ലോകത്തെയാകെ അമ്പരിപ്പിച്ച് ഒരറിയിപ്പുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനില്‍ ഐതിഹാസിക സന്ദര്‍ശനം നടത്തി. മോസ്‌കോ, കാബൂള്‍ യാത്ര പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ലാഹോറിലെത്തിയ പ്രധാനമന്ത്രി മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിയിലെത്തി. പരമ്പരാഗത നയതന്ത്ര സമ്പ്രദായങ്ങള്‍ ഉപേക്ഷിച്ച് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം സജീവമാക്കുന്നതിനുള്ള പുത്തന്‍ രീതിക്കാണ് നരേന്ദ്രമോദി ലാഹോറില്‍ തുടക്കമിട്ടത്.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിറന്നാള്‍ ദിനമായിരുന്നു വെള്ളിയാഴ്ച. അഫ്ഗാനിസ്ഥാന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനായി കാബൂളലെത്തിയ മോദി രാവിലെ തന്നെ ഫോണില്‍ വിളിച്ച് ഷെരീഫിന് ആശംസകളും നേര്‍ന്നു. ആശംസകള്‍ സ്വീകരിച്ച നവാസ് ഷെരീഫ് താങ്കള്‍ ദല്‍ഹിയിലേക്ക് പോകുന്നത് പാക്കിസ്ഥാന്‍ വഴിയല്ലേ, വീട്ടിലേക്ക് വരുന്നോ എന്ന് മോദിയോട് കുശലം ചോദിച്ചു. തൊട്ടുപിന്നാലെ ലാഹോറിലെത്താം എന്ന മറുപടി.
പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനിലേക്ക് എന്ന് സ്ഥിരീകരിച്ചതോടെ ദല്‍ഹിയില്‍ നിന്നും എസ്പിജി സംഘം ലാഹോറിലേക്ക് പുറപ്പെട്ടു. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ലാഹോറിലെത്തി. ഉച്ചയ്ക്ക് 2.04ന് ആദ്യ പാക്കിസ്ഥാന്‍ സന്ദര്‍ശന വിവരം മോദി ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുമ്പോഴേക്കും ലാഹോര്‍ സുരക്ഷാ ഏജന്‍സികളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായി. ലോകരാഷ്ട്രത്തലവന്മാരും ആഗോള മാധ്യമങ്ങളും സസൂക്ഷ്മം വീക്ഷിച്ച ഒരു നയതന്ത്ര നീക്കത്തിന് നരേന്ദ്രമോദി കാബൂളില്‍ നിന്നും പുറപ്പെട്ടു.
നാലേകാലോടെ ലാഹോര്‍ വിമാനത്താവളത്തിലെത്തിയ മോദിയെ നവാസ് ഷെരീഫ് നേരിട്ടെത്തി സ്വീകരിച്ചു. പാക്-പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫുള്‍പ്പെടെയുള്ള പ്രമുഖരും മോദിയെ സ്വീകരിക്കാനെത്തി. പാക് പഞ്ചാബ് സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററില്‍ ഇരു പ്രധാനമന്ത്രിമാരും ഷെരീഫിന്റെ ലാഹോറിലെ വസതിയിലേക്ക് തിരിച്ചു. ഒരു ഭാരത പ്രധാനമന്ത്രി പാക് ഹെലിക്കോപ്റ്ററില്‍ യാത്ര നടത്തിയത് ഇതാദ്യമായാണ്. ലാഹോറിന് സമീപമുള്ള റയ്‌വിന്ദ് ഭവനത്തിലെത്തിയ മോദിയെ ഷെരീഫിന്റെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു. നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹവും ഷെരീഫിന്റെ പിറന്നാളും ഒരുമിച്ച ദിനത്തില്‍ വലിയ ആഘോഷമായിരുന്നു റയ്‌വിന്ദില്‍. ഇരട്ട ആഘോഷങ്ങള്‍ക്കിടയിലേക്കാണ് ഭാരത പ്രധാനമന്ത്രിയുടെ വരവ്. നവാസ് ഷെരീഫിന്റെ അമ്മയുടെ കാല്‍തൊട്ട് വണങ്ങിയ മോദി ഭാരത-പാക് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സ്‌നേഹബന്ധം വര്‍ദ്ധിപ്പിക്കുന്നതിനും ശ്രമിച്ചു. അനൗപചാരിക സംഭാഷണങ്ങള്‍ക്ക് ശേഷം ഒരു മണിക്കൂറോളം അടച്ചിട്ട മുറിയില്‍ ഇരു പ്രധാനമന്ത്രിമാരും ഔപചാരിക ചര്‍ച്ചയും നടത്തി.
