രംഗം 1 :-
.............
സ്ഥലം - അണ്ടിമുക്ക് പാർട്ടി ഓഫീസ്. (എല്ലാവരും ചെഗുവേര സഖാവിനെ മനസ്സിൽ ധ്യാനിച്ച് വലിച്ചു കയറ്റുന്നു)
സഖാവ് കുമാരപിള്ള :- അടുത്തമാസത്തെ വനിതാ മതിൽ നമ്മൾ വിജയിപ്പിക്കണം.
സഖാവ് കോട്ടപ്പള്ളി :- എന്തിനാണ് സഖാവെ ഈ വനിതാ മതിൽ?
സഖാവ് കുമാരപിള്ള:- നവോഥാന സംരക്ഷണത്തിനും, കേരളം വീണ്ടും ഇരുണ്ട നാളിലേക്ക് പോകാതിരിക്കാനും വേണ്ടിയാണ് നമ്മുടെ പാർട്ടി വനിതാ മതിൽ തീർക്കുന്നത്.
സഖാവ് ഉത്തമൻ :- നമ്മുടെ പാർട്ടിക്ക് ജാതിയില്ല, മതമില്ല എന്നൊക്കെയാണല്ലോ പറയുന്നത്. പിന്നെന്തിനാണ് ജാതിമത സംഘടനകളെ വിളിച്ചുകൂട്ടി വനിതാ മതിൽ സംഘടിപ്പിക്കണം എന്ന് പറയുന്നത്? ആ യോഗത്തിൽ ഒറ്റ വനിത പോലും ഉണ്ടായിരുന്നില്ലല്ലോ. ശശി സഖാവിന്റെ വീടിന് ചുറ്റുമല്ലേ ശരിക്കും വനിതാ മതിൽ സംഘടിപ്പിക്കേണ്ടത്?
സഖാവ് കോട്ടപ്പള്ളി :- ഉത്തമാ, നീ പാർട്ടി ക്ലാസ്സിൽ വരാത്തതുകൊണ്ടാണ് നിനക്ക് ഇതൊന്നും മനസിലാകാത്തത്. പാർട്ടി നേതാക്കൾ പറയും നമ്മൾ അനുസരിക്കണം. അതിൽ ചോദ്യങ്ങൾ വേണ്ട.
സഖാവ് കുമാരപിള്ള:- എടോ ഉത്തമ, ഉൾപാർട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട് എന്നുകരുതി പാർട്ടി നേതാക്കൾ പറയുന്നതിനെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. പാർട്ടി നേതാവ് പറയുന്നത് അതേപടി അനുസരിക്കുന്ന അടിമകളാണ് യഥാർത്ഥ പാർട്ടി പ്രവർത്തകൻ. അല്ലാത്തവരെ വർഗ്ഗവഞ്ചകൻ എന്ന് മുദ്രകുത്തി വീട്ടിലേക്കു ഇന്നോവ വിടും. ബാക്കി ഞാൻ വിശദീകരിക്കണോ?
സഖാവ് ഉത്തമൻ :- എല്ലാം മനസിലായി. ഇന്നോവ വിടണ്ട. എന്നാലും സഖാവെ, ഈ CCTV യും, സോഷ്യൽ മീഡിയയും ഒക്കെ വന്നതോടെ ജനങ്ങളെ പഴയതുപോലെ പറ്റിക്കാൻ പറ്റുന്നില്ല. നമ്മൾ നവോത്ഥാനം എന്ന് പറയുമ്പോൾ ജനങ്ങൾ ചോദിക്കുന്നത് നിങ്ങളുടെ പാർട്ടി ഇന്ത്യയിൽ ഉണ്ടായ ശേഷം സമരം ചെയ്തു കൊണ്ടുവന്ന ഒരു നവോത്ഥാന സംഭവം പറയൂ എന്നാണ്.
സഖാവ് കുമാരപിള്ള:- താനൊരു മണ്ടനാണല്ലോടോ.. എടൊ മാറ് മറക്കൽ സമരം, വൈക്കം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയൊക്കെ നമ്മൾ നടത്തിയതാണെന്നു പറയണം. അതൊക്കെ സ്ഥാപിച്ചെടുക്കാൻ നമ്മൾ കുറെ മാധ്യമ സാംസ്ക്കാരിക നായകരെ സൃഷ്ടിച്ചെടുത്തിട്ടില്ലേ..
