കോന്നി ആലുവാംകുടി കാനനക്ഷേത്രവും പാണ്ഡ്യ രാജവംശവും…
കുനുകുനാ പെയ്യുന്ന ചാറ്റൽമഴയും നനഞ്ഞു, കാട്ടുമൃഗങ്ങൾ വിഹരിക്കുന്ന ഘോരവനത്തിലൂടെ, ഞാന്നുകിടക്കുന്ന മരക്കമ്പിലും ഇഞ്ചമുള്ളിലും മുഖമടിക്കാതെ, മഹീന്ദ്ര പിക്ക്-അപ്പിന്റെ പുറകിൽ കമ്പിയിൽപിടിച്ചുനിന്നു, കുലുങ്ങിക്കുലുങ്ങി ഒരു യാത്ര… ആലുവാംകുടി കാനന ക്ഷേത്രത്തിലേക്ക്… വൈബ് ആണ്… അസാധ്യ വൈബ്.
ഐതിഹ്യം പലതാണ്. പരശുരാമനാൽ സൃക്ഷ്ടിക്കപ്പെട്ട ക്ഷേത്രമാണ്, വിഗ്രഹം സ്വയംഭൂ ആണ്, കാളകൂടം പാനം ചെയ്ത അവസ്ഥയിലുള്ള പരമശിവ വിഗ്രഹമാണ്, ശ്രീരാമൻ പൂജ ചെയ്തയിടമാണ്, അതല്ല, പഞ്ചപാണ്ഡവർ പൂജ ചെയ്തയിടമാണ്… ഇത്യാദി ഐതിഹ്യങ്ങൾ വിശ്വാസങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും പ്രാർത്ഥനയുടെ ഏകാഗ്രതക്കും വിശ്വാസികളെ സഹായിക്കുന്നുണ്ടാകാം.
ശ്രീരാമചരിതവുമായി ബന്ധപ്പെടുത്തി ചിലപേരുകൾ സീതക്കുഴി, ഗുരുനാഥൻ മണ്ണ്, അണ്ണൻതമ്പി മല, മഹാവിഷ്‌ണുവുമായി ബന്ധപ്പെടുത്തി തേരിറങ്ങിപ്പാറ എന്നിങ്ങനെ സ്ഥലങ്ങൾക്ക് കാണാം.
വനമധ്യത്തിലുള്ള ഈ ക്ഷേത്രം, ഏകദേശം പൂർണ്ണമായി തകർന്നുകിടക്കുന്ന അവസ്ഥയിലായിരുന്നു. പഴമക്കാർ പറഞ്ഞതുപ്രകാരം 1940 കളിൽ നായാട്ടിനിറങ്ങിയ കുഞ്ഞൂഞ്ഞും അദ്ദേഹത്തിന്റെ വേട്ടനായയുമാണ് തകർന്ന് കാടുമൂടിക്കിടന്ന ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. പിന്നീട് നാട്ടുകാർ ചെറിയരീതിയിൽ പുനഃരുദ്ധാരണം നടത്തി പൂജകൾ തുടങ്ങുകയും ചെയ്തു.
എങ്കിലും പൂജ ഇല്ലാത്ത സമയങ്ങളിൽ ആനകൾ പൂജാസ്ഥാനങ്ങൾ നശിപ്പിക്കുകയും വിഗ്രഹം കാണാമറയത്താക്കുകയും ചെയ്തതിനാൽ പൂജക്ക് കാട്ടിനുള്ളിൽ വിഗ്രഹം തപ്പിനടക്കേണ്ടി വന്നു. അതിനാൽ വീണ്ടും നാട്ടുകാരുടെ സഹായത്താൽ അടച്ചുറപ്പുള്ള ശ്രീകോവിലുകളും ഓഫീസും ഒക്കെ നിർമ്മിക്കേണ്ടിവന്നു.
ഇപ്പോഴും ശിവരാത്രിക്കും വിഷുവിനും എല്ലാ മലയാളമാസ ഒന്നാംതീയതിക്കും, പുന:പ്രതിക്ഷ്ഠാ വാർഷികത്തിനും മാത്രമാണ് ക്ഷേത്രം തുറക്കുന്നത്… അല്ലാത്തപ്പോഴെല്ലാം ആനകളുടെയും മറ്റു വന്യമൃഗങ്ങളുടേയും വിഹാരരംഗമാണ് ഈ കാനനഭൂമി. കാട്ടുപാതകളിലും ക്ഷേത്രപരിസരത്തും ചൂടാറുന്ന ആനപിണ്ടക്കാഴ്ചകൾ സുലഭം.
