Saturday, 19 December 2015

ഇതാ ഒരു പ്രചാരകന്‍ നരേന്ദ്രമോദിയെ പോലെ --- കുമ്മനം രാജശേഖരന്‍

ഹൈന്ദവസംഘടനകളുടെ പ്രക്ഷോഭനായകനുംജനകീയനേതാവും ആദര്‍ശത്തിന്റെ ആള്‍രൂപവുമായ കുമ്മനം രാജശേഖരന്‍ ബിജെപിയുടെ അമരത്തേക്ക്.
കുമ്മനത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ഇന്നലെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ നിയമസഭാ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതി കണ്‍വീനറായും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ദല്‍ഹിയില്‍ നടന്ന കോര്‍ കമ്മറ്റി യോഗത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ദേശീയ അധ്യക്ഷന്‍ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചത്.
കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ നേതാക്കളുമായും സാധാരണക്കാരായ പ്രവര്‍ത്തകരുമായും അടുത്ത ബന്ധമുള്ള കുമ്മനം രാജശേഖരന്റെ വരവ് സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബിജെപിക്ക് വലിയ മുന്‍തൂക്കം നല്‍കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി, ജന്മഭൂമി ചെയര്‍മാന്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുമ്മനം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ആറന്മുള വിമാനത്താവള വിരുദ്ധ പ്രക്ഷോഭവും ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വവുമെല്ലാം കുമ്മനത്തിന്റെ പൊജുജന സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ സര്‍ക്കാരുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിലും മാറാട് ഉള്‍പ്പെടെയുള്ള സമുദായ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിലും കുമ്മനം വലിയ പങ്കാണ് വഹിച്ചിരുന്നത്.
1952 ഡിസംബര്‍ 23ന് കോട്ടയം ജില്ലയില്‍ അയ്മനം പഞ്ചായത്തിലെ കുമ്മനത്ത് ജനിച്ച അദ്ദേഹം കോട്ടയം എന്‍എസ്എസ് ഹൈസ്‌കൂളിലും സിഎംഎസ് കോളേജിലുമായി വിദ്യാഭ്യാസം നിര്‍വഹിച്ച് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് ജേര്‍ണലിസം ആന്റ് പബ്ലിക് റിലേഷന്‍സില്‍ പിജി ഡിപ്‌ളോമ നേടി.
അച്ഛന്‍ അഡ്വ. വി. കെ. രാമകൃഷ്ണപിള്ള കോട്ടയം ബാറിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. അമ്മ പി. പാറുക്കുട്ടിയമ്മ. സഹോദരങ്ങള്‍ ആറുപേര്‍. 1974-ല്‍ ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി നേടി. കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പൊതു പ്രവര്‍ത്തനത്തിനായി 13 വര്‍ഷത്തെ സേവനത്തിനു ശേഷം ജോലി ഉപേക്ഷിച്ചു.
1982-ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദത്തിലെത്തി. 1979-ല്‍ ജില്ലാ സെക്രട്ടറി. 81-ല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി. 1985-ല്‍ ഹിന്ദുമുന്നണി ജനറല്‍ സെക്രട്ടറി. 1992-ല്‍ ഹിന്ദു ഐക്യവേദി ജനറല്‍ കണ്‍വീനറായി. 1996-ല്‍ വിഎച്ച്പി സംഘടനാ സെക്രട്ടറി. 2009-ല്‍ അയ്യപ്പസേവാ സമാജം ജനറല്‍ സെക്രട്ടറി. 2012-ല്‍ ആറന്മുള പൈതൃക സംരക്ഷണ കര്‍മ്മസമിതിയുടെ മുഖ്യ രക്ഷാധികാരി.
1974-ല്‍ ദീപികയില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തന മേഖലയില്‍ തുടക്കം. രാഷ്ട്ര വാര്‍ത്ത, കേരളദേശം, കേരള ഭൂഷണം, കേരളധ്വനി എന്നീ പത്രങ്ങൡ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1989ല്‍ ജന്മഭൂമിയില്‍ എഡിറ്ററായി.
2007മുതല്‍ മാനേജിങ് എഡിറ്ററുടെ ചുമതല നിര്‍വഹിച്ചു. തുടര്‍ന്ന് ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറായി. 2011 മുതല്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.
1982ലെ നിലയ്ക്കല്‍ പ്രക്ഷോഭത്തോടെ ഹൈന്ദവ നേതൃസ്ഥാനത്തേക്കെത്തി. ക്ഷേത്ര വിമോചന സമരം, മംഗളാ ദേവി-അഗസ്ത്യാര്‍കൂടം മോചന രഥയാത്ര, എകാത്മ രഥയാത്ര തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ നായകത്വം വഹിച്ചു. മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷം സമാധാനത്തിലെത്തിക്കാന്‍ മുഖ്യ പങ്കുവഹിച്ചു.
1987 മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നു മത്സരിച്ച് നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ആറന്മുള പൈതൃക-പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭത്തിനു നേതൃസ്ഥാനത്തു നിന്ന കുമ്മനം വമ്പിച്ച ബഹുജന പിന്തുണ നേടി. 
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിമൂന്ന് മാര്‍ച്ച് 23ന് ശബരിമലയ്ക്കുസമീപം നിലയ്ക്കലില്‍ ഒരു കുരിശ് പ്രത്യക്ഷപ്പെട്ടു. ഇതിന്റെ മറവില്‍ നിരവധി ഏക്കര്‍ സ്ഥലം കൈയ്യേറുകയും ചെയ്തു. കയ്യേറ്റക്കാര്‍ക്കനുകൂലമായ നിലപാട് കരുണാകരന്‍ സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. 1983-ല്‍ ജൂലൈയില്‍ കുമ്മനം അറസ്റ്റ്‌ചെയ്യപ്പെട്ടു. പിന്നീട് പ്രൊഫ. എന്‍.പി. മന്മഥന്റെ മധ്യസ്ഥതയില്‍ സമരം ഒത്തുതീര്‍പ്പിലെത്തി.

