Saturday, 8 December 2018

ബോട്ടില്ല.ജട്ടികൾ ഏറെ.തുലച്ചത് ലക്ഷങ്ങൾ ....നോക്കുകുത്തികളായി പരവൂരിലെ ബോട്ടുജട്ടികൾ

ബോട്ടില്ല.ജട്ടികൾ ഏറെ.തുലച്ചത് ലക്ഷങ്ങൾ ....നോക്കുകുത്തികളായി പരവൂരിലെ ബോട്ടുജട്ടികൾ

പരവൂർ: ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിച്ച ബോട്ടുജട്ടികൾ ആർക്കും പ്രയോജനമില്ലാതെ നോക്കുകുത്തികളായി നശിക്കുന്നു. നഗരമദ്ധ്യത്തിലെയും പൂതക്കുളം ഗ്രാമപഞ്ചായത്തിലെയും ജലാശയങ്ങളിൽ മാത്രമുണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ടതും അല്ലാത്തതുമായമായി അരഡസനോളം ബോട്ടുജട്ടികൾ. പത്തുലക്ഷത്തിൽപ്പരംരൂപ മുടക്കി നിർമ്മിച്ചവയാണ് ഓരോന്നും. ഉൾനാടൻ ജലഗതാഗതവകുപ്പ് നാല് വർഷംമുമ്പ് നിർമ്മാണം പൂർത്തിയാക്കിയ മനോഹരമായ ബോട്ടുജട്ടികൾ എന്തിനുവേണ്ടിയായിരുന്നു വെന്നു ഇനിയും ആർക്കും മനസിലായിട്ടില്ല. ഒരുബോട്ടുപോലും ഈ ജട്ടികളിൽ അടുത്തിട്ടില്ല .യാത്രക്കായി ആരും എത്താറുമില്ല. പതിനാറ്റാണ്ടുകളായി ബോട്ടിന്റെ ശബ്ദം പോലും കേട്ടിട്ടില്ലാത്ത മണിയംകുളം തോടിന്റെ കരയിലും ഇടവ-നടയറ കായൽക്കരയിലും ലക്ഷങ്ങൾ ചെലവഴിച്ച് സൈഡ് വാൾ നിർമ്മിച്ചിട്ടുണ്ട്-ബോട്ടുകൾ പോകുമ്പോൾ ഉണ്ടാകുന്ന ഓളസമ്മർദ്ദത്തിൽ നിന്ന് തീരങ്ങളെ സംരക്ഷിക്കാൻ !പരവൂർ തെക്കുംഭാഗം നേരുകടവ് പീന്തമുക്ക്കടവിലാണ് മറ്റൊരു ബോട്ട് ജട്ടി. സംസ്ഥാനജലപാതയായ കൊല്ലം -കോവളം ജലപാതയുടെ തലങ്ങും വിലങ്ങും ടൂറിസ്റ്റ് ബോട്ടുകൾ കടന്നു പോകുമെന്ന് കരുതിയാണ് ബോട്ടുജട്ടികൾ നിർമ്മിച്ചത്. ഇപ്പോൾ ചിലബോട്ടുജട്ടികളുടെ സമീപം കാടുവളർന്നത് സാമൂഹിക വിരുദ്ധരുടെ താവളങ്ങളായി മാറിയിട്ടുണ്ട്. എന്നാൽ കലയ്ക്കോട് പി.എച്ച്.സിയിലേക്കും പള്ളികളിലേയ്ക്കും കയർ, കശുഅണ്ടി മേഖലകളിലേയ്ക്കും പോകുന്നവർക്ക് അനുഗ്രമായിരുന്നു നേരുകടവ് ബോട്ട് ജട്ടി. നെല്ലേറ്റിൽ ഇടയാടി കാപ്പിൽ ജട്ടികൾ വിദ്യാർത്ഥികൾക്കും കയർ, കശുഅണ്ടി തൊഴിലാളികൾക്കും അനുഗ്രമായിരുന്നു. ശുദ്ധമായ വെള്ളമുള്ള ഇടവ-നടയറകായലിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ബോട്ടുകൾ സർവ്വീസ് നടത്താവുന്നതാണ്. 12ധനകാര്യകമ്മിഷനിൽ ഉൾപ്പെടുത്തി പ്രത്യേകം അനുവദിച്ച തുക കൊണ്ടാണ് ബോട്ടുജട്ടികൾ നിർമ്മിച്ചത് . ഫണ്ട് ലാപ്സാകാതിരിക്കാനാണ് തിടുക്കത്തിൽ ജെട്ടികൾ നിർമ്മിച്ചതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. മണിയംകുളം തോട്ടിലെ ചിലയിടങ്ങളിലും ബോട്ട് ജട്ടി നിർമ്മിക്കാൻ തുക അനുവദിച്ചിരുന്നു.പ്രയോജനകരമല്ലെന്ന് കണ്ട് അവ പീന്നീട് ഒഴിവാക്കുകയായിരുന്നുവത്രെ.ബോട്ട് സർവ്വീസ് ഏർപ്പെടുത്തണം
വി.അശോകൻപിള്ള (വൈസ് പ്രസിഡന്റ്) പൂതക്കുളം ഗ്രാമ പഞ്ചായത്ത്)
പൂതക്കുളം ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി യന്ത്രവൽക്കൃതബോട്ടുകൾ സർവ്വീസ് നടത്തുന്നതിന് പദ്ധതി ആവിഷ്കരിച്ചതാണ്. എന്നാൽ ഉദ്യോഗസ്ഥരുടെ താല്പര്യമില്ലായ്മകാരണം പദ്ധതി തുടക്കത്തിലേ പാളി.എന്നാൽ ലോക ബാങ്കിന്റെ ധനസഹായം ഉപയോഗപ്പെടുത്തി ഈ പദ്ധതി നടപ്പിലാക്കാൻ ഇനിയും കഴിയും .ഇപ്പോൾ രാത്രിയിൽ ആശുപത്രികളിലും മറ്റും പോകാൻ നെല്ലേറ്റിൽ നിന്ന് പഴയ വള്ളത്തിൽ കാപ്പിൽ കടവിലെത്തേണ്ടതുണ്ട്.. ബോട്ട് സർവ്വീസ് ഉണ്ടായിരുന്നെങ്കിൽ ജനങ്ങൾക്ക് വളരെ സൗകര്യപ്രദമാകുമായിരുന്നു .രണ്ടുപേർക്ക് സ്ഥിരം ജോലിനൽകാനും പഞ്ചായത്തിന് കഴിയും
വർക്കലയിൽ നിന്ന് എളുപ്പം എത്താം
വി.ഹരിദേവ് (സെക്രട്ടറി,എസ്.എൻ.ഡി.പിയോഗം ഇടയാടി 4049 ശാഖ )
ബോട്ട് സർവ്വീസ് ആരംഭിച്ചാൽ വിദേശികൾ ഉൾപ്പടെയുള്ളവർക്ക് വർക്കലയിൽ നിന്ന് വട്ടം ചുറ്റാതെ പരവൂരിൽ എളുപ്പംവരാം. ടൂറിസവും വികസിക്കും.

No comments:

Post a Comment