ക്ഷേത്രത്തിന്റെ പഴക്കം സംബന്ധിച്ചുള്ള വിവരങ്ങളിലേക്കു പോകുമ്പോൾ ഐതിഹ്യം പതുക്കെ ചരിത്രത്തിനു വഴിമാറും. പുരാവസ്തുവിഭാഗക്കാർ രണ്ടുപേർ വന്നിരുന്നുവെന്നും ക്ഷേത്രത്തിനു ഏകദേശം 2000 വർഷമടുപ്പിച്ചു പഴക്കം കാണാൻ സാധ്യതയുണ്ടെന്നും ക്ഷേത്രത്തിൽനിന്നും അറിയാനിടയായി, എന്നാൽ ആധികാരികമായി ഒരു പരിശോധനകളും പുരാവസ്തുക്കാർ നടത്തിയിട്ടുമില്ല.
എന്റെ ചിന്തയിൽ, മറ്റൊരു ചരിത്രസംഭവത്തിന് ഈ ക്ഷേത്രോല്പത്തിയുമായി ബന്ധം കാണാനുള്ള സാധ്യത കാണുന്നുണ്ട്. പന്തളം രാജവംശവുമായി ബന്ധപ്പെട്ടാണത്. ഒരഭിപ്രായമായിക്കാണുക.
ഇന്നത്തെ പന്തളം രാജകുടുംബത്തിന്റെ മുൻഗാമികൾ കോന്നി വനമേഖലയിൽ എത്തിപ്പെട്ടതിനെക്കുറിച്ചു പല കഥകളും നിലവിലുണ്ട്.
ഒന്ന്, മധുര ആസ്ഥാനമായ പാണ്ഡ്യരാജവംശത്തിന് പല കൈവഴികൾ ഉണ്ടായിരുന്നു. അതിൽ തെങ്കാശി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന തെങ്കാശി പാണ്ഢ്യന്മാർ, അലാവുദ്ദിൻ ഖൽജിയുടെ മാലിക് കഫൂർ പടയെ ഭയന്ന് 1300 കളിൽ രാജ്യത്തിന്റെ പലഭാഗത്തേക്കും പലായനം ചെയ്തു.
അതിൽനിന്നും രണ്ടു കൈവഴികൾ കേരളത്തിന്റെ വനമേഖലയാണ് ഒളിച്ചുപാർക്കാൻ തെരഞ്ഞെടുത്തത്. ഒരു കൈവഴി പിന്നീട് പൂഞ്ഞാർ രാജവംശവും, അടുത്തത് പന്തളം രാജവംശമായും രൂപാന്തരം പ്രാപിച്ചു.
പന്തളം വംശം കേരളപ്രദേശത്ത് എത്തി എന്ന് പറയപ്പെടുന്ന AD 903 (79 ME) എന്ന വർഷം ഇവിടെ യോജിക്കുന്നില്ല.
രണ്ട്, മധുര കീഴടക്കിയ നായക്കന്മാരുടെ ആക്രമണത്താൽ ഭയന്ന് മലകളിലേക്കു ചേക്കേറിയ പാണ്ഢ്യകുടുംബങ്ങളുടെ ചരിത്രവും ഇതേപോലെയുള്ള കഥ തന്നെയാണ് ആവർത്തിക്കുന്നത്. അത് വർഷം AD 1500 കളിൽ. ഇവിടെയും AD 903 (79 ME) ചേരുന്നില്ല.
മൂന്ന്, അപ്രധാനകഥയാണെങ്കിലും പാണ്ഡ്യകുടുംബങ്ങൾക്കിടയിൽ ഉണ്ടായ അസ്വാരസ്യം ചിലകുടുംബങ്ങളെ മറ്റുള്ളയിടത്തേക്കു ചേക്കേറാൻ ഇടയാക്കി എന്നുള്ളത്.