അന്‍പത്തിമൂന്ന് ഹൈന്ദവ സംഘടനകളെ ഒന്നിപ്പിക്കുവാന്‍ നിലയ്ക്കല്‍ പ്രക്ഷോഭത്തിലൂടെ കുമ്മനത്തിന് കഴിഞ്ഞു.18 പടികള്‍ 18 മലകളുടെ പ്രതീകമാണെന്നും 18 മലകള്‍ ചേരുന്ന പൂങ്കാവനത്തില്‍ ദേവചൈതന്യം നിലനില്‍ക്കുന്നതിനാല്‍ പൂങ്കാവനത്തില്‍ ഒരു കയ്യേറ്റവും പാടില്ലെന്നും തത്വത്തില്‍ അംഗീകരിപ്പിക്കുവാന്‍ കുമ്മനത്തിന് കഴിഞ്ഞു.

ഹിന്ദുക്കള്‍ക്കൊരു നേതാവുണ്ടോ എന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ ചോദ്യത്തിന് ജനങ്ങള്‍ ഒരേസ്വരത്തില്‍ നല്‍കിയ മറുപടിയായിരുന്നു കുമ്മനം എന്ന ത്ര്യയ്യക്ഷരി.
1986-ല്‍ പോപ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ പൊതുസ്ഥലത്തുപണിത പാപ്പാവേദി സ്ഥിരം സ്മാരകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിനെതിരെ ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ച് വിജയംകാണാന്‍ കുമ്മനത്തിന് കഴിഞ്ഞു. തകര്‍ന്നുകിടന്ന മംഗളാദേവിക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്താനും അഗസ്ത്യകൂടത്തില്‍ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ നടത്താനും കുമ്മനത്തിന്റ സംഘടനാശക്തിക്ക് കഴിഞ്ഞു.

