ ധര്‍മദേവന്‍ തന്നെയെങ്കിലും നാരായണ തുല്യനാണെങ്കിലും ചോദിച്ച സ്ഥിതിക്ക് ഞാന്‍ ചിലതു സൂചിപ്പിക്കുന്നു.
പരമാത്മാവിന് കാലവ്യതിയാനത്താല്‍ ഗുണഭേദം വന്ന മഹത് എന്ന പ്രകൃതിവികാരമുണ്ടായി. മഹത് അഹങ്കാരത്തോടൊത്ത് പഞ്ചതന്മാത്രകളേയും പഞ്ചഭൂതങ്ങളെയും അവയെത്തിരിച്ചറിയാനുള്ള പഞ്ചേന്ദ്രിയങ്ങളെയും സൃഷ്ടിച്ചു. ഇന്ദ്രിയസ്ഥനായി മനസ്സും സൃഷ്ടിക്കപ്പെട്ടു. ഇന്ദ്രിയങ്ങള്‍ക്ക് ആഹരിക്കാനുള്ള  ആഹാരങ്ങളെയും ഉണ്ടാക്കി, വനസ്പതികള്‍, ഔഷധികള്‍, ലതകള്‍, തൊലിക്കടുപ്പമുള്ളവ, ചെറുചെടികള്‍, വൃക്ഷങ്ങള്‍ ഇവ സൃഷ്ടിച്ചു. പിന്നെ മൃഗങ്ങളെയും ജലചരങ്ങളെയും പക്ഷികളെയും മറ്റും സൃഷ്ടിച്ചു. പിന്നീടാണ് മനുഷ്യസൃഷ്ടി. ഭഗവാന്‍ തന്നെ പല  രൂപത്തിലായി സ്വയം അവതരിക്കുകയായിരുന്നു. ഹേ സത്തമാ, ഇതൊക്കെയാണ് ഭഗവാന്റെ സൃഷ്ടിരീതികള്‍.സത്തുക്കളില്‍ ശ്രേഷ്ഠനായ സത്ബുദ്ധിയായ അങ്ങേക്ക് ഇതെല്ലാം അറിയാവുന്നതാണല്ലോ.
ഇതാണ് മൈത്രേയഗുരു ശിഷ്യനായ വിദുരരോടു പെരുമാറുന്ന രീതി. പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം. വിദ്യ എന്നത് ഏകജാലകപാതയല്ല. മറിച്ച് ദ്വിമാന ചാലകപാതയാണ് എന്ന് തെളിയിക്കുന്നു. ഉത്തമശിഷ്യന്റെ സംശയങ്ങള്‍ ഗുരുവിനെയും വളര്‍ത്തും. ഗുരുവിന്റെ ചിന്താശേഷിയേയും അന്വേഷണ പാടവത്തെയും എല്ലാം പോഷിപ്പിക്കും.
ഗുരുവിനെ മുറിയില്‍ പൂട്ടിയിടുകയും ഗുരുവിന്റെ കോലം കത്തിക്കുകയുമെല്ലാം ചെയ്യുന്ന ഇന്നത്തെ ലോകം ഗുരുശിഷ്യബന്ധമെന്തെന്ന് നോക്കിപ്പഠിക്കാന്‍ ഭാഗവതത്തിലെ വിദുരമൈത്രേയ സംവാദം വായിച്ചിരിക്കുന്നത് ഉചിതം.

ഭൂമിയും ആകാശവും അന്നത്തിൽ പ്രതിഷ്ഠിതം സ്വാമി അഭയാനന്ദ

തൈത്തിരീയോപനിഷത്ത് 33
ഭൃഗുവല്ലി അനുവാകം
അന്നം ബഹു കുര്‍വീത തദ് വ്രതം
അന്നത്തെ വളരെ ഉണ്ടാക്കണം. അത് വ്രതമാണ്. വളരെ വലിയ അളവിലും പല തരത്തിലും അന്നം,. ഉണ്ടാക്കുക എന്നത് അന്നോപാസകന്റ വ്രതമാകുന്നു.  അതു പോലെ തന്നെ പൃഥിവി - ആകാശ ഉപാസകന്റെയും  വ്രതമാണിത്. 
പൃഥിവീവാ അന്നം. ആകാശോന്നാദ: പൃഥിവ്യാമാകാശ: പ്രതിഷ്ഠിത: ആകാശേ പൃഥിവീ പ്രതിഷ്ഠിതാ. തദേത ദന്ന മന്നേപ്രതിഷ്ഠിതം. സ യ എതദന്നമന്നേ പ്രതിഷ്ഠിതം വേദ പ്രതി തിഷ്ഠതി അന്ന വാനന്നാ ദോ ഭവതി.  മഹാന്‍ ഭവതി   പ്രജയാ പശുഭിര്‍ ബ്രഹ്മ വര്‍ച്ച സേന. മഹാന്‍ കീര്‍ത്ത്യാ.
ഭൂമി അന്നമാകുന്നു. ആകാശം അന്നത്തെ കഴിക്കുന്നതാകുന്നു. ആ കാശം ഭൂമിയില്‍ പ്രതിഷ്ഠിതമാണ്, ഭൂമി ആകാശത്തിലും.ഇവ രണ്ടും അന്നത്തില്‍ പ്രതിഷ്ഠിതമാണ് . ഇങ്ങനെ അറിയുന്നവന്‍ അന്നത്തിന്റേയും അന്നാദത്തിന്റെയും രൂപത്തില്‍ പ്രതിഷ്ഠിതനാകുന്നു. വളരെ അന്നമുള്ളവനായും അന്നാ നാ യും തീരുന്നു. പ്രജകള്‍, പശൂുക്കള്‍, ബ്രഹ്മ തേജസ്സ്, കീര്‍ത്തി എന്നി വയാല്‍ മഹാനായിത്തീരുന്നു. അന്നത്തെ ഏതൊക്കെ തരത്തില്‍ ധാര്‍മ്മികമായി ഉണ്ടാക്കാമോ അത് ചെയ്യണം. സമഷ്ടി രൂപത്തില്‍ ഭൂമിയേയും ആകാശത്തേയും അന്നമായും അന്നാദമായും സങ്കല്പിച്ച് ഉപാസിക്കാം. അന്നം അന്നാദം എന്ന് പറഞ്ഞത് ആലങ്കാരി ഭാഷയിലാണ്. കാര്യകാരണ രൂപത്തില്‍ കാണുന്ന ഇവയെ ഒക്കെ രണ്ടെന്ന ഭാവം വിട്ട് ഏകത്വത്തില്‍ അറിയണം. അദ്വയ ബ്രഹ്മ സാക്ഷാത്കാരത്തെ നേടണം. ഓരോന്നിന്റെയും അവസാനം പറഞ്ഞ ഫലശ്രുതി സാധകരെ ഇക്കാര്യത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ്.
 ന കംചന വസതൗ പ്രത്യാ ച ക്ഷീത തദ് വ്രതം. തസ്മാദ്യയാ കയാച വിധ യാ ബഹ്വ ന്നം പ്രാപ്‌നുയാത്. അരാധ്യസ്മാ അന്നമിത്യാ ചക്ഷതേ.
നമ്മുടെ വീട്ടില്‍ താമസിക്കാനായി എത്തുന്ന ഒരാളേയും മടക്കി അയയ്ക്കരുത് (ഒഴിവാക്കരുത് ). അത് വ്രതമാകണം. അതിനാല്‍ അക്കാര്യത്തിലേക്കായി ധാരാളം അന്നത്തെ സമ്പാദിക്കണം. വീട്ടിലെത്തുന്ന അതിഥിയോട് കഴിക്കാനുള്ളത് തയ്യാറായി എന്ന് അറിവുള്ളവര്‍ പറയും. ഇന്ന്  ഇവിടെ തങ്ങുന്നു എ ന്ന് പറഞ്ഞ് ആര് വന്നാലും ശരി അവര്‍ക്ക് താമസ സൗകര്യം ഒരുക്കണം.അതിഥികള്‍ ചോദിക്കാതെ തന്നെ അവര്‍ക്ക് അന്നം കൊടുക്കണം. അന്നമില്ലെന്ന് പറഞ്ഞ് മടക്കരുത്.
ഇനിയും അന്നത്തിന്റെ മാഹാത്മ്യം നമുക്ക് കാണാം. ഏതു കാലത്തും ഏതു വിധത്തിലും അന്നം കൊടുക്കുന്നുവോ അതുപോലെ അത് തിരിച്ചു വന്നു ചേരും

