Sunday, 10 April 2022

കുളമട - വേളമാനൂർ - പള്ളിക്കൽ : റോഡ് തകർച്ചയിൽ.

കുളമട - വേളമാനൂർ - പള്ളിക്കൽ : റോഡ് തകർച്ചയിൽ.
അഞ്ചുകോടി രൂപ അനുവദിച്ചു നിർമാണം ആരംഭിച്ച കുളമട-വേളമാനൂർ-പള്ളിക്കൽ റോഡ് തകർച്ചയിൽ. കഴിഞ്ഞ ശബരിമല തീർഥാടനത്തിനുമുൻപ് റോഡുനിർമാണം പൂർത്തിയാക്കാൻ
പദ്ധതിയിട്ട റോഡിൽ ഇന്ന് കാൽനടയാത്രപോലും പറ്റാത്ത അവസ്ഥയിലായി.റോഡുനിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതുമൂലം റോഡിനിരുവശവും താമസിക്കുന്നവരുടെ അവസ്ഥ ദയനീയമാണ്. രൂക്ഷമായ പൊടിശല്യംമൂലം പലരും ബുദ്ധിമുട്ടുന്നു.
റോഡുനിർമാണം പൂർത്തിയാക്കാൻ ജനങ്ങൾ മുട്ടാത്ത വാതിലുകളില്ല.
കുളമടമുതൽ പള്ളിക്കൽവരെ അഞ്ചരക്കിലോമീറ്റർ നീളത്തിലുള്ള റോഡുനിർമാണം ആരംഭിച്ചിട്ട് ഒരുവർഷത്തിലേറെയായി. റോഡു നിർമാണത്തിന്റെ 70 ശതമാനംപോലും പൂർത്തിയായിട്ടില്ല. എസ്റ്റിമേറ്റ്പ്രകാരം 360 മീറ്റർ ഓടയും വേളമാനൂരിൽ താഴ്ന്നപ്രദേശങ്ങളിലെ പാർശ്വഭിത്തി നിർമാണവും ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല.കാലവർഷക്കെടുതികളും രൂക്ഷമായ കോവിഡ് വ്യാപനവും നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും നിർമാണ പ്രവൃത്തികളെ ബാധിച്ചതായി കരാറുകാരും പറയുന്നു.
റോഡുപുനർനിർമാണ പ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തിയായതായും ടാറിങ് ജോലികളും താഴ്ന്ന പ്രദേശങ്ങളിലെ റോഡുസംരക്ഷണഭിത്തിയുടെ നിർമാണവും പൂർത്തിയാക്കി കരാർ  കാലാവധിക്കു മുൻപുതന്നെ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു.