മാറാട്ടെ കൂട്ടക്കൊലയും തുടര്‍ന്നുണ്ടായ സംഘര്‍ഷവും കേരളത്തെ സ്‌ഫോടനത്തിന്റെ വക്കിലെത്തിച്ചപ്പോള്‍ കുമ്മനം തന്റെ സമന്വയാത്മകമായ നിലപാടിലൂടെ കേരളത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസൗഹാര്‍ദ്ദത്തെ കാത്തുരക്ഷിച്ചു.

ആറന്മുള സമരം, വിമാനത്താവളത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം തുടങ്ങിയശേഷമാണ് ആരംഭിക്കുന്നത്. പ്രകൃതി സംരക്ഷണത്തെപ്പറ്റി സെമിനാറുകളും പ്രഭാഷണങ്ങളും മാത്രം നടക്കുന്ന കേരളത്തില്‍ അതിനെ ജനശക്തിയിലൂടെ നടപ്പിലാക്കുവാന്‍ കഴിഞ്ഞ പ്രായോഗികമതിയാണ് കുമ്മനം. സുഗതകുമാരി, എം.എ. ബേബി തുടങ്ങി ഒ.എന്‍.വി. കുറുപ്പുവരെയുള്ളവര്‍ കുമ്മനത്തിന്റെ രാജ്യസ്‌നേഹത്തെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്തു എന്നത് സഹനത്തിന്റെ കനല്‍വഴികള്‍ താണ്ടിയ കേരളത്തിന്റെ സമരനായകന് വൈകിയാണെങ്കിലും കിട്ടിയ അംഗീകാരമാണ്.

ആധുനിക കേരള സമൂഹത്തില്‍ എങ്ങനെ ഒരു ആദര്‍ശജീവിതം നയിക്കാനാകുമെന്ന് കുമ്മനം സ്വജീവിതത്തിലൂടെ കാട്ടിക്കൊടുത്തു.

കേളപ്പജിയും, എം.പി. മന്മഥനും, മാധവ്ജിയും, സ്വാമി ചിന്മയാനന്ദനും, സ്വാമി സത്യാനന്ദസരസ്വതിയും പകര്‍ന്നു നല്‍കിയ മൂല്യങ്ങളെ സാധകം ചെയ്‌തെടുത്ത യോഗാത്മക സപര്യയാണത്. ബിജെപിയുടെ അമരത്തേക്കു മാത്രമല്ല കേരള രാഷ്ട്രീയത്തിന്റെ അമരത്തേക്കാണ് ഈ ജനനായകന്‍ നിയമിതനാകുന്നത്.
കുമ്മനം രാജശേഖരന്‍ ഭാരതം ഭരിക്കുന്ന പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി . സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലും പുതിയൊരു ഗതിമാറ്റത്തിന്റെ ഈ ഘട്ടത്തില്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്ന കുമ്മനത്തെ ഇതുവരെ അറിഞ്ഞതിലേറെ അറിയാനുണ്ട്.....


അദ്ദേഹത്തിനു ശത്രുക്കളില്ല. അഭിപ്രായങ്ങളിലും നിലപാടുകളിലും കുമ്മനം രാജശേഖരനോട് എതിര്‍പ്പു പ്രകടിപ്പിക്കുന്നവരുണ്ടാകാം, പക്ഷേ കുമ്മനത്തിനെ സുന്ദരമായ ചിരിയോടെ നേരിട്ടുകാണുന്നവര്‍ക്ക് ഉള്ളിലുള്ള വിയോജിപ്പ് ഉരുകിപ്പോകും. ആരെയും കുറിച്ച് കുറ്റംപറയില്ല, അതേസമയം ആവശ്യമെന്നുറപ്പായാല്‍, ആരോടും വിയോജിപ്പു പ്രകടിപ്പിക്കാന്‍ മടിക്കാറുമില്ല. അതാണു പ്രകൃതം. പലപല ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുംശേഷം പല പ്രമുഖരും ഇക്കാര്യം സമ്മതിച്ചിട്ടുള്ളതാണ്.