യോഗീശ്വരന്മാര്‍-കളങ്കമറ്റ കണ്ണാടിപോലെ

ഒരു തെളിഞ്ഞ കണ്ണാടിയില്‍ നിങ്ങളുടെ പ്രതിബിംബം വ്യക്തമായി ദര്‍ശിക്കാന്‍ കഴിയും. പക്ഷേ ആ കണ്ണാടി മുഴുവന്‍ ചായങ്ങളും ചിത്രപ്പണികള്‍കൊണ്ടും നിറച്ചാല്‍ നിങ്ങളുടെ മുഖം അതില്‍ വ്യക്തമായി കാണാന്‍ കഴിയുകയില്ല. യോഗീശ്വരന്മാര്‍ കളങ്കമറ്റ കണ്ണാടിപോലെയാണ്. അവരുടെ സന്നിധിയില്‍ചെന്നാല്‍ നിങ്ങളുടെ അഹന്തയുടെ സ്വരൂപവും മനസ്സിലെ കളങ്കവും തെറ്റുകളും പരാജയങ്ങളും എല്ലാം നിങ്ങള്‍ക്കു സ്വയം ദര്‍ശിക്കാന്‍ കഴിയും.
നിങ്ങളുടെ അഹന്തയുടെ അഥവാ അജ്ഞതയുടെ സ്വരൂപം അതിനെയാണ് അറിയേണ്ടതും ഒറ്റപ്പെടുത്തേണ്ടതും. ആത്മാവ് അറിയപ്പെടേണ്ടതല്ല,അത് അറിവു തന്നെയാണ്. ഈ അവിദ്യ അഥവാ കല്‍പിതമായ അഹന്ത അനാദികാലം മുതല്‍ക്കേ നിങ്ങളില്‍ അഥവാ നിങ്ങളാകുന്ന ഗൃഹത്തില്‍ കുടിയേറി പാര്‍ക്കുകയാണ്. അതിന്റെ കൂട്ടുകെട്ട് അനന്തമായി നിങ്ങള്‍ സഹിച്ചു. ഇപ്പോള്‍ നിങ്ങള്‍ ആവശ്യപ്പെട്ടാല്‍പോലും അതു വിട്ടുപിരിയാന്‍ സമ്മതിക്കുന്നില്ല. ഈശ്വരകാരുണ്യത്തിന്റെ പരമമായ കോടതിയില്‍നിന്നു മാത്രമേ അഹന്തയെ കുടിയിറക്കാനുള്ള ഉത്തരവു സമ്പാദിക്കാന്‍ നിങ്ങള്‍ക്കു കഴിയൂ. ആ ഉത്തരവാകട്ടെ കാര്യങ്ങളെ വിവേചിച്ചറിയാനുള്ള ജ്ഞാനമാണ്. 
  നിങ്ങളെപ്പറ്റിയുള്ള അഭിനന്ദനത്തിലും അവഹേളനത്തിലും നിങ്ങള്‍ ഉദാസീനരായിരിക്കണം. അഹന്ത തഴക്കുന്നത് പ്രശംസയിലാണ്. ആത്മാര്‍ത്ഥതയുള്ള ഒരു സത്യാന്വേഷിക്ക് പ്രശംസകള്‍ മര്‍മ്മഭേദകങ്ങളാണ്. അയാള്‍ക്ക് അയാള്‍ നിസ്സാരനാണെന്നറിയാം. വിലയില്ലായ്മയും അറിയാം. സമാരാദ്ധ്യമായിട്ടുള്ളത് അമൂല്യ വൈഭവങ്ങളുടെ ആസ്ഥാനമായ ഈശ്വരന്‍ മാത്രമാണെന്ന് അയാള്‍ അറിയുന്നു.

കുടകപ്പാല

ശാസ്ത്രീയ നാമം : Holarrhena antidysenterica
സംസ്‌കൃതം :കുടക,കലിംഗ
തമിഴ്: വെപ്പാലൈ
എവിടെകാണാം : കേരളത്തിലുടനീളം എല്ലാ ജില്ലകളിലും. തെക്കേ ഇന്ത്യയില്‍ ഇലപൊഴിയും വനങ്ങളില്‍.
പുനരുത്പാദനം : വിത്തില്‍ നിന്ന്.
ഔഷധപ്രയോഗങ്ങള്‍:  കുടകപ്പാലയുടെ വേരിന്‍മേല്‍ത്തൊലി അഞ്ചു ഗ്രാം വറുത്ത് നന്നായി മൂത്താല്‍ പൊടിച്ച് 30 മില്ലി പുളിച്ച മോരില്‍ കലക്കി കുടിച്ചാല്‍ എത്രശക്തമായ രക്താതിസാരവും വയറ്റിളക്കവും, കഫാതിസാരവും ശമിക്കും. രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ കഴിച്ചാല്‍ വയറുണങ്ങി മലബന്ധം ഉണ്ടാകും. അതിസാരത്തെ തടയുവാനുള്ള ഈ കഴിവുകൊണ്ടാണ് ശാസ്ത്രനാമത്തില്‍ ആന്റിഡിസെന്‍ട്രിക്ക എന്ന പേരു വന്നത്. 
വയറുകടി, അതിസാരം, കഫംമൂലമുള്ള വയറുവേദന ഇവയ്ക്ക് ആദ്യം പറഞ്ഞതില്‍ കവിഞ്ഞൊരു ഔഷധമില്ല.
ചുക്ക്, കുരുമുളക്, തിപ്പലി, കൊത്തമ്പാലരി, കാട്ടുപടവലം, വേപ്പിന്‍തൊലി, ആടലോടക വേര്, കുടകപ്പാലയരി ഇവ ഓരോന്നും അഞ്ചു ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി പറ്റിച്ച് 100 മില്ലി വീതം തേനും കല്‍ക്കണ്ടവും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ചാല്‍ പിത്തജ്വരം (ശക്തമായ പനി, കണ്ണിലൂടെ വെള്ളം വരികയും കണ്ണ് ചുവന്ന നിറമാകുക, ഛര്‍ദ്ദിയും വയറ്റിളക്കവും, വായ്ക്ക് ശക്തമായ കയ്പ്പും ഉണ്ടാകുന്ന പനിക്കാണ് പിത്തജ്വരം എന്നു പറയുക) മാറും.
കാട്ടുജീരകം, കുടകപ്പാലയരി, നെല്ലിക്കാത്തൊണ്ട്, ഉണക്ക മഞ്ഞള്‍, ഏകനായകത്തിന്റെ വേര് ഇവ സമം ഉണക്കിപ്പൊടിച്ച് അഞ്ചു ഗ്രാം പൊടി (ഒരു സ്പൂണ്‍) ചൂടുവെള്ളത്തില്‍ ദിവസവും രണ്ടു നേരം സേവിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയും. 
കുടകപ്പാലയരി കുഷ്ഠരോഗങ്ങളിലും വാതരോഗങ്ങളിലും, ക്ഷതരോഗങ്ങളിലും തയ്യാറാക്കുന്ന മരുന്നുകളില്‍ ഒഴിച്ചു കൂടാനാവാത്തതാണ്. ആയൂര്‍വേദത്തില്‍ അരികള്‍ ആറ് എന്നതില്‍ കുടകപ്പാലയരി ഒരു ഐറ്റമാണ്. (അരികള്‍ ആറ് എന്നാല്‍ കുടകപ്പാലയരി, കാര്‍കോകില്‍ അരി, വിഴാല്‍ അരി, കൊത്തമ്പാലരി, ഏലത്തരി, ചെറുപുന്ന അരി ഇവയാണ്).
ചതവിന് സൂപ്പുണ്ടാക്കുമ്പോള്‍ അരികള്‍ ആറ് ജീരകം മൂന്ന് (ചെറുജീരകം, പെരുംജീരകം, കരിഞ്ചീരകം) ശതകുപ്പ, പതിമുഖം, ചുക്ക്, കുരുമുളക്, തിപ്പലി, കുറന്തോട്ടി വേര്, ദേവതാരം, ആശാളി, കിരിയാത്ത്, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, ബാര്‍ലി അരി, കരിങ്ങാലിക്കാതല്‍, ചിറ്റമൃത്, താതിരിപ്പൂവ്, സൂചിഗോതമ്പ്, പഴയമുതിര ഇവ ഓരോന്നും 30 ഗ്രാം മുതല്‍ 60 ഗ്രാം വരെ മാംസത്തിന്റെ അളവനുസരിച്ച് ചേര്‍ത്താണ് സൂപ്പുണ്ടാക്കുക.

