Wednesday, 10 December 2025

ദേശീയപാത നിർമാണം നടന്നുകൊണ്ടിരിക്കെ തകർന്ന ദേശീയപാതയുടെ പുനർനിർമാണം എങ്ങനെ ആവണമെന്നതിൻ്റെ അന്തിമരൂപരേഖ ഇനിയുമായില്ല.

കൊട്ടിയം:  ദേശീയപാത നിർമാണം നടന്നുകൊണ്ടിരിക്കെ തകർന്ന   ദേശീയപാതയുടെ പുനർനിർമാണം എങ്ങനെ ആവണമെന്നതിൻ്റെ അന്തിമരൂപരേഖ ഇനിയുമായില്ല. പണിതുടങ്ങാനുള്ള അനുമതിയും ഇതുവരെ കരാറുകാർക്ക് ലഭിച്ചിച്ചിട്ടില്ല.
ഇവിടെ 400 മീറ്റർ ദൂരത്തിൽ വയഡക്ട് നിർമിക്കണമെന്നാണ് പരിശോധന നടത്തിയ വിദഗ്‌ധസമിതിയുടെ ശുപാർശയെങ്കിൽ  പുതിയ പ്ളാൻ അനിവാര്യമാണ്.
ഉറപ്പില്ലാത്ത മണ്ണുള്ള വയൽ ഭാഗത്ത് മുഴുവൻ ദൂരത്തിലും വയഡക്‌ട് നിർമിക്കണമെന്നും ഇരുവശത്തുമുള്ള സർവീസ് റോഡിൻ്റെ ഉയരം കൂട്ടണമെന്നും ജനപ്രതിനിധികളും നാട്ടുകാരും ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാൽ  അടിപ്പാതയുടെ പാലം മുതൽ 400മീറ്റർ ദൂരത്തിൽ  വയഡക്ട് നിർമിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. 
ഇതിനു പോലും അന്തിമാനുമതി കിട്ടിയിട്ടില്ല. നാൽപ്പത് അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ മണ്ണു പൂർണമായി മാറ്റി. മണ്ണു പരിശോധയും പരിശോധനാ പൈലിങ്ങും കഴിഞ്ഞ് പണിക്കാരും യന്ത്രങ്ങളും കാത്തിരിക്കുകയാണ്. തകർന്ന സ്ഥലം  ഇന്ന് വീണ്ടും ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കും.ഇതിനിടെ  സർവീസ് റോഡ് തുറന്നുകൊടുത്തു എന്നതാണ് ആശ്വാസം. ഇന്നലെ സർവീസ് റോഡ് തുറന്നു കൊടുത്തെങ്കിലും കൊട്ടിയം ഭാഗത്ത് ഏതു സമയവും ഗതാഗതക്കുരുക്കാണ്. ചിലപ്പോൾ രണ്ട്കിലോമീറ്ററോളം അകലെ ഉമയനല്ലൂർ വരെ  നീളാറുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിന്റെ അറ്റകുറ്റപണികൾ  കഴിഞ്ഞു വൈദ്യുതി  തൂണുകളുടെ തകരാർ പരിഹരിച്ചു നിർമ്മാണ പ്രവൃത്തികൾക്കായുള്ള പച്ച കൊടിയ്ക്കായി കാത്തിരിക്കുകയാണ് അധികൃതർ.

@ ദേശീയപാതയ്ക്കു വേണ്ടി കെട്ടിയുയർത്തിയ മൺതിട്ട നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നു വിദഗ്‌ധ സമിതി  റിപ്പോർട്ട് നൽകിയിട്ടുണ്ട്.
 ഈ മൺതിട്ടകളുടെ ശേഷി ഉറപ്പാക്കാനുള്ള കൃത്യമായ പരിശോധന പുൾഔട്ട് ടെസ്‌റ്റ് നടത്തിയിട്ടില്ലെന്നു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിയോഗിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.ഏകദേശ ധാരണയുടെയും ഏറെ പഴക്കമുള്ള പരിശോധനാ ഫലങ്ങളുടെയും അടിസ്ഥ‌ാനത്തിലാണു ബലപ്പെടുത്തിയ മൺതിട്ടകളുടെ റീഇൻഫോഴ്‌സ്‌ഡ് എർത്ത് വാൾ രൂപകൽപന തയാറാക്കിയത്. മണ്ണ് പാളികളായി അടുക്കി അതിനിടയിൽ പോളിമർ കൊണ്ടു നിർമിച്ച ജിയോസിന്തറ്റിക് റീഇൻഫോഴ്സസ്മെന്റ്റ് പാളികൾ വിരിച്ചാണു ഹൈവേ നിർമ്മാണത്തിനായി മൺതിട്ട ബലപ്പെടുത്തുന്നത്. എന്നാൽ ഇതിന്റെ ഉറപ്പു കൃത്യമായി പരിശോധിച്ചില്ല.
പലയിടങ്ങളിലും മൺതിട്ട നിർമ്മിച്ച സ്ഥലത്തെ മണ്ണിൽ ജലാംശത്തിൻ്റെ അളവ് 100 ശതമാനവും ഈർപ്പം 50 ശതമാനത്തിനും മുകളിലുമായിരുന്നു. ഇത്തരം സ്‌ഥലങ്ങളിൽ അടിത്തറയിലെ മണ്ണ് ബലപ്പെടുത്തിയാണു മൺതിട്ട നിർമ്മിക്കേണ്ടത്. എന്നാൽ ഇത്തരത്തിൽ ബലപ്പെടുത്തിയിട്ടില്ലെന്നു റിപ്പോർട്ടിലുണ്ട്.  ദേശീയപാത തകർന്നു വീഴാനുള്ള കാരണം അടിത്തറയിലെ മണ്ണിന്റെ ഘടന പരിശോധിക്കാതെയും ബലപ്പെടുത്താതെയും മൺതിട്ട കെട്ടിപ്പൊക്കിയതാണെന്ന് ഭൗമ സാങ്കേതിക വിദഗ്ധരുടെ സംഘം വിലയിരുത്തിയതായി ഉദ്യേഗസ്ഥർ പറഞ്ഞു.  ആ നിഗമനങ്ങൾ എൻഎച്ച്എഐ സംഘവും ശരിവയ്ക്കുന്നു. എൻഎച്ചിനു വേണ്ടി മൺതിട്ടകൾ നിർമ്മിക്കുന്ന സ്‌ഥലങ്ങളിൽ അടിത്തറയിലെ മണ്ണ് ബലപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണു വിദഗ്‌ധ സംഘത്തിന്റെ നിർദേശം. 3 മീറ്ററിൽ കൂടുതൽ താഴ്ചയിൽ മണ്ണിന് അയവുണ്ടെങ്കിൽ ഉചിതമായ മാർഗങ്ങളിലൂടെ അതു ബലപ്പെടുത്തണമെന്നും നിർദേശമുണ്ട്.

No comments:

Post a Comment