ആറന്മുളയില്‍ പെട്ടെന്ന് ഒരു വിമാനക്കമ്പനിക്കെതിരെ ഉയര്‍ന്നതല്ല കുമ്മനത്തിന്റെ പരിസ്ഥിതി സ്‌നേഹം. ആറന്മുള പൈതൃകത്തിനെ രക്ഷിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ഉള്ള ചോദന വാസ്തവത്തില്‍ ജന്മായത്തമാണ്. കോട്ടയം സിഎംഎസ് കോളേജില്‍ ഡിഗ്രിക്ക് (ബോട്ടണി) പഠിക്കുന്ന കാലത്ത് കോളേജിലെ നാച്ചുറല്‍ സയന്‍സ് ക്ലബിന്റെ സെക്രട്ടറിയായിരുന്നു കുമ്മനം. അന്നത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും പദ്ധതികളും അധ്യാപകരെപ്പോലും ഏറെ അതിശയിപ്പിക്കുന്നതായിരുന്നു.

കുമ്മനത്തെക്കുറിച്ചുള്ള വിശേഷങ്ങളില്‍ എല്ലാം ഏതെങ്കിലും പ്രക്ഷോഭത്തിന്റെയോ സമരത്തിന്റെയോ പേരുണ്ടാകും. ആറന്മുളയാണ് ഏറ്റവും പുതിയത്. അതിനുമുമ്പ് നിലയ്ക്കല്‍ മുതല്‍ മാറാടുവരെ കുമ്മനത്തിന്റെ പേരു ചേര്‍ത്ത് സമരങ്ങള്‍ക്കൊരു തുടക്കമുണ്ട്. അതും കലാലയകാലത്താണ്. ഡിഗ്രി പഠനകാലത്ത് എംബിബിഎസ് പ്രവേശനം നേടുന്നത് സയന്‍സ് ബിരുദക്കാര്‍. കൂടുതല്‍ മാര്‍ക്കു കിട്ടുന്നവര്‍ക്ക് പ്രവേശന സാധ്യത. പക്ഷേ കെമിസ്ട്രി (രസതന്ത്രം) പഠിച്ചവര്‍ ശരീരശാസ്ത്രം കൈകാര്യം ചെയ്യുമ്പോള്‍ ജീവശാസ്ത്രക്കാര്‍ പിന്തള്ളപ്പെടുന്നു.

കാരണം, രസതന്ത്രത്തിന് മാര്‍ക്ക് കിട്ടാനെളുപ്പം. തുടര്‍ന്നാണ് ബയോളജിക്കാര്‍ക്ക് മെഡിക്കല്‍ പഠന പ്രവേശനത്തില്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് സിഎംഎസ് കോളേജില്‍ കുമ്മനം സമരം നയിച്ചത്. നേതൃത്വം കുമ്മനത്തിന്. ആര്‍ക്കും എതിര്‍ക്കാന്‍ പറ്റാത്ത ആവശ്യം. ഒരു പക്ഷെ ഇന്നത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് അറിയാത്ത, സങ്കല്‍പ്പിക്കാനാവാത്ത, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം.