ദേശദേവതയായ പുറ്റിങ്ങലമ്മയ്ക്ക്‌ പൊങ്കാല ഭക്തിസാന്ദ്രം പരവൂർ

ദേശദേവതയായ പുറ്റിങ്ങലമ്മയ്ക്ക്‌ പൊങ്കാല ഭക്തിസാന്ദ്രം പരവൂർ 

പരവൂർ: ദേശദേവതയായ പുറ്റിങ്ങലമ്മയ്ക്ക്‌ നൈവേദ്യം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയ ഭക്തജനങ്ങളുടെ പൊങ്കാല അടുപ്പുകളില്‍ നിന്നുയര്‍ന്ന അഗ്നി പരവൂരിനെ യാഗശാലയാക്കി.ക്ഷേത്രം മേൽശാന്തി ഇടുക്കി കിഴക്കേമഠം ബിനുശാന്തി ഭദ്രദീപപ്രകാശനം നടത്തി ഭണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.കഠിനവൃതമെടുത്ത് ദേശദേവതയായ പൂറ്റിങ്ങലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചപ്പോൾ കിഴക്കേ ആൽത്തറയിൽ കുടികൊള്ളുന്ന മാടൻ തമ്പുരാന്  രോഗങ്ങൾ മാറുന്നതിനും ശിവഭഗവാന്റെ അനുഗ്രഹത്തിനും വേണ്ടിതെരളി നിവേദ്യം (മഹാനിവേദ്യം)വും നടത്തി.സ്ത്രീസാഗരത്തില്‍ നിന്നുയര്‍ന്ന ദേവീമന്ത്രങ്ങള്‍  പരവൂരിനെ ഭക്തിസാന്ദ്രമാക്കി.മുൻ വർഷങ്ങളിൽ പൊങ്കാല ഇല്ലാത്തത് മൂലം ഇക്കുറി വ്രതശുദ്ധിയോടെ കാത്തിരുന്ന സുദിനത്തിനായി എത്തിയ ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ ജാതിമതഭേദമെന്യേ പ്രദേശവാസികൾ മുന്‍പന്തിയില്‍ നിന്നു.തിങ്കളാഴ്ച പുലര്‍ച്ചെമുതല്‍ തുടങ്ങിയ ഭക്തരുടെ ഒഴുക്ക് ഇന്നലെ പൊങ്കാല അടുപ്പ് വെക്കുംവരെ തുടര്‍ന്നു. പണിമുടക്ക് ആയത് കൊണ്ട് നാടിന്റെ നാനാഭാഗത്ത് നിന്നുള്ളവർ ബന്ധു വീടുകളിൽ എത്തി താമസിച്ചാണ് പൊങ്കാല സമർപ്പിച്ചത്. അഭൂതപൂർവ്വമായ തിരക്കാണ് ഇന്നലെ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് പൊങ്കാല ആരംഭിച്ചതോടെ ദര്‍ശനം തേടിയെത്തിയവരുടെയും താലപ്പൊലിക്കാരുടെയും തിരക്ക് നിയന്ത്രണാതീതമായി.രാത്രി 7.45കഴികെ ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നബൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് കർമ്മം നടത്തി. ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 5.45ന് ദേവിക്ക് നെയ്യഭിക്ഷേകം, തുടർന്ന് തേനഭിഷേകം,6.15ന് ഉദയാസ്തമനപൂജ, ക്ഷേത്രത്തിന് മുന്നിൽ പറ സമർപ്പണം,നാരായണീയപാരായണം, രാവിലെ 8ന് ഭദ്രകാളിപൂജ,9ന് ത്രികാലപൂജ, രാവിലെ 9നും വൈകുന്നേരം 6നും കിഴക്കേ ആൽത്തറയിൽ മാടൻതമ്പുരാന് വിശേഷാൽ പൂജ, വൈകുന്നേരം 5.30ന് നൃത്തസന്ധ്യ,6ന് സോപാനസംഗീതം,7.30ന് നൃത്തനൃത്യങ്ങൾ,9ന് സംഗീതസദസ് എന്നീ പരിപാടികൾ ഉണ്ടായിരിക്കും.

ഫോട്ടോ: പുറ്റിങ്ങൽ പൊങ്കാല 

പ്രൈവറ്റ് ബസ് ഇടിച്ചു അoഗൻവാടി ടീച്ചർ മരിച്ചു

പ്രൈവറ്റ് ബസ് ഇടിച്ചു അoഗൻവാടി ടീച്ചർ മരിച്ചു
കൊട്ടിയം പ്രൈവറ്റ് ബസ് ഇടിച്ചു അoഗൻവാടി ടീച്ചർ മരിച്ചു.പനയ്ക്കാലം ചിലങ്ക നിവാസിൽ പ്രസാദിന്റെ ഭാര്യ വസന്ത ( 51)ആണ് മരിച്ചത്. ഇന്നലെ രാവിലെ കണ്ണനല്ലൂർ -കൊല്ലം റോഡിൽ പുന്തലതാഴത്തിന് സമീപം മംഗലത്ത് ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. രാവിലെ 9.30ന് 
ക്ഷേത്ര ദർശനം കഴിഞ്ഞു റോഡ് മറികടക്കുന്നതിന് ശ്രമിക്കുമ്പോൾ അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത് അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാർ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌ മാർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി 