എങ്കിലും നാലാമതായി ഒരു ചരിത്രകഥയുടെ പഴക്കം ആലുവാംകുടിയുമായി കൂട്ടിക്കെട്ടാനാണു എന്റെ മനസ്സ് പ്രേരിപ്പിക്കുന്നത്.
AD 1100 കളിലെ ചോളപുരം ലിഖിതങ്ങൾ അനുസരിച്ചു ഒന്നാം കുലോത്തുംഗ ചോളനും അഞ്ച് പാണ്ഡ്യരാജകുമാരന്മാരും തമ്മിൽ 1077 - 1081 വരെ നടന്ന യുദ്ധങ്ങളിൽ പാണ്ഡ്യരാജകുമാരന്മാർ തോറ്റു പിന്മാറുകയും പ്രദേശം വിട്ടോടുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടും മതിയാകാതെ കുലോത്തുംഗ ചോളൻ ഈ പാണ്ഡ്യരാജകുമാരന്മാർ എത്തിപ്പെട്ട വനമേഖലകളും പാണ്ഡ്യരാജ്യത്തിന്റെ മൽസ്യസമ്പത്തു മേഖലകളും, സഹ്യപർവ്വതത്തിന്റെ ചിലഭാഗങ്ങളും കീഴടക്കി, (ഒന്നാം കുലോത്തുംഗ ചരിത്രം, കെ.എ.നീലകണ്ഠ ശാസ്ത്രികളും, എം.ജി.എസ്.നാരായണനും തിരുത്തിയത് പ്രകാരം).
ചിദംബരലിഖിതത്തിൽ കോട്ടാർ കോട്ട കത്തിക്കുകയും ചെയ്തു എന്നും പറയുന്നുണ്ട്. പിന്നീട് ആ സൈനികനീക്കം 1097 ൽ കൊല്ലം ഉൾപ്പെടുന്ന പ്രദേശ / തീരദേശങ്ങൾ വരെയെത്തി.
1100 ആയപ്പോഴേക്കും ഇന്നത്തെ തിരുനെൽവേലിയായ പൊതിയിൽ മലകളും, തെങ്കാശി പ്രദേശങ്ങളും, പാണ്ഡ്യകൊട്ടാരവും, കന്യാകുമാരിയും കീഴടടക്കപ്പെട്ടിരുന്നു. രക്ഷപെട്ടോടിയ പാണ്ഡ്യരാജകുമാരന്മാർ തീരദേശത്തേക്കു പോകാനാകാതെ കൂടുതൽ ഉൾവനങ്ങളിലേക്കു വലിഞ്ഞു പല ഭാഗങ്ങളിലേക്കും വേർപിരിയപ്പെട്ടു. അതിൽനിന്നും വന്ന രണ്ടു കൈവഴികളാണ് പിൽക്കാലത്ത് സ്ഥാപിക്കപ്പെട്ട പൂഞ്ഞാർ രാജവംശവും പന്തളം രാജവംശവും.
പൂഞ്ഞാർ വംശം പാലക്കാടു വഴി പ്രവേശിച്ചു കുറേക്കാലം പാലക്കാട്ടും എരുത്തിക്കരയിലും താമസിക്കുകയും പിന്നീട് കോഴിക്കോട് ഭാഗത്തെത്തുകയും അവിടെനിന്നും കൊച്ചീരാജ്യത്തിന്റെ പ്രാന്തപ്രദേശത്തെത്തി അവിടെനിന്നും വന്നേരിയിൽ വന്നു ഇടപ്പള്ളി രാജാവുമായി ബാന്ധവം ഉണ്ടാക്കുകയും പിന്നീട് ഉണ്ടായ പ്രശ്നങ്ങളിൽ കൊച്ചീരാജാവ് ഇവരെ പുറത്താക്കുകയും ഇവർ അന്നത്തെ മലനാട്ടിൽ എത്തി, അപ്പോഴേക്കും വേർപിരിയപ്പെട്ട തെക്കുംകൂർ-വടക്കുംകൂറിൽ, തെക്കുംകൂറിൽ നിന്നും വസ്തുവകകൾ വിലക്കുവാങ്ങി പൂഞ്ഞാർ രാജവംശം സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് മഞ്ഞമല, പെരിയാർ മേഖലകൾ, ഏലമല മേഖല, കണ്ണന്തേവന്നൂർ മേഖല, കൊച്ചിയിലെ ചില സ്ഥലങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളും പൂഞ്ഞാറിന്റെ അധീനതയിലായി. പൂഞ്ഞാർ സാമ്രാജ്യം ഒരുകാലത്തു തമിഴ്‌നാട്ടിലെ പഴനിമല കുന്നുകൾ വരെ എത്തിയിരുന്നത്രേ!