കുമ്മനത്തിലെ കവിയെക്കുറിച്ച് ചിലര്‍ക്കൊക്കെ അറിയാം. അതിമനോഹരമായ കവിതകള്‍ കുമ്മനത്തിന്റേതായുണ്ട്. കവികളെ തിരിച്ചറിയാനും കവിതയും മറ്റു സാഹിത്യവും ആസ്വദിക്കാനുമുള്ള കഴിവ് ഏറെ. സാഹിത്യകാരന്മാരുടെ സാമൂഹ്യ കടപ്പാടു മാത്രമല്ല സാഹിത്യമേന്മയും തിരിച്ചറിയാന്‍ കഴിവുള്ള കുമ്മനം രചിച്ച കവിതകള്‍ കേരളക്കര ഒരുകാലത്ത് പാടി നടന്നു. അവ ഗീതങ്ങളായി, സംഗീതമാക്കിയത് പ്രസിദ്ധ സംഗീതജ്ഞരായ എല്‍.പി.ആര്‍. വര്‍മ, ആലപ്പി രംഗനാഥ് എന്നിവര്‍. ചില ഗാനങ്ങള്‍ പാടിയത് പട്ടണക്കാട് പുരുഷോത്തമന്‍. കുമ്മനം നയിച്ച ശക്തിരഥയാത്രയാല്‍ മുഴങ്ങിയ കവിതകള്‍ക്ക് സോദ്ദേശ്യ സ്വഭാവമാണ്. അത് സാമൂഹ്യലക്ഷ്യമാണല്ലോ. ”ശക്തിരഥം-നാട്ടിന്‍ മോചനമുക്തിരഥം,” ”അയോധ്യ ശ്രീരാമ ജന്മഭൂമി…. ആ ഭൂമി മുക്തിസമരജ്വാല പൊങ്ങുന്നു” തുടങ്ങിയ ഗീതങ്ങള്‍. അതില്‍ ”ധീരനു മരണം ഒരിക്കല്‍ മാത്രം ഭീരു പലനാള്‍ മരിക്കുന്നു” എന്ന ഗീതം എത്രയെത്ര കണ്ഠങ്ങളാണ് ഏറ്റുപാടിയിട്ടുള്ളത്. പ്രസിദ്ധീകരിച്ചതും സ്വന്തം പേരില്‍ അറിയപ്പെടാത്തതുമായ എത്രയെത്ര കവിതകള്‍.

വീട്ടില്‍ തുടങ്ങണമെന്നാണല്ലോ. അത് കുമ്മനത്തിന്റെ കാര്യത്തില്‍ നൂറ്റിയൊന്നുശതമാനം ശരി. എന്താണീ ആത്മീയ ശക്തിയുടെയും ഭാവനയുടെയും അടിത്തറ. അച്ഛന് നിര്‍ബന്ധമായിരുന്നു നിത്യവും സന്ധ്യക്ക് എല്ലാവരും ഒരുമിച്ചിരുന്ന് ഹരിനാമകീര്‍ത്തനം ചൊല്ലണമെന്ന്. അത് കൃത്യമായി മക്കള്‍ അനുവര്‍ത്തിച്ചുപോന്നുവെന്ന് കുമ്മനത്തിന്റെ അനുജന്‍ കുമ്മനം രവി ഓര്‍മിക്കുന്നു. സാഹിത്യവും സംസ്‌കാരവും ഭക്തിയിലും ലക്ഷ്യവും തരും ഹരിനാമ കീര്‍ത്തനം, അതിന്റെ പാരായണം നിര്‍ബന്ധം, ബാക്കിയെല്ലാറ്റിനും സ്വാതന്ത്ര്യം എന്നതായിരുന്നു അച്ഛന്റെ നിലപാട്, രവി പറയുന്നു. അത് ശരിയായെന്ന് കുമ്മനം സാക്ഷി. അത് പിന്നീട് ചെങ്കോട്ടുകോണം മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതിയുടെ സവിധത്തിലെത്തിച്ചു കുമ്മനത്തെ. അങ്ങനെ കര്‍മ്മസന്യാസിയുടെ മര്‍മ്മവൈഭവം തിരിച്ചറിഞ്ഞു, സ്വന്തം കര്‍മ്മവും.