സത്ത്വഗുണപൂര്‍ണ്ണന്റെ പരലോക പ്രാപ്തി (14-14)

മനുഷ്യദേഹം സ്വീകരിച്ച ജീവാത്മാവ്, സത്ത്വഗുണം നിറഞ്ഞ സമയത്താണ് മരണം പ്രാപിക്കുന്നതെങ്കില്‍, ഉത്തമജ്ഞാനം സിദ്ധിച്ചവരുടെ ലോകങ്ങളില്‍ എത്തിച്ചേരും. ഇന്ദ്രന്‍ തുടങ്ങി, സത്യലോകത്തിലെ ബ്രഹ്മാവ് വരെയുള്ള ദേവന്മാരും തപസ്വികളും അഷ്ടാംഗയോഗ സിദ്ധന്മാരും ദിവ്യസുഖം അനുഭവിക്കുന്ന സ്വര്‍ഗ്ഗലോകം, മഹര്‍ലോകം, ജനലോകം, തപോലോകം സത്യലോകം എന്നീ ലോകങ്ങളില്‍ എത്തിച്ചേരുന്നു. അവരെല്ലാം ഉത്തമ ജ്ഞാനം നേടിയവരുമാണ്. ആ ലോകങ്ങള്‍ അമലങ്ങള്‍-രജോഗുണത്തിന്റെയും തമോഗുണത്തിന്റെയും സ്പര്‍ശം പോലുമില്ലാത്തവയാണ് എന്നും ഓര്‍ക്കുക.
അപ്പോള്‍ ഒരു സംശയം വരാം- പുണ്യകര്‍മ്മങ്ങളും പാപകര്‍മ്മങ്ങളും അനുസരിച്ചാണ് മനുഷ്യന്റെ പരലോക പ്രാപ്തി എന്നാണല്ലോ വേദം പറയുന്നത്.
''യത് കര്‍മ്മ കുരുതേ
തദഭി സമ്പദ്യതേ'' എന്ന് വേദ വചനം. സത്ത്വഗുണ പരിപൂര്‍ത്തിയാണ് പരലോകഗതിക്ക് ഹേതു എന്ന് ഭഗവാന്‍ പറയുന്നത് ശ്രുതിവാക്യത്തിനു വിരുദ്ധമാവില്ലേ?
ഇല്ല. മനുഷ്യരുടെ മരണകാലത്ത്, കഴിഞ്ഞ ജന്മങ്ങളിലെ പുണ്യവും അപുണ്യവും ആയ കര്‍മ്മങ്ങളെ ആശ്രയിച്ചാണ്, സത്ത്വഗുണം വര്‍ധിക്കുന്നത്. അതിനനുസരിച്ചാണ്, സത്ത്വഗുണപൂര്‍ണ കര്‍മ്മങ്ങള്‍ അനുസരിച്ചാണ്, ബ്രഹ്മാദികളുടെ ലോകങ്ങള്‍ മനുഷ്യര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് ഭഗവാന്‍ പറയുന്നത് ശ്രുതികള്‍ക്കോ സ്മൃതികള്‍ക്കോ വിരുദ്ധമായ എന്ന് ആചാര്യന്മാര്‍ പറയുന്നു.
രജോഗുണ പൂര്‍ണന്റെയും തമോഗുണപൂര്‍ണന്റെയും പരലോകഗതികള്‍ (14-15)
മരണസമയത്ത് മനുഷ്യന്റെ മനസ്സ് രജോഗുണം നിറഞ്ഞതാണെങ്കില്‍,
കര്‍മ്മസംഗിഷ്ഠജായതേ- വേദങ്ങളിലും ധര്‍മ്മശാസ്ത്രങ്ങളിലും നിര്‍ദ്ദേശിച്ചിട്ടുള്ളതോ, നിഷേധിച്ചിട്ടുള്ളതോ ആയ കര്‍മ്മങ്ങള്‍ ചെയ്യാന്‍ യോഗ്യതയുള്ള മനുഷ്യരായി ജനിക്കും. പിന്നീട് സ്വര്‍ഗ്ഗാദി ലോകങ്ങള്‍ ലഭിക്കാന്‍ വേണ്ടിയോ, മനുഷ്യലോകത്തിലെ ഉന്നതിക്കുവേണ്ടിയോ വീണ്ടും കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യും.
മരണസമയത്ത് മനുഷ്യന്റെ മനസ്സ് തമോഗുണം നിറഞ്ഞതാണെങ്കില്‍
മൂഢമായോ നിഷ്ഠ ജായതേ
ഒരിക്കലും ജ്ഞാനം ലഭിക്കാന്‍ സൗകര്യമില്ലാത്ത നാല്‍ക്കാലികള്‍, പക്ഷികള്‍, പുഴുക്കള്‍ മുതലായവയുടെ ദേഹം സ്വീകരിച്ച് ജനിക്കുന്നു. ഇങ്ങനെ സത്വഗുണ സമ്പന്നന്മാര്‍ ബ്രഹ്മലോകം മുതലായ ലോകങ്ങളില്‍ ദേവന്മാരായിട്ടും രജോഗുണസമ്പന്നന്മാര്‍ ഭൂലോകത്തില്‍ മനുഷ്യരായിട്ടും, തമോഗുണ സമ്പന്നന്മാര്‍ മൃഗപക്ഷി വൃക്ഷലതാദികളായിട്ടോ ജന്മമെടുക്കുമെന്ന് സാരം. മനുഷ്യന്‍ വീണ്ടും മനുഷ്യനായി തന്നെ ജനിക്കും എന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല എന്ന് താല്‍പ്പര്യം.