എന്നാൽ ഈ രാജവംശം കുമളി, വണ്ടിപ്പെരിയാർ വഴി കാഞ്ഞിരപ്പള്ളിയിൽ എത്തി അവിടെ താമസിക്കുകയും വർഷങ്ങൾക്കു ശേഷം തെക്കുംകൂർ രാജാക്കന്മാരുടെ കയ്യിൽനിന്നും വസ്തുവകകൾ വിലക്കുവാങ്ങി പൂഞ്ഞാർ രാജവംശം സ്ഥാപിക്കുകയും ചെയ്തു എന്നൊരു കഥയും പ്രചാരത്തിലുണ്ട്.
അതേസമയം ചെമ്പഴന്നൂർ(?) (പന്തളം) വിഭാഗം തിരുനെൽവേലി വള്ളിയൂർ ഭാഗത്തുനിന്നും വനംകയറുകയും തെങ്കാശി, അച്ചൻകോവിൽ, ആര്യങ്കാവ് ഭാഗത്തുകൂടി കോന്നിയിൽ എത്തിച്ചേർന്നു. AD 1100 എന്നുള്ളതിന് മറ്റൊരു കാരണവും കൂടിയുണ്ട്.
പന്തളം എന്ന രാജ്യം സ്ഥാപിക്കപ്പെടുന്നത് കൈപ്പുഴയിലെ ആമന്തൂർ കോവിലകത്തെ പ്രശസ്തനായ കുഞ്ഞുണ്ണി വർമ്മ തമ്പാൻ (കൈപ്പുഴ തമ്പാൻ) എന്ന പ്രാദേശിക ഭരണാധികാരിയിലൂടെയായിരുന്നു, അദ്ദേഹത്തിലൂടെ പാണ്ഡ്യരാജകുടുംബം ഭൂമി നേടിയത് AD 1194 കാലഘട്ടത്തിലാണ്. അതായത് കോന്നിയിലെ 90 ഓളം വരുന്ന ഭരണത്തിന് ശേഷം. AD 1170 ൽ വേണാട് രാജാവായിരുന്ന ആദിച്ചവർമ്മൻ പാണ്ഡ്യരാജകുടുംബത്തിന് കുറേ ഭൂമി വിട്ടുകൊടുത്തതായി രേഖകൾ ഉണ്ട്.
പാണ്ഡ്യരാജകുടുംബം കോന്നിയിൽ ഭരണത്തിലിരുന്ന സമയത്തു ചെമ്പഴഞ്ഞി കോവിലകം എന്ന പേര് സ്വീകരിക്കുകയും കോന്നിയൂർ, അച്ചൻകോവിൽ പ്രദേശങ്ങളിൽ അനേകം മഠങ്ങളും, മനകളും, കോവിലകങ്ങളും പണിതിരുന്നു. മന്ത്രിമാർക്ക് താമസിയ്‌ക്കാനുള്ള ഭവനങ്ങൾ കോന്നിയൂർ മുതൽ റാന്നിവരെയുള്ള പ്രദേശങ്ങളിൽ ആയിരുന്നു. കോന്നി മുരിങ്ങമംഗലം ക്ഷേത്രം ഉൾപ്പെടെ ഏഴോളം ക്ഷേത്രങ്ങൾ പ്രദേശത്തു നിർമ്മിച്ച ഈ രാജകുടുംബം താമസിയാതെ പന്തളം പ്രദേശത്തേക്ക് താമസം മാറ്റി.