കുമ്മനത്തിലെ സംഘാടകന്‍ പെട്ടെന്നു രൂപപ്പെട്ടതല്ല. ഉള്ളിലുള്ളതേ വേണ്ടപ്പോള്‍ പുറത്തുവരൂ. അച്ഛന്‍ എന്‍എസ്എസ് കരയോഗത്തിന്റെ അയ്മനം താലൂക്ക് വൈസ് പ്രസിഡന്റായിരുന്നു ദീര്‍ഘകാലം. 1970 ല്‍ നായര്‍ സമുദായ നേതാവ് മന്നത്ത് പത്മനാഭന്‍ അന്തരിച്ചു. അന്ന് അയ്മനത്ത് ഒരു അനുശോചന യോഗം ചേരാന്‍ തീരുമാനിച്ചു. അച്ഛന്‍ മകന്‍ രാജനെ പരിപാടിയുടെ സംഘാടനം ഏല്‍പ്പിച്ചു. പിന്നെ മൈക്കു കെട്ടി പ്രചാരണം നടത്തിയതു മുതല്‍ വേദിയില്‍ സ്വാഗതം പറയാനുംവരെ രാജന്‍ മുന്നില്‍നിന്നു. രാജശേഖരനെന്ന യുവാവിന്റെ പൊതുരംഗത്തെ പ്രവേശനം കൂടിയായിരുന്നു അത്. ഇന്ന് പ്രസംഗത്തില്‍ കുമ്മനത്തെ വെല്ലാന്‍ ആളുകുറവാണ്. പ്രൊഫ. എം.പി. മന്മഥന്‍സാര്‍, സത്യാനന്ദസരസ്വതി, സ്വാമി ചിന്മയാനന്ദ തുടങ്ങിയവരുടെ സമ്പര്‍ക്കം അതിനുള്ള ശൈലി നല്‍കി. പ്രേരണ നല്‍കി. കുമ്മനത്തിന്റെ സ്വാഗത പ്രസംഗം പലപ്പോഴും ചരിത്രമായിട്ടുണ്ട്.

ജന്മഭൂമി കോട്ടയം എഡിഷന്റെ ഉദ്ഘാടനവേളയില്‍ സ്വാഗതപ്രസംഗം നടത്തുമ്പോഴാണ് സംഗീതജ്ഞന്‍ ആലപ്പി രംഗനാഥ് കടന്നുവന്നത്. പെട്ടെന്ന്, ‘സ്വാമി സംഗീതമാലപിക്കുന്ന താപസഗായകന്‍’ ഇതാവരുന്നുവെന്നായി വിശേഷണം. രംഗനാഥ് പല അവസരങ്ങളിലും അത് അനുസ്മരിച്ചിട്ടുണ്ട്.

ആത്മീയതക്ക് തീരെ അഭാവമില്ലാത്ത കേരളത്തിലും ആത്മീയര്‍ക്കിടയില്‍ ഒരുമയ്ക്ക് കുറവുണ്ട്. ആശ്രമങ്ങളും അധിപന്മാരും ഏറെ. ദേശീയതലത്തില്‍, അയോധ്യാ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ശങ്കരാചാര്യന്മാര്‍ മുതല്‍ ചെറുമഠാധിപതികളെ വരെ യോജിപ്പിച്ച് ഒരു വേദിയില്‍ കൊണ്ടുവന്ന വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ജിയെ ആണ് കുമ്മനം മാതൃകയാക്കിയത്. കാഷായം അത് ആരു ധരിച്ചാലും അതിന് ദിവ്യതയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അത് അനുഷ്ഠിക്കുന്നു. അവരെ എവിടെയും പ്രണമിക്കുന്നു.

ചിന്മയാനന്ദ സ്വാമി കോട്ടയത്ത് 1982 ല്‍ ഗീതാജ്ഞാന യജ്ഞം നടത്തുമ്പോള്‍ കുമ്മനമായിരുന്നു കണ്‍വീനര്‍. ചിന്മയാനന്ദ സ്വാമിക്ക് ശബരിമലയില്‍ കൂട്ടുപോയത് കുമ്മനം. ഏറെ അനുഭവപാഠങ്ങള്‍ കിട്ടി. സത്യാനന്ദ സരസ്വതി സ്വാമികളെ ആത്മീയഗുരുവാക്കി; മന്ത്രദീക്ഷ വാങ്ങി. മാതാ അമൃതാനന്ദമയീദേവിക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് കുമ്മനം. എന്നുവേണ്ട കേരളത്തിലെ ഏത് സന്യാസിക്കാണ് കുമ്മനം പ്രിയനല്ലാത്തത്.

