@ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ പറ്റിച്ച് നിർമ്മാണ കമ്പനി മുങ്ങി
കൊല്ലം: പോളയത്തോട് ശ്മശാനത്തിൽ നിർമ്മിച്ച
ഇലക്ട്രിക് ക്രിമറ്റോറിയത്തിന്റെ ചില അവശിഷ്ടങ്ങൾ ഇന്ന് സംസ്കാരം കാത്തുകിടക്കുകയാണ്. കമ്മീഷൻ ലക്ഷ്യമിട്ട് അന്നത്തെ നഗരഭരണക്കാർ കടലാസ് കമ്പനിക്ക് നിർമ്മാണ കരാർ നൽകിയതും ആചാരങ്ങൾ മനസിലാക്കാതെ കെട്ടിടം നിർമ്മിച്ചതുമാണ് ഇലക്ട്രിക് ക്രിമറ്റോറിയം ഉപയോഗമില്ലാതായത്.
വൻ ക്രമക്കേടുകൾ ചൂണ്ടികാട്ടുന്നതാണ് ഇലക്ട്രിക് ക്രിമറ്റോറിയത്തിന്റെ ചരിത്രം. 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് 1994 ൽ ഇലക്ട്രിക് ക്രിമറ്റോറിയത്തിനായി പദ്ധതി തയ്യാറാക്കിയത്. പദ്ധതിക്കായി അന്ന് കേന്ദ്രമന്ത്രിയായിരുന്ന എസ്. കൃഷ്ണകുമാറും തെന്നല ബാലകൃഷ്ണപിള്ളയും എം.പി ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ വീതം നൽകി. ശേഷിക്കുന്ന തുക നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് വകയിരുത്തി.
1996ൽ ടെണ്ടർ നടപടികൾ തുടങ്ങി. കെട്ടിട നിർമ്മാണം സർക്കാർ ഏജൻസിയായ നിർമ്മിതിക്ക് നൽകി. വൈദ്യുതി ഫർണസ് സ്ഥാപിക്കാൻ താല്പര്യപത്രം നൽകിയ കമ്പനികളിൽ നിന്ന് മികച്ചതിനെ തിരഞ്ഞെടുക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതി ശുപാർശ ചെയ്ത ബോംബെ തെർമൽ പ്രോജക്ട് എന്ന സ്ഥാപനത്തെ അവഗണിച്ച് കൊൽക്കത്ത ആസ്ഥാനമായ ട്രൂ വോൾട്ട് എന്ന കടലാസ് കമ്പനിക്ക് നഗരസഭ കരാർ നൽകുകയായിരുന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
കരാർ സാധൂകരിക്കാൻ ട്രൂ വോൾട്ട് കമ്പനി നിർമ്മിച്ച ക്രിമറ്റോറിയങ്ങൾ സന്ദർശിച്ച് വിലിയിരുത്താൻ നഗരസഭ ജലസേചന വകുപ്പ് ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി. അദ്ദേഹം വാക്കാൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാർ ഒപ്പിടുകയായിരുന്നു. ഇതിനിടെ അന്ന് മന്ത്രിയായിരുന്ന ബാബു ദിവാകരൻ കൊൽക്കത്ത സന്ദർശനത്തിനിടെ ട്രൂ വോൾട്ട് കമ്പനിക്കായി തിരച്ചിൽ നടത്തിയെങ്കിലും പൊടിപോലും കണ്ടെത്താനായില്ല.
കമ്പനിയെക്കുറിച്ച് സംശയം ഉയർന്നതോടെ ബാങ്ക് ഗാരണ്ടി വാങ്ങിയിട്ടേ മുൻകൂർ തുക നൽകാവൂ എന്ന് നഗരസഭാ കൗൺസിൽ തീരുമാനിച്ചു. എന്നാൽ ഇതിന് വിരുദ്ധമായി 10 ലക്ഷം രൂപ മുൻകൂർ നൽകി. ആദ്യഘട്ടമായി ചില ഉപകരണങ്ങൾ സ്ഥാപിച്ച ശേഷം നാല് ലക്ഷം രൂപ കൂടി വാങ്ങിയെടുത്ത് വൈദ്യുത ഫർണസ് സ്ഥാപിച്ചെങ്കിലും പ്രവർത്തന സജ്ജമാക്കാതെ കമ്പനി മുങ്ങി. കമ്പനി മുങ്ങിയതിന് ശേഷമാണ് കെട്ടിട നിർമ്മാണത്തിലെ അപാകത കണ്ടെത്തിയത്. ഹൈന്ദവാചാര പ്രകാരം തെക്ക് വടക്ക് മൃതദേഹം കിടത്തിയാണ് ദഹിപ്പിക്കേണ്ടത്. എന്നാൽ കിഴക്ക് പടിഞ്ഞാറായാണ് ഫർണസ് സ്ഥാപിച്ചത്. നിർമ്മിതി കിഴക്ക് പടിഞ്ഞാറ് ഫർണസ് സ്ഥാപിക്കാനുള്ള സൗകര്യമാണ് സജ്ജമാക്കിയിരുന്നത്. നിർമ്മിതിക്കും നഗരസഭയ്ക്കുമെതിരെ പ്രതിഷേധം കനത്തതോട നഗരസഭാധികൃതർ പറ്റിയ അബദ്ധത്തിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിലായി. ഇതിനിടെ ഇന്നേവരെ ലക്ഷങ്ങൾ കൈപ്പറ്റി മുങ്ങിയ ട്രൂ വോൾട്ട് കമ്പനിയെ ആരും തിരഞ്ഞില്ല. കമ്പനി വൈദ്യുതി ക്രിമറ്റോറിയത്തിനായി എത്തിച്ച ചില സാമഗ്രികളാകട്ടെ ടൗൺഹാൾ വളപ്പിൽക്കിടന്ന് ഇപ്പോഴും ദ്രവിക്കുകയാണ്.
പോളയത്തോട് ഇലക്ട്രിക് ക്രിമറ്റോറിയം
01.
02.
03. എം.പി ഫണ്ടിൽ നിന്ന്: 20 ലക്ഷം
04. ബാക്കി തുക: നഗരസഭയുടേത്
05. ടെണ്ടർ നടപടികൾ: 1996ൽ
06. കരാർ: ട്രൂ വോൾട്ട് എന്ന കമ്പനിക്ക്
പാഴായ ലക്ഷങ്ങൾ
01. രണ്ട് നില കെട്ടിടം 17 ലക്ഷം
02. ഇലക്ട്രിക് ഫർണസ് 14 ലക്ഷം
03, കെട്ടിടത്തിന്റെ ഘടന മാറ്റാൻ 13 ലക്ഷം