സഖാവ് ഉത്തമൻ :- ഞാൻ നേരത്തെ പറഞ്ഞില്ലേ, ഈ സോഷ്യൽ മീഡിയ വന്നതോടെ പഴയതുപോലെ കള്ളത്തരങ്ങൾ ഒന്നും നടക്കുന്നില്ല. ഇമ്മാതിരി സംഭവങ്ങളിൽ ഒന്നും നമ്മുടെ പാർട്ടിക്ക് ഒരു പങ്കും ഇല്ല എന്ന് മാത്രമല്ല രാജ്യത്തിനു സമാധാനപരമായി സ്വാതന്ത്ര്യം കിട്ടുമെന്ന ഘട്ടം വന്നപ്പോൾ വിപ്ലവം നടത്തി ജനാധിപത്യത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാൻ നോക്കിയതും, വല്ലഭായ് പട്ടേൽ അത് അടിച്ചമർത്തിയതും എല്ലാം ഇപ്പോൾ ജനങ്ങൾക്കറിയാം.
സഖാവ് കോട്ടപ്പള്ളി :- അതുകൊണ്ടല്ലേ നമ്മൾ ഇപ്പോൾ ജാതി രാഷ്ട്രീയം കളിക്കുന്നത്. ഹിന്ദുക്കളെ തമ്മിലടിപ്പിക്കുക. ജാതിപറഞ്ഞു അവരെ വ്യത്യസ്ത ധ്രുവങ്ങളിൽ നിർത്തി മുതലെടുക്കുക. ജാതിയില്ല , മതമില്ല എന്ന് പറയുന്ന നമ്മൾ അതുകൊണ്ടാണ് ജാതിമത സംഘടനകളെ കൂടെനിർത്തുന്നതും, പണ്ടെങ്ങോ ഉണ്ടായിരുന്ന ജാതിചിന്തകൾ ഇപ്പോഴും സജീവമായി നിലനിർത്താൻ ശ്രമിക്കുന്നതും. സവർണ്ണൻ അവർണ്ണൻ ദളിതൻ എന്നൊക്കെ നാഴികക്ക് നാൽപ്പതു തവണ പറയുന്നതും ഇതുകൊണ്ടാണ്. അതല്ലാതെ വേറെ നമ്മുക്ക് ഒന്നും പറയാനില്ല.
സഖാവ് കുമാരപിള്ള:- കലക്കി കോട്ടപ്പള്ളി. ഇക്കാര്യത്തിൽ ത്വതീകാചാര്യനായ എന്നെ താങ്കൾ കടത്തിവെട്ടി. വനിതാ മതിൽ സ്ത്രീകളെ അടിമകളാക്കുന്നവർക്കെതിരെ ആണ് എന്ന് പ്രചരിപ്പിക്കണം. ശബരിമല വിഷയവുമായി ഇതിനു യാതൊരു ബന്ധവുമില്ല എന്നുപറയണം. എങ്കിലേ സ്ത്രീകൾ വരൂ. പരിപാടി കഴിഞ്ഞാൽ കേരളം ശബരിമല വിഷയത്തിൽ പാർട്ടിക്കൊപ്പം എന്ന് നമ്മൾ പറയും.
സഖാവ് കോട്ടപ്പള്ളി :- ഈ വനിതാ മതിൽ സ്ത്രീകളെ അടിമകളാക്കുന്നവർക്കെതിരെ എന്ന് പറയുമ്പോൾ ചില ന്യൂനപക്ഷങ്ങൾ എതിരാകില്ലേ? സ്ത്രീകളെ പൂജിക്കുന്ന ഹിന്ദുമതത്തിനെതിരെ ആണ് നമ്മൾ വനിതാ മതിൽ എന്നുപറഞ്ഞു ഇറങ്ങുന്നതെങ്കിലും യഥാർത്ഥത്തിൽ ഹിന്ദുമതത്തിലെ സ്ത്രീകൾ അല്ലെ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നത്? അവർക്ക് ഒരു വേലിക്കെട്ടുകളുമില്ല. ഹിന്ദുമതത്തിൽ വിശ്വാസിക്കും അവിശ്വാസിക്കും സ്ഥാനമുണ്ട്. വളരെ സഹിഷ്ണുതയും,എല്ലാത്തിനെയും ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരുമതമാണ് ഹിന്ദുമതം.