ഹിന്ദുധര്‍മത്തെയും സംഘടനകളെയും പരസ്യമായി അപഹസിക്കുന്ന ഒരു ദുരുദ്ദേശ്യക്കാരനായ സ്വാമിയെക്കുറിച്ച് കിട്ടിയ വിവരം വാര്‍ത്തയിറക്കുന്നതിക്കുറിെനച്ച് കുമ്മനത്തിന്റെ അനുമതി ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി അദ്ദേഹത്തിന്റെ അടിസ്ഥാന സങ്കല്‍പ്പം വ്യക്തമാകുന്നു. ”വേണ്ട. ആത്യന്തികമായി നമ്മുടെ ലക്ഷ്യം ഈ ആദ്ധ്യാത്മികാചാര്യന്മാരെ ഒന്നിപ്പിക്കുകയാണ്. ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ കൈയില്‍ പെട്ട് ചിലപ്പോള്‍ അവര്‍ ചിലത് പറയും. അത് അവര്‍ക്ക് മാറ്റിപ്പറയാം. നമുക്ക് നിലപാട് മാറ്റാനാവില്ല. നാളെ നമ്മോടൊപ്പം ചേരേണ്ടതാണവരും. കാത്തിരിക്കുക, കണ്ടില്ലെന്നു നടിക്കുക.”

കുമ്മനം സാധകനാണ്. അത് പക്ഷെ പ്രകടിപ്പിക്കാറില്ല. പക്ഷേ ഇടയ്ക്കിടെ അവസരം കിട്ടുമ്പോള്‍ നാട്ടിലെത്തി ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ കുറഞ്ഞ സമയത്തേക്കെങ്കിലും നടത്തുന്ന ധ്യാനമുണ്ട്, അത് അദ്ദേഹത്തിന്റെ ഊര്‍ജ്ജമാണെന്ന് ക്ഷേത്രം ശാന്തി അഭിപ്രായപ്പെടുന്നു. ഭഗവദ്ഗീതയാണ് അടിസ്ഥാന പ്രമാണം.

കുമ്മനം നല്ലൊരു കര്‍ഷകനാണ്. കൃഷികാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുവുമാണ്. പഠിപ്പുകാലത്ത് വീട്ടുപറമ്പില്‍ വിദഗ്ധമായി ഏത്തവാഴക്കൃഷിചെയ്ത് മികച്ച വിളവെടുപ്പു നടത്തിയ ചരിത്രം നാട്ടുകാര്‍ പറയും. നാട്ടിലെത്തിയാല്‍ കൂട്ടുകാരായി മാറുന്ന നാട്ടുകാരോട് കാര്‍ഷിക കാര്യങ്ങള്‍ ചോദിച്ചറിയാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ആറന്മുളയിലും മറ്റും പ്രകടിപ്പിച്ച ആവേശം ആ കര്‍ഷകന്റേതുകൂടിയായിരുന്നു.

ആര്‍എസ്എസ് മുഴുസമയ പ്രവര്‍ത്തകനായി കുമ്മനം പ്രചാരകനായത് 1988-ലാണ്. ഫുഡ്‌കോര്‍പ്പറേഷനിലെ ജോലി ഉപേക്ഷിച്ച്, 1987-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം നേരിയ വോട്ടുകള്‍ക്കു നഷ്ടമായി. അടുത്ത വര്‍ഷം ആര്‍എസ്എസ് പൂര്‍ണ്ണസമയ പ്രവര്‍ത്തകനാവുകയായിരുന്നു. വിവിധ പരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച് അതത് സംഘടനകളുടെ ലക്ഷ്യം സാധിക്കുന്നതില്‍ വന്‍ വിജയം നേടിയ കുമ്മനം ഇപ്പോള്‍ ദേശീയ ഭരണകക്ഷിയായ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കു നിയുക്തനായിരിക്കെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിലും സംഘപരിവാര്‍ സംഘടനാ സമൂഹത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും ഉജ്ജ്വലാവേശം ഉയര്‍ന്നിരിക്കുകയാണ്.
പന്ത്രണ്ടാം വയസ്സില്‍ കുമ്മനം ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്തു തുടങ്ങി. കുമ്മനത്തെ ശാഖയിലായിരുന്നു തുടക്കം. പില്‍ക്കാലത്ത് വക്കീല്‍ ജോലിയില്‍ പ്രവേശിച്ച, മാധവനുണ്ണി എന്ന തൃശൂര്‍ സ്വദേശിയായിരുന്നു കുമ്മനത്തെ ശാഖയിലെത്തിച്ച പ്രചാരകന്‍.