ചെങ്ങന്നൂരിലെ വോട്ടുരാഷ്ട്രീയം

ഇന്ത്യന്‍ രാഷ്ട്രീയഭൂപടത്തില്‍നിന്ന് അസാധാരണമാംവിധം മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചലനം സൃഷ്ടിക്കാന്‍ ആവുമെന്ന് തോന്നുന്നില്ല. 2006- ല്‍ സിറ്റിങ് എംഎല്‍എ ശോഭനാ ജോര്‍ജ്ജില്‍ നിന്ന് അകാരണമായി പിടിച്ചുവാങ്ങിയ സീറ്റ് ഇപ്പോള്‍ സ്വയം ഒഴിഞ്ഞുകൊടുത്ത വിഷ്ണുനാഥ് മണ്ഡലത്തിലെ രാഷ്ട്രീയ വിഭാഗീയത മനസ്സിലാക്കി എന്നുവേണം കരുതാന്‍.
മകാലീന രാഷ്ട്രീയത്തിലെ മുഴുവന്‍ വിഴുപ്പലക്കുകളും നിര്‍ത്തിവച്ച് ഇടതു-വലത് രാഷ്ട്രീയപാര്‍ട്ടികള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. സമാനതകളില്ലാത്തവിധം അധഃപതിച്ച് കേരളരാഷ്ട്രീയത്തെ അഴുക്കുചാലിലൂടെ വലിച്ചിഴയ്ക്കുന്ന സിപിഎമ്മിനെ സംബന്ധിച്ച് ഇത് ജീവന്‍മരണ പോരാട്ടമാണ്. അതുകൊണ്ട് ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്ന സര്‍വ്വസന്നാഹങ്ങളുമായിട്ടാണ് ഈ ഉപതെരഞ്ഞെടുപ്പിനെ അവര്‍ നേരിടുന്നത്. എന്‍ഡിഎയുടെ ത്രിപുരയിലെ അട്ടിമറി വിജയത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാനായിട്ടില്ല എന്ന സത്യം മറച്ചുവച്ച് എന്ത് വൃത്തികേട് കാണിച്ചും അധികാരത്തിന്റെ മറവില്‍ മണ്ഡലം നിലനിര്‍ത്താനുള്ള അവസാനശ്രമവും അവര്‍ നടത്തും. 
അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും തണലില്‍ വര്‍ഷങ്ങളോളം ജനാധിപത്യ ധ്വംസനവും, സ്വേച്ഛാധിപപത്യഭരണവും നടത്തി അടക്കിവാണ കോട്ടകൊത്തളങ്ങള്‍ ഒന്നൊഴിയാതെ കടപുഴകി വീണ വിപ്ലവ പ്രസ്ഥാനത്തിന് ആകെ ആശ്രയം കരിന്തിരി കത്തുന്ന കേരളം എന്ന ഈ കൊച്ചുസംസ്ഥാനമാണ്. ഈ തുരുത്ത് പിടിച്ചുനിര്‍ത്തിയേ അവര്‍ക്ക് മതിയാകൂ. ഭരണപരമായി ഒരു ഭയപ്പാടിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഗുണിതങ്ങളില്‍ അക്കങ്ങളുടെ പെരുക്കങ്ങള്‍ കുറയാന്‍ ഈ തെരഞ്ഞെടുപ്പ് വഴിയൊരുക്കും എന്നുള്ള തിരിച്ചറിവും സിപിഎമ്മിനെ അങ്കലാപ്പിലാക്കുന്നു. എതിരാളികളെ ക്രൂരവും പൈശാചികവുമായ രീതിയില്‍ മൃഗതൃഷ്ണയോടെ അരുംകൊലചെയ്യുന്ന സിപിഎമ്മിലെ മനോവൈകല്യം ബധിച്ചവരുടെ അക്രമരാഷ്ട്രീയത്തെ അരിയിട്ട് വാഴിക്കുന്ന നേതൃത്വത്തിന്റെ സാഡിസമനോഭാവത്തിന് മുമ്പില്‍ മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ജനാധിപത്യ സമൂഹം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഇവര്‍ക്ക് മുമ്പില്‍ ആദര്‍ശരാഷ്ട്രീയത്തെ  പടിയടച്ച് പിണ്ഡംവച്ച് ചോരച്ചാലുകള്‍ തീര്‍ത്ത് വിപ്ലവത്തിന് അരങ്ങൊരുക്കുകയാണ് കേരളത്തില്‍ സിപിഎം. 
ഇന്ത്യന്‍ രാഷ്ട്രീയഭൂപടത്തില്‍നിന്ന് അസാധാരണമാംവിധം മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചലനം സൃഷ്ടിക്കാന്‍ ആവുമെന്ന് തോന്നുന്നില്ല. 2006- ല്‍ സിറ്റിങ് എംഎല്‍എ ശോഭനാ ജോര്‍ജ്ജില്‍ നിന്ന് അകാരണമായി പിടിച്ചുവാങ്ങിയ സീറ്റ് ഇപ്പോള്‍ സ്വയം ഒഴിഞ്ഞുകൊടുത്ത വിഷ്ണുനാഥ് മണ്ഡലത്തിലെ രാഷ്ട്രീയ വിഭാഗീയത മനസ്സിലാക്കി എന്നുവേണം കരുതാന്‍. ഒരു തോല്‍വികൂടി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ എഴുതിച്ചേര്‍ക്കേണ്ട എന്നും വിഷ്ണുനാഥ് കരുതിയിരിക്കണം. ശോഭനാ ജോര്‍ജ്ജിന്റെ കൂറുമാറ്റവും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ക്ഷീണമാകും. തന്നെയുമല്ല ഐക്യജനാധിപത്യ മുന്നണി സഥാനാര്‍ത്ഥിയുടെ വിജയമോ, പരാജയമോ കേരള രാഷ്ട്രീയത്തില്‍ ഇനി ഒരു ചര്‍ച്ചയാവില്ല. എന്‍ഡിഎ സഖ്യത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിന് വോട്ട് നല്‍കാനും മടിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവും നാം കൂട്ടിവായിക്കേണ്ടതാണ്. 
ഈ തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞാല്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നിച്ചുള്ള മുന്നണിയായിരിക്കും എല്ലായിടത്തും മല്‍സരിക്കുക. ഭരണവൈകല്യം കൊണ്ടും അധികാര ഗര്‍വ്വുകൊണ്ടും രാഷ്ട്രീയ തിമിരം ബാധിച്ച ഇവരുടെ ബാന്ധവം സമാനതകളില്ലാത്ത അടിയറവുതന്നെയാണ്. വര്‍ഷങ്ങളായി ആളറിയാതെ നടത്തിയിരുന്ന പടിപ്പുരബന്ധം താലികെട്ടി നാലുകെട്ടിനുള്ളിലേക്കാവാം എന്ന തീരുമാനം കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണപതനത്തിന് അവര്‍ തന്നെ വഴിയൊരുക്കലാണ്. സ്വയം ചിതയൊരുക്കി മരണം കാത്തിരിക്കുന്നവരെപ്പോലെ ആസന്നമൃത്യുവിന് വായ്ക്കുരവയിട്ട് വരം തേടുന്ന ഒരു വിഭാഗം ജനങ്ങള്‍ ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗത്തിലുണ്ടത്ര. ചെങ്ങന്നൂരിലെ ഈ ഉപതെരഞ്ഞെടുപ്പോടുകൂടി കേരളത്തിലും അത് നേരിട്ട് ബോധ്യമാകും. 
കോണ്‍ഗ്രസ് അപ്രസക്തമാകുന്ന ചെങ്ങന്നൂരില്‍ ഭരണകക്ഷിയായ സിപിഎമ്മും എന്‍ഡിഎയും തമ്മില്‍ നേരിട്ടുള്ള മത്സരമാകും നടക്കുക. ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ എന്‍ഡിഎ സഖ്യത്തിന് കഴിഞ്ഞു എന്നുള്ളതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നം കണ്ടത്. 1987- ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എം.ജി.എം. നമ്പൂതിരി 5393 വോട്ടുനേടിയപ്പോള്‍ 2016- ല്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള 42682 വോട്ട് നേടി. ഒരു പാര്‍ട്ടിക്കും മണ്ഡലത്തില്‍ ഈ വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടില്ല എന്ന് നാം ഓര്‍ക്കണം. 1957- ല്‍ സിപിഎം സ്ഥാനാര്‍ത്ഥി ആര്‍. ശങ്കരനാരായണന്‍ തമ്പി 19538 വോട്ട് നേടിയാണ് ഇവിടെനിന്ന് ജയിച്ചത്.   
1957 മുതല്‍ 2006 വരെ
1957 മുതല്‍ മാറിയും മറിഞ്ഞും ചിലപ്പോള്‍ സ്വതന്ത്രരെ പുല്‍കിയും മനസ്സ് തുറക്കാതെ ചെങ്ങന്നൂര്‍ നിലകൊള്ളുമ്പോള്‍ കാലഘട്ടത്തിന്റെ മാറ്റം ആഗ്രഹിക്കുന്ന പുതുതലമുറ ആരെ പുല്‍കും എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ ഒട്ടാകെ മാറ്റത്തിന്റെ കാഹളം മുഴക്കി ഭാരതത്തെ ലോകനെറുകയിലെത്തിക്കാന്‍ കുതിക്കുന്ന രാഷ്ട്രീയ ചിന്താധാരയില്‍നിന്ന് മാറി അവര്‍ ചിന്തിക്കുമെന്ന് തോന്നുന്നില്ല. 