ഇടത് മുന്നണിയിൽ അടി ചിറക്കരയിൽ ഭരണപ്രതിസന്ധി

ഇടത് മുന്നണിയിൽ അടി 
ചിറക്കരയിൽ ഭരണപ്രതിസന്ധി
ചാത്തന്നൂർ: സിപിഎം - സിപിഐ പോരാട്ടം ഭരണപ്രതിസന്ധിയിൽ ചിറക്കര പഞ്ചായത്ത്‌. ഇടത് മുന്നണി യിൽ ചർച്ച ചെയ്തു 
പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴായതോടെയാണ് കമ്മിറ്റി പോലും മാറ്റി വയ്ക്കാൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർബന്ധിതയായത്. കമ്മിറ്റി മാറ്റി വച്ചത് നിയമപരമായ നടപടികളിലൂടെ നേരിടാൻ പ്രതിപക്ഷവും നീക്കം തുടങ്ങി. 
ഇതിനിടയിൽ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യത്തിന്മേലുള്ള നടപടികളും തുടങ്ങി കഴിഞ്ഞു.
പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പട്ട് ചിറക്കരയിൽ സിപിഐ -സി പി എമ്മുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തിലെ പിന്നാലെ ഉണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ സിപിഎം -സിപിഐ അംഗങ്ങൾ പരസ്പരം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിൽ സിപിഎം നോമിനിയെ തള്ളി  പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
പഞ്ചായത്ത്‌  കമ്മറ്റിയിൽ   പ്രതിപക്ഷത്തിന്റെ  സഹായത്തോടെ മാർക്ക് കൂടിയ ആളെ നിയമിച്ചതിനെ തുടർന്ന്  ചിറക്കരതാഴം പി എച്ച് സി യിലെ മണ്ണെടുപ്പ് വിഷയത്തിൽ പ്രസിഡന്റിന് എതിരെ സിപിഎം അഴിമതി ആരോപണം ഉന്നയിക്കുകയും പഞ്ചായത്ത്‌ കമ്മിറ്റിയിൽ 
വിജിലൻസിനെ കൊണ്ട് അന്വേഷിക്കണമെന്ന ബിജെപി മെമ്പർ എൽ. രാഗിണിയുടെ  ആവശ്യം  പ്രസിഡന്റും കമ്മറ്റിയും ഐകകണ്ട്യന അംഗീകരിക്കുകയും ചെയ്തു.
ഇടത് പക്ഷകാരനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് അഴിമതിയ്ക്ക് 
കൂട്ടുനിന്നെന്നു പ്രസിഡന്റ്  കമ്മിറ്റിയിൽ  പറയുകയും  പ്രസിഡന്റ്‌ തന്നെ മുൻ ഭരണസമിതികളിൽ സിപിഎം നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇപ്പോഴുത്തെ സിപിഎംകാരനായ 
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ വാർഡിലെ പട്ടികജാതി കോളനിയിലെ ശോചനീയാവസ്ഥ പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയവും,
പഞ്ചായത്തിലെ തന്നെ കൊച്ചാലുംമൂട് വാർഡിലെ  നൂറ്റി എട്ടാം നമ്പർ അംഗൻവാടിയിൽ  അതിക്രമിച്ചുകയറി ഉദ്ഘാടനം ചെയ്ത സിപിഎം മെമ്പർമാരുടെ ധിക്കാരപരമായ നടപടിയും  സിപിഐ പരസ്യമായി എതിർക്കുന്നത് സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പഞ്ചായത്തിലെ ഇടത് മുന്നണി യോഗത്തിൽ  സിപിഎം പ്രവർത്തകർ പ്രസിഡന്റിനെതിരെ അഴിമതി ഉന്നയിച്ചു കൊണ്ട് രംഗതെത്തിയത് മൂലം ഇടത് മുന്നണി യോഗവും നടന്നില്ല.സിപിഎം -സിപിഐ തർക്കം മൂലം ഭരണപ്രതിസന്ധിയാണ് ഇപ്പോൾ ചിറക്കരയിൽ.