പ്രസിദ്ധീകരണ രംഗത്ത് വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് കുമ്മനമാണ്. വിശ്വഹിന്ദു ബുക്‌സ്റ്റാളുകള്‍ ക്ഷേത്രമൈതാനങ്ങളില്‍ ഉത്സവപ്പറമ്പുകളില്‍ വ്യാപകമാക്കി. ശബരിമലയില്‍ ബുക്‌സ്റ്റാളുമായി കടന്നുചെന്ന് സ്ഥിരം സംവിധാനമുണ്ടാക്കി. അയ്യപ്പ സേവാ സമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ശബരിമലയില്‍ ഹൈന്ദവ സംഘടനകള്‍ കാവലാളായി മാറിയത് കുമ്മനത്തിന്റെ സംഘടനാ പാടവം.

ഗുരുവായൂര്‍ ദേവസ്വം ഭരണം രാഷ്ട്രീയക്കോമാളിത്തമായപ്പോള്‍ പ്രക്ഷോഭത്തിലൂടെയും കോടതി നടപടികളിലൂടെയും മറ്റും അവിടെ തിരുത്തല്‍ ശക്തിയായി ഭക്തരെ സംഘടിപ്പിച്ചത് കുമ്മനമാണ്.
അച്ഛന്‍ അഡ്വ. രാമകൃഷ്ണപിള്ള ദേശബന്ധു പത്രത്തിലെ നിയമകാര്യങ്ങള്‍ എഴുതുക പതിവായിരുന്നു. മകന്‍ അങ്ങനെ രക്തത്തില്‍ അലിഞ്ഞ പത്രപ്രവര്‍ത്തന പൈതൃകം തുടര്‍ന്നു. ദീപികയില്‍ 1974-ല്‍ പത്രപ്രവര്‍ത്തകനായി തുടക്കം. പിന്നീട് രാഷ്ട്ര വാര്‍ത്ത, കേരളദേശം, കേരള ഭൂഷണം, കേരളധ്വനി എന്നീ പത്രങ്ങൡ. തുടര്‍ന്ന് ജന്മഭൂമിയില്‍ എഡിറ്ററായി (1989), മാനേജിങ് എഡിറ്ററായി (2007). ഇപ്പോള്‍ ചെയര്‍മാന്‍. ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്‍ ജേണലിസത്തില്‍ സഹപാഠിയാണ്. ആ കൂട്ട് ഒരേ പത്രസ്ഥാപനത്തില്‍ പദവികള്‍ വഹിച്ച് തുടരുന്നത് അപൂര്‍വതയാണ്.

പത്രപ്രവര്‍ത്തനത്തിലെ വൈഭവങ്ങള്‍ക്കൊപ്പം അതിന്റെ നടത്തിപ്പുകാര്യങ്ങളിലെ കുമ്മനത്തിന്റെ കഴിവിലെ മിഴിവ് ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന വി.എം. കൊറാത്ത് എന്നും പ്രശംസിക്കുമായിരുന്നു. തലേന്നത്തെ ആസൂത്രണം പല കാരണങ്ങളാല്‍ പാളി വികൃതമായിറങ്ങിയ പത്രവുമായി വിശകലനത്തിനിരിക്കുമ്പോള്‍ ഒട്ടും ക്ഷുഭിതനാകാതെ ശരിശരി, നോക്കാം, ശരിയാകും എന്നു പറയുന്ന കുമ്മനം ഭഗവദ്ഗീതയില്‍ പറയുന്ന സ്ഥിതപ്രജ്ഞനെയാണ് ഓര്‍മ്മിപ്പിക്കാറെന്ന് അദ്ദേഹം ഒരിക്കല്‍ വിവരിച്ചു

No comments:

Post a Comment