ആലുവാംകുടി മഹാദേവക്ഷേത്രം, ശൈവ വിശ്വാസികളായിരുന്ന ചെമ്പഴഞ്ഞി കോവിലകത്തുകാർ നിർമ്മിച്ചതാകാനാണ് സാധ്യത. ശൈവ പ്രാധാന്യ നിർമ്മാണ രീതിയും അതുതന്നെയാണ് വെളിപ്പെടുത്തുന്നത്. ഇപ്പറഞ്ഞ വർഷങ്ങൾ നോക്കുമ്പോൾ തന്നെ ക്ഷേത്രപ്പഴക്കം ഏകദേശം ആയിരത്തോളം വർഷം വരുന്നു.
വളരെ വലിപ്പമുള്ള ക്ഷേത്രക്കുളങ്ങൾ വലിയ ക്ഷേത്രങ്ങളിൽ സാധാരണ കാണാൻ കഴിയും. ഇവിടെയുള്ള കുളം ഏകദേശം 60 സെന്റ് വലിപ്പം വരുന്നതാണ്. കുളം കുഴിച്ചപ്പോൾ കിട്ടിയ മണ്ണുകൊണ്ടാകണം കൃത്രിമക്കുന്നു നിർമ്മിച്ച് അവിടെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ബലിക്കല്ല് ഉള്ളതിനാൽ നിത്യപൂജ നടന്നിരിക്കാനും സാധ്യതയുണ്ട്.
കലഞ്ഞൂർ പാടം പ്രദേശത്തുള്ള പറക്കുളം പെരും തൃക്കോവിൽ ക്ഷേത്രവും, കോന്നി ആവോലിക്കുഴി കാക്കര മഹാദേവർ ക്ഷേത്രവും എല്ലാം ഈ കോവിലകം/കോയിക്കൽ വകയാകാനാണ് സാധ്യതയും.
ആലുവാംകുടിയിൽ പൗരാണിക ശിൽപ്പകലാ ചാതുര്യം നിറഞ്ഞ വിളക്കുഭാഗങ്ങളും തൂണുകളുടെ കഷണങ്ങളും അവിടവിടെയായി ചിതറിക്കിടന്നിരുന്നു. എന്നാൽ അവയിൽ കുറെ നഷ്ടപ്പെട്ടുപോയി, ബാക്കി വന്നവ ക്ഷേത്ര ഓഫീസ് കെട്ടിടത്തിൻ്റെ കുഴിയിൽ അകപ്പെട്ടിട്ടുണ്ട് എന്നൊരു വിവരവും ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഷഡാധാര പ്രതിക്ഷ്ഠ തന്നെ വലിയ ക്ഷേത്രം എന്ന സങ്കൽപ്പത്തിന് തെളിവാണ്.
ഈ ക്ഷേത്രത്തിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലേക്കു പോയാൽ കാളിമല എന്ന പ്രദേശത്തു ഒരു വിഗ്രഹവും പീഠവും കാണാൻ കഴിയും. ഒരുപക്ഷെ ഗോത്ര-ഗിരിവർഗ്ഗക്കാർ പൂജ നടത്തിയിരുന്ന കാളീദേവി സങ്കൽപ്പമാകാനും മതിയാകും. അങ്ങനെയെങ്കിൽ ആലുവാംകുടി ക്ഷേത്രത്തിനും അത്തരമൊരു ചരിത്രവും പിന്നീട് കോവിലകം ഏറ്റെടുത്തു വലിയ ക്ഷേത്രമാക്കിയതും ചിന്ത്യം. എങ്കിൽ രണ്ടായിരത്തോളം വർഷം പഴക്കം എന്നത് സംഭവ്യം.
ആലുവാംകുടി ക്ഷേത്രത്തിലേക്ക് കോന്നി-തണ്ണിത്തോട്- തേക്കുതോട്-കരിമാൻതോട് വഴി പോകാം. സീതത്തോട്-ഗുരുനാഥൻ മണ്ണ് വഴിയും പോകാം. മറ്റുചില വഴികളുമുണ്ട്. കരിമാൻ തോട് വഴിയാണെങ്കിൽ വാഹനം അവിടെ പാർക്ക് ചെയ്തു അവിടെനിന്നും ജീപ്പ് സവാരിയായി പോകാം. അതാണ് സൗകര്യം. ചെറിയ വാഹനങ്ങളും കാറുകളും പരിക്കുപറ്റാതെ കൊണ്ടുപോകുക പ്രയാസം.