കൊട്ടിയം : വിദ്യാലയപരിസരങ്ങളിൽ കഞ്ചാവിന്റെയും ലഹരിവസ്തുക്കൾ ചേർത്ത മയക്കുമിഠായികളുടെയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും കച്ചവടം വ്യാപകമാകുന്നു. മയ്യനാട്, തൃക്കോവിൽവട്ടം, ആദിച്ചനല്ലൂർ പഞ്ചായത്തുകളുടെ പരിധിയിലെ സ്കൂളുകൾക്കു സമീപത്തെ ചില കടകളിലാണ് ഇവയുടെ വിപണനം തകൃതിയായി നടക്കുന്നത്.
വിദ്യാലയത്തിന്റെ 200 മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വിപണനവും നിരോധിച്ച് ഉത്തരവുണ്ടെങ്കിലും ഇവിടെ ഇതൊന്നും ബാധകമല്ല. 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ നൽകാൻ പാടില്ലെന്ന് നിയമമുണ്ടെങ്കിലും കച്ചവടക്കാർ ഇതൊന്നും കാര്യമാക്കുന്നില്ല.
എട്ടുമുതൽ പന്ത്രണ്ടുവരെ ക്ലാസിലെ കുട്ടികൾ ഇവിടങ്ങളിൽനിന്ന് പുകയില ഉത്പന്നങ്ങൾ യഥേഷ്ടം വാങ്ങി ഉപയോഗിക്കുന്നതായി നാട്ടുകാർ പറയുന്നു. കുട്ടികളെ മയക്കുമരുന്നുകൾക്ക് അടിമയാക്കുന്ന ഇത്തരം ലഹരിവസ്തുക്കൾ കച്ചവടം ചെയ്യുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ എക്സൈസ് - ആരോഗ്യ വകുപ്പധികൃതർ മടിക്കുന്നതായി ആക്ഷേപം. ആകർഷകമായ വർണപ്പൊതികളിലും രൂപങ്ങളിലും എത്തുന്നവയാണ് ഒട്ടുമിക്ക ലഹരിമിഠായികളും. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള നിറങ്ങളാണ് പല മിഠായികൾക്കും. കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ പേരുകളാണ് മിഠായികൾക്കുള്ളത്. ഉത്പാദകരുടെ പേരോ വിലാസമോ രേഖപ്പെടുത്താത്ത ഇത്തരം മിഠായികളിൽ ലഹരിവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് അധ്യാപകർ പറയുന്നു. പുളിരുചിയിലും അമിതമായ മധുരത്തിലും എത്തുന്ന മിഠായികളിൽ ലഹരിവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യവകുപ്പധികൃതരും സമ്മതിക്കുന്നു.
വിദ്യാലയങ്ങൾക്കു മുന്നിലെ കടകളിൽനിന്ന് ഇവ വാങ്ങിക്കഴിക്കുന്ന വിദ്യാർഥികൾ ക്ലാസിലെത്തിയാൽ മയക്കത്തിലാണെന്ന് അധ്യാപകർ പറയുന്നു. പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചശേഷം ക്ലാസിലെത്തിയത് ചോദ്യംചെയ്തതിന് അധ്യാപികയെ പ്ലസ് ടു വിദ്യാർഥി കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവവും ഉണ്ടായതായി അധ്യാപകർ പറയുന്നു. വിദ്യാലയപരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ വ്യാപകമാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടുത്തിടെ എക്സൈസ് സംഘം ജില്ലയിലെ വിവിധ വിദ്യാലയപരിസരങ്ങളിൽനിന്ന് കഞ്ചാവുമായി നിരവധിപേരെ പിടികൂടിയിരുന്നു.
കഞ്ചാവ് കടത്താനും വിപണനത്തിനുമായി സംഘങ്ങൾ വിദ്യാർഥികളെ ഉപയോഗിക്കുന്നതായി സൂചനയുണ്ട്. പിടിയിലായാൽത്തന്നെ പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷിക്കാനുള്ള നിയമതടസ്സമാണ് കുട്ടികളെ ഉപയോഗിക്കാൻ ഇത്തരം സംഘങ്ങൾക്ക് പ്രേരണയാകുന്നത്. വിദ്യാലയപരിസരങ്ങളിലെ കച്ചവടകേന്ദ്രങ്ങളിൽ അധികൃതർ തുടർച്ചയായി പരിശോധന നടത്തണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
@ പരവൂരിൽ
ലഹരിയിൽ മുങ്ങി കുട്ടിസംഘങ്ങൾ
പരവൂർ : ലഹരി മരുന്നടിച്ച് കിറുങ്ങി കുട്ടി സംഘങ്ങൾ പിടികൂടാൻ ഇനിയും മടിച്ച് എക്സൈസും. പരവൂർ, പൂതക്കുളം, നെടുങ്ങോലം തുടങ്ങിയ
വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുട്ടിസംഘങ്ങൾ നാട്ടുകാർക്കും നഗരവാസികൾക്കും ഭീഷണിയായി മാറുന്നു.എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് ലഹരിമരുന്ന് മാഫിയാ സംഘാംഗങ്ങളായ വിദ്യാർത്ഥികളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചതല്ലാതെ മറ്റൊരു നടപടികൾ ഉണ്ടാകുന്നില്ല എന്നാണ് പരാതി.
പരവൂർ, പരവൂർ തെക്കുംഭാഗം, പൂതക്കുളം, നെടുങ്ങോലം
എന്നിവിടങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചും ലഹരിമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ലഹരി മരുന്നുമായി വിൽപ്പനയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾ ദിവസവും വാഹനങ്ങൾ മാറുന്നതാണ് പിടികൂടാത്തതിന്
തടസമായി മാറുന്നത്.
ശക്തമായ വേരുകൾ ഉളള ലഹരിമരുന്ന് മാഫിയാ സംഘത്തെ വേരോടെ പിഴുത് കളയാനാണ് തങ്ങളുടെ ശ്രമമെന്ന് പോലീസും എക്സൈസും പറയുന്നത്.
എന്നാൽ പ്രദേശത്തെ ഇടതു രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾ മൂലം
നടപടികൾ പോലീസ് പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
എക്സൈസിന്റെയും പോലിസും
സംയുക്തമായി സ്ക്വാഡുകൾ രൂപീകരിച്ചു കൊണ്ട് കഞ്ചാവ് മാഫിയ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
No comments:
Post a Comment