1957 ലെ പൊതുതെരഞ്ഞെടുപ്പില്‍ ശങ്കരനാരായണന്‍തമ്പി. ആര്‍ (സിപിഐ), സരസ്വതിയമ്മ കെ. ആര്‍. (കോണ്‍ഗ്രസ്-ഐഎന്‍സി), രാമചന്ദ്രന്‍ നായര്‍ സി.കെ. (പിഎസ്പി) എന്നിവര്‍ മത്സരിച്ചപ്പോള്‍ 52% വോട്ട് നേടി സിപിഐയുടെ നാരായണന്‍ തമ്പിയാണ് വിജയിച്ചത്. 36% വോട്ട് ഐഎന്‍സി നേടിയപ്പോള്‍ 4% വോട്ട് പി.എസ്പിയ്ക്ക് ലഭിച്ചു. 
1960- ല്‍ കോണ്‍ഗ്രസിലെ കെ.ആര്‍. സരസ്വതിയമ്മയും സിപിഎമ്മിലെ പത്മനാഭനും തമ്മിലുള്ള മത്സരത്തില്‍ 31964 വോട്ട് നേടി കോണ്‍ഗ്രസ്  വിജയിച്ചു (62%). സിപിഐയ്ക്ക് 20026 (37%) മാത്രമാണ് ലഭിച്ചത്.
1965- ല്‍ 50 ശതമാനം വോട്ട് നേടി കെ.ആര്‍. സരസ്വയിമ്മ (കെസി) വിജയിച്ചപ്പോള്‍  505 വോട്ട് മാത്രമാണ് സിപിഐയിലെ ആര്‍. ശങ്കരനാരായണന്‍തമ്പിക്ക് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച കെ. പ്രഭാകരന്‍ നായര്‍ക്ക് 11410 വോട്ട് ലഭിക്കുകയുണ്ടായി.
1967-ല്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. ആറുപേരാണ് മത്സരിച്ചത്. പി.ജി.പി. പിള്ള (സിപിഐ), എന്‍എസ്‌കെ പിളള (കോണ്‍ഗ്രസ്), കെ. ആര്‍. സരസ്വതിയമ്മ (കെഇസി), കെ. തോമസ് (സ്വതന്ത്രന്‍), സി.ടി. മാസ്റ്റര്‍ (സ്വതന്ത്രന്‍), ടി. കെ. രാജന്‍ (ബിജെഎസ്). ഇതില്‍ 17524 (34.76%) വോട്ട് നേടി പി.ജി.പി. പിള്ള വിജയം വരിച്ചു. 
1970 ലും വിജയം സിപിഎമ്മിനായിരുന്നു. പി. ജി. പുരുഷോത്തമന്‍പിള്ള വോട്ട് നില മെച്ചപ്പെടുത്തി. 21687 (36%) വോട്ട് നേടി വിജയിച്ചു. സരസ്വതി രുഗ്മണിക്ക് (കെഇസി) 19443 വോട്ട് ലഭിച്ചു.  
1977-ല്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെ നീണ്ട ഏഴ് വര്‍ഷത്തെ ഭരണത്തിനുശേഷം വന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍  മത്സരിക്കാതെ തങ്കപ്പന്‍പിള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 33909 (53.13%) വോട്ട് നേടി വിജയിച്ചു. 1980- ല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കെ.ആര്‍. സരസ്വതിയമ്മ 35910 വോട്ട് നേടി ഒരിക്കല്‍ക്കൂടി മണ്ഡലം തിരിച്ചുപിടിച്ചു. എതിരാളിയായ  തോമസ് കുതിരവട്ടത്തിന് 31610 വോട്ട് ലഭിച്ചു- (45.79%).
1982- ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എസ്. രാമചന്ദ്രന്‍പിള്ള 31156 വോട്ട് നേടി വിജയിച്ചു. കെ. ആര്‍. സരസ്വതിയമ്മയ്ക്ക് 4615 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. സിപിഎമ്മിലെ പി. കെ. നമ്പ്യാര്‍ 27865 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. ഏഴ് പേര്‍ മത്സര രംഗത്തുണ്ടായിരുന്നു. 1987-ല്‍ ഐസിഎസിലെ മാമ്മന്‍ ഐപ്പ് 39836 (49.70%) വോട്ട് നേടി വിജയിച്ചപ്പോള്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ 24133 വോട്ട് നേടി രണ്ടാം സ്ഥാനത്തും, ബിജെപിയിലെ എം.ജി.എം. നമ്പൂതിരി 5393 വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തി. 
1987 മുതല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് രംഗത്തും, ബൂത്ത് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലും ബിജെപി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നു. 1991-ല്‍ 40208 വോട്ട് നേടി കോണ്‍ഗ്രസ്സിലെ ശോഭനാ ജോര്‍ജ്ജ് ജയിച്ചപ്പോള്‍ ബിജെപിയുടെ ശശിധരന്‍ കരിങ്ങാലില്‍ 1987- ലെ നില മെച്ചപ്പെടുത്തി 6075 വോട്ട് നേടുകയുണ്ടായി. 1996 ലും 2001 ലും ഭൂരിപക്ഷം കുറഞ്ഞെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ ശോഭനാ ജോര്‍ജ്ജിന് കഴിഞ്ഞു. 1996-ല്‍ ബിജെപിക്കു വേണ്ടി മത്സരിച്ച രാജന്‍ മൂലവീട്ടില്‍ 10976 വോട്ട് നേടി. 
2001- ല്‍  ബിജെപിയിലെ എം.ടി. രമേശിന് 12598 (13.33%) വോട്ട് ലഭിക്കുകയുണ്ടായി. 2006 ലും 2011 ലും പി. സി. വിഷ്ണുനാഥാണ് (കോണ്‍ഗ്രസ്) വിജയിച്ചത്. 2006- ല്‍ വിഷ്ണുനാഥിന് 5132 വോട്ടിന്റെയും 2011- ല്‍ 12500 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചിരുന്നു. 2016 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. ശ്രീധരന്‍പിള്ളയ്ക്ക് 42682 വോട്ട്  ലഭിച്ചു.
ചെങ്ങന്നൂര്‍ നഗരസഭയില്‍ ചെങ്ങന്നൂര്‍ താലൂക്കിലെ ആല, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, മുളക്കുഴ, പാണ്ടനാട്, പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, വെണ്‍മണി എന്നീ പഞ്ചായത്തുകളും, മാവേലിക്കര താലൂക്കിലെ ചെന്നിത്തല, തൃപ്പെരുംന്തുറ പഞ്ചായത്തും അടങ്ങുന്നതാണ് ചെങ്ങന്നൂര്‍ മണ്ഡലം. 2016 ലെ സെന്‍സസ് അനുസരിച്ച്  88218 പുരുഷന്മാരും 103073 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം 191291 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
മണ്ഡലത്തിലെ 1987 മുതലുള്ള പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ എം.ജി.എം.നമ്പൂതിരി മത്സരത്തിന് ഇറങ്ങിയത് മുതല്‍  കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെയും അടിസ്ഥാനപരമായി വന്‍ വളര്‍ച്ച കൈവരിക്കാന്‍ എന്‍ഡിഎ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തന ശൈലിയിലൂടെ മണ്ഡലത്തിലെ താഴെത്തട്ടുവരെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും പ്രവര്‍ത്തകരെ  ആത്മവിശ്വാസത്തിലെടുക്കാനും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അഭൂതപൂര്‍വ്വമായ ജനസമ്മതിയും ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനവും ഭരണരീതിയും, രണ്ട് വര്‍ഷം തികയുന്ന പിണറായി സര്‍ക്കാരിന്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള അസഹിഷ്ണുതയും ചെങ്ങന്നൂരില്‍ തിളങ്ങുന്ന വിജയം എന്‍ഡിഎയ്ക്ക് സമ്മാനിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ജനങ്ങള്‍.