സഖാവ് കുമാരപിള്ള:- കോട്ടപ്പള്ളി സഖാവ് പറഞ്ഞത് ശരിയാണ്. പക്ഷെ നമ്മുക്ക് നിലനിൽപ്പാണ് ആവശ്യം. നശിച്ച ജനാധിപത്യം കാരണം ജനം ഇന്ത്യയുടെ തെക്കേ മൂലയ്ക്ക് കൂട്ടിയിട്ടിയിരിക്കുവാണ് നമ്മുടെ പാർട്ടിയെ. നമ്മുക്ക് വേറെ വിഷയങ്ങൾ ഒന്നുമില്ല. വികസനം പറയാൻ ഇല്ല, മുൻകാല പ്രവർത്തികൾ കാരണം നമ്മൾ ഭരിച്ചിടങ്ങളെല്ലാം വ്യവസായികളുടെ ശവപ്പറമ്പാണ്. പിന്നെ ഇതേ മാർഗമുള്ളൂ.
സഖാവ് കോട്ടപ്പള്ളി :- അപ്പോൾ വനിതാ മതിൽ നമ്മൾ വിജയിപ്പിക്കും. തൊഴിലുറപ്പു ജോലിക്കു വരുന്ന സ്ത്രീകളെയും, കുടുംബശ്രീക്കാരെയും നിർബന്ധിച്ചു കൊണ്ടുവരാം. പാർട്ടി കുടുംബങ്ങളും ഉണ്ടാകും. എന്നാലും സംഭവം വിജയിക്കുമോ?
സഖാവ് കുമാരപിള്ള:- തൊഴിലുറപ്പു പദ്ധതി കേന്ദ്ര സർക്കാരിന്റേതാണെങ്കിലും അത് നമ്മുടെ പാർട്ടിയുടെ ഔദാര്യം ആണെന്ന് നമ്മൾ ജനങ്ങളെ പറഞ്ഞു പറ്റിച്ചിരിക്കുന്നതു കൊണ്ട് തൊഴിലുറപ്പു സ്ത്രീകൾ എല്ലാവരും എത്തും , പിന്നെ കുടുംബശ്രീക്കാരും, പാർട്ടി അണികളും, പുരോഗമന സഖാത്തികളും വരും.
സഖാവ് ഉത്തമൻ :- അത് മാത്രം പോരല്ലോ. അതിനുമുമ്പായി ആശയപ്രചരണം നടത്തേണ്ട?
സഖാവ് കുമാരപിള്ള:- പിന്നെ, അതിനായി നമ്മുടെ ആധുനിക സാംസ്ക്കാരിക നായകരെ എല്ലാവരെയും രംഗത്തിറക്കും. കേരളത്തിൽ അങ്ങോളമിങ്ങോളം അവർ പ്രസംഗിക്കും.
സഖാവ് ഉത്തമൻ :- നമ്മുടെ സാംസ്ക്കാരിക നായകരെ ജനം കണ്ടാൽ അപ്പോൾ കൂവും. എല്ലാ മഹാന്മാരും മഹതികളും കഥയും, കവിതയും ഒക്കെ മോഷ്ടിച്ചതിന് മുങ്ങി നടക്കുവാ..
സഖാവ് കോട്ടപ്പള്ളി :- കേന്ദ്ര സർക്കാർ പദ്ധതികൾ അടിച്ചുമാറ്റി സ്വന്തം പേരിലാക്കി മലയാളികളെ പറ്റിക്കുന്ന നമ്മുടെ പാർട്ടിയുടെ സഖാക്കൾ അല്ലേ അവരും! ഇതല്ല ഇതിന്റെ അപ്പുറവും ചെയ്യും.