@ചിറക്കരയിൽ ജി. എസ് ജയലാൽ എം എൽ എയുടെ പൊതുപരിപാടികൾ സിപിഎം ബാഹീക്ഷ്‌ക്കരിക്കുന്നു. പഞ്ചായത്തിൽ ഉണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ സിപിഎം പ്രവർത്തകർ ജി. എസ്. ജയലാൽ എം എൽ എയുടെ പരിപാടികളിൽ പങ്കെടുക്കാറില്ല. കഴിഞ്ഞ പൊതു പണിമുടക്കിലും സിപിഎം പ്രവർത്തകർ ഏകപക്ഷിയമായാണ് നേതൃത്വം നൽകിയത് സിപിഐ പ്രവർത്തകൾ ആരും തന്നെ പണിമുടക്കുമായി ബന്ധപ്പെട്ട യോഗങ്ങളിലും ഇടത് മുന്നണി യോഗങ്ങളിലും പങ്കെടുക്കുന്നില്ല സിപിഎം - സിപിഐ പോര് രൂക്ഷമായ ഇവിടെ ഇടത് മുന്നണി സംവിധാനം തന്നെ വേണ്ടെന്ന നിലപാടിലാണ് സിപിഎം നേതാക്കൾ. പ്രശ്നം കൂടുതൽ ഗുരുതരമായി മറ്റ് പഞ്ചായത്ത്‌ കമ്മിറ്റികളിലേക്കും മാറുമെന്ന ഭീതിയിലാണ് സിപിഐ നേതൃത്വം.

  

പുറ്റിങ്ങൽ ദുരന്തം കേന്ദ്ര സർക്കാർ ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പുറ്റിങ്ങൽ ദുരന്തം കേന്ദ്ര സർക്കാർ ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 


പരവൂർ: പുറ്റിങ്ങൽ ദുരന്തം കേന്ദ്ര സർക്കാർ ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുറ്റിങ്ങൽ ദുരന്തത്തിന് ആറാണ്ട് തികയുമ്പോൾ ദുരന്തത്തിന്റെ കാരണം കണ്ടെത്തുവാനോ, ഉത്തരവാദികളായവർക്ക് എതിരെ നിയമനടപടി കൈകൊള്ളുവാനോ ദുരുന്തപ്പെട്ടവർക്ക് ആശ്വാസനിധി നൽകുവാനോ നാളിതുവരെ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല

പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉൽസവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണു കൊല്ലപ്പെട്ടത്. എഴുന്നൂറിലേറെപ്പേർക്കു പരുക്കേറ്റു. നൂറിലധികം വീടുകൾ തകർന്നു. ദുരന്തത്തിന്റെ ഓർമ്മകൾ പൊള്ളിക്കുന്ന ഇ മീനമാസത്തിലെ വേനൽച്ചൂടിലും തരിച്ചു നിൽക്കുകയാണ് പുറ്റിങ്ങൽ. 2016 ഏപ്രിൽ പത്തിനു പുലർച്ചെ 3.17 നാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം ഉണ്ടായത്. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നീ കരാറുകാരാണ് വെടികെട്ട് നടത്തിയത്.വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു കത്തിക്കാൻ വച്ചിരുന്ന പടക്കങ്ങളിലേക്കു വീണു പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം അപ്പാടെ തകർന്നു. ഇതിന്റെ കോൺക്രീറ്റും ഇരുമ്പുകമ്പികളും പതിച്ചാണ് അനവധി പേർ മരിച്ചത്. അപകടത്തിൽപ്പെട്ട മിക്കവരുടെയും ശരീരങ്ങൾ ഛിന്നഭിന്നമായി. ദുരന്തത്തെ സംസ്ഥാന സർക്കാർ പിന്നീട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും വീടുകൾ തകർന്നവർക്കുള്ള നഷ്ടപരിഹാരം ഇനിയും അകലെ. പിഡബ്ല്യൂഡി ബിൽഡിങ്സ് വിഭാഗത്തിനായിരുന്നു നാശനഷ്ടം വിലയിരുത്താനുള്ള ചുമതല. 5000 രൂപ മുതൽ 35 ലക്ഷം രൂപ വരെ ഇവർ നഷ്ടപരിഹാരം തിട്ടപ്പെടുത്തി. പക്ഷേ പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന്റെ ഫണ്ടിൽ നിന്നു നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതാണ് വിനയായത്. പ്രകൃതി ക്ഷോഭ ദുരിതാശ്വാസത്തിനുള്ള ഫണ്ടിൽ നിന്നു പരമാവധി 1,90,000 രൂപ വരെ മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാവൂ. 35 ലക്ഷം രൂപ നഷ്ടമുണ്ടായവർക്കും രണ്ടു ലക്ഷം രൂപ നഷ്ടമുണ്ടായവർക്കും 1,90,000 രൂപ വാങ്ങി തിരികെപ്പോകേണ്ട സ്ഥിതിയായി.അതോടെ പലർക്കും പൈസ കിട്ടാതെയായി. ദുരന്തത്തിനു ആറു വർഷമാകുമ്പോഴും പരവൂർ നിവാസികളുടെ ഉള്ളിലെ ആളൽ നിലച്ചിട്ടില്ല. ദുരന്തത്തിന്റെ ശേഷിപ്പുകൾ നീറുന്ന കാഴ്ചകളായി ഇന്നും പുറ്റിങ്ങലിലുണ്ട്.