അനലിറ്റിക്ക ആർക്കുവേണ്ടി

ബ്രിട്ടീഷ് വിവരശേഖരണ സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നുപറഞ്ഞ് രംഗത്തുവന്നത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. അനലിറ്റിക്ക നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാണ് ബിജെപി നേട്ടം കൊയ്യുന്നത് എന്നുവരുത്തുകയായിരുന്നു രാഹുലിന്റെ ശ്രമം. വിവിധമാര്‍ഗങ്ങളില്‍ വിവരശേഖരണം നടത്തുകയും, അത് ഇടപാടുകാരുടെ ആവശ്യത്തിനായി നല്‍കുകയും ചെയ്യുന്ന കണ്‍സള്‍ട്ടിങ് കമ്പനിയാണ് അനലിറ്റിക്ക. അവരുടെ സേവനം കോണ്‍ഗ്രസ്സാണ് ഉപയോഗിച്ചത് എന്നതിന് ഒന്നിനുപുറകെ ഒന്നായി തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബിജെപിയെ അടിക്കാനുപയോഗിച്ച വടി കോണ്‍ഗ്രസ്സിന് ബൂമറാങ്ങായി മാറിയെന്ന് വ്യക്തം. 
കോടിക്കണക്കിനാളുകളുടെ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയതിന് പ്രതിക്കൂട്ടിലായ അനലിറ്റിക്ക ഇന്ത്യയില്‍ പ്രധാനമായും കോണ്‍ഗ്രസ്സിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് അതിന്റെ മുന്‍ ജീവനക്കാരന്‍തന്നെ ബ്രിട്ടീഷ് പാര്‍ലമെന്റിന് മൊഴി നല്‍കിയിരിക്കുന്നു. അമേരിക്കക്കാരുടെ വിവരം ശേഖരിച്ചത് സംബന്ധിച്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അന്വേഷണസമിതിക്ക് മുമ്പാകെയാണ് മൊഴി. ഏതൊക്കെ തരത്തിലാണ് കോണ്‍ഗ്രസ്സിനെ അനലിറ്റിക്ക സഹായിച്ചതെന്ന് ഇനി വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ്സ് തന്നെയാണ്. 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അനലിറ്റിക്ക വ്യാപകമായി പ്രവര്‍ത്തിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. കേരളത്തിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തു. വീടുവീടാന്തരമുള്ള ജനസംഖ്യ,  ജാതിതിരിച്ചുള്ള കണക്ക് എന്നിവയെല്ലാം ശേഖരിച്ചു. 2009-ലെ തെരഞ്ഞെടുപ്പില്‍ നിരവധി ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണം നിര്‍വഹിക്കുകയും ചെയ്തു. ശരിയായ ഉറവിടത്തില്‍നിന്നും വിവരങ്ങള്‍ തേടി, അത് വിശകലനം ചെയ്ത് കൃത്യമായ സന്ദേശങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഇടപാടുകാര്‍ക്കുവേണ്ടി നല്‍കുകയാണ് പ്രധാന ജോലിയെന്നും അനലിറ്റിക്ക ഉദ്യോഗസ്ഥരും ചുമതലക്കാരും മൊഴി നല്‍കിയിട്ടുണ്ട്. 
ഭീകരവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിന് കേരളം തെരഞ്ഞെടുത്തുവെന്നത് നിസ്സാരമായി കാണാവുന്ന കാര്യമല്ല. ലോകം മുഴുവന്‍ ശൃംഖലയുള്ള ഒരു സ്ഥാപനം കേരളത്തിലെ ഭീകരവാദസാന്നിധ്യവും പ്രവര്‍ത്തനവും നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിച്ചു എന്നത് ഒരുകാര്യം. അതിനപ്പുറം അവര്‍ ശേഖരിച്ച വിവരങ്ങള്‍ ആര്‍ക്കുവേണ്ടി എന്നതിന് ഉത്തരം നല്‍കേണ്ടതുണ്ട്. ജിഹാദി റിക്രൂട്ട്‌മെന്റിനെതിരെയുള്ള അന്താരാഷ്ട്രപദ്ധതിക്ക് പിന്‍തുണ നല്‍കാനാണ് ഇതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പൂര്‍ണമായി വിശ്വാസിക്കാനാവില്ല.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്നുപറഞ്ഞ് പാര്‍ലമെന്റ് നിരന്തരം സ്തംഭിപ്പിച്ചവരാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം. ജനങ്ങള്‍ക്ക് എന്തോ ദുരിതം സംഭവിച്ചരീതിയിലായിരുന്നു അവര്‍ വിഷയത്തെ കൈകാര്യം ചെയ്തത്. ആധാര്‍കാര്‍ഡ് കിട്ടാന്‍ വിവരങ്ങള്‍ പൂര്‍ണമായി ചോര്‍ന്നാലും ജനങ്ങള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല. മാതാപിതാക്കളുടെ പേര്, വിലാസം, റേഷന്‍കാര്‍ഡ് വിവരം തുടങ്ങിയ വിവരങ്ങള്‍ മാത്രമാണ് നല്‍കേണ്ടിയിരുന്നത്. ഇത് പുറത്തായാല്‍ എന്തു കുഴപ്പമാണുണ്ടാവുകയെന്ന് ബഹളം വച്ചവര്‍ പറഞ്ഞില്ല. വിസ ലഭിക്കുന്നതിനായി സ്വന്തം അപ്പൂപ്പന്റെവരെ വിവരങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് നല്‍കാന്‍ മടിയില്ലാത്തവരാണ് ആധാര്‍ വിവരം ചോര്‍ന്നു എന്നുപറഞ്ഞ് ബഹളം ഉണ്ടാക്കിയത്. 
കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആക്ഷേപിക്കുക മാത്രമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അനലിറ്റിക്കയും പൊക്കിപിടിച്ച് രാഹുല്‍ഗാന്ധി എത്തിയത്. അനലിറ്റിക്കയുടെ ആസ്ഥാനമന്ദിരത്തിലെ ഭിത്തിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ചില്ലിട്ട് വച്ചിട്ടുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നു. വിദേശ കമ്പനി വിവരം ശേഖരിച്ചതിന്റെ ധാര്‍മികതയെക്കുറിച്ചാണെങ്കില്‍ അത് ചര്‍ച്ച ചെയ്യാം. അതിന്റെ പേരില്‍ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. 

Thursday, 29 March 2018

സ്വന്തം പാര്‍ട്ടിയെ എങ്ങനെ വളര്‍ത്താമെന്ന് ചിന്തിക്കുന്നതിനേക്കാള്‍, മറ്റുള്ളവരെ എങ്ങനെ തകര്‍ക്കാം എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ ചിന്ത.