സഖാവ് കുമാരപിള്ള:- നമ്മൾ നമ്മുടെ സാംസ്ക്കാരിക നായകരെ വിമര്ശിക്കരുത്. അവർ എന്ത് ചെറ്റത്തരം കാണിച്ചാലും നമ്മൾ പിന്തുണക്കണം. നമ്മുടെ പാർട്ടി പാരമ്പര്യം അതാണ്. ശശി സഖാവിന്റെ കാര്യം തന്നെ എടുക്കാം. ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആ വീരനെ തീവ്രത കുറഞ്ഞ പീഡനം എന്നുപറഞ്ഞു നമ്മൾ 6 മാസത്തെ സസ്പെന്ഷനിൽ ഒതുക്കിയില്ലേ. അത് വളരെ മഹനീയ കാര്യമാണെന്ന് നമ്മൾ നമ്മുടെ മാധ്യമ സഖാക്കളെകൊണ്ട് പ്രചരിപ്പിക്കുകയും ചെയ്തു. അതുപോലെ കവിതയും കഥയും മോഷ്ടിച്ച സാംസ്ക്കാരിക നായകരെയും നമ്മൾ രക്ഷിക്കും.
സഖാവ് ഉത്തമൻ :- പഴയതുപോലെ എളുപ്പമല്ല കാര്യങ്ങൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തെളിവുകൾ ഉൾപ്പെടെ വരും. പണ്ടായിരുന്നു എങ്കിൽ മാധ്യമ സഖാക്കളേ കൊണ്ട് ആ വാർത്തകൾ മുക്കാമായിരുന്നു. അല്ലെങ്കിൽ വല്ല അമേരിക്കൻ ഗൂഢാലോചന എന്നോ, കുത്തകകളുടെ ഇടപെടലെന്നോ ഒക്കെ പറയാമായിരുന്നു. ഇപ്പോൾ ആ ഊഡായിപ്പ് നടക്കില്ല. മോഷണം നടത്തിയത് ഒരു അദ്ധ്യാപിക കൂടിയാണ് എന്നോർക്കണം.
സഖാവ് കുമാരപിള്ള:- എന്ത് അദ്ധ്യാപിക. ഇവരൊക്കെ ആദ്യം സഖാവ്. അതിനുശേഷമേ അദ്ധ്യാപിക ആകുന്നുള്ളൂ. അതുകൊണ്ടു അതുവിട്. കുറ്റം മുഴുവൻ ആ ചിത്രനോ എന്നുപേരുള്ള ഒരു സാംസ്ക്കാരിക ഫ്രോഡ് ഉണ്ടല്ലോ അവന്റെ തലയിൽ തൽക്കാലം കെട്ടിവെക്കാം. അവനെ പിന്നീട് നമ്മുക്ക് രക്ഷിച്ചെടുക്കാം.
സഖാവ് ഉത്തമൻ :- എന്തിനാ സഖാവെ ഇതുപോലുള്ള സാംസ്ക്കാരിക ഫ്രോഡുകളെ നമ്മൾ ചുമക്കുന്നത്?
സഖാവ് കോട്ടപ്പള്ളി :- ഉത്തമാ, ഇവരെപോലുള്ള എഡ്യൂക്കേറ്റഡ് ഫ്രോഡുകൾ നമ്മുടെ തട്ടിപ്പുകൾ മറച്ചുവെക്കാൻ കൂടെ വേണ്ടതാണ്. ഇവർക്കാകുമ്പോൾ ഇടക്കിടക്ക് ഓരോ അവാർഡുകളും, വിദേശ യാത്രകളും ഒക്കെ ഒപ്പിച്ചുകൊടുത്താൽ മതി. മുട്ടിലിഴഞ്ഞും ന്യായീകരിക്കും. കുറെ കഴുതകൾ ഇവർ പറയുന്നതെല്ലാം ശരിയാണെന്നു കണ്ണുമടച്ചു വിശ്വസിക്കും.
സഖാവ് കുമാരപിള്ള:- ഇതിപ്പോൾ ആ അദ്ധ്യാപിക 5 പേജ് പുളിച്ച സാഹിത്യമൊക്കെ കലർത്തി മാപ്പ് പറഞ്ഞില്ലേ? അത് മതി.