@ ക്രൈംബ്രാഞ്ച്കുറ്റപത്രം സമർപ്പിച്ചു 

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസിൽ വിചാരണ നേരിടുന്ന 52 പ്രതികൾക്കുള്ള    കുറ്റപത്രത്തിൽ എഫ്. ഐ ആർ, സാക്ഷി മൊഴികൾ, മജിസ്ട്രേറ്റിന് മുമ്പിൽ കൊടുത്ത മൊഴികൾ, കുറ്റപത്രം, പോസ്​റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, ഇൻക്വസ്​റ്റ്​ റിപ്പോർട്ട്, മറ്റ് അനുബന്ധ രേഖകൾ ഉൾപ്പെടെ 10,600 പേജുകൾ വരുന്ന കുറ്റപത്രത്തിൽ സർക്കാർ പോലിസ് ഉദ്യോഗസ്ഥർ ആരും തന്നെ പ്രതികളല്ല. മരിച്ചു പോയ കരാറുകാരൻ ഉൾപ്പെടെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചുവെങ്കിലും അതിനന്മേലുള്ള തുടർനടപടികൾ കോടതിയിൽ നടന്നിട്ടില്ല. കമ്പം നിരോധിച്ചുവെന്ന് അന്നത്തെ കളക്ടർ അവകാശപ്പെടുമ്പോൾ തന്നെ നിയമവശം അനുസരിച്ചു ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കുറ്റകാർ ആണ് എന്നിരിക്കെ ഉദ്യോഗസ്ഥതലത്തിലുള്ള മുഴുവൻ ആൾക്കാരെയും ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പി.എസ്. ഗോപിനാഥൻ കമ്മിഷൻ റിപ്പോർട്ട് പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചുവെങ്കിലും അത് സർക്കാർ പുറം ലോകം കാണിച്ചിട്ടില്ല.ഇ റിപ്പോർട്ട് പുറംലോകം കാണുന്നതും നോക്കിയിരിക്കുകയാണ് ഭക്തജനങ്ങൾ.

@ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു

ദുരന്തം നടന്നിട്ട് അറു വർഷം പിന്നീടുമ്പോഴും ക്ഷേത്രത്തിൽ നടന്ന ദുരുന്തത്തിന്റെയും മറ്റ് 
സംഭവവികാസങ്ങളുടെ പേരിലുമുള്ള ദുരൂഹത നിലനിൽക്കുകയാണ്. ആകാശത്ത് വച്ച് പൊട്ടിയ അമിട്ടിന്റെ തീപ്പൊരി വീണ അമിട്ട് കമ്പപുരയിലേക്ക് എറിയുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും അതിന്മേൽ അന്വേഷണം നടന്നിട്ടില്ല. രക്ഷാപ്രവർത്തനം നടത്താതെ മാരകായുധങ്ങളുമായി ഒരു സംഘം ക്ഷേത്ര ഓഫിസ് ആക്രമിച്ചു സി സി ടി വി ഉൾപ്പെടെ തകർത്തിരുന്നു ഇതിന്മേൽ അന്വേഷണം നടന്നിട്ടില്ല, അപകടം ഉണ്ടായശേഷം പോലിസ് കാവൽ നിൽക്കുമ്പോൾ മൂലസ്ഥാനം തകർത്തിരുന്നു ഇതിന്മേൽ അന്വേഷണം നടന്നിട്ടില്ല ഇതെല്ലാം തന്നെ അന്വേഷണം നടത്തണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. ദുരന്തത്തിന് പിന്നിൽ 
ദുരൂഹതയുണ്ട് അത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടത്തണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.

കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം - ഹിന്ദു ഐക്യവേദി 

ദുരന്തം നടന്നിട്ട് അഞ്ചു വർഷം പിന്നീടുമ്പോഴും ക്ഷേത്രത്തിൽ നടന്ന ദുരുന്തത്തിന്റെയും മറ്റ് 
സംഭവവികാസങ്ങളുടെ പേരിലുമുള്ള
അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ്‌ മാങ്കുളം രാജേഷ് പറഞ്ഞു. 


ദുരൂഹത നിലനിൽക്കുകയാണ്. ആകാശത്ത് വച്ച് പൊട്ടിയ അമിട്ടിന്റെ തീപ്പൊരി വീണ അമിട്ട് കമ്പപുരയിലേക്ക് എറിയുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും അതിന്മേൽ അന്വേഷണം നടന്നിട്ടില്ല. രക്ഷാപ്രവർത്തനം നടത്താതെ മാരകായുധങ്ങളുമായി ഒരു സംഘം ക്ഷേത്ര ഓഫിസ് ആക്രമിച്ചു സി.സി.ടി. വി ഉൾപ്പെടെ തകർത്തിരുന്നു ഇതിന്മേൽ അന്വേഷണം നടന്നിട്ടില്ല, അപകടം ഉണ്ടായശേഷം പോലിസ് കാവൽ നിൽക്കുമ്പോൾ മൂലസ്ഥാനം തകർത്തിരുന്നു ഇതിന്മേൽ അന്വേഷണം നടന്നിട്ടില്ല ഇതെല്ലാം തന്നെ അന്വേഷണം നടത്തണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. ദുരന്തത്തിന് പിന്നിൽ 
ദുരൂഹതയുണ്ട് അത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടത്തണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.


Saturday, 9 April 2022

നാട്ടിലിറങ്ങിയ കാട്ട് പന്നിയെ വെടിവച്ച് കൊന്നു

നാട്ടിലിറങ്ങിയ കാട്ട് പന്നിയെ വെടിവച്ച് കൊന്നു 

@കരടിയ്ക്ക് പിന്നാലെ കാട്ടുപന്നിയും പരിഭ്രാന്തരായി കാരംകോട് നിവാസികൾ 

ചാത്തന്നൂർ: രാത്രി വീട്ടുമുറ്റത്തെത്തിയ കാട്ടുപന്നിയെ നാട്ടുകാർ പിടികൂടി 
 വനപാലകരെത്തി വെടിവച്ചുകൊന്നു.
ദേശിയപാതയിൽ കാരംകോട് ശീമാട്ടി ജങ്ഷനുസമീപം ബുധനാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം.
വാഹനമിടിച്ച് കാലിന് പരിക്കേറ്റ പന്നി,
ദേശിയപാതയോരത്തുള്ള 
ലളിതൻ വില്ലയിൽ കൈലാസ്‌കുമാറിന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. തുടർന്ന് വീട്ടുമുറ്റത്തുണ്ടായിരുന്ന സാമഗ്രികൾ കുത്തിമറിയ്ക്കുകയും പൈപ്പ് ലൈനിന് തകരാറുണ്ടാക്കുകയും ചെയ്തു.
ശബ്ദംകേട്ട്  വീട്ടുകാർ 
പുറത്തിറങ്ങിയപ്പോഴാണ് കാട്ടുപന്നിയാണെന്ന് മനസ്സിലായത്. തുടർന്ന് വീട്ടുകാർ നാട്ടുകാരെ വിളിച്ചു കൂട്ടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയും 
ഇതിനിടയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പന്നിയെ പിടിച്ചുകെട്ടി വനംവകുപ്പിൽ വിവരമറിയിച്ചു.അഞ്ചൽ ഫോറസ്റ്റ് ഡിവിഷനിലെ ഫോറസ്റ്റ് ഓഫീസർ സജുവിന്റെ നേതൃത്വത്തിലെ സംഘമെത്തിയാണ് ഉത്തരവുപ്രകാരം പന്നിയെ വെടിവച്ച് കൊന്നത്. തുടർന്ന് പ്രത്യേക വാഹനത്തിൽ
കൂട്ടിലാക്കി കൊണ്ടുപോയി. എസ് എഫ് ഒ. രാജേഷ്, റിസർവ് ഫോറസ്റ്റ് വാച്ചർ ബിജി സദാശിവൻ, അസിസ്റ്റന്റുമാരായ മനോജ്, പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ശീമാട്ടി കുരിശുംമൂടിനുസമീപം രണ്ടാഴ്ചക്കു മുൻപ് വാഹനമിടിച്ച് കാട്ടുപന്നി ചത്തിരുന്നു. കല്ലുവാതുക്കൽ
പഞ്ചായത്തിലെ വേളമാനൂരെ 
മലയോരമേഖലയിൽ കാട്ടുപന്നിശല്യം ഏറി വരുന്നതായി പരാതി നിലനിൽക്കെയാണ് കാട്ടുപന്നി നാട്ടിലിറങ്ങിയത്.കുറച്ചു നാൾ മുൻപാണ് ഇ പ്രദേശത്ത് കരടിയെ കാണുകയും ആ കരടിയെ നാവായികുളത്ത് നിന്നും പിടികൂടിയിരുന്നു.അതിന് പിന്നാലെയാണ് കാട്ടുപന്നികളെയും ഇവിടെ നിന്ന് പിടികൂടിയിരിക്കുന്നത്. ഇതോടെ പരിഭ്രാന്തിയിലാണ് നാട്ടുകാർ.