തുടര്‍ന്ന് ലാഹോറിലെ വിമാനത്താവളത്തിലേക്ക് മോദിയെ അനുഗമിച്ച നവാസ് ഷെരീഫ് ഭാരത പ്രധാനമന്ത്രിയുടെ വിമാനം പറന്നുയര്‍ന്ന ശേഷമാണ് മടങ്ങിയത്. വാജ്‌പേയിയുമായുള്ള നല്ല ബന്ധത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച ഷെരീഫ് മുന്‍പ്രധാനമന്ത്രിക്കുള്ള ആശംസകളും മോദിക്ക് നല്‍കി. രാത്രി 8മണിയോടെ ദല്‍ഹിയില്‍ തിരികെ എത്തിയ മോദിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇവിടെനിന്നും കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ വാജ്‌പേയിയുടെ വസതിയിലേക്ക് പോയ പ്രധാനമന്ത്രി 92-ാം ജന്മദിനാശംസകള്‍ അദ്ദേഹത്തിന് നേര്‍ന്നു.
1999ല്‍ എ.ബി വാജ്‌പേയിയുടെ ലാഹോര്‍ ബസ് യാത്രയ്ക്ക് ശേഷം ഇതാദ്യമായാണ് ഭാരത പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നത്. അടുത്തവര്‍ഷം സപ്തംബറില്‍ ഇസ്ലമാബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ഉച്ചകോടിക്ക് മോദി പാക്കിസ്ഥാനിലെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയെങ്കിലും തികച്ചും അപ്രതീക്ഷിതവും അമ്പരിപ്പിക്കുന്നതുമായ നയതന്ത്ര നീക്കത്തിലൂടെയാണ് വെള്ളിയാഴ്ച മോദി ആഗോളശ്രദ്ധ പിടിച്ചുപറ്റിയത്. വിദേശ മാധ്യമങ്ങളടക്കം മോദിയുടെ ‘പിറന്നാള്‍ നയതന്ത്രത്തെ’ അമ്പരപ്പോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രഭാത ഭക്ഷണം അഫ്ഗാനിലെ കാബൂളിലും ഉച്ചഭക്ഷണം ലാഹോറില്‍ പാക് പ്രധാനമന്ത്രിയുടെ വസതിയിലും രാത്രി ഭക്ഷണം ദല്‍ഹിയിലുമാക്കി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ‘നയതന്ത്ര ചിറകുകള്‍’ വിടര്‍ത്തി പറക്കുമ്പോള്‍ യുദ്ധപരാജയത്തിന്റെ അമ്പതാണ്ടുകള്‍ക്കിപ്പുറം പാക്കിസ്ഥാന്‍ ഒരു പരിധി വരെ നിസ്സഹായരാണ്. ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെയാണ് മോദി കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ എത്തിയത്.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയ മോദി അദ്ദേഹത്തിന്റെ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു.’ഭാരതം ചിട്ടപ്പെടുത്തുന്നു, നമ്മള്‍ നൃത്തം ചെയ്യുന്നു’ എന്ന പാക് മാധ്യമ പ്രവര്‍ത്തകന്‍ മൊയീദ് പിര്‍സാദയുടെ പരിദേവനം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്. നവാസ് ഷെരീഫിനെ നിങ്ങള്‍ സൗജന്യമായി എടുത്തോളൂ, മോദിയെ അഞ്ചു വര്‍ഷത്തേക്ക് ഞങ്ങള്‍ക്ക് തരുമോ എന്ന് മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ആറുമാസത്തിനിടെ ഭാരത-പാക് നയതന്ത്ര ബന്ധത്തിന്റെ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു.
റഷ്യയിലെ ഉഫയില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും നവാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ മഞ്ഞുരുകിത്തുടങ്ങിയത്. രണ്ടു പ്രധാനമന്ത്രിമാരും മുന്‍നിശ്ചയിച്ചതിന്റെ ഇരട്ടി സമയം ഒരുമിച്ചു ചെലവഴിച്ചതുള്‍പ്പെടെ നടപ്പു രീതികള്‍ക്ക് വിരുദ്ധമായ നയതന്ത്ര മാറ്റങ്ങള്‍ക്ക് ഉഫ വേദിയായി. എല്ലാറ്റിനും ഉപരി കാശ്മീര്‍ വിഷയം പരാമര്‍ശിക്കാത്ത ആദ്യ ഭാരത-പാക് ചര്‍ച്ച കൂടിയായിരുന്നു അത്. എന്നാല്‍ ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിദ് ഹൂറിയതുമായി നടത്തിയ കൂടിക്കാഴ്ചകള്‍ എന്‍എസ്എ തല ചര്‍ച്ചകളെ തകിടം മറിച്ചു.