സഖാവ് ഉത്തമൻ :- ഇതിവിടെയെങ്ങും തീരില്ല. ആ അദ്ധ്യാപിക കട്ടത് ഒരു കവിത മാത്രമല്ല. മോഷണം 1, 2, 3, 4 ....എന്നിങ്ങനെ ഒന്നൊന്നായി പുറത്ത് വരുകയാണ്. യഥാർത്ഥ കവിയെ സംശയത്തിന്റെ നിഴലിൽ നിർത്തിയ പക്കാ ക്രിമിനൽ ആണവർ. അവരെ പേടിച്ച് കോളേജ് ലൈബ്രറിയിൽ CCTV സ്ഥാപിക്കാൻ പോകുവാ. ഏതെങ്കിലും നല്ല ബുക്ക് കണ്ടാൽ അപ്പോൾ അടിച്ചുമാറ്റും.
സഖാവ് കോട്ടപ്പള്ളി :- ഉളുപ്പില്ലാതെ നമ്മുടെ പാർട്ടി അണികൾ ന്യായീകരിക്കുന്നുണ്ട് എങ്കിലും ഏശുന്നില്ല.
സഖാവ് കുമാരപിള്ള:- എടൊ കോട്ടപ്പള്ളി, ഇപ്പോൾ നമ്മൾ മിണ്ടണ്ട. മോഷണത്തിന്റെ പേരിൽ ആ അധ്യാപികക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ടല്ലോ. അത് നമ്മൾ മുതലെടുക്കണം. പ്രതിഷേധക്കാർ അധ്യാപികയെ വേട്ടയാടുന്നു, സംഘപരിവാർ ആക്രമിക്കുന്നു, സ്ത്രീയെന്ന പരിഗണന പോലും കൊടുക്കുന്നില്ല എന്നൊക്കെ പ്രചരിപ്പിക്കണം.
സഖാവ് ഉത്തമൻ :- അതെങ്ങനാ? നമ്മുടെ പാർട്ടി ഇന്നലെ വരെ പറഞ്ഞത് സ്ത്രീ പുരുഷനൊപ്പമാണ് എന്നൊക്കെയല്ലേ? സ്ത്രീസമത്വം പ്രസംഗത്തിൽ മാത്രം പറയുന്ന നമ്മൾ ഈ പ്രതിഷേധത്തെ എങ്ങനെ സ്ത്രീകൾക്കെതിരെയുള്ള അക്രമമായി മാറ്റും?
സഖാവ് കോട്ടപ്പള്ളി :- അതൊക്കെ നമ്മുടെ മാധ്യമ സഖാക്കൾ നോക്കിക്കോളും. പിന്നെ നമ്മുടെ കാനഡ അമ്മായി പുതിയ ഒരു ഐറ്റം ഇറക്കിയിട്ടുണ്ട്. മോഷണം പുറത്തുകൊണ്ടുവരുമെന്നു പറഞ്ഞപ്പോൾ ആത്മഹത്യാ ഭീഷണി മുഴക്കി. ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്.
സഖാവ് ഉത്തമൻ :- അതുകലക്കി. മോഷണം കയ്യോടെ പിടികൂടാനാണ് ഉദ്ദേശമെങ്കിൽ ആത്മഹത്യ ഭീഷണി മുഴക്കാനാണ് നമ്മുടെ തീരുമാനം എന്ന് എല്ലാ മതിലിലും ഇനി എഴുതണം.
സഖാവ് കോട്ടപ്പള്ളി :- നമ്മുടെ താറാമ്മ സഖാവ് സംഘികളെ പേടിച്ച് ഫേസ്ബുക്കിൽ എഴുത്ത് നിർത്തുന്നു എന്ന് കേൾക്കുന്നു.
സഖാവ് കുമാരപിള്ള:- ഇത് നല്ലൊരു അവസരമാണ്. സംഘപരിവാർ പീകരത എന്നുപറഞ്ഞു നമ്മുക്ക് തെരുവിലിറങ്ങി താറാമ്മക്കു പിന്തുണ പ്രഖ്യാപിക്കാം.
