ചാത്തന്നൂർ :ചിറക്കര ഗ്രാമപ്പഞ്ചായത്തിന് കിൻഫ്ര പാർക്ക് ഇന്നുമൊരു സ്വപ്നം മാത്രമാണ്. പത്തുവർഷത്തിലേറെയായി കാണുന്ന സ്വപ്നം. 2008-2009 സാമ്പത്തികവർഷമാണ് ഗ്രാമപ്പഞ്ചായത്ത് കിൻഫ്ര പാർക്കിനായി ശ്രമം തുടങ്ങിയത്. ഏഴുവർഷംമുൻപ് സാറ്റലൈറ്റ് സർവേയിലൂടെ ടൂറിസം, ഐ.ടി. പാർക്കിനായി കിൻഫ്ര കണ്ടെത്തിയ സ്ഥലം സാങ്കേതിക, വകുപ്പുതല തർക്കങ്ങളിൽ കുടുങ്ങി.
ചാത്തന്നൂർ മണ്ഡലത്തിലെ ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ പരവൂർ, ചിറക്കര വില്ലേജുകളിലായി കിടക്കുന്ന സ്ഥലമാണ് കിൻഫ്ര പദ്ധതിക്കായി കണ്ടെത്തിയത്. പോളച്ചിറ ഏലായുടെ തെക്കുഭാഗത്തായി കോട്ടേക്കുന്ന് ക്ഷേത്രംമുതൽ തെങ്ങുവിളവരെയുള്ള 110-ഓളം ഏക്കറാണ് പദ്ധതിക്കായി സർവേ നടത്തി കണ്ടെത്തിയിരിക്കുന്നത്.
പൊക്കാളി പാടശേഖരങ്ങളിൽ (സമുദ്രനിരപ്പിൽനിന്നു താഴ്ന്ന പ്രദേശം) ഒന്നായ പോളച്ചിറയുടെ തീരത്ത് അന്തരീക്ഷതാപനില അനുകൂലമായതിനാലാണ് കിൻഫ്ര ഈ പ്രദേശം സർവേയിലൂടെ തിരഞ്ഞെടുത്തത്. മാത്രമല്ല, പദ്ധതി പ്രദേശം 95 ശതമാനവും ജനവാസമേഖല അല്ലാത്തതതും അനുകൂലമായി. പദ്ധതിപ്രദേശത്തു വരുന്ന ഒഴുകുപാറ ഏലായ്ക്ക് രൂപമാറ്റം വരുത്താതെയാണ് കിൻഫ്ര പദ്ധതി തയ്യാറാക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളായ റോഡ്, വൈദ്യുതി, വെള്ളം, ആധുനിക വാർത്താവിനിമയ സംവിധാനം തുടങ്ങിയവയും മറ്റ് അനുകൂല ഘടകങ്ങളും ഒരുക്കി സംരംഭകർക്കു കൈമാറുകയാണ് കിൻഫ്ര ചെയ്യുന്നത്. പദ്ധതി നടപ്പായാൽ നൂറുകണക്കിന് സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിനുപേർക്ക് നേരിട്ടും അതിലേറെപ്പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
ഒഴുകുപാറ ഏലായുടെ ഭാഗമായി വരുന്ന ഇരുപത് ഏക്കർ സ്ഥലം പദ്ധതിപ്രദേശത്ത് ഉൾപ്പെട്ടിരിക്കുന്നതാണ് സാങ്കേതിക തടസ്സം. ഇതിനായി കൃഷി വകുപ്പും റവന്യൂ വകുപ്പും വ്യവസായ വകുപ്പും തമ്മിൽ ചർച്ചകൾ നടന്നു. ഇതിനിടെ പദ്ധതിക്കായി ഫണ്ട് കണ്ടെത്താൻ മാർഗമില്ലെന്നു പറഞ്ഞ് തുടർ നടപടികളും തടസ്സപ്പെട്ടു.
വരുന്ന ബജറ്റിൽ തുക വകയിരുത്താനുള്ള ശ്രമം ബന്ധപ്പെട്ടവർ നടത്തിയാൽ മാത്രമെ കിൻഫ്ര പാർക്ക് പദ്ധതി നടപ്പാക്കാൻ കഴിയൂ. ഒപ്പം തന്നെ നബാർഡിന്റെ കൃഷി അനുബന്ധ സമഗ്രവികസന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പോളച്ചിറ ഏലാ സംരക്ഷിക്കണം.
@ കൃഷി അനുബന്ധ സ്ഥാപനങ്ങൾക്ക് പ്രാമുഖ്യം നൽകണം.
@ ദേശാടനപ്പക്ഷികൾക്കു പേരുകേട്ട പോളച്ചിറ ഏലായിൽ അവയുടെ ആവാസവ്യവസ്ഥ സംരക്ഷിച്ച് നിർദിഷ്ട പാർക്കിൽ പക്ഷിനീരീക്ഷണ കേന്ദ്രം സ്ഥാപിച്ചാൽ ടൂറിസം രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാം
No comments:
Post a Comment