Saturday, 5 July 2014

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചു, ദാരിദ്ര്യത്തോട്‌ മല്ലടിച്ചു, മുറി ഇംഗ്ലീഷ് പറഞ്ഞു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു; സിവില്‍ സര്‍വീസില്‍ അരുണിന്റെ 911ന് 916 പരിശുദ്ധി

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 911-ാം റാങ്ക് നേടിയ അരുണ്‍ മോഹനന്‍ ഇപ്പോഴും യാത്ര പഴയ സൈക്കിളില്‍. വീട്ടില്‍ ടിവിയോ കേബിള്‍ കണക്ഷനോ ലാപ്‌ടോപ്പോ ഇല്ല. തറ താഴേയ്ക്കിരുന്നതിനാല്‍ ചുമരുകള്‍ പൊട്ടിയ ചെറിയൊരു ടെറസ് വീട്ടില്‍ രോഗിയായ അമ്മയ്ക്കും ബിഎഡ് വിദ്യാര്‍ഥിയായ അനുജനോടുമൊപ്പമാണ് താമസം. പുത്തന്‍പീടികയിലെ ആദ്യത്തെ ബേക്കറി 'ബ്ലോസം' അരുണിന്റെ അച്ഛന്‍ മോഹനന്റേതായിരുന്നു.

അരുണ്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. വരുമാനം നിലച്ചു. നട്ടെല്ലു തകരാറായതിനാല്‍ ബെല്‍റ്റിട്ടു നടക്കുന്ന അമ്മ വത്സലയ്ക്കു ജോലിക്കു പോകാനാകില്ല. മലയാളം മീഡിയത്തിലായിരുന്നു അരുണിന്റെ പഠനം. എസ്എസ്എല്‍സിക്ക് 75 ശതമാനം മാര്‍ക്ക്. പത്താംക്ലാസ് പഠനം കഴിഞ്ഞപ്പോള്‍ അരുണും അമ്മയും, നാട്ടുകാരനും ഇപ്പോഴത്തെ തൃശൂര്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ.ആര്‍.മണികണ്ഠന്‍ മാസ്റ്ററുടെ വീട്ടിലെത്തി ചോദിച്ചു... മാഷേ ഐഎഎസിനു പോകാന്‍ എന്താ ചെയ്യാ...? അരുണിന്റെ ചോദ്യം കേട്ട് മാഷും ഒന്നമ്പരന്നു.

ഐഎഎസ് മോഹിക്കാന്‍ പോലുമാകാത്ത ദുരിതജീവിതമായിരുന്നു അരുണിന്റേത്. എങ്കിലും അരുണ്‍ മോഹിച്ചു. മലയാളം ഐച്ഛിക വിഷയമായെടുത്തുതന്നെ പത്താം ക്ലാസിനുശേഷം പഠനം തുടര്‍ന്നു. ഇതിനിടെ പിഎസ്‌സി ടെസ്റ്റുകള്‍ എഴുതിക്കൊണ്ടിരുന്നു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് മുതല്‍ എല്‍ഡി ക്ലര്‍ക്ക് പരീക്ഷകളിലെല്ലാം വിജയിച്ചു. റാങ്ക് ലിസ്റ്റുകളില്‍ അരുണിന്റെ പേരും വന്നു. അങ്ങനെ ചാഴൂര്‍ പഞ്ചായത്തിലെ എല്‍ഡി ക്ലര്‍ക്കായി 2014ല്‍ നിയമനം.

ഐഎഎസുകാരനാകണമെന്ന മോഹം അപ്പോഴും മനസില്‍ തിരയടിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഒരാഴ്ച മാത്രം ജോലിയെടുത്ത് അവധിയില്‍ പ്രവേശിച്ചു. തിരുവനന്തപുരത്തു സര്‍ക്കാരിന്റെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ സൗജന്യപഠനം. മൂന്നാംതവണയെഴുതിയ പരീക്ഷയിലായിരുന്നു 911-ാം റാങ്കുമായി വിജയം. പരീക്ഷയുടെ ഭാഗമായി സീനിയര്‍ വനിതാ ഐഎഎസ് ഓഫീസറാണ് ഇന്റര്‍വ്യൂ നടത്തിയത്. ചോദ്യങ്ങളെല്ലാം ഇംഗ്ലീഷില്‍. ആദ്യം പറഞ്ഞ ഉത്തരം ഇംഗ്ലീഷിലാണെങ്കിലും തപ്പും പിഴയും.

പിന്നീടുള്ള ഇംഗ്ലീഷ് ഉത്തരങ്ങളും ഒരു മലയാളം മീഡിയക്കാരന്റെ സാഹസംതന്നെയായിരുന്നു. പോയിന്റുകള്‍ കൃത്യമായി പറഞ്ഞുവെങ്കിലും ഇംഗ്ലീഷ് ഭാഷ തൃപ്തികരമായിരുന്നില്ല. ഓഫീസര്‍ അതു തുറന്നുപറഞ്ഞിരുന്നു.  എങ്കിലും, നാട്ടിന്‍പുറത്തെ വിദ്യാലയങ്ങളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച് കഠിനാധ്വാനം കൊണ്ട് ഇന്റര്‍വ്യൂ വരെയെത്തിയ അരുണിന് ഓഫീസറുടെ പ്രീതിയും പിടിച്ചുപറ്റാനായി. പരീക്ഷ പാസായെങ്കിലും സെലക്ഷന്‍ കിട്ടുന്ന വിവരമറിയാന്‍ 16 വരെ കാത്തിരിക്കണം.

No comments:

Post a Comment