സഖ്യം വേണോ വേണ്ടയോ എന്ന  ചര്‍ച്ചകളിലൂടെ,  ഇതുവരെ ഒരു സഖ്യവും കോണ്‍ഗ്രസുമായി  ഉണ്ടായില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ്  ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടുത്തിടെയായി നടത്തുന്ന പ്രസംഗങ്ങളുടെ  സിംഹഭാഗവും കോണ്‍ഗ്രസ്സ് സഖ്യത്തിനുവേണ്ടിയുള്ള വാദമുഖങ്ങളാണ്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സ,് കോണ്‍ഗ്രസ്സ് സഖ്യം വേണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാന്‍ മാത്രമാണോ ചേരുന്നതെന്ന് തോന്നിക്കുംവിധമാണ് സിപിഎമ്മിലെ ഇരുപക്ഷവും നടത്തുന്ന പ്രസ്താവനകള്‍. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സുമായി  സിപിഎമ്മിന് സഖ്യമാണോ വേണ്ടത്? ഇരുപാര്‍ട്ടികളും ആഴത്തിലുള്ള സഹകരണം വളരെക്കാലം മുമ്പ് തുടങ്ങിയതാണ്. ഇനി ഒരു സഖ്യത്തിനല്ല, ലയനത്തിനുള്ള സാധ്യതയാണുള്ളത്.
കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ  ഇടതുപക്ഷ സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നെങ്കിലും ഇക്കാലമത്രയും കോണ്‍ഗ്രസ്സ് വിരുദ്ധ പക്ഷത്ത് ഇടതുപക്ഷത്തിന് നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ കോണ്‍ഗ്രസ്സ് സഖ്യത്തെ എതിര്‍ക്കുകയാണ്. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനോട് മത്‌സരിച്ച് കേരളത്തിലെ 20 സീറ്റില്‍ പതിനെട്ടും നേടി ദല്‍ഹിയില്‍ കോണ്‍ഗ്രസ്സ് നയിച്ച  ഒന്നാം യുപിഎ സര്‍ക്കാരുമായി സഖ്യമുണ്ടാക്കി. കേരളത്തില്‍നിന്ന് പരസ്പരം മത്സരിച്ചു ജയിച്ചുപോയ ഇരുപത് എംപിമാരും ഒരു സര്‍ക്കാരില്‍ അധികാരം പങ്കിട്ടു. 1998 മുതല്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയന് അന്നില്ലായിരുന്ന കോണ്‍ഗ്രസ് വിരുദ്ധത ഇപ്പോള്‍ എവിടുന്നുണ്ടായി എന്ന് പരിശോധിക്കപ്പെടണം.
കോണ്‍ഗ്രസ്സ്  നയിച്ചിരുന്ന ലോക്സഭയുടെ സ്പീക്കര്‍ സിപിഎം ടിക്കറ്റില്‍ മത്‌സരിച്ച സോമനാഥ് ചാറ്റര്‍ജി ആയിരുന്നുവല്ലോ. കേരളത്തിലെ കോണ്‍ഗ്രസ്സ്് നയിക്കുന്ന മുന്നണിയിലെ  പല കക്ഷികളുമായും അധികാരം പങ്കിട്ട ചരിത്രവും ഇടതുപാര്‍ട്ടികള്‍ക്ക് ഓര്‍ക്കാനുണ്ടാകും. ഇടതു നയങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത  കോണ്‍ഗ്രസ്സ് പിളര്‍ന്നുണ്ടായ പാര്‍ട്ടികളായ കേരളാ കോണ്‍ഗ്രസ്സ്-എം, കേരളാ കോണ്‍ഗ്രസ്-ബി, നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി തുടങ്ങിയ നിരവധി കക്ഷികള്‍ സിപിഎമ്മിന്റെ പങ്കാളികളായിരുന്നു. ഇപ്പോള്‍  യുഡിഎഫ് വിട്ടുവന്ന ജെഡിയുവിനെ സ്വീകരിച്ചു. മാണിക്കായി മുറവിളിയും തുടങ്ങി. മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗുമായി അധികാരം പങ്കിടുകയും ചെയ്തു. കേരളത്തില്‍ത്തന്നെ പല പഞ്ചായത്തുകളിലും കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ്സ് സഖ്യത്തിലുള്ള  ഭരണം തുടരുന്നു.  പല തെരഞ്ഞെടുപ്പുകളിലും അപ്രഖ്യാപിത സഖ്യങ്ങളും രൂപപ്പെടുത്തുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് തനിക്കു നല്‍കിയെന്നു കോണ്‍ഗ്രസ്സ് എംഎല്‍എ കെ. മുരളീധരന്‍ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. സോളാര്‍ സമരവും ടി.പി. ചന്ദ്രശേഖരന്‍ കേസും ഉള്‍പ്പെടെ കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് ഒത്തുകളി ഭരണം കേരളത്തിലെ ജനങ്ങള്‍ക്ക് സുപരിചിതമാണ്. 
ഭാരതത്തെ ദുര്‍ബലമാക്കുക എന്ന ലക്ഷ്യത്തോടെ, ശക്തമായ ഭരണം കാഴ്ചവയ്ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ   ദുര്‍ബലമാക്കാനുള്ള ശ്രമങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും നടത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ചൈനയുടേയും പാക്കിസ്ഥാന്റേയും മനസ്സാണ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക്. ഭാരതം അമേരിക്കയുമായി ആണവക്കരാര്‍ ഒപ്പിടുകയും പുതിയ  ബന്ധം സ്ഥാപിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിക്കുന്നതാണ് കണ്ടത്.  വിദേശ നിക്ഷേപം കൂടുതല്‍ അമേരിക്കയില്‍നിന്ന് വരുത്താനുള്ള കരാറുകളും പിന്തുണ പിന്‍വലിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായി അവര്‍ നിരത്തി. ഭാരതം ആണവശക്തിയാകുന്നതും കൂടുതല്‍ നിക്ഷേപം നേടുന്നതും മേഖലയില്‍ അസന്തുഷ്ടരാക്കുന്നത് ചൈനയെയായിരിക്കും. 
ചൈന ഉള്‍പ്പെടെയുള്ള  ഭാരത വിരുദ്ധ ശക്തികളില്‍നിന്ന് ആജ്ഞ സ്വീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ചരിത്രമാണല്ലോ ഇടതുപാര്‍ട്ടികള്‍ക്കുള്ളത്. ഈ രാജ്യങ്ങളുടെ അജണ്ടയ്ക്കനുസരിച്ചു ഭാരതത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ രൂപപ്പെടുത്തുക എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ പ്രധാന ദൗത്യവും. അതുകൊണ്ടുതന്നെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്സ് സഖ്യത്തിന് വേണ്ടി ഇരുപക്ഷവും വാദിക്കുന്നത്. രാജ്യത്തെ ഒറ്റക്കെട്ടാക്കാന്‍  ശ്രമിക്കുന്ന ബിജെപിയെക്കാള്‍ നിര്‍ബാധം അഴിമതി നടത്താന്‍ കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ്സ് ഭരിക്കുന്നതാണ് ഇക്കൂട്ടര്‍ക്ക് താല്‍പര്യം.