ഫോട്ടോ: നാട്ടുകാരുടെ നേതൃത്വത്തിൽ കെട്ടിയിട്ട കാട്ടുപന്നിയെ വനംവകുപ്പ് വെടിെവച്ച് കൊല്ലുന്നു.


നിയന്ത്രണം വിട്ട പിക് അപ് വാൻ കാറിലും സ്കൂട്ടറിലും റോഡ് സൈഡിലെ കടയിലും ഇടിച്ചു മൂന്ന് പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട പിക് അപ് വാൻ കാറിലും സ്കൂട്ടറിലും റോഡ് സൈഡിലെ കടയിലും ഇടിച്ചു 
 മൂന്ന് പേർക്ക് പരിക്ക്
ചാത്തന്നൂർ: നിയന്ത്രണം വിട്ട പിക് അപ് വാൻ കാറിലും സ്കൂട്ടറിലും റോഡ് സൈഡിലെ കടയിലും ഇടിച്ചു 
 മൂന്ന് പേർക്ക് പരിക്ക്. കാൽ നടയാത്രക്കാരനായ മുഹമ്മദ്‌ ഇസ്മയിൽ (50), സ്കൂട്ടർ യാത്രക്കാരനായ സദാനന്ദൻ (64),പിക് അപ് ഡ്രൈവർ തമിഴ്നാട് സ്വദേശി ലിംഗ ദുറൈ എന്നിവർക്കാണ്പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ നാലരയോടെ 
 ചാത്തന്നൂർ ജംഗഷനിലാണ് അപകടം ഉണ്ടായത് തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന തമിഴ്നാട് രജിസ്ട്രഷൻ പിക് അപ് വാൻ
റോഡ് സൈഡിൽ 
നിർത്തിയിട്ടിരുന്ന കാറിലും സ്കൂട്ടറിലും പെട്ടികടയിലും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു സ്കൂട്ടറും 
പെട്ടികടയും പൂർണ്ണമായും തകർന്നു. പെട്ടിക്കടയിൽ ചായകുടിക്കാൻ നിന്നവർ ഓടി മാറിയത് കൊണ്ട് കൂടുതൽ ആൾക്കാർക്ക് പരിക്കേറ്റില്ല.
പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴ കുലയുമായി എത്തിയ 
പിക് അപ് വാൻ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം എന്ന് കരുതുന്നു. ചാത്തന്നൂർ പോലിസ് കേസെടുത്തു.

ഫോട്ടോ:ഇടിച്ച തമിഴ് നാട് രെജിസ്റ്ററേഷൻ വാൻ

ഫോട്ടോ:ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു കിടക്കുന്ന കാറും പെട്ടികടയും

@ തമിഴ്നാട് രെജിസ്ട്രേഷൻ വാഹനം അപകടം