ഡിസംബര്‍ 6ന് അപ്രതീക്ഷിതമായിരുന്നു ബാങ്കോക്കില്‍ നടന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം. ഭാരത സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് എന്‍എസ്എ നസീര്‍ ജന്‍സയും നടത്തിയ കൂടിക്കാഴ്ചയോടൊപ്പം കേന്ദ്രവിദേശകാര്യസെക്രട്ടറി എസ്. ജയശങ്കറും പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അസാസ് അഹമ്മദ് ചൗധരിയും ചര്‍ച്ച നടത്തി. ഇതിന് വഴിമരുന്നിട്ടതാകട്ടെ നവംബര്‍ 30ന് കാലാവസ്ഥാ ഉച്ചകോടിക്കിടെ നടന്ന മോദി-ഷെരീഫ് അനൗപചാരിക കൂടിക്കാഴ്ചയും.
വിദേശകാര്യ സെക്രട്ടറിക്കൊപ്പം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച സുഷമാ സ്വരാജ് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായും പാക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി. ഇതിന്റെ തുടര്‍ച്ചയായി, അടുത്ത വര്‍ഷം നടക്കുന്ന സാര്‍ക്ക് ഉച്ചകോടിക്കായി മോദി പാക്കിസ്ഥാനിലേക്ക് പോകുമെന്ന വിവരവും സുഷമാ സ്വരാജ് പുറത്തുവിട്ടു. ഇത്തരം സവിശേഷമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് മോദി ക്രിസ്തുമസ് ദിനത്തില്‍ പാക്കിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിന് തയ്യാറായത്.
ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക, ജനമനസ്സുകളിലെ കാഠിന്യം ലഘൂകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മോദിയും ഷെരീഫും പ്രാധാന്യം കൊടുക്കുന്നത്. പരമ്പരാഗത നയതന്ത്ര രീതികളുടെ പരാജയം കണക്കിലെടുത്താണ് പുത്തന്‍ സമ്പ്രദായങ്ങള്‍ക്ക് മോദി തുടക്കമിട്ടത്. ഷെരീഫിന്റെയും പാക് പ്രതിപക്ഷത്തിന്റെയും മാത്രമല്ല, ഒരു പരിധിവരെ പാക് സൈന്യത്തിന്റെ സഹകരണവും ഇക്കാര്യത്തില്‍ നേടാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. മുന്‍ പാക് സൈനിക ഉപമേധാവി കൂടിയായ പുതിയ പാക് സുരക്ഷാ ഉപദേഷ്ടാവായ നസീര്‍ ജന്‍സയുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ അജിത് ഡോവലിന് സാധിച്ചതും വലിയ നേട്ടമായി.
ഇതിലെല്ലാം ഉപരിയാണ്, സൈനിക ഭരണത്തേക്കാള്‍ രാജ്യത്തിന് നേട്ടവും അന്താരാഷ്ട്ര തലത്തില്‍ ബഹുമാന്യതയും നേടിക്കൊടുക്കാന്‍ ജനാധിപത്യ ഭരണസമ്പ്രദായത്തിന് മാത്രമേ സാധിക്കൂ എന്ന ബോധ്യം പാക് ജനതയിലും പാക് സൈനിക നേതൃത്വത്തിലും സൃഷ്ടിക്കാന്‍ നവാസ് ഷെരീഫ് നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍. ഷെരീഫും മോദിയും ഒരു വര്‍ഷത്തിനിടെ മൂന്നു തവണ നടത്തിയ കൂടിക്കാഴ്ചകളിലെല്ലാം കൂടുതല്‍ സമയവും സംസാരിച്ചത് നരേന്ദ്രമോദി തന്നെയാണ്. നരേന്ദ്രമോദി നിശ്ചയിക്കുന്ന അജണ്ടകളിലൂടെയാണ് ഭാരത-പാക് ബന്ധത്തില്‍ വഴിത്തിരിവുണ്ടാകുന്നതെന്ന് വ്യക്തം.
No comments:
Post a Comment