സഖാവ് ഉത്തമൻ :- അത് വേറൊന്നും കൊണ്ടല്ല. പുള്ളിക്കാരി മോഷ്ടിച്ചത് വല്ലതും സംഘികൾ പുറത്തുകൊണ്ടുവരുമോ എന്ന് പേടിച്ചാണ്. ഉത്തരം മുട്ടുമ്പോൾ ബ്ലോക്ക് ചെയ്യുക, കമന്റ് ഡിലീറ്റ് ചെയ്യുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ സഖാക്കളുടെ രീതി. എന്നിട്ട് സംഘ്പരിവാറുകാർ ഞങ്ങളെ അക്രമിക്കുന്നെ എന്ന് കരഞുകൂവും. തെറിപറയുമ്പോഴും, സൈബർ ആക്രമണം നടത്തുമ്പോഴും ബ്ലോക്ക് ചെയ്തിരുന്നതെങ്കിൽ ഒരു മാന്യത ഉണ്ടായിരുന്നു.
സഖാവ് കോട്ടപ്പള്ളി :- എന്നാലും ഇത് വലിയ തിരിച്ചടി ആയിപ്പോയി...ടീച്ചർ, ചിത്രൻ, സുപി ഇളയിടം..ഇവരൊക്കെ ഗജ ഫ്രോഡുകൾ ആണെന്ന് നാട്ടുകാർ എല്ലാം അറിഞ്ഞല്ലോ!
സഖാവ് കുമാരപിള്ള:- ഇതൊന്നും റാഡിക്കൽ ആയിട്ടുള്ള ഒരു മാറ്റമല്ല. ഒരുത്തനെ കുത്തിക്കൊന്നു, മറ്റൊരുത്തൻ തല്ലിക്കൊന്നു, വേറൊരുത്തനെ തൂക്കിക്കൊന്നു എന്ന് പ്രസംഗിച്ച മഹാനെ കുറച്ചുനാൾ സസ്പെൻഡ് ചെയ്തു. എന്നിട്ടിപ്പോഴോ ആ മഹാൻ മന്ത്രി. നാളെ ശശിയും മന്ത്രി ആകും. കവിതയും കഥയും ലേഖനവുമൊക്കെ മോഷ്ടിച്ച ഇവരെയും നാളെ കേരളം അംഗീകരിക്കും. നമ്മൾ പ്രബുദ്ധ മലയാളി അല്ലേ..
സഖാവ് ഉത്തമൻ :- കാലം മാറിവരുന്നു സഖാവെ. ബംഗാളിലും ത്രിപുരയിലും നമ്മൾ ഇതുപോലെ ജനങ്ങളെ കുറെ പറ്റിച്ചതാണ്. പക്ഷെ ഇപ്പോൾ ആ സംസ്ഥാനങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ പോലും ചുവപ്പു കൊടി കാണിക്കാൻ പറ്റാത്ത അവസ്ഥയാണ്. ചുവപ്പു കണ്ടാൽ നാട്ടുകാർ തല്ലി ഓടിക്കും.
സഖാവ് കുമാരപിള്ള:- അതുകൊണ്ടടോ ജാതിയും മതവും പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിച്ചു മുതലെടുക്കുന്നത്. ജനങ്ങൾക്ക് വിവരം വെക്കുന്നതിനു മുമ്പ് കൊച്ചുമക്കളെ കൂടി അമേരിക്കയിലോ, യൂറോപ്പിലോ എത്തിക്കണം. അല്ലെങ്കിൽ ജനം വെച്ചേക്കില്ല.
സഖാവ് കുമാരപിള്ള:- ക്രിയാത്മകമായ ഈ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന തീരുമാനപ്രകാരം നമ്മുക്ക് വനിതാ മതിൽ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാം.
സഖാവ് ഉത്തമൻ :- ബക്കറ്റ് പിരിവിനുള്ള ബക്കറ്റ് റെഡി സഖാവെ..
സഖാവ് കുമാരപിള്ള:- മിടുക്കൻ. ഉത്തമാ, നീ ഇപ്പോഴാണ് ഒരു ഉത്തമ സഖാവായത്. ✊✊
No comments:
Post a Comment