ബിജെപിയെ  ഭരണത്തില്‍നിന്ന് താഴെയിറക്കാന്‍ സിപിഎം ഉള്‍പ്പടെയുള്ള ഇടതുപാര്‍ട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസ്സ് സഖ്യം ചേരണമെന്നാണ് യെച്ചൂരിയെപ്പോലെ, കോണ്‍ഗ്രസ്സ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാക്കന്മാരുടെ ആവശ്യം. ഇന്ന് സിപി എമ്മിനു ലഭിക്കുന്ന വോട്ടുകള്‍കൊണ്ട് കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. അപ്പോള്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയുന്നതിന് കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പം ചേരണമെന്ന  യെച്ചൂരിയുടെ  നീക്കങ്ങള്‍ക്കു പിന്നില്‍  കോണ്‍ഗ്രസ്സിന്റെ താല്‍പര്യമാണ്. 
ബിജെപി  അധികാരത്തില്‍ വന്ന അസം തെരഞ്ഞെടുപ്പില്‍ ആകെയുള്ള  126 സീറ്റില്‍ 19 എണ്ണത്തില്‍ മാത്രമാണ് സിപിഎം മത്സരിച്ചത്. 0.6 % വോട്ടാണ്  കിട്ടിയത്. മൊത്തത്തില്‍ ഇടതുസഖ്യം മത്സരിച്ച 44 സീറ്റുകളില്‍ നിന്നായി ലഭിച്ചത് ഒന്നര ലക്ഷം വോട്ട്. കോണ്‍ഗ്രസ്സ്  31 % വോട്ടു നേടിയപ്പോള്‍ ബിജെപി 41.9  ശതമാനം വോട്ടാണ് നേടിയത്. കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ അകെ 232 സീറ്റില്‍ 25 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ലഭിച്ചത് 0 .7 % വോട്ടാണ്. ബിജെപി 2 .86 ശതമാനം വോട്ട് നേടുകയും കന്യാകുമാരി ജില്ലയിലാകെയുള്ള ആറു സീറ്റില്‍ നാലെണ്ണത്തില്‍ രണ്ടാംസ്ഥാനത്ത് എത്തുകയും കോയമ്പത്തൂരിലെ ആകെയുള്ള 10 മണ്ഡലത്തില്‍ ഏഴിലും മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മൊത്തത്തില്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ 32 മണ്ഡലങ്ങളില്‍ ബിജെപി മൂന്നാം സ്ഥാനത്ത് എത്തുകയും, കോണ്‍ഗ്രസ്സ്  6.47 ശതമാനം വോട്ടുനേടുകയും ചെയ്തപ്പോള്‍ ഇടതുപക്ഷത്തിന് കെട്ടിവച്ച കാശ് എല്ലാ മണ്ഡലങ്ങളിലും നഷ്ടമായി. 
കോണ്‍ഗ്രസ്സുമായി  സഖ്യത്തില്‍ ഏര്‍പ്പെട്ട ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി  26.30 % വോട്ടാണ് നേടിയത്. സഖ്യകക്ഷിയായ കോണ്‍ഗ്രസ്സ് 12.3 % വോട്ടും നേടി. 34 വര്‍ഷം സംസ്ഥാനം ഭരിച്ച സിപിഎം സ്വന്തം ഭരണകാലത്തെ പ്രതിപക്ഷവുമായി സഖ്യത്തിലാകുകയും, ആകെയുള്ള 294 സീറ്റില്‍ 76 സീറ്റില്‍ മാത്രം വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് സഖ്യം വന്‍ പരാജയമാണെന്ന് തെളിഞ്ഞു. വെവ്വേറെ നിന്നപ്പോള്‍ ലഭിച്ചിരുന്ന വോട്ടുപോലും അവിശുദ്ധ സഖ്യത്തിന് ജനങ്ങള്‍ നല്‍കിയില്ല. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ 1.5 % വോട്ടാണ് സിപിഎം നേടിയത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 0.6 ശതമാനവും രാജസ്ഥാനില്‍ 0.9 ശതമാനവും ഛത്തീസ്ഗഢില്‍ 0.08 ശതമാനവും വോട്ടുവിഹിതവുമാണ് സിപിഎമ്മിനുള്ളത്.
സിപിഎമ്മിന്റെ  ശക്തികേന്ദ്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന കേരളത്തില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും പാര്‍ട്ടിയുടെ വോട്ട് കുറഞ്ഞുവരുകയാണ്. കേരളം മാത്രമാണ് പാര്‍ട്ടിയുടെ ഇന്നത്തെ ജീവവായു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തുനിന്ന് മൊത്തമായി  3.2 ശതമാനം വോട്ടാണ് സിപിഎം നേടിയത്. ഇതുമായി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍ അതിന്റെ പ്രതിഫലനം കേരളത്തിലും  ബംഗാളിലും മാത്രമായിരിക്കും. രാജ്യസ്‌നേഹമോ രാജ്യത്തെ രക്ഷിക്കലോ അല്ല കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് ആറ് ശതമാനം വോട്ടുനേടുകയും സംസ്ഥാന നിയമസഭകളിലേക്കു രണ്ട് സീറ്റും രാജ്യത്തുനിന്ന് 11 ലോക്സഭാ സീറ്റും നേടി ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുകയെന്നതാണ്. ദേശീയ പാര്‍ട്ടി പദവിതന്നെ ചോദ്യചിഹ്‌നമായി മാറിയേക്കാവുന്ന സാഹചര്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടുകൂടിയോ അതിനു ശേഷമോ ഇടതു നേതാക്കന്മാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതിനുമുന്‍പ് നിലനില്‍പ്പ് സുരക്ഷിതമാക്കാനാണ് അവര്‍ നോക്കുന്നത്.
ഭാരതത്തിന്റെ അന്തരീക്ഷത്തില്‍ പ്രത്യയശാസ്ത്രം  കാലഹരണപ്പെടുകയും സ്വന്തം ആശയത്തില്‍നിന്നുകൊണ്ട് വളര്‍ച്ച സാധ്യമല്ലാതാവുകയും ചെയ്തതിനാല്‍ മറ്റു പാര്‍ട്ടികളുടെ വീഴ്ചയില്‍നിന്ന് മുതലെടുക്കാനാണ് സിപിഎം കുറെക്കാലമായി ശ്രമിക്കുന്നത്. ഇവിടെയാണ് ജെഎന്‍യു, ബീഫ്, അസഹിഷ്ണുത തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ന്നുവരുന്നത്. കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. കേരളത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ വികസന അജണ്ടയോ മറ്റു വിഷയങ്ങളോ ഇല്ല. അതിനാല്‍ മറ്റു പാര്‍ട്ടികളെയും സംഘടനകളുടെയും മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസഥാന സര്‍ക്കാരുകളേയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം വിമര്‍ശിക്കുകയും, എതിരാളികളെ  കായികമായി ഇല്ലാതാക്കിയും വിവിധ മതനേതാക്കന്മാരുടെയും ഗള്‍ഫ് മുതലാളിമാരുടെയും അകത്തളങ്ങള്‍ കയറിയിറങ്ങിയുമാണ് പാര്‍ട്ടി പിടിച്ചുനില്‍ക്കുന്നത്. 
സ്വന്തം പാര്‍ട്ടിയെ എങ്ങനെ വളര്‍ത്താമെന്ന് ചിന്തിക്കുന്നതിനേക്കാള്‍, മറ്റുള്ളവരെ എങ്ങനെ തകര്‍ക്കാം എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ  ചിന്ത. സഖ്യങ്ങള്‍ കെട്ടിപ്പൊക്കിയാല്‍ അധികാരം ലഭിക്കുമെന്ന ചിന്താഗതിയാണ് സിപിഎം  നേതാക്കള്‍ വച്ചുപുലര്‍ത്തുന്നത്. പ്രസക്തമായ ആശയമോ ഉയര്‍ത്തിക്കാട്ടാന്‍ നേതാക്കന്മാരോ വികസന അജണ്ടകളോ ഇല്ലാതെ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും  ഇക്കാലമത്രയും പരസ്പരം സഹകരിച്ചുതന്നെയാണ് സഞ്ചരിച്ചിരുന്നത്. ഇനിയും സഹകരണമെന്ന് ചര്‍ച്ച നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിലും നല്ലത് പരസ്പരം ലയിക്കുന്നതാണ്.